ആല്‍ഫ (നോവല്‍ )

 
 
മനുഷ്യന്റെ ഭാവനയ്ക്ക് അതിരുകള്‍ ഇല്ല എന്നൊരൊറ്റ കാരണം മാത്രം മതി സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കാരണമെന്തെന്ന അന്വേഷണത്തിനുള്ള മറുപടി. ഈ ഭാവനകള്‍ പലപ്പോഴും സാധാരണക്കാരന്റെ ചിന്തകളില്‍ നിന്നുവെന്ന് വരില്ല . സ്വപ്നം കാണുക എന്നത് ഒരു പക്ഷേ മനുഷ്യനു മാത്രം സ്വായത്തമായ കഴിവാകണം!. പ്രപഞ്ചത്തിലെ എന്തിനെയും വാസ്തവികതയ്ക്ക് അകത്തു നിന്നും പുറത്തുചാടിയും സങ്കല്പങ്ങള്‍ നെയ്യാന്‍ മനുഷ്യനോളം മറ്റേതൊരു ജീവിക്കാണ് കഴിയുക. “അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം . അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടൂ .” എന്ന കവിവാക്യം വളരെ ശരിയാണ് . അതിനാല്‍ തന്നെ മനുഷ്യനു ദൃഷ്ടി ഗോചരമായ പ്രപഞ്ചത്തിനപ്പുറം ഒരു ലോകത്തെ അവന്‍ സങ്കല്‍പ്പിച്ചു എഴുതുകയും വരയ്ക്കുകയും ചെയ്യുന്നു . ഒട്ടനവധി ഫിക്ഷന്‍ കഥകളും നോവലുകളും സിനിമകളും സീരിയലുകളും വന്നുപോയിരിക്കുന്നു . ഇനിയും വരാനിരിക്കുന്നു . മലയാളത്തില്‍ ഫിക്ഷന്‍ നോവലുകള്‍ പലപ്പോഴും വിഷയത്തിന്റെ വലിപ്പവും ആഴവും മനസ്സിലാക്കാതെ , അവയെക്കുറിച്ച് ഒരു പഠനവും നടത്താതെ ചെയ്യുന്ന വെറും രചനകള്‍ ആണ് . അതുകൊണ്ടു തന്നെ വായനക്കാരെ സ്പര്‍ശിക്കാന്‍ പോലുമാകാതെ അവ കടന്നു പോകുന്നതും. മലയാളിയുടെ ഭാവനകള്‍ കേരളത്തിലെ പരമ്പരാഗത മുത്തശ്ശിക്കഥകളില്‍ ചുറ്റിത്തിരിയുന്ന യക്ഷി ഗന്ധര്‍വ്വ സങ്കല്‍പ്പങ്ങള്‍ ആണ് . ഇതിനപവാദം ആയി ചില എഴുത്തുകാരെങ്കിലും പുതിയ സങ്കേതങ്ങള്‍ തിരയുന്നത് കാണാം .

ടി ഡി രാമകൃഷ്ണന്റെ നോവലുകള്‍ ഒരു പ്രത്യേക മാനസിക തലത്തിലും ചിന്താധാരയിലും നിന്നുകൊണ്ടുള്ള എഴുത്തുകള്‍ ആയി അനുഭവപ്പെട്ടിട്ടുണ്ട് . ഫ്രാൻസിസ് ഇട്ടിക്കോരയും മാമാ ആഫ്രിക്കയും വായിച്ചിട്ടുള്ള ഒരു അനുഭവതലം മനസിലുണ്ടായിരുന്നു .ആല്‍ഫ എന്ന നോവലിലേക്ക് കടക്കുമ്പോള്‍ പുതുമയുള്ള ഒരു പ്രമേയം പ്രതീക്ഷിക്കുക സ്വാഭാവികമായ ഒരു വായനക്കാരന്റെ അത്യാഗ്രഹം ആണ് . പരിണാമത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളില്‍ക്കൂടി കടന്നു വന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ ഇന്നത്തെ ജീവിതത്തില്‍ നിന്നും പിന്നോട്ടു നടക്കാനും ആദിമ ജനതയുടെ ജീവിതം എന്തെന്ന് ജീവിച്ച് മനസ്സിലാക്കുവാനും, അത് വഴി സമൂഹത്തിനു മുന്നില്‍ , ബുദ്ധിപരമായി വികസിച്ച ഒരു ജനത പഴയ ജീവിതത്തിലേക്ക് കടന്നുപോകുകയും പുതിയ പതിപ്പുകള്‍ ആ ചുറ്റുപാടുകളില്‍ ഉത്പാദിപ്പിക്കുകയും ചെയ്താല്‍ ബൌദ്ധികമായ ഉന്നതി കാഴ്ചവയ്ക്കുന്ന ഒരു പുതിയ തലമുറയാകും അതെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന , ശ്രമിച്ച് പരാജയപ്പെടുന്ന ഒരു പ്രൊഫസ്സറും പന്ത്രണ്ടു പേരും ആല്‍ഫ എന്ന്‍ നോവലില്‍ കാണാം . വിദ്യാഭ്യാസം , അറിവ് , കല , സാഹിത്യം എന്നിങ്ങനെ വിവിധ നിലകളില്‍ പ്രാഗത്ഭ്യം ഉള്ള പതിമൂന്നുപേര്‍ ഇരുപത്തി അഞ്ചു കൊല്ലത്തേക്ക് ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് ജീവിക്കാന്‍ യാത്ര ചെയ്യുന്നു . ദ്വീപിലേക്ക് പ്രവേശിക്കുമ്പോള്‍ ആദിമ ജനതയെപ്പോലെ ഉടുതുണിയില്ലാതെ , ഭാഷയും ഇതുവരെ തുടര്‍ന്നു വന്ന അറിവും ചിന്തകളും ഒക്കെയും ഉപേക്ഷിച്ചു പുതു ജീവിതം തുടങ്ങണം എന്നതാണു ആ പരീക്ഷണത്തിന്റെ നിബന്ധനകള്‍. ഇരുപത്തഞ്ചുകൊല്ലം പൂര്‍ത്തിയാകുമ്പോള്‍ അവരെ തേടി ഒരാള്‍ അവിടെ വരും.

ജീവിതത്തെ പുനര്‍നിര്‍ണ്ണയിക്കുന്നതിലും പുനര്‍നിമ്മിക്കുന്നതിലും ആ ജനത ജയിച്ചുവോ എന്ന അന്വേഷണം ആണ് ഇരുപത്തഞ്ചു കൊല്ലത്തിന് ശേഷം അവരെ തേടി വരുന്നവര്‍ തിരയുന്നത് .
നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഉള്ളില്‍ ഉണ്ടായ ചിന്തകള്‍ മാത്രം പങ്ക് വയ്ക്കുന്നത് ആണ് നല്ലതെന്നു കരുതുന്നു . വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് എഴുതുക എന്നൊരു വിശേഷണം ടി ഡി രാമകൃഷ്ണന്റെ നോവലുകളെ കുറിച്ച് കേട്ടിട്ടുണ്ട് . എന്തുകൊണ്ടോ ദുര്‍ബലമായ ഈ നോവലിലെ ആശയത്തിന്റെ ആവിഷ്കാരം കാണുമ്പോൾ മനുഷ്യന്‍ എന്നാല്‍ ഇത്ര മോശം ജീവി വര്‍ഗ്ഗം ആണോ എന്നു തോന്നിപ്പോകുക സ്വാഭാവികം. ആദിമ കാലത്തെ ജനത ജീവിച്ചിരുന്നത് മറ്റ് ജീവിവര്‍ഗ്ഗങ്ങളെ പോലെ ഭക്ഷണം വേട്ടയാടി കഴിക്കുക, കൂട്ടമായി കഴിയുക, ഇണചേരുക എന്നിവയ്ക്കപ്പുറം മസ്തിഷ്ക വികാസ കാലത്ത് മറ്റൊരു പണിയും ഇല്ലായിരുന്നു എന്നു ആന്ത്രപ്പോളജിസ്റ്റുകളുടെ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. മാംസ ഭക്ഷണം ആണ് ബുദ്ധി വികാസത്തിന് കാരണം ആയത് എന്നും പറയുന്നുണ്ട് . മൃഗസമാന ജീവിതം എന്നതിന് വിശേഷണങ്ങള്‍ ഒന്നും ആവശ്യമില്ലാതിരുന്ന ആദിമ മനുഷ്യന്‍ മറ്റ് ജീവികളെപ്പോലെ തന്നെ ലൈംഗിക വിശപ്പിന് വേണ്ടി ഇണ ചേര്‍ന്നിരുന്നുവെങ്കിലും അതിനു കൂട്ട ആക്രമണത്തിന്റെയോ, എപ്പോഴും ഭോഗേച്ഛയുള്ള മാനസിക അവസ്ഥയിലോ ആയിരുന്നില്ല എന്നാണ് അനുമാനം. പക്ഷേ പരിഷ്കാരികള്‍ ആയിരുന്ന ഒരു കൂട്ടം, തങ്ങളുടെ ജീവിതം ആദിമ ജനതയിലേക്ക് പറിച്ചു നടുമ്പോൾ, വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടു കഴിയുമ്പോള്‍ ലൈംഗിക ആക്രമണങ്ങളിലേക്കാണ് പോകുന്നത് എന്നൊരു ധാരണ എഴുത്തുകാരനില്‍ നിറഞ്ഞു നില്ക്കുന്നു എന്നു കരുതുന്നു . തികച്ചും പാളിപ്പോയ മറ്റ് വസ്തുതകള്‍ ,എല്ലാം ഉപേക്ഷിച്ചു , പഴയ ചിന്തകള്‍ , ആശയങ്ങള്‍ , ഒക്കെയും കളഞ്ഞു ശൂന്യതയില്‍ നിന്നും പുതിയ പഠനം തുടങ്ങിയവരില്‍ രതിയില്‍ ഉണ്ടാകുന്ന അസംതൃപ്തികളും  ലൈംഗിക പീഡനങ്ങളും അവര്‍ക്ക് തന്നെ പിറന്ന കുട്ടികളുമായുള്ള ലൈംഗികതയും ഒക്കെ സദാചാര ബോധം, മാനസിക വിഷമതകള്‍ എന്നീ ഘടകങ്ങള്‍ മൂലം ആത്മഹത്യ കൊലപാതകം തുടങ്ങിയ അവസ്ഥകളിലേക്ക് പോകുന്നത് കാണാം .
തികച്ചും അപക്വമായി കൈകാര്യം ചെയ്ത ഒരു വിഷയം ആയതിനാല്‍ പരാജയപ്പെട്ടു പോയി എന്നു വിശ്വസിക്കുന്ന ഒരു നോവല്‍ ആണിത് . തികച്ചും ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തി എഴുതിയിരുന്നെങ്കില്‍ ഈ ചെറു നോവലിന് വലിയ ഒരു ധര്‍മ്മവും വ്യാപ്തിയും സംഭവിച്ചേനെ. വിഷയങ്ങളെ ഭാവനയും യുക്തിയും സാങ്കേതികത്വവും ചേര്‍ത്ത അവതരണ രീതി കുറച്ചുകൂടി മെച്ചപ്പെടുത്തിയിരുന്നെങ്കില്‍ എന്നുടനീളം തോന്നിച്ച ഒരു വായനയാണിത് . ഇന്ദിരഗാന്ധിയുടെ ഭരണവും അടിയന്തിരാവസ്ഥയും ഇന്ത്യയുടെ അക്കാലത്തെ രാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന ഈ നോവലില്‍ അന്തര്‍ധാര പോലെ സനാതന ധര്‍മ്മവും ആര്‍ഷ ഭാരത സംസ്കാരവും പൂട്ടിന് പീര പോലെ ചേര്‍ത്ത് പറയുന്നുണ്ട് . പ്രകൃതിയിലേക്ക് മടങ്ങുമ്പോൾ നമുക്ക് എന്ത് സംഭവിക്കും എന്നൊരു ചിന്ത ചെന്നെത്തിയത് അവികലവും അയുക്തികവുമായ സംഭവ വികാസങ്ങളിലേക്ക് ആണ് എന്നത് നിരാശ ഉണര്‍ത്തി .

ഭാഷയുടെ മനോഹരമായ ഉപയോഗവും ആശയപരമായ വൈവിധ്യവും ടി ഡി രാമകൃഷ്ണന്റെ നോവലുകളെ വ്യത്യസ്ഥമാക്കുമ്പോഴും , ലൈംഗികതയും മറ്റ് ജന്തുജന്യ വൈകൃതങ്ങളും ഉള്ള കഥാപാത്രങ്ങളും സംഭവങ്ങളും ഭാവനകളും ഈ എഴുത്തുകാരന്റെ രചനകളെ സാരമായി ബാധിക്കുന്നതായി തോന്നുന്ന വായനകള്‍ ആണ് വായനയില്‍ ഇതുവരെ ലഭിച്ചതു. കൂടുതല്‍ വസ്തുനിഷ്ഠമായ എഴുത്തുകള്‍ മികച്ച പഠനത്തോടെ പൂര്‍ണ്ണതയോടെ ലഭിക്കട്ടെ ഈ എഴുത്തുകാരനില്‍ നിന്നും.

ആല്‍ഫ (നോവല്‍ )
ടി ഡി രാമകൃഷ്ണന്‍
ഡി സി ബുക്സ്
വില : ₹ 130.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.