ആരോഹി

നീയാ ചുമന്ന റോസാച്ചെടിയെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിന്റെ ചുണ്ടുകൾ പോലെ ചുമന്ന ആ പനിനീർ പുഷ്പത്തെ ?

അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടു പുറത്ത് ബാൽക്കണിയിൽ ഒറ്റയ്ക്ക്  സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന ആ ഒറ്റ പനീർച്ചെടിയിലേക്ക് കണ്ണയച്ചാണ് ഞാനാ ചോദ്യം ചോദിച്ചത്.

എന്റെ തോളിൽ ചാരി അവൾക്കേറ്റവും പ്രിയപ്പെട്ട കപ്പിൽ കോഫി നുണഞ്ഞ്  ആമിഷിന്റെ ഏറ്റവും പുതിയ നോവലിൽ പൗരണികതയുടെ സ്വർഗം തേടുന്ന അവൾ എന്റെ ചോദ്യം ശ്രദ്ധിച്ചതേയില്ല എന്ന് തോന്നി.

മുടിയിഴകളിൽ നിന്ന് കൈകൾ പതിയെ കഴുത്തിൽ ഇക്കിളിക്കൂട്ടിയത് അവളുടെ ശ്രദ്ധ തിരിക്കാൻ ആയിരുന്നു. ഒരു പാവയപ്പോലെ അവൾ പിന്തിരിഞ്ഞു എന്റെ കഴിത്തിലേക്ക് മുഖം അമർത്തി പറഞ്ഞു,

നിനക്കറിയുമോ ..?

ആ പനിനീർച്ചെടി. അതെന്റെ കാമുകനാണ്.

ഒരു പുഞ്ചിരിയോടെ അവളുടെ ചുണ്ടുകൾ എന്റെ കണ്ണിലമർത്തി ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നു അവൾ.

ആമിഷിന്റെ പുസ്തകകൂട്ട് താഴേക്ക് ഊർന്നിറങ്ങി. അനുസരണ തീരെയില്ലാത്ത അവളുടെ മുടിയിഴകൾ പോലെ.

നിന്റെ കാമുകനോ? ആകാംഷയോടെ ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി. കൺമഷിക്കൂട്ടു നിറച്ച ആ കുഞ്ഞു കണ്ണുകൾക്ക്  എന്നെ പിടിച്ചിരുത്താനുള്ള വശ്യതയുണ്ട്.

ആരെയും ഒറ്റനോട്ടത്തിൽ നിലയ്ക്കുനിർത്തുന്ന ആ കണ്ണുകൾ എനിക്ക് മുന്നിൽ മാത്രം  അനുണസരണയുള്ള കുട്ടിയാകാറുണ്ട്.

അതുകൊണ്ട് മാത്രമാണ് തിരക്കുകൾക്കിടയിലും എല്ലാം മാറ്റിവച്ചു ഒരു ദിവസമെങ്കിൽ ഒരു ദിവസം അവളുടെ അടുത്തേക്ക് ഓടിയെത്തുന്നത്

അതെ, റാം.

നിനക്കറിയാഞ്ഞിട്ടാ. നീയില്ലാത്ത വൈകുന്നേരങ്ങളിൽ എന്റെ കഥകൾകേൾക്കാറുള്ളത്  ആ പനിനീർച്ചെടിയാണ്.

ആരോഹി  പറഞ്ഞു തുടങ്ങി.

എന്റെ കണ്ണുനീർ കണ്ടിട്ടുള്ളത്.

എന്റെ പുഞ്ചിരി കണ്ടിട്ടുള്ളത്.

എന്റെ പ്രണയം കണ്ടിട്ടുള്ളത്.

എന്നിലെ സ്ത്രീയെ അറിഞ്ഞിട്ടുള്ളത്…

ഒരുപക്ഷേ  നിന്നെക്കാൾ ആ പനിനീർച്ചെടിയാണ്.

നിന്നെ കാണാനാകാത്ത ഓരോ രാത്രികളിലും എന്റെ തേങ്ങൽ കേട്ട് പിറ്റേന്ന് കാലത്ത് എന്നിൽ പുഞ്ചിരി വിടർത്താൻ ഒരു കുഞ്ഞു ചുമന്ന റോസപുഷ്പത്തെ എനിക്ക് സമ്മാനിക്കുന്ന അവൻ എന്റെ കാമുകൻ അല്ലേ  ?

പുറത്തേക്ക്, പുറത്തെ ശൂന്യതയിൽ,

അങ്ങുദൂരെ തലയുയർത്തി നിൽക്കുന്ന മലമടക്കുകളിലേക്ക് നോക്കി കൊഞ്ചി കൊഞ്ചി,  എങ്കിലും എവിടെയൊക്കെയോ ഗാംഭീര്യം നിറച്ച് അവൾ പറഞ്ഞു.

ആ കണ്ണു നിറഞ്ഞതും കുറച്ചുകൂടി എന്നെ ചേർത്തുപിടിച്ചതും എന്നിലേക്ക് ചേർന്നിരുന്നതും അറിയാതിരുന്നില്ല. സ്വയസിദ്ധമായ പുഞ്ചിരി സമ്മാനിച്ചു കഴുത്തിൽ വീണ്ടും മുഖം അമർത്തിയത് അവളിൽ നിന്ന് മുഖം മറയ്ക്കാനായിരുന്നു. എന്നിൽ നിന്ന് ഉതിർന്നു മാറി അവൾ അടുക്കളയിലേക്ക് നടന്നു.

ഉലഞ്ഞ ഒതുക്കമില്ലാത്ത മുടിയിഴകൾ ഒരു വശത്തേക്കിട്ടു പിന്തിരിഞ്ഞു നോക്കി അവൾ.

ആ കണ്ണുകളിൽ ആലസ്യവും പ്രണയവും ഒക്കെ ഉണ്ടായിരുന്നു. എഴുതി പകുതിയാക്കിയ അവളുടെ പുതിയ രചന പൂർത്തിയാകാതെ പാതി തുറന്ന ഡയറി താളിൽ എന്തിനെയോ കാത്തിരിക്കുന്നുണ്ട്.

അടുത്ത് ഉറങ്ങാൻ അവൾ കഴിക്കുന്ന ഗുളികകളും അവളുടെ മൂക്കുത്തിയും.

അപ്പോഴും എന്റെ സിരകളെ ത്രസിപ്പിക്കുന്ന അവളുടെ മണം.ആ പനിനീർപുഷ്പത്തിൻറെ  മത്തുപിടിപ്പിക്കുന്ന ഗന്ധം. അതവിടെ നിറഞ്ഞുനിന്നിരുന്നു.

ആരോഹി !

ഞാൻ കാണുമ്പോൾ തുളസിക്കതിരിന്റെ നൈർമ്മല്യമുണ്ടായിരുന്ന കുഞ്ഞു നാരങ്ങാക്കുട്ടി.

അവളിൽ ഇത്രത്തോളം ധൈര്യം ഉറഞ്ഞുകൂടിയിരുന്നുവെന്നു തിരിച്ചറിഞ്ഞത് ഇപ്പോൾ മാത്രം. അവളുടെ ലോകത്തെ ഏക സന്തോഷം ഞാൻ മാത്രം ആണെന്നറിയുമ്പോൾ ഒരു നിമിഷം ഞാൻ എന്നെ സ്നേഹിച്ചു പോകുന്നു. റാം എന്നുള്ള വിളികളിൽ ഒളിഞ്ഞിരിക്കുന്ന സ്നേഹം.

എന്റെ വിവാഹത്തലേന്നു പോലും പകരം തന്ന ആ സ്നേഹം. സർവം സമർപ്പിക്കുന്ന ആ മനസ്സ്.

അതവളുടെ നിസ്സഹായത അല്ല, നിശ്ചയധാർഢ്യമായിരുന്നു..!

അതുകൊണ്ടു മാത്രം,  അതുകൊണ്ടു മാത്രമാണ്

ഇന്നും തിരക്കുകൾക്കിടയിൽ അവൾക്ക് വേണ്ടി സമയം കണ്ടെത്തുന്നത്. അവൾ ഓരോ ദിവസവും എണ്ണി കാത്തിരിക്കുന്നത് എനിക്ക് വേണ്ടി മാത്രമാണെന്ന്  അറിയുന്നതു കൊണ്ട്.

പിന്നെ എന്ത് കൊണ്ട് വിവാഹം കഴിച്ചില്ല ഞാനവളെ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഒരിക്കൽ പോലും അതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.

ഒരു സമ്മാനം പോലും ഞാൻ അവൾക്ക് വാങ്ങിക്കൊടുത്തിട്ടില്ല. എന്നിട്ടും എന്നെ മാത്രം മനസ്സിൽ സൂക്ഷിച്ചു എഴുത്തിന്റെ ലോകത്ത് സർവ്വതിനെയും എതിർത്ത് എനിക്ക് മാത്രം സർവം സമർപ്പിച്ച് അവൾ ജീവിക്കുന്നുണ്ട്.

തല ഉയർത്തി തന്നെ.

അവൾക്കു ആഗ്രഹങ്ങൾ ഉണ്ടോ എന്ന് ഞാനിത് വരെ ചോദിചിട്ടില്ല. ഒരുപക്ഷെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു വേറിട്ട പെണ്ണ്. ഒന്നിൽ മാത്രം ഒതുങ്ങി ജീവിക്കാനുള്ള പെണ്ണിൻറെ  നിശ്ചയ ദർഢ്യമാകാം. ‘നെഞ്ചുപൊട്ടിക്കരയുമ്പോളും സ്നേഹം വിളമ്പാനുള്ള കഴിവ്’.

അവളു നോവലുകളിൽ പാരാമർശിച്ചിട്ടുള്ളതു പോലെ,

‘സ്നേഹം.സ്ത്രീയ്ക്കും പുരുഷനും അത്യന്താപേക്ഷിതമായ പ്രപഞ്ച സത്യം.’

പ്രണയവും പകയും ദേഷ്യവും കാമവും മോഹവും ഒക്കെയും സ്നേഹത്തിലധിഷ്ഠിതം.

റാം..

അവളുടെ കിളിക്കൊഞ്ചൽ എന്നെ ഉണർത്തി. എനിക്ക് വേണ്ടി സ്നേഹം നിറച്ച ന്തൊക്കെയോ പാകം ചെയ്തു വച്ചിട്ടുണ്ട്.

റാം, വന്നേ ഇത് നോക്കിയേ. നിനക്ക് ഇഷ്ടമായോ.

ഞാൻ മറന്നു കാണിക്കാൻ.

അവൾ പുതുതായി എന്റെ മകന് വാങ്ങിയ വാച്ച്. അവളോട് പറഞ്ഞിരുന്നു  ആകാശ് വാച്ചിനായ് തല്ലുകൂടിയത്.

ഒന്നുമാഗ്രഹിക്കാതെ എന്നെ മാത്രം മനസ്സിൽ കൊണ്ട് നടകുന്ന പെണ്ണ്. ആർക്കു മുന്നിലും തലകുനിക്കാതെ തോറ്റിടത്തു നിന്നൊക്കെ ഉയർത്തി എണീറ്റ പെണ്ണ്.

ആരോഹി.!

അവളെ ആദ്യം കാണുമ്പോലെ ചേർത്ത് നിർത്തി.

ആ നനഞ്ഞ  ചുണ്ടിൽ മുഖം അമർത്തി ഞാൻ പറഞ്ഞു.

ആരോഹി. ഇന്ന് നിന്നെ ഞാൻ പൂർണ്ണയാക്കും.

നീ ആഗ്രഹിച്ചത്.

ഞാൻ ഭയന്നിരുന്നതും !

കണ്ണ് നിറച്ച് അവളെന്നെ നോക്കി പുഞ്ചിരിച്ചു. ആദ്യമായ് ഹൃദയം കൊണ്ടെന്നപോലെ. അവളെ നെഞ്ചിലേക്കമർത്തി. ഒരു  പേമാരിയായ് പെയ്‌തൊഴിയുമ്പോൾ ഞാൻ അറിയുകയായിരുന്നു.

ആദ്യമായ്.. അവളിലെ പ്രണയത്തെ.

അവളിലെ സ്ത്രീത്വത്തെ..

കെട്ടടങ്ങിയ ശ്വാസനിശ്വാസങ്ങൾക്കൊടുവിൽ തിരിച്ചറിവിന്റെ നിമിഷത്തിൽ ആദ്യമായ്  മാപ്പുചോദിച്ചു ഞാൻ. അവളോട് ഒരുപക്ഷെ എന്നോട് തന്നെയും.

ആലസ്യത്തിൽ മയങ്ങുന്ന അവളെ ഉണർത്താതെ പോകാനായി തയ്യാറാകുമ്പോൾ വീണ്ടും  അവളുടെ ഗന്ധം പൊഴിച്ച്

ആ പനിനീർചെടി എത്തിനോക്കുന്നുണ്ടായിരുന്നു.

എന്തുകൊണ്ടോ വീണ്ടും അവളെ ഒന്നുകൂടി ചേർത്തമർത്തി അവളുടെടെ കാതിൽ മെല്ലെ പറഞ്ഞു.

ആരോഹി, നീ പരിശുദ്ധയാണ്. ആ പനിനീർച്ചെടിയേക്കാളും.

അപ്പോളും ആ ചുമന്ന പനിനീർച്ചെടി

നോക്കി പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. അവളിൽ ഒരു  കുഞ്ഞുജീവൻ മൊട്ടിട്ടതിന്റെ തുടിപ്പ് അറിഞ്ഞിട്ടെന്നവണ്ണം.

അതെ ആരോഹി.

അവൾ പരിശുദ്ധയാണ്. ആ പനിനീർച്ചെടിയേക്കാളും.

അമ്പലപ്പുഴ സ്വദേശി, ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിര താമസം. എൻജിനീയറിങ് ബിരുദധാരി ആണ്, ഐ ടി സെക്ടറിൽ ജോലി ചെയ്തു വരുന്നു. ആരോഹി (നോവൽ ), ഓർമ്മപ്പെയ്ത്തുകൾ (ഒരു കൂട്ടം എഴുത്തുകാരികളുടെ ഓർമ്മക്കുറിപ്പുകൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.