അഴിച്ചിട്ടാൽ ആദാമിൻ്റെ മുടി മുണ്ടച്ചിറ തൊട്ട് കിണറ്റിൻ്റാട വരെ നീളും. അതിനകത്താണ് കാമുകിമാർക്ക് എഴുത്തും കഥയും കവിതയും എഴുതാൻ രാകി മിനുക്കിയ പന്നി മുള്ളും മഷിയും.
ആദാമിന് പഥ്യം ഒരു നേരം ഒരൊറ്റ കാമുകിയാണ്. കത്തും കവിതയും കടങ്കഥകളുമൊക്കെയെഴുതി വരുമ്പോ തൊട്ടു മുൻപുള്ള കാമുകിയെ പറ്റിയാകും. ആലീസിനെ പ്രേമിച്ചപ്പോ നാൻസിയെപ്പറ്റിയെഴുതി, നാൻസിയെ പ്രേമിച്ചപ്പോ ആൻസി, സലോമിയെ പ്രേമിച്ചപ്പോ മേരി. അങ്ങനെയങ്ങനെ.
പഞ്ചസാര മണലു പോലെ വെളുത്ത വയറിൽ ഇണകൾ പോലെ പിണഞ്ഞു കിടക്കുന്ന പച്ച ഞരമ്പുകൾ ഉള്ള സലോമിയെ എണ്ണക്കറുപ്പി എന്ന് വിളിച്ചതിൽ നിന്നാണ് ആദാമിനെതിരെ ആദ്യ ചോദ്യമുയർന്നത്. ഉന്മത്തനായ രാത്രിയുടെ കട്ടിളപ്പടി കടന്ന് ഇരുട്ടിലേക്ക് കടക്കുന്ന ആദാമിനെ പിടിച്ച് നിർത്തി ചെവിയിലൊരു കടി കൊടുത്ത് സലോമി ചോദിച്ചു:
” അന്തിക്കള്ള് പോലെ വെളുത്തിരിക്കണ എന്നെയെന്തിനാ കറുമ്പിയെന്ന് വിളിക്കുന്നത്?”
നിലനിലാവത്ത് സലോമിയുടെ മേലാകെ വിയർപ്പുകണങ്ങൾ ഇന്ദ്രനീലംപോലെ തിളങ്ങി. ആദാം പിണങ്ങിയില്ല. ഓട്ടമുറിയിൽ നിന്ന് വരുന്ന വൃദ്ധഗന്ധം മൂക്കിലേക്ക് വലിച്ചെടുക്കുന്നതിനിടെ സലോമി പിന്നേം ചോദിച്ചു. നൂറ് വർഷത്തെ ഉറക്കത്തിൽ നിന്ന് ഉണർന്നെണിറ്റ ഉസെയ്റിനെ പോലെ ആദാം സലോമിയുടെ കണ്ണുകളിലേക്ക് നോക്കി വലം കൈയിലെ ചൂണ്ടുവിരൽ കൊണ്ട് പതിയെ തലോടി. അതെ വിരൽ വെച്ച് ചുമരിലെന്തോ കോറിവരച്ച് ഇരുട്ടിലേക്ക് മറഞ്ഞു. വ്യാകരണം തെറ്റാത്ത കറുപ്പിൽ പാമ്പിനോട് ഇണ ചേരുന്ന ആണൊരുത്തൻ സൂര്യനുദിക്കുന്നത് വരെ ചുമരിൽ കത്തി നിന്നു. പിന്നെ ആദാം വന്നതേയില്ല.
ആദാമൊഴിച്ചിട്ട രാത്രികൾ കൺതടങ്ങളിൽ ഗർത്തങ്ങളായി പടർന്നപ്പോ സലോമിക്ക് ഒരു ചിന്ത തോന്നി. ആദാമിൻ്റെ ആദ്യ പ്രേമലേഖനം. ആദാമിൻ്റെ ആദ്യത്തെ പ്രേമം.
നാടായ നാടെല്ലാം സലോമി ആദാമിൻ്റെ കാമുകിമാരെ തേടി നടന്നു. കുരിശു പോലെ മെല്ലിച്ച് എല്ലായിരുന്ന കാർത്തുമ്പിക്ക് സലോമി പറഞ്ഞപ്പോഴേ കണ്ണാടി നോക്കാൻ തോന്നിയുള്ളൂ. അല്ല, താൻ കുരിശു പോലല്ല. പപ്പായ കൊത്തു പോലുള്ള തൻ്റെ മുലകൾ നോക്കിയവൾ ആർത്ത് ചിരിച്ചു. ഇരുവരും ഒരുമിച്ച് പിന്നോട്ട് നടന്ന് ആദത്തിൻ്റെ പേന വിരിച്ചിട്ട മായാജാലകങ്ങളിൽ വീണവരെ തപ്പിക്കണ്ടു പിടിച്ച് കട്ട കണ്ണാടി കാട്ടി തിരിച്ച് വിളിച്ചു.
നാണയ സഞ്ചിയിലെ ചില്ലറക്കൂട്ടം പോലെ സലോമിയുടെ കൈക്കുമ്പിളിൽ ആദാമിന്റെ കാമുകിമാർ കിലുങ്ങി കൊണ്ടിരുന്നു. സലോമി അവരെ ഇരട്ടകളായി തിരിച്ച് അറിഞ്ഞതും അറിയാത്തതുമായ നാടുകളിലേക്കും കുന്നുകളിലേക്കും കാടുകളിലേക്കും ആദാമിൻ്റെ ഒന്നാം പ്രേമത്തിൻ്റെ പ്രേതം കണ്ടു പിടിക്കാൻ പിരിച്ചുവിട്ടു.
കണ്ടും കേട്ടും വന്നപ്പോ ആദമെത്താത്ത നാടില്ല. മോന്തായത്തിൻ്റെ മുതുകിലെ തുമ്മാൻ കറയിൽ തൊട്ട്, തലമുറ കൈമാറി വന്ന പാലക്കാ മാലയില് വരെ കൊത്തിവെച്ച പേര് ഒരേ ആദാമിൻ്റെത് തന്നെ. സ്വന്തം വീട്ടിലെ ആധാര കെട്ടിലും ആദാമിനെ കണ്ടപ്പോ സലോമി പേടിച്ചു. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം കടന്നെത്തിയ സാധനങ്ങളടുക്കിയ മുറിയിലാകെ ആദാമിൻ്റെ മണം തളം കെട്ടി നില്ക്കുന്നത് അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അമ്മമാരിലും വല്യമ്മമാരിലും അവര് കൂട്ടം കൂട്ടമായി പടർന്ന് ആദാമിൻ്റെ ചോരക്കും വിയർപ്പിനും അലഞ്ഞു.
സലോമിയുടെ ഇടത്തെ തോളെല്ലിൽ ആദാം ചുംബിച്ചതിൻ്റെ തിണിർപ്പ് മാറും മുൻപെ ഒരു കെട്ടുകഥയായി അയാൾ ദേശത്താകെ പരന്നു. പനകളിലിരുന്ന് ഇതൊക്കെ പടച്ചു വിടുന്ന യക്ഷികളുടെ കലപില അലിയിച്ചു തിന്നുന്നത് കാറ്റും നിർത്തിയതോടെ ദേശത്ത് ഒച്ചപ്പാടില്ലാത്ത നേരമില്ലാതായി. ഒരേ ആകാരപ്പിശകും അക്ഷരതെറ്റുകളുമുള്ള കോടി കോടി കത്തുകൾ നുരഞ്ഞുപൊങ്ങിക്കൊണ്ടേയിരുന്നു. നൂറ്റാണ്ടുകൾ പഴകിയ മുറുക്കാൻ കറയുള്ള വെറ്റിലചെല്ലങ്ങളുടെ സ്വർണക്കോളങ്ങളിൽ പോലും മഞ്ഞ വീഴാത്ത ആദാമിൻ്റെ കത്തുകൾ. പക്ഷെ ഒന്നും, ഒരു കത്തും ഒന്നാമത്തെതിലേക്ക് എത്തിച്ചില്ല.
സലോമിക്ക് മടുത്തു. “എനിക്കിനി വയ്യ.” കൂളികൾ തുപ്പിയിട്ട് വാടിപ്പോകുന്ന തൊട്ടാവാടികളെ നോക്കിക്കൊണ്ടിരിക്കെ സലോമി പറഞ്ഞു.
“ഞങ്ങൾക്കും വയ്യ.” അവരെല്ലാം കൂടി പറഞ്ഞു. പറഞ്ഞതിൻ്റെ അലയൊലി നിന്നപ്പോഴേക്കും യക്ഷികളുടെ കലപില പതിയെ കെട്ടടങ്ങി. ആദാം കെട്ടുകഥയായി പിറന്നു കൊണ്ടേയിരുന്നു. പതിയെ അവരെല്ലാം പരിചിതമായ ഏതോ രാത്രിയിലേക്കെന്നപോൽ നഗ്നരായി വീടുകളിലേക്ക് തിരിച്ചു.
അന്ന് വന്നില്ലെങ്കിൽ ആദാം പിന്നെ വരില്ലെന്ന് സലോമിക്ക് ഉറപ്പായിരുന്നു. അവളുടെ വിയർപ്പിൽ നിന്ന് പുൽതൈലത്തിൻ്റെ ഗന്ധം ഊർന്ന് വരുന്നത് സ്വയം ആസ്വദിച്ചിരിക്കെ മുറിച്ചുരുങ്ങി വന്ന് അവളെ പൊതിഞ്ഞു. ആദാം.
അന്ന് ആദാം പതിവില്ലാതെ അവളുടെ മാറിൽ ചാഞ്ഞ് മയങ്ങി. മുടിക്കെട്ടഴിഞ്ഞ് പന്നി മുള്ള് അവളുടെ ഇടത്തെ മുലയിലേക്ക് വീണു. നനവ്. കടലിൻ്റെ ചൂടും ചൂരും രസവും.
“നീയെന്താടാ കഴുവേറി എന്നെ പറ്റിയെഴുതാത്തത് ?” സലോമിയുടെ ചോദ്യത്തിന് അവളുടെ നഗ്നതയേക്കാൾ വശ്യത.
” ഹി ഹി ഹി അതിലെന്താ ഇത്ര ചിന്തിക്കാൻ? ഹവ്വയ്ക്കുള്ള എഴുത്തിൽ പോലും ഞാനെഴുതിയത് പാമ്പിനെ പറ്റിയാര്ന്നെടോ.”
സലോമിക്ക് ഇടത്തേ മാറിൽ കനം സഹിക്കവയ്യാതായി. പേന ചൂടായിക്കൊണ്ടിരുന്നു. ആദാമിൻ്റെ മുടിയിലേക്ക് പേന തിരിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ അവളുടെ നാക്കാകെ കടലുപ്പുറഞ്ഞു. തലയിൽ കടൽ ഇരമ്പുന്ന പോലെ മയക്കത്തിലേക്ക്.
സലോമിയുടെ മുറി വിട്ട് ഇരുട്ടിലേക്ക് നടന്നകന്ന ആദാമിന് മാത്രം നിഴലുണ്ടായിരുന്നില്ല.
പിറ്റേന്ന് ഭൂമിക്ക് ഭാരം കുറഞ്ഞത് പോലെ. ഒരേ സത്യം ഒരേ നാക്ക് കൊണ്ടറിഞ്ഞ കൂട്ടത്തിനൊരു ഓർമ്മക്കുത്തായിട്ട് അവരുടെ ഇടത്തേ മാറുകളിലാകെ ഇരുട്ടിൻ്റെ കൊച്ചു ഗുദാമുകൾ തുറക്കപ്പെട്ടു.
ഒറ്റ രാത്രി കൊണ്ട് ആയിരം മാറുകളിൽ പൂത്ത മറുകിൻ്റെ കയങ്ങളിൽ ആദാം പിന്നെയും മുങ്ങി താണുകൊണ്ടിരുന്നു.