ആ നീലഞരമ്പ്

അത്
പിടഞ്ഞുകൊണ്ടിരുന്നു.

മുദ്രവച്ചനാഥമാക്കിയ
നിമിഷശേഷങ്ങളിൽ,
നിസ്സഹായതയുടെ
ശൂന്യതാപത്തിലിരുകി,
കൂടണയാൻ മറന്ന്,

നിലച്ച നിലയിൽ
നിയമം തെറ്റിച്ച
കാലൻ ചക്രത്തെ
വെല്ലുവിളിച്ച്,
അത്
പിടഞ്ഞുകൊണ്ടേയിരുന്നു.

കനിവില്ലാ തൃഷ്ണകളിൽ,
പ്രണയമൊഴിഞ്ഞ
വിഷാണു സന്ധികളിൽ,
സ്വത്വമടിയേറ്റു ചതഞ്ഞ
രാവുകളിൽ,
മരണക്കറ വീണ
നഗ്നസ്‌മൃതികളിൽ,
മുപ്പത്തിയാറായിരമാൺപൊക്കങ്ങളിൽ
ആ നീലഞരമ്പ്
പിട പിടഞ്ഞുകൊണ്ടിരുന്നു.

അമൂർത്തമായൊരു
ഗദ്ഗദം പോലെ,
പൊട്ടിയൊഴുകാൻ
കൊതിച്ചുത്തരമില്ലാത്ത
ചോദ്യങ്ങളൊന്നൊന്നായ്,
നിശ്വാസവേഗത്തിൽ
ശ്വാസകോശം തുളച്ചിറങ്ങി-
പ്പെയ്തുകൊണ്ടേയിരുന്നു.

മസ്‌ക്കറ്റിൽ സോഫ്ട്‍വെയർ ഡെവലപ്പർ. ഓൺലൈൻ പോർട്ടലുകളിൽ കവിത,ലേഖനങ്ങൾ, പുസ്തക-ചലച്ചിത്ര ആസ്വാദനങ്ങൾ എഴുതാറുണ്ട്.