

ടി.ഡി. രാമകൃഷ്ണൻ
ഗലേറിയ ഗാലന്റ് അവാർഡ്, വയലാർ അവാർഡ്, കെ.സുരേന്ദ്രൻ നോവൽ പുരസ്ക്കാരം, എ.പി. കളയ്ക്കാട് പുരസ്ക്കാരം, മലയാറ്റൂർ പുരസ്കാരം, മാവേലിക്കര വായനാ പുരസ്ക്കാരം എന്നിവയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന നോവൽ കരസ്ഥമാക്കിയത്. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, ശോഭാശക്തിയുടെ മ് എന്ന കൃതിയുടെയും ചാരുനിവേദിതയുടെ തപ്പുതാളങ്ങളുടെയും മലയാള വിവർത്തനം, തമിഴ് മൊഴിയഴക് എന്ന അഭിമുഖ സമാഹാരം, സി വി ശ്രീരാമനും കാലവും എന്ന അഭിമുഖ പുസ്തകം, സിറാജുന്നിസ എന്ന കഥാസമാഹാരം എന്നിവയാണ് മറ്റു കൃതികൾ
അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗം നേടിയെടുത്ത വിജ്ഞാനവും ചെത്തി മിനുക്കിയെടുത്ത കഴിവുകളും വെറും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പുതിയ തലമുറയ്ക്ക് നേടാവുന്നതേയുള്ളൂ എന്ന് വിശ്വസിച്ച ഒരു പ്രൊഫസ്സര്‍ ഭൂപടം നോക്കി കണ്ടുപിടിക്കാനാവാത്ത ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത ഒരു ദ്വീപിലേയ്ക്ക് പരീക്ഷണാര്‍ത്ഥം ചെറുപ്പക്കാരായ പന്ത്രണ്ടു പേരോടൊന്നിച്ചു പോകുന്നു.
ഇവരില്‍ ചരിത്രകാരനും ചിത്രകാരനും ശാസ്ത്രന്ജനും നര്‍ത്തകിയും കവിയും ലൈബ്രേറിയനും ബ്യൂറോക്രാറ്റും പത്രപ്രവര്‍ത്തകയും രാഷ്ട്രീയക്കാരനും ഡോക്ടറും ഉള്‍പ്പെടുന്നു. അത്രയും കാലംകൊണ്ട് അവരാര്‍ജ്ജിച്ച അറിവും പരിശീലനം വഴി പരിപോഷിപ്പിച്ചെടുത്ത കഴിവുകളും എന്നുവേണ്ട വസ്ത്രങ്ങളും ആയുധങ്ങളും ഭാഷ പോലും ബോട്ടില്‍ ഉപേക്ഷിച്ച് അത് കത്തിച്ചശേഷം കഴുത്തോളം വെള്ളത്തിലിറങ്ങി ദ്വീപിലേയ്ക്ക് നടന്നു കയറി അവിടെ അടുത്ത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ ആദിമമനുഷ്യരായി ജീവിക്കാന്‍ തുടങ്ങുന്നു.
സാഹസികം. ഒറ്റശ്വാസത്തിനു വായിച്ചു തീര്‍ക്കണമെന്ന തോന്നലുണ്ടായി. വിചിത്രം എന്ന് തോന്നിപ്പിച്ച വായന. അസാധാരണമായ വഴികളിലൂടെ സഞ്ചരിച്ചും ജീവിച്ചും നടത്തിയ ഒരു പരീക്ഷണം. ആല്‍ഫ എന്ന ദ്വീപിലെ പരീക്ഷണം പരാജയമായെങ്കിലും ടി ഡി രാമകൃഷ്ണന്റെ ‘ആല്‍ഫ’ എന്ന നോവല്‍ പുതുമയുള്ള ആശയം കൊണ്ടും അവതരണത്തിന്റെ സവിശേഷത കൊണ്ടും വിജയം കൈവരിക്കുന്നു.
എല്ലാം ഉപേക്ഷിച്ച് പൂജ്യത്തിലേക്ക്, ആദിയിലേക്ക് ആദിസംസ്കൃതിയുടെ തുടക്കം പോലെ കിടന്ന ആല്‍ഫ എന്ന ദ്വീപിലേക്ക് ചെന്നെത്തുന്ന ഇവര്‍ ഓം അല്ലെങ്കില്‍ ആല്‍ഫ ബീറ്റ ഗാമ എന്നിങ്ങനെ പുതിയൊരു ജീവിതം തുടങ്ങകയാണ്.
ജീവിക്കാനാവശ്യമായ ഒരു വസ്തുക്കളും ലഭ്യമല്ലാത്ത ഒരിടത്ത് സ്വന്തം വ്യക്തിത്വം പോലും മറന്നു ജീവിക്കേണ്ടി വരിക. സംഘത്തിലെ പലരും ഇതിനൊരുമ്പെട്ടത് ചില സ്വാര്‍ത്ഥ കാരണങ്ങളാല്‍ ആണെന്നിരിക്കിലും പിന്നീട് നമുക്ക് കാണാന്‍ കഴിയുന്നത് അതിഭീകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഗത്യന്തരമില്ലാത്ത ജീവിതങ്ങളാണ്- ആദി മനുഷ്യരെയും കടത്തി വെട്ടുന്ന അക്രമാസക്തമായ, പ്രാകൃതമായ അതിജീവനമാണ്.
പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ചട്ടക്കൂടുകളില്‍ നിന്നും വിലക്കുകളില്‍ നിന്നും നിയമങ്ങളില്‍ നിന്നും സ്വതന്ത്രമായ ഒരു സമൂഹജീവിതം എന്നൊക്കെ ഉയരത്തില്‍ ചിന്തിക്കുമ്പോഴും ആരും ഒന്നും ആരുടേയും സ്വന്തമല്ലെന്ന് പറഞ്ഞുറപ്പിക്കുമ്പോഴും അമിതമായ അരാജകത്വം അടിമത്തത്തെക്കാള്‍ ഭീകരമാണെന്ന് തെളിയിക്കുന്ന ജീവിതമാണ് പിന്നീടവര്‍ക്ക് നയിക്കേണ്ടിവരുന്നത്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ദ്വീപിലേയ്ക്ക് വന്ന് നടന്ന സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഒരാളെ പറഞ്ഞേൽപ്പിച്ചിരുന്നതിന്റെ ഭാഗമായാണ് അവിനാശ് എന്ന ചെറുപ്പക്കാരന് എത്തുന്നത്.
പതിമൂന്നു പേരില്‍ ഒരാളെ പ്രജ്ഞ നഷ്ടപ്പെടാതെയും മറ്റു രണ്ടുപേരെ അബോധാവസ്ഥയിലും കണ്ടുകിട്ടുന്നു.ഞെട്ടിക്കുന്ന കണ്ടെത്തലുകളുടെ വിവരണമാണ് പിന്നീടുണ്ടാകുന്നത്. മനുഷ്യന്റെ തലച്ചോറിന്റെ കഴിവ് വളരെ കൂടിയതിനാല്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍കൊണ്ട് സ്വതന്ത്രമാക്കിവിട്ടാല്‍ ഉപേക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടാനാവുമെന്ന പ്രൊഫസ്സറുടെ വാദം തുടക്കത്തിലേ പൊളിഞ്ഞുവീഴുകയായിരുന്നു.
ആറു സ്ത്രീകളും ഏഴു പുരുഷന്മാരും ആരെന്നോ എപ്പോഴെന്നോ ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരമോ ബലപ്രയോഗം കൊണ്ടോ മൃഗങ്ങളെപ്പോലെ ഇണചേര്‍ന്ന് പുതിയൊരു തലമുറ സൃഷ്ടിക്കുകയായിരുന്നു. പുതുതലമുറയിലെ ആജാനുബാഹുക്കളായി വളര്‍ന്ന മക്കള്‍ അമ്മയെന്നോ സഹോദരിയെന്നോ വ്യത്യാസമില്ലാതെ കാടത്തവും കയ്യൂക്കും കാണിച്ച് നിർദ്ദയരാകുന്നു. അവരെ ബലാല്ക്കാരം ചെയ്യാനോ കൊല്ലാനോ മടിയില്ലാത്തവരാകുന്നു.
കല്ലുകള്‍ തമ്മില്‍ കൂട്ടിയുരക്കാനും ഉയരങ്ങളിലേക്ക് ഉന്നം വച്ച് എറിയാനുമല്ലാതെ അമ്പും വില്ലും ഉണ്ടാക്കാന്‍ പോലും പുതിയ തലമുറയ്ക്ക് അറിയുന്നില്ലെന്നത് നിരാശാജനകമായ അവസ്ഥയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ദ്വീപിലേക്ക് പുറപ്പെടുംമുന്‍പ് പറഞ്ഞുറപ്പിച്ച നിയമപ്രകാരം സ്വന്തം കഴിവുകളോ അറിവോ ഉപയോഗപ്പെടുത്താനാവാതെ കഴിയേണ്ടിവന്നതിന്റെ് അനന്തരഫലമായി വേദനയില്‍ നിന്നും മരണത്തില്‍ നിന്നും പരസ്പരം രക്ഷിക്കാനോ ആശ്വസിപ്പിക്കാനോ വയ്യാതെ നിസ്സഹായരാവേണ്ടി വരുന്നുണ്ട് എല്ലായ്പ്പോഴും പഴയ തലമുറയ്ക്ക്. ആത്മനിന്ദയും പകയും അവരെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു.
പതിമൂന്നു പേരില്‍ ചിലരെ മരണം അന്വേഷിച്ചുവരികയും ചിലര്‍ മരണത്തെ തേടിപ്പോകുകയും ചെയ്തു. ഏഴുവര്‍ഷത്തെ ദ്വീപ് വാസത്തിനിടയില്‍ പ്രൊഫസ്സര്‍ മലമ്പനി വന്നു മരിക്കുന്നത് പശ്ചാത്താപത്തോടെ പരാജയം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.
യുഗങ്ങളായി നേടിയ അറിവിന്റെ തുകയെ ചിന്തോദ്ദീപകമായി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യാനുള്ള മാധ്യമമായ ഭാഷയെ പോലും ഉപയോഗിക്കാതിരുന്നതാവാം ഈ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നെന്ന് പിന്നീട് അനുമാനിക്കപ്പെടുന്നുണ്ട്.
സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ കാല്പനിക അസ്തിത്വത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാനും അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തേയും പുരോഗതിയേയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കാനുമുള്ള പരീക്ഷണം ഒടുവില്‍ നേടിയത് സംസാരഭാഷയില്ലാത്ത എഴുതാനും വായിക്കാനും അറിയാത്ത നാല്പത്തിയേഴ് ആദിമമനുഷ്യരെ!
പരീക്ഷണത്തിന്റെ സന്തതികള്‍ ,ചെയ്യാത്ത തെറ്റിന് ബാലിയാടായവര് ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ള അച്ഛനമ്മമാരുടെ സന്തതികള്‍.
പരീക്ഷണകാലത്തെ അതിജീവിച്ച മൂന്നുപേരെയും കൂട്ടി വന്‍കരയിലെത്തിയ അവിനാശിനോട് അവര്‍ ഉത്തരവാദിത്തം തീര്‍ക്കാനെന്നോണം ഇരുപത്തിയഞ്ച് വര്‍ഷങ്ങളില്‍ തങ്ങള്‍ക്കുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നിര്‍വികാരതയോടെ വിവരിച്ചു കൊടുക്കുന്നു. ശേഷം പരീക്ഷണത്തിന്റെ ദുരന്ത പരിണതി ഏറ്റുവാങ്ങിക്കൊണ്ട് ദ്വീപിലെ ആദിമ ജീവിതത്തിലേയ്ക്ക് ഒരിക്കലും രക്ഷപ്പെടാനാവാത്ത ഗിനിപന്നികളായി മൂവരും സ്വമേധയാ തിരിച്ചുപോകുന്നു.
ഒടുവില്‍ പ്രൊഫസ്സറുടെ സിദ്ധാന്തത്തിന് പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ചില ഭേദഗതികള്‍ വരുത്തി ചിന്തിക്കേണ്ടിവരികയാണ്. മനുഷ്യമസ്തിഷ്ക്കത്തിന്റെ വളര്‍ച്ച അത്ഭുതാവഹമാണെങ്കിലും അതിന്റെ പ്രവര്‍ത്തനം അടിസ്ഥാന വിവരങ്ങളുടെ ലഭ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഒരു നിഗമനം.
ആല്‍ഫയുടെ പുതുമയുള്ള ആശയം നമ്മെ ചിന്തിപ്പിച്ചുകൊണ്ടേയിരിക്കും. നമ്മുടെയും നമുക്ക് മുന്‍പും ശേഷവും ഉണ്ടായിട്ടുള്ളതുമായ തലമുറകളെയും കണ്ടതിന്റെ അനുഭവജ്ഞാനത്തില്‍ നിന്നും ഉടലെടുത്ത എന്റെ ചിന്തകള്‍ കൂടി പങ്കുവയ്ക്കട്ടെ.
കഴിഞ്ഞ തലമുറകളില്‍ ജീവിച്ചവര്‍ക്ക് ഉണ്ടായിരുന്നതിനേക്കാള്‍ അവസരങ്ങളും വിദ്യാഭ്യാസവും വിവരവും നമുക്കുണ്ടാകുന്നു. അതിനേക്കാള്‍ കൂടുതല്‍ നമ്മുടെ മക്കള്‍ക്കും. ( ഇതില്‍ ഉള്‍പ്പെടുത്താനാവാത്ത ചുരുക്കം കേയ്സുകള്‍ ഒഴിച്ച് നിര്‍ത്താതെ തരമില്ല ). ഇങ്ങനെ കൂടുതല്‍ ഉന്നതിയിലേക്കു പോയിക്കൊണ്ടിരിക്കുകയാണ് മനുഷ്യരാശി.
ഇതിന്റെ കാരണങ്ങൾ വളരെ ലളിതമാണ്.
അടിസ്ഥാനപരമായി പറഞ്ഞാല്‍ യുഗങ്ങളില്‍ നിന്നും യുഗങ്ങളിലേക്ക് നാം പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന അറിവിന്റെയും രാകിമിനുക്കിയെടുക്കുന്ന കഴിവുകളുടെയും ആകത്തുകയാണ് വരും തലമുറകള്‍. പൊതുവേ ഇന്നത്തെയും വരാനിരിക്കുന്ന തലമുറകളുടെയും വിദ്യാഭ്യാസപരവും സാംസ്ക്കാരികവും തൊഴില്‍പരവുമായ കുതിച്ചു കയറ്റത്തിന് ഹേതുവാകുന്നത് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ , ശ്രദ്ധയോടെയുള്ള പരിചരണം, പരിശീലനം സാമൂഹിക അച്ചടക്കം ആദിയായ ഘടകങ്ങൾ തന്നെയാണ്.
ജീനുകളില്‍ നിന്നും ജീനുകളിലേക്ക് ബുദ്ധി പകരുന്നു എന്ന ഒറ്റക്കാരണം പറഞ്ഞ്, ആര്‍ജിത സംസ്കാരം ഉപേക്ഷിച്ച് പഠിപ്പിക്കാതെ പരിചരിക്കാതെ പരിശീലിപ്പിക്കാതെ വളര്‍ത്തിയാല്‍ എത്രത്തോളം നേടാനാവും ആ തലമുറയ്ക്ക്.? ഇത്രയും അറിവും വിവരവുമുള്ള ഒരു പ്രൊഫസ്സര്‍ ഇത്തരം ഒരു ഉദ്യമത്തിന് പുറപ്പെടണമായിരുന്നോ ?ആണെങ്കില്‍ തന്നെ അത് മറ്റൊരു പരീക്ഷണത്തിന് വേണ്ടി ആവാമായിരുന്നില്ലേ.?
പ്രകൃതിയോടിണങ്ങിയുള്ള ജീവിതം സംശയലേശമന്യേ മനോഹരമായ ഒന്നായിരിക്കും. പരീക്ഷിക്കാവുന്നതാണ്.
ഒരു പടികൂടി മുന്നോട്ടു വച്ചാല്‍ ജാതിയോ മതമോ രാഷ്ട്രീയമോ മറ്റു കെട്ടുപാടുകളോ ഇല്ലാത്ത , മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് തീർച്ചപ്പെടുത്തിക്കൊണ്ടുള്ള, വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള സമൂഹജീവിതവും പരീക്ഷിച്ചു നോക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ആ ദ്വീപിലേക്ക് ഒരു പരീക്ഷണ വസ്തുവായി പോകാന്‍ ഞാനും തയ്യാറാകുമായിരുന്നു.
ജനാധിപത്യരാജ്യമായ ഇന്ത്യയെ അടിയന്തിരാവസ്ഥയിലേക്ക് എത്തിച്ച പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ സ്വഭാവവും നക്സലിസവും നോവലിന് പശ്ചാത്തലമാകുന്നുണ്ട്. അടിയന്തിരാവസ്ഥക്കാലത്തുതന്നെയാണ് ഈ പരീക്ഷണത്തിന് തുടക്കമിടുന്നതും.
ഈ ആശയവുമായി ഏറെക്കുറെ സാമ്യമുള്ള ഒരു ഇംഗ്ലീഷ് ചലച്ചിത്രം 2000 ത്തില്‍ ഇറങ്ങിയിരുന്നു- ” The beach.” ആൽഫയെപ്പോലെ മറ്റൊരു പരീക്ഷണം ആയിരുന്നെങ്കിലും യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി എടുത്ത ചിത്രമാണ് അതെന്നു പറയപ്പെടുന്നു.
പെട്ടെന്ന് വായിച്ചു തീരുന്ന ഈ ചെറിയ നോവല്‍ ഒരുപാട് ചിന്തകള്‍ക്ക് തിരികൊളുത്താന്‍ പ്രാപ്തിയും വ്യാപ്തിയുമുള്ള ഒന്നാനു എന്നതിൽ സംശയമില്ല.
