ആമ്പൽപ്പൂവുകൾ

ലഡാക്കിലെ തണുപ്പിൽ തുള്ളി വിറക്കുമ്പോഴും രവിശങ്കറിൻ്റെ ഉള്ളം കത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം പ്രിയപ്പെട്ടവളെ ഉപേക്ഷിച്ചു വന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുമ്പോൾ അവധി കിട്ടാത്ത സങ്കടം മാത്രം ബാക്കി. പട്ടാളക്യാമ്പിലെ ചിട്ടകൾക്കും നിയമങ്ങൾക്കും ഒപ്പം അടയാളപ്പെടുത്തിയ ജീവിതത്തിൻ്റെ ബാക്കിപത്രങ്ങൾ അന്വേഷിച്ചു ചെന്നപ്പോൾ ഒരാഴ്ചത്തെ അവധി അനുവദിക്കപ്പെട്ടു.

എല്ലാം വാരിപ്പെറുക്കി നാട്ടിലേക്ക് തിരിക്കുമ്പോൾ വരുന്ന വഴിയിൽ ആമ്പൽ കുളത്തിൽ നിന്ന് അവളുടെ പ്രിയപ്പെട്ട പൂക്കൾ പറിക്കാൻ മറന്നില്ല. വിവാഹരാത്രി തന്നെ ആളത് പറഞ്ഞിട്ടുണ്ട്. ചന്ദ്രനെ പ്രണയിക്കുന്ന, രാത്രിയിൽ വിടരുന്ന ആമ്പൽപ്പൂവുകളോടുള്ള അവളുടെ ഇഷ്ടം!

പാലക്കാട് വീടിനടുത്തെത്താറായപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്. മറുതലക്കലിലെ സംസാരം കേട്ടതും ആഞ്ഞു വിളിച്ചതും ഒപ്പത്തിലായിരുന്നു. സംശയത്തോടെ ഡ്രൈവർ സഡൻ ബ്രേക്കിട്ടു…….

മാർബിളിൻ്റെ തണുപ്പിലും ആ മുഖം വിറക്കുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു. ആൾക്കൂട്ടത്തിനു നടുവിലെ കേന്ദ്ര ബിന്ദുവായി ആൾകൂട്ടങ്ങളെ ഭയന്ന തൻ്റെ പ്രിയതമയുടെ വെള്ളപുതച്ച ശരീരം അവസാനമായി കാണാൻ വേച്ചു വേച്ചു നടക്കുമ്പോൾ ഉള്ളിലെ തീയെപ്പോഴോ കെട്ടടങ്ങിയിരുന്നു. അവളുടെ വിളറിയ മുഖത്ത് അവസാനത്തെ ചുംബനം അർപ്പിക്കുമ്പോൾ സമ്മാനമായി കൊണ്ടു വന്ന ആമ്പൽപ്പൂക്കൾ ആ തലയ്ക്കൽ വച്ചു കൊടുത്തു.

“എന്തിനാണമ്മാ അവളത് ചെയ്തത് “.

മകൻ്റെ ചോദ്യം കേട്ട അമ്മ ഒന്നും പറയാതെ നിസ്സഹായതയുടെ നോട്ടമെറിഞ്ഞു.

“ആത്മഹത്യ ചെയ്യാൻ മാത്രം എന്തു പ്രശ്നങ്ങളായിരുന്നു അവൾക്കിവിടെ ?” മകൻ്റെ ചോദ്യത്തിലെ അമർഷവും വേദനയും തിരിച്ചറിഞ്ഞ് ആ അമ്മ ഓർത്തെടുക്കാൻ ശ്രമിച്ചു.

“എനിക്കറിയില്ല. കുറച്ചു നാളായി എന്തോ ഒരു സുഖമില്ലായ്മ തോന്നിയിരുന്നു. എന്തെങ്കിലും അസുഖമാവുമെന്നു കരുതി ഹോസ്പിറ്റലിൽ പോകാൻ ഞാനാ നിർബന്ധിച്ചത്. പക്ഷേ കുഴപ്പമൊന്നുമില്ലെന്നാണ് റിപ്പോർട്ട് കിട്ടിയപ്പോൾ പറഞ്ഞത്. ഇന്നലെ നീ വരുമെന്നറിയിച്ചപ്പോഴും ആ മുഖത്തിന് വലിയ മാറ്റമൊന്നും കണ്ടില്ല.”

പട്ടാളക്കാർ ജാഗരൂകരാണ്. ഏതു നിമിഷവും ആക്രമണങ്ങളെ പ്രതീക്ഷിച്ച് കാതും മസ്തിഷ്കവും തുറന്നു പിടിക്കുന്നതു കൊണ്ടാകാം, അമ്മ പറഞ്ഞ വാക്കുകൾക്ക് കാരണം കണ്ടു പിടിക്കാൻ തന്നെ സഹായിക്കാൻ കഴിയുമെന്ന് അയാൾക്ക് തോന്നിയത്.

അവളുടെ മുറിയിലെ അലമാരകൾ പരിശോധിച്ചപ്പോൾ ഒരു ഡയറി കിട്ടി. കൂട്ടത്തിൽ ആ റിപ്പോർട്ടും. ഡയറിയും ഗൈനക്കോളജിസ്റ്റിൻ്റെ റിപ്പോർട്ടും ചേർത്ത് വായിച്ചപ്പോൾ അവൻ്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടി.

“എന്താ മോനേ,എന്തെങ്കിലും അറിഞ്ഞോ “

അമ്മയുടെ ചോദ്യം കേട്ടപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ അയാൾ പറഞ്ഞു.

“ഒന്നുമില്ലമ്മേ. അവൾ ഒരു ആമ്പൽപ്പൂവായിരുന്നു. വിടരും മുമ്പേ കൊഴിഞ്ഞു പോയി എന്നു മാത്രം ” !!!

കൊല്ലം, അഞ്ചൽ സ്വദേശം. ദുബായിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്യുന്നതിനിടെ ഗവേഷണ പഠനത്തിനായി നാട്ടിലെത്തി. ഇപ്പോൾ ആനുകാലികങ്ങളിലും നവ മാധ്യമ കൂട്ടായ്മകളിലും എഴുതുന്നു