ആറും ആഴിയും

ഹരിത ചാരുതയാർന്ന തീരങ്ങളെ തഴുകി
പാദസരത്തിൻ നിസ്സ്വനമുതിർത്ത്
ശാലീനയായൊഴുകിയിരുന്നവൾ              
മന്ദാനിലനിൻ തഴുകലിൽ
തീരത്തിൻ പൈതങ്ങളെ വിരുന്നൂട്ടി,          
അടവികൾ താണ്ടി, ഭുവനത്തെ പ്രണയിച്ചവൾ  

എത്ര ശാന്തസുന്ദരമായിരുന്നാ ദിനങ്ങൾ
അഴകോട,നുസ്യൂത പ്രവാഹത്തിലൊരുനാൾ
കസർത്തു കാട്ടി വിലസ്സീടുന്ന നിന്നെ ഞാൻ
പ്രസന്ന,വിസ്മയ,നയനയായ് ദർശിക്കേ
പരിരംഭണം ചെയ്തെന്നെ വരിച്ചവൻ നീ…      

നിൻ ചടുലതയിൽ ഭ്രമിച്ചൊ,രേഴയാമെന്നെ                                                                                                  
വൃഥാവൊരു കളിപ്പാട്ടമാക്കിയിന്നു മാറ്റി
എന്നെത്തഴുകി, ചുംബനങ്ങളാലാശ്ലേഷി-
ച്ചുണർത്തി രമിച്ച്, എറിഞ്ഞുല്ലസ്സിക്കുന്നവൻ

നിന്നട്ടഹാസങ്ങളെന്നിൽ ഭീതി വിതക്കുന്നു
നിൻ സ്വേദങ്ങളിലെ ഉപ്പു ചവർപ്പെന്നിൽ
മനം മറിച്ചിലിൻ അസ്സ്വാരസ്യം നിറക്കുന്നു
ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ചയെന്ന      
തെത്ര യാഥാർഥ്യമെന്നറിഞ്ഞിടുന്നു ഞാൻ
മുഖപടമണിഞ്ഞ നിന്റെയീ മൗനമൊരു
കപട നാട്യമെന്നറിയുന്നു ഞാൻ

ഇല്ലെനിക്കാകില്ലിനിയൊരു തിരിച്ചുപോക്ക്                
നിന്നാശ്ലേഷത്തിലമർന്ന്‌ നിന്നടിമയായ്
ശിഷ്ടകാലം കഴിയാനാണെൻ വിധി.

തൃശൂർ ഒല്ലൂർ ഇടക്കുന്നി സ്വദേശി. ആനുകാലികങ്ങളിലും, നവ മാധ്യമങ്ങളിലും കഥകൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈബർ ചിലന്തി, പ്രവാസകഥകൾ എന്നീ പുസ്തകങ്ങളൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ഛായാച്ചിത്രം" എന്ന കഥ "താതൻ "എന്നപേരിൽ ഹ്രസ്വചിത്രമായിട്ടുണ്ട്. ഇപ്പോൾ ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.