കഥകള്‍ മനുഷ്യരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു സംഗതിയാണ് . ഒരു വിഷയവും , ഒരു സംഭവവും കഥയാകാതെ പോകുന്നില്ല . കഥയുടെ രൂപാന്തരം കാലത്തിന്റെ സാക്ഷ്യവുമാണ് . കവിതയായും ചിത്രമായും നൃത്ത നൃത്യമായും സംഭവിക്കുന്ന എല്ലാ കലാരൂപങ്ങൾക്കും ഒരു കഥയുണ്ടാകും . എഴുതുന്ന മനുഷ്യര്‍ക്കും അവന് ജീവിക്കുന്ന ഭൂമിക്കും അതേ ഭൂമി നിലനില്‍ക്കുന്ന പ്രപഞ്ചത്തിനും ഓരോ കഥയുണ്ട് പറയാന്‍ . ഓരോ കഥയല്ല കോടാനുകോടി കഥകള്‍ ഉണ്ട് പറയാനായി . ഈ കഥകളെ നമുക്കെങ്ങനെയാണ് വായിക്കാന്‍ ആകുക ? വായനക്കാരുടെ അഭിരുചിക്കനുസരിച്ച് കഥയുടെ താളവും ഭാവവും ലോകവും തലവും ഒക്കെയും മാറി വരുന്നു . ചില കഥകള്‍ നൂറ്റാണ്ടുകള്‍ക്ക് അപ്പുറത്ത് നിന്നും പുറത്തു വരാത്തവയാണെങ്കില്‍ ചിലവ നൂറ്റാണ്ടുകള്‍ക്ക് മുന്നിലേക്ക് പായുന്നവയാണ് . ജനിമൃതികളുടെ രഹസ്യം തേടിയുള്ള ഒരു കാലത്തെ മനുഷ്യന്റെ യാത്ര പോലെയാണ് കഥയുടെ നന്മ തിന്മകളെ തേടിയുള്ള യാത്രയും എന്നു പറയേണ്ടിയിരിക്കുന്നു .
“ആലിലയില്‍ എഴുതിയത്“ വളരെ രസാവഹമായ ഒരു പേരാണത്. തീര്‍ച്ചയായും വ്യത്യസ്ഥമായ പേരുകള്‍ ആണല്ലോ വായനയെയും കൗതുകപ്പെടുത്തുക. സന്ധ്യ.എം എന്ന എഴുത്തുകാരി ആമുഖത്തില്‍ പറയുന്ന ഒരു വാക്യത്തെ, അവരുടെ ഈ പുസ്തകത്തിന്റെ പേരുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്നുണ്ട് . ഓരോ ഇലയനക്കത്തെയും ഞാന്‍ അത്രയേറെ ഗഹനമായി നോക്കി നില്‍ക്കാറുണ്ട് എന്ന അവരുടെ വെളിപ്പെടുത്തലും പുസ്തകത്തിന്റെ തലക്കെട്ടും ഒരുപോലെ വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു ഘടകമായി അകത്തേക്ക് കയറുമ്പോള്‍ തോന്നിച്ചു. പൊതുവില്‍ ഒരു പുസ്തകത്തിന്റെയും അവതാരിക വായിക്കാറില്ല. പഠനവും ആസ്വാദനവും പോലും വായിച്ചിട്ട് അതിലേക്കു കടക്കാറില്ല. വളരെ കൗതുകം തോന്നിയാലോ , വായന ഇഷ്ടമായാലോ മാത്രം മറ്റുള്ളവര്‍ ഇതിനെക്കുറിച്ച് എന്താണ് പറഞ്ഞത് എന്നു വായിക്കും . അതിനു കാരണം കൂടിയുണ്ട് . അവര്‍ പറഞ്ഞതാണ് എനിക്കും പറയാനുള്ളത് എങ്കില്‍ അതൊരു വിരസതയുളവാക്കുന്ന വസ്തുത ആകുമല്ലോ എന്നതാണു അതിനു പിന്നില്‍. ആല്‍മരത്തിന്റെ ചുവട്ടില്‍ ഒത്തിരി നേരം ഇരുന്നു നോക്കിയിട്ടുണ്ടോ ? ഒരു സിനിമയില്‍ നായകന് മമ്മൂട്ടി പറയുന്നുണ്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുന്നാള് ബുദ്ധി നന്നാകും മനസ്സ് ശാന്തമാകും എന്നൊക്കെ. ജീവിതത്തിൻ്റെ അർത്ഥം തേടിയിറങ്ങിയ ഗൌതമന് ബോധം കിട്ടിയതും ആല്‍മരത്തിന്റെ ചുവട്ടിലാണല്ലോ. നാട്ടിന് പുറത്തിന്റെ സായാഹ്നങ്ങള്‍ ആല്‍മരച്ചുവടുമായി ബന്ധപ്പെട്ടിരിക്കുന്നു . പ്രണയത്തിന്റെയും , താലിയുടെയും പ്രതീകമായും ആലിലയുടെ രൂപമാണ് കാണാന്‍ കഴിയുക . അങ്ങനെയൊക്കെയുള്ള ആലിലയില്‍ ആണ് സന്ധ്യ എഴുതുന്നതു . 16 കഥകള്‍ ആണ് സന്ധ്യ ഈ ആലിലയില്‍ എഴുതിയിരിക്കുന്നത് . അതില്‍ മിനിക്കഥകള്‍ , ചെറുകഥകള്‍ , കഥകള്‍ എന്നിങ്ങനെ മൂന്നു തരം കഥകള്‍ ഉണ്ട്.
കഥകളുടെ ലോകത്തിലേക്കു കടന്നു ചെല്ലുമ്പോൾ നമുക്ക് കാണാന്‍ കഴിയുക വിഭിന്നമായ അവസ്ഥകളില്‍ ഉള്ള ഒരു പെണ്‍മനസ്സിനെയാണ് . ചിലപ്പോള്‍ അവള് ഒരു കൊച്ചുകുട്ടിയാണ് . ചിലപ്പോള്‍ മുതിര്‍ന്ന ഒരു സ്ത്രീ. മറ്റ് ചിലപ്പോള്‍ താത്വികമായി ചിന്തിക്കുന്ന ഒരു പക്വമതി . തികച്ചും നാട്ടിന്‍പുറംകാരിയായ ഒരു സ്ത്രീയുടെ വിവിധ മാനസികതലങ്ങളിലൂടെ കടന്നു പോകുന്ന പതിനാറു കഥകളില്‍ പ്രണയക്കുറിപ്പുകള്‍ ഉണ്ട് , അയല്പക്കബന്ധങ്ങള് ഉണ്ട് , കുടുംബബന്ധങ്ങള്‍ ഉണ്ട് ,സൗഹൃദം ഉണ്ട് , നിരാശയും വേദനയും സന്തോഷവും പങ്ക് വയ്ക്കുന്ന മനസ്സുകള്‍ ഉണ്ട് . ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന ഒരാളിന്റെ ശുഭ ചിന്തകള്‍ നിറഞ്ഞ കുറിപ്പുകള്‍ ആണ് ഈ കഥകളില്‍ ഉള്ളത് . സൗഹൃദത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കാന്‍ കഴിയാതെ അവരുടെ ബുദ്ധിമുട്ടുകളില്‍ സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് കടന്നുചെന്നു അപമാനിക്കപ്പെടുന്നവര്‍ , അന്നുവരെ ഉറ്റവരായി കരുതിയിരുന്നവര്‍ക്കിടയില്‍ അത് ഏകപക്ഷീയമായ ഒരു കാഴ്ചയായി മാറുന്ന ചുഴിമലരികള്‍ പരിചയപ്പെടുത്തുന്നുണ്ട് . കുട്ടികളുടെ നിഷ്കളങ്കതയെ അടയാളപ്പെടുത്തുന്ന ഒരു കഥയാകട്ടെ ആ ഒരു തീം മാത്രമായി കൊണ്ടുപോകാതെ അയല്പക്കങ്ങളുടെ കുടിപ്പകകളും കുന്നായ്മകളും കുശുമ്പും കുടുംബത്തിലെ വിഷയങ്ങളുടെ മനോവ്യാപാരങ്ങളുമായി പടര്‍ന്ന് പോകുന്നതായി കാണാം. എല്ലാം ഒന്നില്‍ തന്നെ പറയണം എന്നൊരു ചിന്തയല്ല അത് പക്ഷേ അത് എഴുത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരമ്പര പോലെ വന്നു പോകുന്നതാണ് ..
കഥകള്‍ക്ക് എത്രത്തോളം നീളം കൊടുക്കുന്നു , എന്നതിലോ , കഥ പറഞ്ഞു പോകുക എന്നൊരു ധർമ്മം മാത്രം ചെയ്യുന്നതിലോ ആകരുതു കഥകളുടെ ആവിഷ്കാരം നടക്കേണ്ടത് . കഥ പറയുമ്പോള്‍ എഴുത്തുകാരന് സ്വയം കഥാപാത്രമായി നില്ക്കാന് കഴിയുന്നിടമുണ്ട്. പകരം കഥാപാത്രത്തെ പരിചയപ്പെടുത്തി അവരുടെ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന വിധവും ഉണ്ട് . ഇവയ്ക്കിടയില്‍ കൂടിക്കുഴച്ചിലുകള്‍ സംഭവിച്ചാല്‍ അത് വായനക്കാരെ കുഴപ്പത്തില്‍ ചാടിക്കും . വീണ്ടും വീണ്ടും വായിക്കാന്‍ വായന ആവശ്യപ്പെടും അത് മനസ്സിലാക്കുവാന്‍ . അതുപോലെ, അവതരിപ്പിക്കുന്ന സങ്കേതങ്ങള്‍ വായനക്കാരനില്‍ പെട്ടെന്നു ബോധ്യപ്പെടുന്ന ഒരു ലോകം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് . എങ്കില്‍ മാത്രമേ അതിലൂടെ ഒഴുകി നീങ്ങാന്‍ കഴിയുകയുള്ളൂ . ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നൊരു തോന്നല്‍ ഈ എഴുത്തുകാരിയില്‍ അനുഭവപ്പെട്ടു . സരളമായ ഭാഷയും ചിന്തകളുമാണ് പങ്കുവയ്ക്കുന്നത്. അവയുടെ നാടന്‍ ഭാക്ഷ്യം ചമയ്ക്കുമ്പോള്‍ അവ കാലഹരണപ്പെട്ടതാണെങ്കില്‍ അവയെ തിരുത്തുക കൂടി വേണം എങ്കിലേ സാമൂഹ്യ ധര്‍മ്മമെന്ന എഴുത്തുകാരന്റെ കടമ പൂര്‍ണ്ണമാകുകയുള്ളൂ. കൂടുതല്‍ ആഴത്തിലും പരപ്പിലുമുള്ള വായനകള്‍ കഥയുടെ വികാസത്തിനും വളര്‍ച്ചയ്ക്കും സഹായകമാകും എന്നു കരുതുന്നു . സോഷ്യല്‍ മീഡിയയിലെ ദിനാന്ത്യ കുറിപ്പുകള്‍ പോലെയല്ല പുസ്തകങ്ങള്‍ ആകുന്ന കഥാ കവിതാ ലോകം എന്നത് എഴുത്തുകാര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും എന്നൊരു ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഈ വായനയുടെ അവസാനം പങ്കുവയ്ക്കണം എന്നു തോന്നിയ ഒരു കാര്യം . ചിലപ്പോഴൊക്കെ മംഗളം മനോരാമ വാരികകളില്‍ പണ്ട് വന്നിരുന്ന (ഇപ്പോഴുണ്ടോ എന്നറിയില്ല ) കണ്ണീരും കിനാവും പോലുള്ള പംക്തിയുടെ ഭാഷ എഴുത്തില്‍ അനുഭവപ്പെട്ടത് അടയാളപ്പെടുത്താന്‍ കൂടിആഗ്രഹിക്കുന്നു. നല്ല ഭാഷയും അവതരണ രീതികളും വ്യത്യസ്ഥ കഥാതന്തുക്കളും കണ്ടെത്താൻ ശ്രമിച്ചിട്ടുള്ള ഈ എഴുത്തുകാരിയിൽ നിന്നും മനോഹരമായ കഥകൾ ഇനിയും ഭാഷയ്ക്ക് ലഭിക്കും.
ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍)
സന്ധ്യ. എം
വായനപ്പുര ബുക്സ്
വില : ₹ 110.00