ആള്‍ക്കൂട്ടത്തിന്‍റെ അവകാശി

കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി. അറുപത്തിയൊമ്പതാം വയസ്സിലെ മരണം സിനിമാ മേഖലയ്ക്ക് അക്ഷരാര്‍ഥത്തില്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതും. സിനിമയുടെ നിത്യകാമുകനായ ആ പ്രതിഭയില്‍നിന്ന് ഇനിയും ചില സംഭാവനകള്‍ ഉണ്ടാകുമായിരുന്നെന്നും ഉറപ്പ്. ഇറാഖിന്‍റെ കുവൈത്ത് കടന്നാക്രമണം മുന്‍നിര്‍ത്തി ബൃഹത്തായ കാന്‍വാസ് മനസ്സില്‍ ബാക്കിയാക്കിയാണ് ആ വിടവാങ്ങല്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി, നൂറു കണക്കിന് അഭിനേതാക്കളെ അണിനിരത്തി, വിപുലമായ മുന്നൊരുക്കത്തോടെ മുപ്പത്തിയഞ്ച് ഭാഷകളില്‍ ഒരുക്കാന്‍ ആഗ്രഹിച്ചതായിരുന്നു ആ പദ്ധതി. ഗൗരവങ്ങളായ  കൂടിയാലോചനകളും പുതിയ വായനകളും പ്രാഥമികമായ എഴുത്തും നടന്നതായാണ് അറിവ്. കച്ചവട സിനിമയുടെ ഭ്രമണപഥത്തില്‍ ഒട്ടേറെ നൂതന പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടതിന്‍റെ ബലമാണ് അത്തരമൊരു സന്നദ്ധതയിലേക്കുള്ള കൈമുതല്‍. ചലച്ചിത്ര ഭാഷയിലും ഭാവുകത്വത്തിലും ഔചിത്യപൂര്‍ണമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഐ.വി.ശശി, നിരന്തരമായ നവീകരണത്തിനും ഉത്സാഹിക്കുകയുണ്ടായി. സാങ്കേതികത്തികവിന്‍റെ സാധ്യതകള്‍ സ്വാംശീകരിച്ച് എല്ലാ തലമുറകളുമായും സംവദിക്കാനും ശ്രമിച്ചു. വിവിധ ചേരുവകള്‍ സംയമനപൂര്‍ണമായി മിശ്രണം ചെയ്ത് അവതരിപ്പിക്കുന്നതിലും അതീവ ശ്രദ്ധപുലര്‍ത്തി. നടീനടന്മാരുടെ തെരഞ്ഞെടുപ്പ്, ലൊക്കേഷനുകളിലെ വൈവിധ്യം, ഗാനങ്ങളുടെയും സംഗീതത്തിന്‍റെയും  പിന്തുണ, സാഹിത്യ കൃതികളുടെ ഉള്‍ക്കാമ്പ് തുടങ്ങി അത് പ്രകടവുമായി. മലയാള സിനിമ  പ്രേംനസീറിന്   ചുറ്റും കറങ്ങിയ കാലത്ത് ആദ്യ സംരംഭമായ ഉത്സവത്തില്‍ തന്നെ  കെ.പി. ഉമ്മറിനെ നായകനാക്കിയ ധീരത  എടുത്തു പറയാതിരിക്കാനാവില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ നസീര്‍ തരംഗത്തെ റദ്ദാക്കാനുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നായി അത് മാറി. ആലപ്പി ഷെറീഫ് തിരക്കഥയെഴുതിയ ചിത്രത്തില്‍ സുകുമാരന്‍, രാഘവന്‍, ബഹദൂര്‍, വിന്‍സെന്‍റ്, ശങ്കരാടി, ശ്രീവിദ്യ,റാണിചന്ദ്ര തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. 1975ലായിരുന്നു അതെന്നോര്‍ക്കണം. പൂവച്ചല്‍ ഖാദര്‍ എഴുതിയ നാലു ഗാനങ്ങള്‍ക്ക് എ.ടി. ഉമ്മര്‍ സംഗീതവുമൊരുക്കിയ ഉത്സവം പരമ്പരാഗത മാതൃകകളെയെല്ലാം അടിമുടി ഉടച്ചുവാര്‍ത്തു. കുടിവെള്ള പ്രശ്നം കരക്കാര്‍ തമ്മിലുള്ള യുദ്ധ സമാനമായ അവസ്ഥയിലേക്ക് വളരുന്ന ചെറു  തന്തുവില്‍നിന്ന് വികസിക്കുന്നതാണ് അതിന്‍റെ ഇതിവൃത്തം.

ആദ്യകാലത്തു പോലും  പുതിയ സാങ്കേതികവിദ്യ ആവോളം സ്വാംശീകരിച്ച് വിജയിച്ച പ്രതിഭയാണ് ശശി. വൈവിധ്യമാര്‍ന്ന ജീവിത സമസ്യകളും പ്രമേയങ്ങളും സിനിമയ്ക്ക് ആധാരമാക്കുന്നതിലും ബദ്ധശ്രദ്ധനായി. എം.ടി. വാസുദേവന്‍ നായര്‍, ടി. ദാമോദരന്‍, ലോഹിതദാസ്, ജോണ്‍പോള്‍, പത്മരാജന്‍, രഞ്ജിത്  തുടങ്ങിയ പ്രതിഭാശാലികളായ എഴുത്തുകാരുമായി  സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഏറെ താല്‍പ്പര്യം കാണിച്ചു. പ്രശസ്തിയോ വലിപ്പച്ചെറുപ്പമോ നോക്കാതെ സിനിമാ മേഖലയിലെ ഏറ്റവും അടിത്തട്ടില്‍ നിന്നവരെയടക്കം കൂട്ടിയോജിപ്പിച്ചുള്ള ടീം വര്‍ക്കായിരുന്നു ശശിയുടെ വിജയങ്ങളുടെ അടിസ്ഥാനങ്ങളിലൊന്ന്. അദ്ദേഹത്തിനായി കൂടുതല്‍ രചനകള്‍ നല്‍കിയത് ടി. ദാമോദരനാണ്. എന്നാല്‍ തിരക്കഥയുടെ പെരുന്തച്ചനായ എംടിയുമായുള്ള കൂട്ടുകെട്ടാണ് പ്രതിഭയുടെ  മാറ്റ് തെളിയിച്ചത്. തൃഷ്ണയില്‍ തുടങ്ങി അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, ആരൂഢം, അനുബന്ധം, അഭയം തേടി വരെ വളര്‍ന്ന  ആ പട്ടികയിലെ ഏറ്റവും ശ്രദ്ധേയ സിനിമയാണ് ഉയരങ്ങളില്‍. ആലപ്പി ഷെറീഫിനൊപ്പം 15ചിത്രങ്ങള്‍ ചെയ്തു. പത്മരാജന്‍റെ തിരക്കഥയില്‍ ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കാണാമറയത്ത് തുടങ്ങിയവയെല്ലാം വന്‍ ഹിറ്റുകള്‍. ലോഹിതദാസുമൊത്തുള്ള മൃഗയ മെഗാഹിറ്റുകളുടെ ശ്രേണിയില്‍ ഇടംനേടി. അതിന്‍റെ കഥ പറയാന്‍ ലോഹി എത്തിയപ്പോള്‍ ശശി ചിത്രീകരണത്തിന്‍റെ തിരക്കിലായിരുന്നു. കഥാഹൃദയം ഒറ്റവാക്കില്‍  ചുരുക്കിപ്പറയണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. അത് ലോഹി നന്നായി നിറവേറ്റി. അതിനാലാണ് ആ ദൗത്യം ശശി ഏറ്റെടുത്തത്. ആഖ്യാനങ്ങളില്‍ മാത്രമല്ല, പ്രമേയങ്ങള്‍ തേടിപ്പോകുന്നതിലും അദ്ദേഹം അതുവരെ പരിചയമില്ലാത്ത ചരല്‍പ്പാതകള്‍ തെരഞ്ഞെടുത്തു.  ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലും അവയുടെ ചിത്രീകരണത്തിലും  വഴിമാറ്റം കുറിച്ചു. അവയൊന്നും ഒറ്റയടിപ്പാതകളായിരുന്നുമില്ല. വിജയം സമ്മാനിച്ച സൂത്രവാക്യങ്ങള്‍ ആവര്‍ത്തിക്കാതെ  ഓരോവട്ടവും മാറ്റിക്കുറിച്ചു. 

ആള്‍ക്കൂട്ടങ്ങളെ  ചിത്രീകരിക്കുന്നതില്‍ ശശി പ്രദര്‍ശിപ്പിച്ച കൃതഹസ്തത സമാനതകളില്ലാത്തതാണ്. ഒരു ചിത്രത്തില്‍ നൂറിലധികം കഥാപാത്രങ്ങള്‍, ഇരമ്പിമറിയുന്ന  ജനക്കൂട്ടം. ചില രംഗങ്ങളില്‍ ആഘോഷപരമായി പെരുമാറുന്ന ആള്‍ക്കൂട്ടം അന്ത്യത്തില്‍  രംഗം കീഴടക്കി കൈപ്പിടിയിലൊതുക്കുന്ന കാഴ്ചകളും വിരളമല്ല. താരപ്രാധാന്യം സാധാരണക്കാരെ അപ്രസക്തവും നിര്‍വീര്യവുമാക്കാതെ  കൈകാര്യം ചെയ്യാനുള്ള  പ്രത്യേക സിദ്ധി. ബാല്യ- കൗമാര കാലത്ത്  കോഴിക്കോട് ബീച്ചിലും മുതലക്കുളത്തും തിരുവണ്ണൂരും പരിസരങ്ങളിലും കൂറ്റന്‍ കര്‍ഷക തൊഴിലാളി കമ്യൂണിസ്റ്റ് പ്രകടനങ്ങള്‍ നിയന്ത്രിച്ച എ.കെ.ജിയെയും എം.കെ. കേളുവിനെയും യു.കുഞ്ഞിരാമനെയും പോലുള്ള നേതാക്കളുടെ വിനീതവും എന്നാല്‍ കാന്തസമാനവുമായ നേതൃശേഷി നേരില്‍ക്കണ്ട് അനുഭവിക്കുകയും പുളകംകൊള്ളുകയും ചെയ്തിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍  ശശി പറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങളായിരുന്നത്രെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നേതൃപാടവംപോലുള്ള കൈയടക്കം നല്‍കിയത്. അദ്ദേഹത്തിന്‍റെ സിനിമകളില്‍ സാധാരണ കഥാപാത്രങ്ങള്‍ അതിസാധാരണമായ പ്രശ്നങ്ങളെയാണ്  ഒട്ടുമിക്കപ്പോഴും പ്രതിനിധാനം ചെയ്തതും.  അങ്ങാടി, നാല്‍ക്കവല, അടിയൊഴുക്കുകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഒറ്റ നായകനെ തകര്‍ത്തുകൊണ്ടുള്ള ആ സ്ഫോടനങ്ങള്‍ക്ക് അവിചാരിതങ്ങളായ പ്രഹരശേഷിയുമുണ്ടായി. ചില വര്‍ഷങ്ങളില്‍ പത്തിനടുത്ത് ചിത്രങ്ങള്‍  നിര്‍മിക്കുന്നത്ര തിരക്കേറിയ  ശശി, മലയാളി പ്രേക്ഷകരെ സിനിമയുമായി ചേര്‍ത്തുനിര്‍ത്തിയ വിരലിലെണ്ണാവുന്ന സംവിധായകരില്‍ അതിപ്രബലനാണ്. എല്ലാ വിഭാഗത്തെയും ഒരുപോലെ ആകര്‍ഷിച്ചുവെന്നതും അവഗണിക്കാനാവില്ല. ആള്‍ക്കൂട്ടത്തിന്‍റെ കോലാഹലങ്ങള്‍ക്കിടയില്‍നിന്ന് അഭിനേതാക്കളെ കെണ്ടെടുത്ത് അവരെ ജനപ്രിയരാക്കിയ മാന്ത്രികതയും അപാരമായിരുന്നു. താരപദവിയുടെ തൂവലുകളെക്കാള്‍ അദ്ദേഹം ഊന്നിയത് കഥാപാത്രങ്ങളുടെ രൂപസവിശേഷതകളിലും ഭാവഹാവാദികളിലും. പകരക്കാരായും പതുങ്ങിയ മട്ടിലും  വന്ന പല നടീനടന്മാരുടെയും കഴിവുകള്‍ തിരിച്ചറിഞ്ഞ് സീനുകള്‍ കൂട്ടിയെഴുതി അവസരവ്യാപ്തിയുണ്ടാക്കിയതിലും ആ പേര് തീര്‍ച്ചയായും എക്കാലവും മുന്നില്‍നില്‍ക്കും. മികച്ച അഭിനേതാക്കളായിരുന്നിട്ടും മുഖ്യധരയില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെപോയ പലരുടെയും കഴിവിന്‍റെ യഥാര്‍ഥ പ്രകാശന വേദിയായത് ശശിയുടെ സിനിമകളാണ്. രതീഷ്, ബഹദൂര്‍, ടി.ജി. രവി, വിന്‍സെന്‍റ്, റഹ്മാന്‍, ലാലുഅലക്സ് തുടങ്ങിയവര്‍ മികച്ച ഉദാഹരണങ്ങള്‍. നടന്മാരെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന വിശേഷണത്തില്‍ പൊതിയുക നിരൂപകരുടെയടക്കം പതിവാണ്. എന്നാല്‍ ആ തലക്കുറി അതേ ആവൃത്തിയില്‍ പതിഞ്ഞ മലയാളത്തിലെ ആദ്യ സംവിധായകനാണ് ഐ.വി.ശശി. താരങ്ങളുടെ പേരുകേട്ട് ഇളകിയ പ്രേക്ഷകവൃന്ദം സംവിധായകന്‍റെ പേരു കണ്ട് തിയറ്ററുകളിലേക്ക് ഇരച്ചുകയറി നിര്‍ത്താതെ കൈയടിച്ച  അനുഭവം ഇന്ത്യയില്‍തന്നെ അധികമുണ്ടാകാന്‍ ഇടയില്ല.     

നമ്മുടെ സിനിമയിലെ സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ നേര്‍ പ്രതിനിധിയായ  ശശി  അതിന്‍റെ ആധികാരിക ശബ്ദവും സഞ്ചരിക്കുന്ന വിജ്ഞാന കോശവുമായിരുന്നു. സംയമനപൂര്‍ണമായ ഇടപെലുകളിലൂടെയാണ് അദ്ദേഹം സ്വന്തം സ്ഥാനം ആഴത്തില്‍ അടയാളപ്പെടുത്തിയത്. ജനപ്രിയ സിനിമയുടെ സിരാധമനികളെ സമ്പുഷ്ടമാക്കുന്നതില്‍ നിര്‍ണായക സംഭാവനകളര്‍പ്പിച്ച  ശശി, മലയാളി പുരുഷകാമനയുടെ നിത്യസംഘര്‍ഷങ്ങള്‍ക്കും ആഗ്രഹാഭിലാഷങ്ങള്‍ക്കും ജീവിതാദര്‍ശങ്ങള്‍ക്കും അതുവരെ സാധ്യമാകാത്തവിധം ചലച്ചിത്രഭാഷ്യമൊരുക്കി. മലയാളത്തില്‍ അതിലോലവും ഭ്രമാത്മകവും അതിലേറെ കാല്‍പ്പനികവുമായ പ്രമേയ പരിസരങ്ങളിലും മുക്കൂട്ട് പ്രണയത്തിന്‍റെ ചതുരൗചിത്യങ്ങളിലും ആദര്‍ശാത്മക കുടുംബ കേന്ദ്രിതമായ ആഖ്യാനങ്ങളിലും അതിസാഹസികരും പരിപൂര്‍ണരും പരിമിതികള്‍ ഇല്ലാത്തവരുമായ നായികാ നായകന്മാരിലും വീര്‍പ്പുമുട്ടിയ ഘട്ടത്തിലായിരുന്നു ശശിയുടെ സിനിമാപ്രവേശം. പരിമിതികളില്‍ ഉഴറിയ  സാധാരണ മനുഷ്യരായിരുന്നു അദ്ദേഹത്തിന്‍റെ നായകര്‍. കണ്ണു കലങ്ങുകയും തൊയിടറുകയും ചെയ്ത അവരില്‍ പലരും ഗദ്ഗദങ്ങളും കണ്ണീരും കൈവിറയലും കൂടെപ്പിറപ്പായവര്‍. കത്തിജ്വലിക്കുന്ന പ്രതികാരത്തിനു പകരം പലര്‍ക്കു മുന്നിലും തല താഴ്ത്തലിന്‍റെയും കീഴടങ്ങലിന്‍റെയും മറു ലോകമായിരുന്നു നിവര്‍ന്നുനിന്നത്. ആ അര്‍ഥത്തില്‍ മലയാള സിനിമയില്‍ പ്രബലമായ  നായകസങ്കല്‍പ്പങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് വരുത്തി.  പല നായകര്‍ക്കും  അദ്ദേഹത്തിന്‍റെ വിദൂരമായ ആത്മകഥാസ്പര്‍ശം ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. ലോല മനസ്സിന്‍റെ ഉടമയായിരുന്നു ശശിയെന്ന് ചില കൂട്ടുകാരെങ്കിലും ഓര്‍ത്തെടുത്തിട്ടുണ്ട്. നടന്‍ സോമനുമായുണ്ടാ യ പിണക്കവും അത് തീര്‍ക്കാന്‍ അദ്ദേഹം സ്വയം മുന്നിട്ടിറങ്ങിയതും മറ്റും കഥപോലെ കേട്ടിരിക്കാനേ കഴിയൂ. അക്കാര്യങ്ങള്‍ പറയുമ്പോള്‍ ശശി കണ്ണീരണിഞ്ഞിരുന്നതായി ജോണ്‍പോള്‍ എഴുതിയിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും സ്വന്തം സിനിമയുടെ ഗ്രാന്‍റ്മാസ്റ്ററായ അദ്ദേഹം എന്നാല്‍ വ്യക്തിജീവിതത്തില്‍ പതുങ്ങിയ സംസാരക്കാരനായിരുന്നു. എനിക്കും ആ മൃദുത്വം മൂന്നു നാലു വട്ടം അനുഭവിക്കാനായി. 2013ല്‍ ഷാര്‍ജയില്‍ നടന്ന ഒരു മലയാളി കൂട്ടായ്മയുടെ പരിപാടിയില്‍ ഐ.വി.ശശിക്കും നടി കാവ്യാമാധനുമൊപ്പം ഞാനും അതിഥിയായിരുന്നു. അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗശേഷം എന്‍റെ മുഖ്യ പ്രഭാഷണം. കലയിലും സാഹിത്യത്തിലും സിനിമയിലും മസൃണമായ തലോടല്‍ മാത്രമായി അധഃപതിക്കുന്ന വാണിജ്യതാല്‍പ്പര്യങ്ങളുടെ നേര്‍ക്കായിരുന്നു എന്‍റെ വിമര്‍ശനം. ഒരുവേള നിലപാടുകള്‍ കര്‍ക്കശമാക്കുകയും ചെയ്തു. ആലസ്യത്തിന്‍റെ തണലുകളില്‍ വിശ്രമിക്കാന്‍ ഉപദേശിക്കുന്ന പൈങ്കിളികളുടെ ആകാശങ്ങളിലേക്ക് വിരല്‍ചൂണ്ടിയാണ് ഞാന്‍ പ്രസംഗത്തിന് വിരാമമിട്ടത്. സ്റ്റേജിലിരുന്ന് എന്‍റെ മുഖത്തേക്കുതന്നെ നോക്കിയിരുന്ന ഐ.വി.ശശിക്ക് ആ വാക്കുകള്‍ പ്രകോപനമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കസേലയില്‍ ഇരിക്കുമ്പോഴേക്കും അദ്ദേഹം എന്‍റെ ചെവിയില്‍ വളരെ പതുക്കെ പറഞ്ഞു: നന്നായിരിക്കുന്നു. അതൊരു ബന്ധത്തിന്‍റെ തുടക്കമായി. എന്‍റെ ചില പുസ്തകങ്ങള്‍ അയച്ചുകൊടുക്കാന്‍ ശശി ആവശ്യപ്പെട്ടു. നാട്ടിലെത്തിയ ശേഷം ചില യാത്രാവിവരണങ്ങള്‍ക്കൊപ്പം സിനിമയുടെ ആത്മഗതം, യിരമ്യാവ്: അടിമയുടെ ജീവിതം എന്നീ കൃതികളും കൊറിയറായി അയച്ചു. അവ കിട്ടിയപ്പോള്‍ ഫോണില്‍ വിളിച്ചു. വായനയ്ക്കുശേഷം വിശദമായി ബന്ധപ്പെടാമെന്ന് ഉറപ്പുനല്‍കിയാണ് സംസാരം അവസാനിപ്പിച്ചത്. സിനിമയുടെ ആത്മഗതത്തിന്‍റെ ഉള്ളടക്കം  തിലകന്‍, ജോസ്പ്രകാശ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മുതിര്‍ന്ന നടന്മാരുമായടക്കം നടത്തിയ അഭിമുഖമാണ്. അതേനിലയില്‍ നടിമാരെയും സംവിധായകരെയും മുഖാമുഖം ചെയ്തുകൂടെയെന്ന് ശശി തിരക്കി. സംവിധായകരുടേത് പദ്ധതിയിട്ട് അദ്ദേഹത്തെ ആദ്യം കാണാന്‍ തീരുമാനിച്ചുവെങ്കിലും പല തിരക്കുകളാല്‍ അത് ഫലപ്രാപ്തിയിലെത്തിയില്ല. യിരമ്യാവ് മൂന്നു നൂറ്റാണ്ട് സ്പര്‍ശിച്ച് ജീവിച്ച ഒരടിമയാണ്. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ തലമുറകള്‍ക്ക് വിസ്മയമായി ജീവിച്ച അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്ര പ്രധാനമായ പുസ്തകം ശശിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതൊരു സിനിമയാക്കാന്‍ കനമുള്ളതാണെന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. യിരമ്യാവ്: അടിമയുടെ ജീവിതം മാതൃഭൂമി ബുക്ക്സ് പുസ്തകമാക്കിയ ഘട്ടത്തില്‍ രഘുനാഥ് പലേരി എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം ഡോക്യുമെന്‍ററി സാധ്യതയാണ് വെളിപ്പെടുത്തിയത്. അതും എന്തുകൊേണ്ടാ  നടന്നില്ല.  

സ്ത്രീ പുരുഷ ബന്ധങ്ങളെ തലോടലുകള്‍ ഒഴിവാക്കി യാഥാര്‍ഥ്യത്തിന് വളരെയടുത്തുവെച്ച് മുഖാമുഖം പരിശോധിച്ച ഐ.വി.ശശിയുടെ  സിനിമകള്‍ പരിമിതമായ ആഖ്യാന സാധ്യതയില്‍നിന്ന് വലിയ തുറകളിലേക്ക് വളര്‍ന്നു. കാലികവും സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുമുള്ള പ്രമേയങ്ങളിലേക്ക് പന്തലിപ്പിക്കുകയുമുണ്ടായി. കച്ചവട സിനിമയുടെ കൃത്രിമമായ സമ്മര്‍ദങ്ങള്‍ക്ക് ഒരുപരിധിവരെ അടിപ്പെട്ടപ്പോഴും ചുരുക്കം ഘട്ടങ്ങളില്‍ സാഹസികങ്ങളായ പന്ഥാവുകളില്‍ കാലുറപ്പിച്ചുനിന്നു. ശശിയുടെ ചിന്തയില്‍ എപ്പോഴുമെത്തിയത് വെള്ളിത്തിരമാത്രം. ഓരോ കോശത്തിലും സിനിമയല്ലാതെ മറ്റൊരു ചിന്തയുണ്ടായില്ല. അങ്ങനെയായിരിക്കുമ്പോഴും മേഖലയിലെ അനാവശ്യ വിവാദങ്ങളിലൊന്നും കൈവെച്ച് സമയം പാഴാക്കിയുമില്ല.  അസംബന്ധ ചര്‍ച്ചകളില്‍ തലപൂഴ്ത്തി കര്‍മമേഖലയിലും സ്വന്തം ശരീരത്തിലും ചെളിപറ്റിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. തന്നോട് ഇടപെടുന്നവരിലേക്ക് പ്രത്യേകതരം ഊര്‍ജം പ്രവഹിപ്പിച്ച അദ്ദേഹം  സൗഹൃദവലയത്തിലും സെറ്റിലുമുള്ളവരെ അലസരായിയിരിക്കാന്‍ അനുവദിച്ചുമില്ല. നിരന്തരമായി ചലനാത്മകമാവാന്‍ പ്രേരിപ്പിക്കുംവിധം ജീവിതത്തിന്‍റെ എല്ലാ തുറകളോടും വളരെ പോസിറ്റീവും സര്‍ഗാത്മകവുമായ  സമീപനമായിരുന്നു പുലര്‍ത്തിയിരുന്നതും. അതിവിശാലവും വൈവിധ്യപൂര്‍ണവുമായ പരന്ന സൗഹൃദമു ണ്ടായെങ്കിലും ഗാഢമായ അടുപ്പത്തിന്‍റെ വൃത്തം ചെറുതായിരുന്നു. അക്കൂട്ടത്തില്‍ ഏറെ വിലമതിച്ച ബന്ധമായിരുന്നു കമല്‍ഹാസനുമായുണ്ടായിരുന്നത്. അല്‍വാര്‍പേട്ടില്‍ അദ്ദേഹത്തിന്‍റെ വീട്ടിനടുത്ത ലോഡ്ജിലായിരുന്നു ശശിയുടെ താമസം. ചെന്നൈയില്‍ എത്തിയ ആദ്യകാലത്ത് ശശി കമലിനൊപ്പം തിയറ്ററുകള്‍ ഒന്നൊന്നായി കയറിയിറങ്ങി ഹോളിവുഡ് നിര്‍മിതികള്‍ ഉള്‍പ്പെടെ മികച്ച സിനിമകള്‍ വിടാതെ കാണുകയുണ്ടായി.

ഒരു വ്യക്തിയോടെന്നവണ്ണം അമിതമായ സ്നേഹമായിരുന്നു ശശിക്ക് ജന്മനാടായ കോഴിക്കോടിനോട്. എംടി, തിക്കോടിയന്‍, ടി ദാമോദരന്‍ തുടങ്ങിയവരുമായുള്ള ഹൃദയാടുപ്പവും അതിനൊരു അടിത്തറയായിട്ടുണ്ടാവണം. ശശിയുടെ പല സൂപ്പര്‍ഹിറ്റ് സിനിമകളുടെയും ചിത്രീകരണ വേദിയായും ആ ചരിത്രപട്ടണം പരിഗണിക്കപ്പെട്ടു. ജയനെ താരപദവിയിലേക്ക് ഉയര്‍ത്തിയ അങ്ങാടി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍  കോഴിക്കോടായിരുന്നു ലൊക്കേഷന്‍.  അതുപോലെ അവിടുത്തെ ആദ്യകാല നാടക പ്രവര്‍ത്തകരും നടന്മാരും  ചങ്ങാതിവലയത്തിലെ ഉറച്ച കണ്ണികള്‍. കുതിരവട്ടം പപ്പു, ബാലന്‍ കെ നായര്‍,  കുഞ്ഞാലി, അച്ചന്‍കുഞ്ഞ് എന്നിവര്‍ ആ സൗഹൃദത്തിന്‍റെ ആത്മാര്‍ഥമായ നനവേറ്റവരാണ്. അവരെയെല്ലാം സിനിമകളുടെ ഭാഗമാക്കാനും തുറന്ന മനസ്സോടെ ശശി തയ്യാറായി. പപ്പുവിനെ ആദ്യ ചിത്രമായ ഉത്സവം മുതല്‍ കൂടെക്കൂട്ടിയിരുന്നു. അത് ഏതാെല്ലാ സിനിമകളിലും ആവര്‍ത്തിച്ചു. കഥയടക്കമുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കോ ചിത്രീകരണം  ആരംഭിക്കുമ്പോഴോ എത്തുന്ന അദ്ദേഹത്തിന് പലപ്പോഴും റോളൊന്നും  കരുതിവെച്ചിട്ടുണ്ടാവില്ല. എന്നാല്‍  തിരക്കഥാകൃത്തിനോട് നിര്‍ദേശിച്ച് ശശി  ചെറിയ വേഷം ഒരുക്കും. സെറ്റില്‍ വരുമ്പോഴേക്ക് വികസിച്ച് മികച്ച കഥാപാത്രമാവും. അതുപോലെ ബാലന്‍ കെ നായരുടെ  അതിശ്രദ്ധേയ വേഷങ്ങള്‍ ശശി ചിത്രങ്ങളിലാണ്. ഉദാഹരണത്തിന് ഈനാട് മാത്രം മതി. മമ്മൂട്ടിയും രതീഷുമുണ്ടായെങ്കിലും അദ്ദേഹമാണ് നായകന്‍.

കലാസംവിധായകന്‍, ഛായാഗ്രഹണ സഹായി, സഹസംവിധായകന്‍ അങ്ങനെ സിനിമയുടെ ഒട്ടുമിക്ക റോളുമണിഞ്ഞാണ് ‘ഉത്സവ’ത്തിലൂടെഐ.വി.ശശി സംവിധായകനായത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ഥിയായിരിക്കെ യൂണിവേഴ്സല്‍ ആര്‍ട്സില്‍ കലാ പഠനത്തിനു ചേര്‍ന്നു. അക്കാലത്തെ സഹപാഠികള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് സൗന്ദര്യാരാധകനായ കലാകാരന്‍ എന്നാണ്. അക്കാലത്തേ ശശി സിനിമയെ ഭ്രാന്തസമാനമായി  ആരാധിച്ചു. പിന്നീട് പ്രശസ്ത സംവിധായകനായ ഹരിഹരനുമൊത്ത് ലോക സിനിമകള്‍ പരിചയപ്പെട്ടു. യൂണിവേഴ്സലിലെ പഠനം പൂര്‍ത്തിയാക്കിയ ശശി തുടര്‍അധ്യയനത്തിന് മദിരാശി സ്കൂള്‍ ഓഫ് ആര്‍ട്സിലെത്തി. അവിടെനിന്ന് നേടിയ ഡിപ്ലോമയുടെ ഔപചാരിക ബലത്തില്‍ സിനിമയിലെ  കലാസംവിധായകനായി. പളുങ്കുപാത്രം എന്ന ചിത്രത്തിലേക്കായിരുന്നു ആദ്യം വിളിച്ചത്. എന്നാല്‍ ആ പദ്ധതി നടന്നില്ല. നിരാശയിലേക്ക് വഴുതിവീഴാതിരുന്ന ശശി കലാസംവിധായകന്‍ സ്വാമിക്കുട്ടിയുടെ സഹായിയായി പിടിച്ചുനിന്നു. എ.ബി.രാജിന്‍റെ കളിയല്ല കല്യാണത്തില്‍ കലാസംവിധായകനായി. ആ ചിത്രത്തില്‍ അദ്ദേഹം കാണിച്ച താല്‍പ്പര്യവും ശ്രദ്ധയും സാങ്കേതിക കൃത്യതയും രാജിന്‍റെ അടുത്ത സംരംഭമായ കണ്ണൂര്‍ ഡീലക്സില്‍ സഹസംവിധായകനായി പരിഗണിക്കുന്നതിലേക്കെത്തി. കലാസംവിധാന സഹായിയായി പ്രവര്‍ത്തിക്കവെ അഭിനയത്തെക്കാള്‍ ശശിയെ മോഹിപ്പിച്ചത് സംവിധാനമായിരുന്നു.

സംവിധായകനായി ഐ.വി.ശശിയെ മലയാള സിനിമ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്തത് ശശി-ഷെരീഫ്-രാമചന്ദ്രന്‍ കൂട്ടുകെട്ടില്‍ 1978ല്‍ സഫലമായ അവളുടെ രാവുകളിലൂടെ. റിലീസ് ചെയ്ത ആദ്യ മൂന്നു ദിവസങ്ങളില്‍ പതുങ്ങിയ പ്രതികരണമായിരുന്നെങ്കിലും പിട്ടീട് വമ്പന്‍ കോളിളക്കമുണ്ടാക്കിയ അത് മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രമാണ്.  കപടസദാചാരവാദത്തെയും നാട്യങ്ങളെയും ആധുനിക ശുദ്ധിസങ്കല്‍പ്പത്തെയും അടിമുതല്‍ മുടിവരെ പിടിച്ചുലച്ച ചിത്രം നിരവധി ഭാഷകളില്‍  ഡബ്ബ് ചെയ്യുകയുണ്ടായി. തമിഴിലില്‍ അവളിന്‍ ഇരവുകള്‍, ഹിന്ദിയില്‍ ഹേര്‍ നൈറ്റ്സ്, കന്നഡയില്‍ കമല എന്നിങ്ങനെയായിരുന്നു തലക്കെട്ടു മാറ്റം.  ആ സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയശേഷമുണ്ടായ പ്രധാന തടസ്സങ്ങളിലൊന്ന് നായികയാവാന്‍ മദിരാശിയിലെ നടിമാരാരും മുന്നോട്ടു വന്നില്ലെന്നതാണ്. കൃത്രിമമായ അന്തസ്സിന്‍റെ കെണിയില്‍നിന്ന് പുറത്തു കടക്കാന്‍ വൈമനസ്യം കാണിച്ച അവരെല്ലാം രാജി എന്ന ആ വേഷം ഏറ്റെടുക്കാന്‍ ഒരുങ്ങിയില്ല. ഒടുവില്‍ ശാന്തി എന്ന കൗമാരക്കാരി എത്തി. കോടമ്പാക്കത്തെ പുക്കാരന്‍ സ്ട്രീറ്റില്‍ അമ്മയ്ക്കൊപ്പം കഴിഞ്ഞ അവള്‍ ജൂനിയര്‍ ആര്‍ടിസ്റ്റും ഗ്രൂപ്പ് നര്‍ത്തകിയിമായിരുന്നു. അവളുടെ സംഭാഷണങ്ങള്‍ ഡബ്ബുചെയ്തത് മല്ലികാ സുകുമാരനായിരുന്നു. ശാന്തി അന്ന് നൃത്താധ്യാപകന്‍ എ. കെ. ചോപ്രയുടെ സംഘത്തിലെ ജവീവാംഗം. പിന്നീട് സീമയായി പ്രശസ്തയായ ശാന്തി പതുക്കെ ഐ.വി.ശശിയുടെ ജീവിതത്തിലെയും നായികയായി. ആ സിനിമയില്‍ അദ്ദേഹവും അഭിനയിച്ചിരുന്നു- സംവിധായകന്‍റെ വേഷത്തില്‍. മറ്റൊരു അതിഥി താരമായി കമല്‍ഹാസനും. തോപ്പില്‍ ഭാസിയും ചെറിയ വേഷത്തിലെത്തി. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വേശ്യയുടെ ജീവിതം സ്വാഭാവികമായി വലിച്ചിഴക്കപ്പെടുന്ന  സന്ദര്‍ഭങ്ങളുടെയും അവളിലേക്ക് പല കാരണങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്ന കുറച്ച് പുരുഷന്മാരുടെയും അവയുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്ന സമൂഹത്തിന്‍റെയും തുറന്നുവെക്കലായ അവളുടെ രാവുകള്‍ ദേശീയ ചലച്ചിത്ര ചര്‍ച്ചകളില്‍തന്നെ ഇടംനേടി. ലൈംഗികത പ്രശ്നവല്‍ക്കരിക്കുന്ന ചിത്രങ്ങളില്‍ മുന്തിയ ഇടം കരസ്ഥമാക്കിയ അത്, പിന്നീട് സാമൂഹ്യ സംവാദങ്ങളുടെ കേന്ദ്രസ്ഥാനത്തെത്തിയ ലൈംഗികത്തൊഴിലാളി, രതിത്തൊഴിലാളി എന്നിങ്ങനെയുള്ള പരികല്‍പ്പനകളുടെ നേര്‍ത്ത രൂപങ്ങള്‍ പ്രസരിപ്പിക്കാനും ശ്രമിച്ചു. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ രതിവ്യാപാരം നടത്തേണ്ടി വന്ന രാജി എന്ന ലൈംഗികത്തൊഴിലാളിയുടെ നഗ്ന ശരീരമോ ഷര്‍ടുമാത്രം ധരിച്ചെത്തുന്ന അവളുടെ കാലുകളോ അവയുടെ വാണിജ്യമൂല്യ സാധ്യതകളോ ഒന്നുമല്ലായിരുന്നു അവളുടെ രാവുകളുടെ ലക്ഷ്യം. തെരുവിന്‍റെ അഴുക്കുകള്‍ പുര  പിഴച്ചതെന്ന് മുദ്രകുത്തപ്പെട്ട പെണ്‍കുട്ടിയെ നിലവിളക്കിന്‍റെ പ്രഭയില്‍ വീട്ടിലേക്ക് സ്വീകരിച്ചാനയിക്കുന്ന അമ്മയെ ഇപ്പോഴും മലയാളീ പ്രേക്ഷകര്‍ക്ക് അത്ര പരിചയമായിട്ടില്ല. അത്തരമൊരു ധീരത ഉണ്ടാക്കിത്തീര്‍ത്ത വിച്ഛേദങ്ങള്‍ ഗൗരവമായി വരവുവെച്ചതായി കാണാനില്ലെന്നും പറയാം.   

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്  ഭാഷകളിലായി നൂറ്റമ്പതിലധികം ചിത്രങ്ങള്‍ ഒരുക്കുകയുണ്ടായി ഐ.വി.ശശി. അവയില്‍ മിക്കവയും സാമ്പത്തികമായി വലിയ വിജയം കൊയ്തുവെന്നു മാത്രമല്ല, കലാപരമായി ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു എന്നിടത്താണ് ആ സംഭാവനകളുടെ വ്യാപ്തി. ചില ചിത്രങ്ങള്‍ മറ്റ് സംവിധായകര്‍ക്കും മാതൃകകളുമായി. ചടുലമായ ആവിഷ്ക്കാരം, ദൃതചലനങ്ങള്‍, അതിവിശാലമായ  ക്യാന്‍വാസ്, വര്‍ണാഭമായ പശ്ചാത്തലം, സിനിമാസ്കോപ്പ്, ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങള്‍, തുളച്ചുകയറുന്ന സംഭാഷണങ്ങള്‍, യുക്തിക്ക് നിരക്കുന്ന സംഘട്ടനം തുടങ്ങിയവയാണ് ശശി സിനിമകളുടെ മുഖമുദ്ര. സിനിമയിലെ സംഭാഷണങ്ങള്‍ യുവപ്രേക്ഷകര്‍ ഏറ്റുപറയുകയും ഓര്‍മിച്ചുവെക്കുകയും ചെയ്യുമായിരുന്നു. ശീര്‍ഷകത്തിലെ സൂക്ഷ്മതയും എന്തിനേറെ പരസ്യത്തിലെ കൃത്യതയും  പലരെയും കൊതിപ്പിച്ചു. അദ്ദേഹത്തിന്‍റെ അ-ഇ സിനിമകള്‍ക്ക് പ്രത്യേക ചാരുതയുണ്ടായിരുന്നു.2 009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാന ചിത്രം.

സമകാലിക സംഭവവികാസങ്ങളും രാഷ്ട്രീയ ചലനങ്ങളും കോര്‍ത്തിണക്കിയപ്പോഴാണ് ശശി കൂടുതല്‍ ജനപ്രിയനായത്. ആ   മാറ്റത്തിന്‍റെ ആരംഭം ‘അങ്ങാടി’ യിലൂടെ. അടുത്ത സുഹൃത്തായ ടി. ദാമോദരന്‍ ഒരുക്കിയ രാഷ്ട്രീയ അന്തര്‍നാടകത്തിന്‍റെ സമസ്യകള്‍ പ്രശ്നവല്‍ക്കരിച്ച തിരക്കഥ വലിയ വിജയ സിനിമയായി.ഈ നാട്, ഇനിയെങ്കിലും തുടങ്ങി ആവനാഴിയും വാര്‍ത്തയും വരെ നീണ്ടു ഇരുവരുമൊത്തുള്ള കൂട്ടുസംരംഭങ്ങള്‍. പുതിയ തിരക്കഥാകൃത്തുക്കളെയും അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും പാട്ടെഴുത്തുകാരെയും പരിചയപ്പെടുത്തിയതിലും ശശിയുടെ പേര് വലുതായി കൊണ്ടാടപ്പെട്ടു. മമ്മുട്ടിയെ നായകന്‍റെ ഇരിപ്പിടത്തിലേക്ക് കൈപിടിച്ചത് അദ്ദേഹമാണ്. തൃഷ്ണയിലാണ് ആ ഇടംനല്‍കല്‍. എംടിയുടെ ആ തിരക്കഥയില്‍ രതീഷിനെയാണ് കേന്ദ്രകഥാപാത്രമായി മനസ്സില്‍ കണ്ടത്. അത് എങ്ങനെയോ  വഴുതി മമ്മുട്ടിയിലെത്തുകയായിരുന്നു. ദാസ് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിലൂടെ ശശിയുടെ തീരുമാനം തെറ്റായിപ്പോയില്ലെന്ന് അദ്ദേഹം തെളിയിച്ചു. തുടര്‍ന്ന് വാര്‍ത്ത, ആവനാഴി, ആള്‍ക്കുട്ടത്തില്‍ തനിയെ, ഇന്‍സ്പെക്ടര്‍ ബല്‍റാം, മൃഗയ, 1921, ബല്‍റാം വേഴ്സസ് താരാദാസ് തുടങ്ങിയ ചിത്രങ്ങളിലും ആ പ്രതിഭ മുദ്രകളാഴ്ത്തി. രണ്ടാം നിരയിലും പ്രതിനായക വേഷങ്ങളിലും ചുരുങ്ങിക്കിടന്ന മോഹന്‍ലാലിന്‍റെ ഉയര്‍ച്ചക്ക് അസ്ഥിവാരമിട്ടത് ശശിയാണെന്ന് പറയുന്നതില്‍ തെറ്റു ണ്ടാവില്ല. ഒരു മഹാനടന്‍റെ വരവറിയിച്ചതായി ശശിചിത്രമായ അഹിംസയിലെ മോഹന്‍ എന്ന കഥാപാത്രം. അവിടെനിന്ന് വീണ്ടും മുന്നോട്ടുകൊണ്ടു പോയതാണ്  ڈഇനിയെങ്കിലും എന്ന ചലച്ചിത്രം. ‘ഉയരങ്ങ’ളിലെ ജയരാജന്‍ നായകസ്ഥാനത്ത് സ്ഥിരപ്രതിഷ്ഠ നല്‍കി. ചെറിയ ചെറിയ വേഷങ്ങളില്‍ വന്നും പോയുമിരുന്ന് ശേഷി ചതഞ്ഞരഞ്ഞ ജയനെയും സോമനെയും രതീഷിനെയും താരങ്ങളാക്കി. ജയനെ അതിവേഗം സൂപ്പര്‍ സ്റ്റാറാക്കിയതിനു പിന്നിലും ആ പിന്തുണ തന്നെ. സോമനെ നായകനാക്കി ശശി ഒരുക്കിയ ഇതാ ഇവിടെവരെയിലൂടെയാണ് ജയന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതില്‍ തോണിക്കാരന്‍റെ അത്രയേറെ പ്രാധാന്യമില്ലാത്ത വേഷം ചെയ്യാനെത്തിയ അദ്ദേഹത്തിന്‍റെ മികവ് നന്നായി തിരിച്ചറിഞ്ഞ സംവിധായകന്‍ ആ കഥാപാത്രത്തെ മറ്റൊരു നിലയില്‍ വളര്‍ത്തുകയായിരുന്നു. ടൈപ്പ് പാത്രാവതരണങ്ങളില്‍ കുടുങ്ങിപ്പോകുമായിരുന്ന ജയന് മുന്നില്‍ സാധ്യതകളുടെ വലിയ ആകാശം തുറന്നുകൊടുത്തതും ശശിയാണ്. ‘ശരപഞ്ജര’ത്തില്‍ വില്ലന്‍റെ ചിട്ടവട്ടത്തിലായിരുണെങ്കില്‍ കാന്തവലയത്തില്‍ നേര്‍വിപരീതമായ ഇമേജ്. ഭാഷ അറിയില്ലെന്നു കരുതി അപഹസിക്കുന്ന മുതലാളിയുടെ മകളുടെ മുഖത്തു നോക്കി ഇംഗ്ലീഷില്‍ പ്രതികരിക്കുന്ന ജയന്‍ അവതരിപ്പിച്ച ചുമട്ടുതൊഴിലാളി  ഒരുകാലത്ത് സിനിമാക്കോട്ടകളില്‍ തീര്‍ത്ത ആരവത്തിന്‍റെ മുഴക്കം ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടു. പുതിയ നായികമാരെ തേടിപ്പിടിച്ച് കൊണ്ടുവന്നതിലും ശശിയുടെ ദീര്‍ഘവീക്ഷണമുണ്ടാ യി.  ശ്രീദേവി, സ്വപ്ന, മേനക,  സീമ തുടങ്ങിയവര്‍ അങ്ങനെയെത്തുകയായിരുന്നു. മലയാളസിനിമാ ചരിത്രത്തില്‍ നാഴികക്കല്ലുകളായ ഒട്ടേറെ പുതുമകളുടെ പേരിലും  ശശി അറിയപ്പെടും. പത്മരാജന്‍റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഇതാ ഇവിടെ വരെയാണ് ആദ്യ കളര്‍ചിത്രം. സിനിമാസ്കോപ്പ് പരീക്ഷണമാകട്ടെ അലാവുദ്ദീനും അത്ഭുതവിളക്കുമാണ്. അടുത്ത സുഹൃത്ത് കമലഹാസനും  രജനീകാന്തുമാണ് അതിലെ  നായകര്‍. അലാവുദ്ദീനും അത്ഭുതവിളക്ക് സാമ്പത്തികമായും  വന്‍വിജയമായി. പിന്നീട് പലതിനും  പ്രചോദനമായ പല ട്രെന്‍ഡുകള്‍ക്കും ആരംഭംകുറിച്ച ശശി ആക്ഷന്‍ ചിത്രങ്ങള്‍ക്ക് നവീനമായ മാനംനല്‍കി. അതില്‍ എടുത്തുപറയേ താണ് രോഷാകുലമായ യുവത്വം എന്ന നായകസങ്കല്‍പ്പം. ഹോളിവുഡിനെയും ബോളിവുഡിനെയും ഇളക്കിമറിച്ച ആ പ്രവണത കേവലം അനുകരണങ്ങള്‍ക്കുപരി മലയാളിത്തനിമ നിറഞ്ഞതുമായിരുന്നു. 

ഐ.വി. ശശിയുടെ സിനിമകള്‍ പ്രത്യക്ഷത്തിലും പൊതുവായ അര്‍ഥത്തിലും  സെക്കുലര്‍ ഉള്ളടക്കം നിലനിര്‍ത്തിയവയാണെന്നു വിലയിരുത്താം. സൂക്ഷ്മാര്‍ഥത്തിലും രണ്ടാം വായനയിലും ചില പ്രതിലോമ ചിഹ്നങ്ങള്‍ പ്രക്ഷേപിച്ചതായി തെളിഞ്ഞുവെന്ന  പരാതി അവഗണിക്കാതെയാണ് ഇങ്ങനെ പറയുന്നത്. അദ്ദേഹത്തിന്‍റെ മറ്റൊരു സംഭാവന രാഷ്ട്രീയ ചിത്രങ്ങളുടെ മണ്ഡലത്തിലാണ്. അവയ്ക്കൊരു പശ്ചാത്തലമുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷമുണ്ടായ സാമൂഹ്യ ശൂന്യതയാണ് സൂചിപ്പിക്കുന്നത്. ഹിംസാത്മകവും ജനാധിപത്യത്തിന്‍റെ ആരാച്ചാരുമായ ആ കെട്ടകാലത്തിന്‍റെ അപ്പോസ്തലന്മാരെ കൗബെല്‍റ്റ് എന്ന ശകാര വിശേഷണമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍പോലും നിരാകരിച്ചപ്പോള്‍ കേരളത്തില്‍ അവര്‍ അമ്പരപ്പിച്ച വിജയം നേടുകയായിരുന്നല്ലോ. ഭയാനകമായ ആ വിടവിലാണ് ശശിയുടെ സിനിമ ഒരുതരം പ്രതിപക്ഷ സ്വഭാവത്തിന്‍റെ നേര്‍ത്ത ദൗത്യം നിര്‍വഹിച്ചത്. മലയാള സിനിമയിലെ ഏറ്റവും ബൃഹത്തായ ആദ്യ ആഖ്യായികയായി കരുതപ്പെടുന്ന 1921, ഒട്ടേറെ വിഛേദങ്ങള്‍ കുറിച്ചതായിരുന്നു. അതിവിശാലമായ ചരിത്ര സാമൂഹ്യ ഭൂമികയില്‍ മലബാര്‍ കലാപത്തിന്‍റെ നൈര്യന്തര്യം കൂട്ടിവായിച്ച അത് അനുകരണീയമായ ചുരുക്കം മാതൃകകളെങ്കിലും അവശേഷിപ്പിച്ചു. കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ ഇടിമുഴക്കങ്ങളുണ്ടാക്കിയ ആ കാര്‍ഷിക ചെറുത്തുനില്‍പ്പിന്‍റെ പാര്‍ശ്വഫലങ്ങളും അനാഥത്വവും അന്യവല്‍ക്കരണവും അന്വേഷിച്ചു പോയെന്ന് അവകാശപ്പെട്ട ചില സിനിമകള്‍ ഏകപക്ഷീയങ്ങളായ കാഴ്ചകളില്‍ അഭിരമിച്ചിടത്താണ് 1921 വ്യത്യസ്തമായത്. മലബാര്‍ കലാപത്തെ വര്‍ഗീയ ചേരുവകളുടെ ഹ്രസ്വദൃഷ്ടിയില്‍ വായിച്ചെടുക്കാനുള്ള കാവി പദ്ധതികളുടെ വിനാശകരമായ അവസ്ഥയില്‍ ആ ചിത്രം ചെറു സാന്ത്വനമാണ്. ഒരുപക്ഷേ, ഹരിഹരന് പഴശ്ശിരാജ എന്ന സിനിമയൊരുക്കാന്‍ അത് നല്ല പ്രേരണ നല്‍കിയിട്ടുണ്ടാവണം. എങ്ങനെ നോക്കിയാലും മലയാള സിനിമയ്ക്ക് ഐ.വി. ശശി എന്ന പ്രതിഭ നൽകിയ സംഭാവന അമൂല്യമാണ്.

ദേശാഭിമാനി അസ്സി. എഡിറ്റർ. അവൻ എപ്പോഴുത് വാഴ്ന്താൻ, ചരിത്രത്തിനൊപ്പം നടന്ന ഒരാൾ, ഇടവേളകളില്ലാത്ത ചരിത്രം, ഇന്ദുലേഖയുടെ അനുജത്തിമാർ, തിരസ്‌കൃത ചരിത്രത്തിന് ഒരാമുഖം, സിനിമയുടെ ആത്മഗതം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുസ്തകങ്ങളിൽ ചിലതിന്റെ തമിഴ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവചരിത്രത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം അടക്കം നിരവധി പുരസ്കാരങ്ങൾ. കാസർകോട് സ്വദേശി.