ആരുമല്ലാത്തൊരാൾ

ആരുമല്ലാത്തൊരാൾ
ഇതുവഴി നടന്നു പോകുന്നുണ്ട്..

ചെല്ലുന്നേടത്തെല്ലാം
പലപല വേഷങ്ങൾ!!
വേഷപ്പകർച്ചക്കയാൾക്കൊരു
നിമിഷംമതി..

പാമ്പാട്ടിയായി പാമ്പൻകവലയിൽ
ഭിക്ഷയിരുന്നു,
കടംകൊണ്ട പാമ്പിനെ കാട്ടിൽവിട്ട്
അടുത്ത ഗ്രാമത്തിൽ
കൈനോട്ടക്കാരനായി..
പ്രതീക്ഷയറ്റവർക്ക് വരാനിരിക്കുന്ന
നല്ലകാലത്തെ പ്രവചിച്ച്
ആ വേഷവും അഴിച്ചു..

കത്തികൾ മൂർച്ചകൂട്ടാനുണ്ടോന്നലറി
വീടുവീടാന്തരം നടന്നു പിന്നെ..
കലഹമൊടുങ്ങാത്ത ഗ്രാമത്തിന്
കത്തിയേ ചേരില്ലെന്നുകണ്ട്
ഞൊടിയിട വേഷംമാറി…

കള്ളൻകയറിയേയെന്ന്
നാട്ടുകാർ പിറ്റേന്ന്
അലമുറയിടുമ്പോൾ,
അടുത്ത ഗ്രാമത്തിൽ
നിറം മങ്ങിയ വീടുകൾക്കയാൾ
ചായംപൂശുകയായിരുന്നു…

ഇനിയും ബാക്കിയായ
വേഷങ്ങളണിയാൻ,
അനന്തമാമീ വഴിയിൽ
തിരിഞ്ഞുനോക്കാതെ
നടക്കുന്നുണ്ടൊരാൾ…

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.