ആശ്വാസത്തിന്റെ രഹസ്യങ്ങൾ

വൈറ്റ് ഫോസ്ഫറസ്
കാറി മുരണ്ട്
ആമാശയം താഴ്ന്ന്
ആകാശമിറങ്ങിയത്
ഗാസാ തെരുവിൽ.

വെള്ള പുതച്ചുറങ്ങുന്നു
ആശുപത്രി വരാന്തകളിൽ
ചുവപ്പു ചുരത്തിയ
മേഘ വേരുകൾ.

ആഘാതത്തിന്റെ മൂർച്ചയിൽ
ചോര വാറ്റുന്ന പർവ്വതങ്ങൾ,
ലാവയെന്ന
അതിന്റെ നിസാര നൃത്തങ്ങൾ.

കഥകളും കവിതകളും
യുദ്ധത്തിനു പോയ ഉച്ചനേരങ്ങൾ.

വീടു പറത്തിയ കാറ്റിൽ
മലർക്കെ തുറന്ന
ആശുപത്രി വാതിൽ
ഇൻക്യൂബേറ്ററുകൾ
ചേർത്ത്
സ്വർഗ്ഗ പ്രവേശനത്തിന് നിരക്കുന്നു.

എല്ലാ വനവർഷങ്ങൾക്കുമപ്പുറം
ഗസയെന്ന പൊടിക്കാറ്റ്.
കുഞ്ഞുടുപ്പിട്ടൊരു
സ്വർഗം ഗാസയിലിറങ്ങുന്നു.

മലപ്പുറം ജില്ലയിലെ കീഴാറ്റൂർ സ്വദേശിനി. ഫാത്തിമ സഹ്‌റാ ഇസ്ലാമിക് വിമൻസ് കോളേജിൽ +one വിദ്യാർത്ഥിനി.