“പരമേട്ടേ കൂയ്.. അറിഞ്ഞാ ധോണീല് പിന്നേം ആനയിറങ്ങി “
പൊള്ളുന്ന മീനച്ചൂടിൽ നിന്ന് ശമനം കിട്ടാൻ പുരപ്പുറത്ത് വെള്ളം കോരിയൊഴിക്കുകയായിരുന്ന മേസ്തിരി പരമേശ്വരൻ തിരിഞ്ഞു നോക്കി.
ബൈക്കിലിരിക്കുന്ന രണ്ട് പിള്ളേരും തന്നെ പിരികേറ്റാനാണ് വിളിച്ചുകൂവുന്നതെന്ന് പരമനറിയാം. പരമന്റെ ആനപ്രാന്ത് നാട്ടിൽ മുഴുവൻ പ്രസിദ്ധമാണ്.
അകത്ത് ചൂടിപ്പായയിൽ ചുരുണ്ട് കിടക്കുന്ന പരമന്റെയമ്മ യശോദ ഉറക്കെ പ്രാകി.
“ഒന്ന് മുണ്ടാണ്ടെ പോണ്‌ണ്ടാ ചെക്കന്മാരെ. ആനേന്റെ മുകറ് കണ്ടാ കെട്ട്യോളേം തള്ളേനേം മറക്കണവനാ. പിരി കേറ്റണ്ട. ആനച്ചൂര് മണക്കാണ്ട് ഒറക്കം വര്ല്ല “
ഒരാഴ്ച മുൻപ് നെന്മാറ വേലക്ക് പോയിട്ട് മുണ്ടൂർ കുമ്മാട്ടിയും, കോങ്ങാട് പൂരവും, കുനിശ്ശേരി കുമ്മാട്ടിയും കഴിഞ്ഞ് മടങ്ങി വന്ന പരമനോടുള്ള അരിശം മുഴുവനുണ്ട് യശോദയുടെ നാവിൽ.
പയ്യന്മാർ പരമനെ നോക്കി ഒന്നിരുത്തിച്ചിരിച്ച് ബൈക്ക് സ്റ്റാർട്ടാക്കി .
“ഉള്ള കാടൊക്കെ വെട്ടിത്തെളിച്ചാ ആന ഇറങ്ങാണ്ടിരിക്കോ. അവറ്റകൾക്കും ജീവിക്കണ്ടേ ശെൽവാ “
ഒരു സഞ്ചി നിറയെ മാമ്പഴം കൊണ്ട് വരുന്ന അയൽവാസി ശെൽവനെ നോക്കി പരമൻ പറഞ്ഞു.
“യാശോദേടത്യേ മാമ്പഴം മുറിച്ച് പിള്ളേർക്ക് കൊടുക്കിൻ . നല്ല നീലാണ്ടനാ ” ശെൽവൻ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു.
“കോയമ്പത്തൂര് ഇങ്ങനെ ചൂടുണ്ടോ ശെൽവാ.” കോയമ്പത്തൂരിൽ തുണിക്കച്ചവടമാണ് ശെൽവന്.
മീനച്ചൂടിൽ പാലക്കാട് പൊള്ളുന്നു. ദൂരെ ധോണിമല കത്തിയെരിയുന്നു. ഒരു മഴ പാലക്കാട് ചുരം കടന്ന് കുഴൽമന്ദം വഴി തേൻകുറിശ്ശിയിൽ വന്നു വിങ്ങി നിന്നു. ഒന്ന് രണ്ട് തുള്ളി ദേഹത്ത് വീണപ്പോൾ പരമന്റെ മുറ്റത്ത് നിന്ന പയ്യ് ഉശിരോടെ അമറി. മാനം കറുക്കണ കണ്ട യാശോദേടത്തി പായയിൽ നിന്നെണീറ്റ് മുടി വാരിക്കെട്ടി മുറ്റത്തേക്കിറങ്ങി മുകളിലേക്ക് നോക്കി.
“പണ്ടാരം. ഒന്ന് നേരാണ്ണം പെയ്യ്ണ്ടാ ഈ നശിച്ച മഴ. ചൂട് കൂട്ടല്ലാണ്ട് “
ശോദേടത്തിയുടെ പ്രാക്ക് കേട്ട മഴ കൊല്ലങ്കോട് വഴി തസ്രാക്കിലെത്തി ഉണങ്ങിക്കരിഞ്ഞ കരിമ്പനകളെ ചുറ്റിനിന്നു. യശോദേടത്തി മുക്കാലും വറ്റിയ കിണറിൽ നിന്ന് അര ബക്കറ്റ് വെള്ളം ദേഹത്ത് കോരിയൊഴിച്ച് വീണ്ടും പായയിലേക്ക് ചുരുണ്ടു.
പരമന്റെ മനസ്സ് മുഴുവൻ ധോണിയിലാണ്. പിള്ളേര് വെറുതെ പറഞ്ഞതാവാൻ വഴിയില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ തവണയാണ് കവയിലും ധോണിയിലും ആനയിറങ്ങുന്നത്. ഒരാഴ്ച മുഴുവൻ നാടിനെ വിറപ്പിച്ച അരിക്കൊമ്പൻ ഒരു തോട്ടം തൊഴിലാളിയുടെ ജീവനപഹരിക്കുകയും രണ്ടു കാർയാത്രക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
ഒടുവിൽ വനംവകുപ്പുകാർ വന്ന് ഒരു ലോറിയിൽ കയറ്റിയാണ് തമിഴ്നാട്ടിലെ വനത്തിൽ കൊണ്ടു വിട്ടത്. അതു കാണാൻ നാട്ടുകാര് മുഴുവൻ പാലക്കാട് പോയെങ്കിലും പരമൻ പോയില്ല. പരമന് അത്തരം കാഴ്ച്ചളൊന്നും ദഹിക്കില്ല.
കുട്ടിക്കാലം മുതലേ തുടങ്ങിയതാണ് പരമന്റെ ആനക്കമ്പം. പരമന്റെ അച്ഛൻ വേലായുധൻ കിണാശ്ശേരി അമ്പാട്ടു തറവാട്ടിലെ കൃഷ്ണൻകുട്ടിയുടെ ഒന്നാം പാപ്പാനായിരുന്നു.
നിലത്തിഴയുന്ന തുമ്പിക്കൈ. നല്ല നീളമുള്ള കൊമ്പുകൾ. മുറംപോലത്തെ ചെവികൾ. ഒരു ലക്ഷണമൊത്ത ആനയുടെ എല്ലാ ഗുണങ്ങളും തികഞ്ഞതായിരുന്നു അമ്പാട്ട് കൃഷ്ണൻകുട്ടി. സ്വന്തം മകനെപ്പോലെ വേലായുധൻ കൃഷ്ണൻകുട്ടിയെയും സ്നേഹിച്ചു. കുട്ടിക്കാലത്ത് പരമനെ തോളത്തിരുത്തിയാണ് വേലായുധൻ കൃഷ്ണൻകുട്ടിയെ എഴുന്നള്ളത്തിന് ഉത്സവങ്ങൾക്ക് കൊണ്ട്പോയിരുന്നത്.
കൃഷ്ണൻകുട്ടിയുടെ പാപ്പാനാവുന്നതിനു മുമ്പ് കോങ്ങാട് പരമേശ്വരന്റെ രണ്ടാം പാപ്പാനായിരുന്നു വേലായുധൻ. ഒന്നാം പാപ്പാനായിരുന്ന ശ്രീധരേട്ടനിൽ നിന്നാണ് വേലായുധൻ ആനപ്പണി പഠിച്ചത്. നല്ലൊരു പാപ്പാനായിരുന്നു ശ്രീധരേട്ടൻ. പരമേശ്വരൻ ചരിഞ്ഞതിനു ശേഷം ശ്രീധരേട്ടനും പാപ്പാൻ പണി നിർത്തി. പരമേശ്വരന്റെ ഓർമ്മയ്ക്കായിട്ടാണ് വേലായുധൻ മകന് പേരിട്ടത്..
ഉത്സവപ്പറമ്പിലേക്ക് അക്കാലത്ത് കൃഷ്ണൻകുട്ടിയുടെ കൊമ്പുകൾ പിടിച്ച് നടന്ന് വരുന്ന വേലായുധനെ നോക്കി ആളുകൾ പറയും.
“ഒരു കൊമ്പനും കൃഷ്ണൻകുട്ടീടത്ര എടുപ്പില്ല “
അത് കേൾക്കുമ്പോൾ വേലായുധന്റെ കണ്ണും മനസ്സും നിറയും.
ഉത്സവം കഴിഞ്ഞ് പാപ്പാന്മാർക്ക് മദ്യം വാങ്ങിച്ചു കൊടുക്കുന്ന പതിവ് പല ഉത്സവക്കമ്മിറ്റികൾക്കുമുണ്ട്. ചില പാപ്പാന്മാർ ആനകൾക്കും മദ്യം കൊടുക്കും. എന്നാൽ വേലായുധൻ അക്കൂട്ടത്തിൽ പെടില്ല.
ഉത്സവം കൊടിയിറങ്ങിയാൽ പിറ്റേന്ന് തന്നെ കൃഷ്ണൻകുട്ടിയെ അമ്പാട്ട് വീട്ടിൽ തിരിച്ചേൽപ്പിക്കും.. കൃഷ്ണൻകുട്ടിയുടെ നീണ്ടതുമ്പിക്കൈ തലോടിക്കൊണ്ട് പറയും.
“ഒന്ന് മയങ്ങീട്ട് വരാണ്ടാ മോനെ, നല്ല ക്ഷീണം. വരുമ്പോ നല്ല പനമ്പട്ട കൊണ്ട് വരാട്ടാ ” അത് കേട്ട് കൃഷ്ണൻകുട്ടി തുമ്പികയ്യാട്ടി തലകുലുക്കും. പിന്നെ വൈകീട്ട് പനയോലയും, പട്ടയുമായിട്ടാണ് വേലായുധന്റെ വരവ്. അതൊക്കെ വേലായുധന്റെ കൈകൊണ്ട് കൊടുത്താലേ കൃഷ്ണൻകുട്ടി കഴിക്കൂ.
വെറുമൊരു പാപ്പാൻ മാത്രമായിരുന്നില്ല വേലായുധൻ. ആനകളുടെ അസുഖം മാറ്റുന്ന ചില ഒറ്റമൂലികളും വേലായുധനറിയാം.
വേലായുധൻ കല്ലടിക്കോട് നീലകണ്ഠന്റെ അസുഖം മാറ്റിയ കഥ പ്രസിദ്ധമാണ്. നല്ല തലയെടുപ്പുള്ള കൊമ്പനായിരുന്നു നീലകണ്ഠൻ. മുണ്ടൂർ കുമ്മാട്ടി കഴിഞ്ഞതിന്റെ പിറ്റേന്നാണ് നീലകണ്ഠന് അസുഖം തുടങ്ങിയത്. രണ്ടുദിവസമായി അനങ്ങാതെ ഒറ്റ നിൽപ്പാണ്. പാപ്പാൻ കൃഷ്ണൻ മുൻപിൽ കൊണ്ടിടുന്ന പട്ടയും പനയോലയൊന്നും തൊടുന്നില്ല. ആകെ ഒരു ഉഷാറില്ലായ്‌മ.
പാലക്കാട് നിന്ന് മൃഗഡോക്ടർ വന്ന് നോക്കി. മരുന്ന് പലതും മാറ്റി കൊടുത്തിട്ടും ഫലിക്കുന്നില്ല. നീലകണ്ഠൻ ചരിയാറായി എന്ന് വരെ വാർത്ത പരന്നു.
ഒടുവിൽ വേലായുധൻ വന്നു നോക്കി.
“എത്ര ദീസായി വയറ്റിന്ന് പോയിട്ട് കൃഷ്ണാ ”
“ഇന്നത്തക്ക് ഏഴ് “
“എരണ്ടക്കെട്ടാ. പട്ട ദഹിച്ചിട്ടിണ്ടാവില്ല. ഇത് അഷ്ടചൂർണ്ണത്തില് കലക്കി മൂന്ന് നേരം കൊടുക്ക് “
വേലായുധൻ കൊടുത്ത ഒറ്റമൂലി ഫലിച്ചു. പിറ്റേന്ന് തന്നെ നീലകണ്ഠന്റെ വയറൊഴിഞ്ഞു.
ഉത്സവകാലങ്ങളിൽ അച്ഛന്റെ തോളത്തിരുന്ന് കൊച്ചു പരമൻ എഴുന്നള്ളത്തിന് നിരന്ന് നിൽക്കുന്ന ആനകളെ കൗതുകത്തോടെ നോക്കും. ജനക്കൂട്ടത്തിലേക്ക് ലഹരി പടർത്തുന്ന മേളക്കൊഴുപ്പിലേക്കോ മറ്റു ഉത്സവക്കാഴ്ച്ചകളിലേക്കോ പരമന്റെ കണ്ണും മനസ്സും എത്താറില്ല. പുന്നയൂർ കേശവൻ, അമ്പാടി ശ്രീകൃഷ്ണൻ,, ആലങ്ങോട്ട് ശേഖരൻ, തൃപ്രയാർ കുട്ടികൃഷ്ണൻ. തലയെടുപ്പോടെ വരുന്ന ഓരോ ആനയുടെ പേരും കുഞ്ഞുപരമൻ കാണാപാഠമാക്കും.
“വലുതയാ നിക്കും പാപ്പാനാവണം“ പരമൻ മനസ്സിലുറപ്പിച്ചു. അത് കേൾക്കുമ്പോൾ വേലായുധൻ സ്നേഹത്തോടെ അവന്റെ നെറുകയിൽ തലോടും “കുറച്ചൂടെ വലുതാവട്ടെ. ആനപ്പണി ഞാൻ തന്നെ പഠിപ്പിക്കാട്ടാ “
പക്ഷെ പരമൻ പാപ്പാനായില്ല.
ഓരോ തവണ കാവശ്ശേരിപ്പൂരത്തിന് പോകുമ്പോഴും പരമൻ അക്കഥയോർക്കും. അന്ന് പരമന് വയസ്സ് പന്ത്രണ്ട്.
പൂരത്തിന് രാവിലത്തെ എഴുന്നള്ളിപ്പ് കഴിഞ്ഞ് ഉച്ചമയക്കത്തിലായിരുന്നു ആനകളും പാപ്പാന്മാരും. പറയക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് കഴനിദേശത്തിന്റെ കുതിരയെ അണിയിക്കാനുള്ള കിണ്ണം എഴുന്നള്ളിപ്പും താളപ്പൂരവും കഴിഞ്ഞു.
ഉച്ചയ്ക്ക് കേളിപ്പറ്റിന് ശേഷം ഒൻപതു ആനകളെ അണിനിരത്തി പഞ്ചവാദ്യം തുടങ്ങി. കല്ലടിക്കോട് വിഷ്ണുവാണ് തിടമ്പേറ്റിയത്. തൊട്ടടുത്താണ് കൃഷ്ണൻകുട്ടി നിന്നിരുന്നത്.
വിഷ്ണുവിന്റെ ഒന്നാം പാപ്പാൻ മാധവനെ വേലായുധനറിയാം. അയാൾ നല്ല പോലെ മദ്യപിക്കുന്ന കൂട്ടത്തിലാണ്. അന്നും ആയാൾ നന്നായി മദ്യപിച്ചിരുന്നു. പൊരി വെയിലത്ത് തിടമ്പേറ്റി നിൽക്കുന്ന വിഷ്ണുവിനെ അയാൾ ഉപദ്രവിക്കുന്നത് കണ്ട് വേലായുധൻ വിലക്കി.
“മാധവാ, സൂക്ഷിക്ക്. അയ്നെ വെറളി പിടിപ്പിക്കണ്ട. ഈ സമയത്ത് ആന എടഞ്ഞാ മെരുക്കാൻ ബുദ്ധിമുട്ടാണ്.”
വേലായുധനൊരിക്കലും കൃഷ്ണൻകുട്ടിയെ ഉപദ്രവിക്കാറില്ല.
“ നൂറ് പറഞ്ഞ് ആറോങ്ങി ഒരടി “
ആനപ്പണി പഠിപ്പിക്കുമ്പോൾ ശ്രീധരേട്ടൻ പറയും. “നൂറു തവണ പറയണം. അത് കേട്ടില്ലെങ്കിൽ ആറ് തവണ ഓങ്ങണം. അതും ഫലിച്ചില്ലെങ്കിൽ ഒരടി. അത്രയേ പാടുള്ളൂ “
എന്തെങ്കിലും കുസൃതി കാട്ടിയാൽ വേലായുധന്റെ കാലിൽ ഒരടി കൊടുത്തു പരമൻ ശാസിക്കും “കൃഷ്ണൻകുട്ടീ അടങ്ങടാ “
അത് കേട്ടാൽ മതി കൃഷ്ണൻകുട്ടി തല കുലുക്കി ചെവിയാട്ടി പരമനെ അനുസരിക്കും.
വേലായുധൻ പറഞ്ഞിട്ടും മാധവൻ കൂട്ടാക്കിയില്ല. അയാളുടെ ആനത്തോട്ടി വിഷ്ണുവിന്റെ ചങ്ങലയിട്ട കാലുകളിൽ പലതവണ പതിഞ്ഞു.
ഒടുവിൽ വേലായുധൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. വിഷ്ണു ഇടഞ്ഞു.
ചിന്നം വിളിച്ച് തുമ്പിക്കൈ ചുഴറ്റിയപ്പോൾ അടി വീണത് കൃഷ്ണൻകുട്ടിയുടെ മേലാണ്. അതോടെ കൃഷ്ണൻകുട്ടിയുടെ മട്ടും മാറി. ചിന്നം വിളിച്ച് കൃഷ്ണൻകുട്ടി വിരണ്ടോടി. പേടിച്ചരണ്ട പരമനെ ആരൊക്കെയോ ചേർന്ന് വലിച്ചുമാറ്റി. വേലായുധൻ കൃഷ്ണൻകുട്ടിയുടെ പുറകെ പാഞ്ഞു.കൊടിമരത്തിന് മുന്നിലെത്തിയപ്പോൾ കൃഷ്ണൻകുട്ടി ഒന്ന് നിന്നു. ആ തക്കം നോക്കി വേലായുധൻ കൃഷ്ണൻകുട്ടിയുടെ മുൻപിലേക്ക് എടുത്തുചാടി അവന്റെ കൊമ്പുകളിൽ പിടിച്ചു. കൃഷ്ണൻകുട്ടി അലറി വിളിച്ച് കൊമ്പ് കുലുക്കിയപ്പോൾ വേലായുധൻ പിടിവിട്ട് താഴെ വീണു. കുതറി മാറാൻ കഴിയുന്നതിനു മുമ്പേ കൃഷ്ണൻകുട്ടി വേലായുധനെയെടുത്ത് തുമ്പിക്കൈയിൽ ചുഴറ്റി ദൂരേക്കെറിഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ ബോധം തെളിയുമ്പോൾ വേലായുധന്റെ ഇടതു കണ്ണിന്റെ കാഴ്ച്ചയും വലുത് കാലിന്റെ സ്വാധീനവും നഷ്ടപ്പെട്ടിരുന്നു. അമ്പാട്ട് വീട്ടുകാർ തന്നെയാണ് പരമന്റെ ആശുപത്രിച്ചെലവ് മുഴുവൻ വഹിച്ചത്.
അവർ കാണാൻ വരുമ്പോഴൊക്കെ തൊണ്ടയിടറി പരമൻ ചോദിക്കും”ന്റെ കൃഷ്ണൻകുട്ടിക്ക് കുഴപ്പൊന്നൂല്യല്ലോ. പാവം വല്ലാണ്ട് വെരണ്ടു.“
അനക്കമില്ലാത്ത വലതുകാലിൽ കുഴമ്പ് പുരട്ടിക്കൊടുക്കുമ്പോൾ യശോദേടത്തി കണ്ണ് തുടച്ചു പറയും “നിങ്ങടെ ചെക്കന്റെ ഉള്ളിലും ആനപ്രാന്ത് മുഴുത്തു വരണണ്ട്. എനിക്കതാ ആധി “
“അവന് പന്ത്രണ്ട് വയസ്സല്ലേ ആയുള്ളൂ യശോദേ. നീ പേടിക്കാണ്ടിരി “
ഇടക്ക് മനസ്സു നീറി വേലായുധൻ പറയും “കൃഷ്ണൻകുട്ടിയെ കാണാൻ പൂതിയാവ്ണ്. പാവം കോലം കെട്ടിട്ട്ണ്ടാവും.. പൊന്നുപോലെ കൊണ്ട് നടന്നതാ ഞാൻ “
അത് കേൾക്കുമ്പോൾ യശോദേടത്തിക്ക് അരിശം കയറും “ന്നിട്ട് അയ്‌ന്റെ ചവിട്ട് കൊണ്ട് ചാകാനാ നിങ്ങക്ക്. സ്വന്തം മോനെപ്പോലെ സ്നേഹിച്ചതല്ലേ നിങ്ങള്. ന്നിട്ട് വല്ല കൂറുണ്ടായാ ആ മൃഗത്തിന് “
“എടഞ്ഞാ പിന്നെ മുൻപീ നിക്കണ ആളെ ആനകള് തിരിച്ചറിയോ യശോദേ. അല്ലാണ്ട് കൃഷ്ണൻകുട്ടി കരുതിക്കൂട്ടി ചെയ്ത് ന്നാ നീയീപ്പറയണത് ‘“
യശോദേടത്തി പിന്നെ മിണ്ടാതിരിക്കും. അവർക്കറിയാം വേലായുധന്റെ ഉള്ളിലെ പിടച്ചിൽ. അയാളെ പോലെ കൃഷ്ണൻകുട്ടിയെ അവർക്കും ഇഷ്ടമായിരുന്നു. എത്ര തവണ പഴവും അവിലും ശർക്കരയും നെയ്യും കൂട്ടിക്കുഴച്ച ചോറ് ഉരുളകളാക്കി വേലായുധന്റെ കയ്യിൽ കൃഷ്ണൻകുട്ടിക്ക് വേണ്ടി കൊടുത്തയച്ചിരിക്കുന്നു. അതൊക്കെയോർക്കുമ്പോൾ ഉള്ളു നീറുന്നുണ്ട്.
കൃഷ്ണൻകുട്ടിയെ പിന്നെ ആരും എഴുന്നള്ളത്തിന് വിളിച്ചില്ല. എണീറ്റ് നടക്കാൻ തുടങ്ങിയെങ്കിലും ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട വേലായുധൻ പിന്നെ ആനപ്പണിക്കും പോയില്ല.
പത്താം ക്ലാസ് രണ്ടാം വട്ടം പാസ്സായപ്പോ പരമൻ അച്ഛനോട് തന്റെ ഉള്ളിലെ മോഹം പറഞ്ഞു.”എനിക്ക് ആനപ്പണി പഠിക്കണം.”
യശോദേടത്തി കലിതുള്ളിയലറി.
”ന്നിട്ട് കണ്ട വേലേം പൂരത്തിനും ആനേം കൊണ്ട് നെരങ്ങാനാ നെന്റെ പൂതി. ഒരാള് കെടക്കണ കണ്ടില്ലേ. ആ മോഹം മനസ്സീന്നു കള ചെക്കാ.
എന്ത് പണിക്ക് പോയാലും ആനപ്പണിക്ക് നെന്നെ ഞാ വിടൂല “
വേലായുധൻ പരമനെ സ്നേഹത്തോടെ അടുത്തിരുത്തി ഉപദേശിച്ചു.
“ടാ ആനപ്പണി എളുപ്പംന്നാ നെന്റെ വിചാരം? അയ്‌ന് നല്ല ഉശിരും ചങ്കുറപ്പും വേണം. ഇരുപത് കൊല്ലം ആനപ്പണി ചെയ്തതാ ഞാൻ. ആനത്തോട്ടി പിടിച്ചില്ലെങ്കി എന്റെ കൈ വെറക്കും. നമ്മളെത്ര സ്നേഹിച്ചാലും എടഞ്ഞാ പിന്നെ ആന ചെലപ്പോ പാപ്പന്റെ ജീവനും കൊണ്ട് പോവും . അമ്മന്റെ മനസ്സ് വിഷമിപ്പിക്കാണ്ട് നീ വേറെ വല്ലതും പഠിക്ക് “
അങ്ങനെ പാപ്പാനാവാനുള്ള മോഹം ഉള്ളിൽ കെട്ടടങ്ങാതെ കിടന്നെങ്കിലും പരമൻ ഐടിഐയിൽ ചേർന്നു. കാർപെന്റർ പണി പഠിച്ചു. മേസ്തിരി പരമനായി.
“എന്താ പരമാ ആലോചിക്കണത്. നാളെ വേലായുധേട്ടന്റെ ആണ്ടല്ലേ. “
“ഉം,ധോണീല് പിന്നേം ആന ഇറങ്ങീന്ന് കേക്കുണു.. സത്യാണോ ശെൽവാ “
“ങ്ങാ അങ്ങനെ കേട്ട്. രണ്ടെണ്ണം ഇറങ്ങീന്നാ കേട്ടത് “
പരമൻ ഹരിഗോവിന്ദൻ മാഷ് പറഞ്ഞതോർത്തു.
“കുറച്ചു കാലം കഴിഞ്ഞാ ഈ കാടൊക്കെ ഇല്ലാണ്ടാവും പരമാ. കണ്ടില്ലേ ധോണീല് ആന എറങ്ങുണു, കൊട്ടേക്കാട് പുലി, മലമ്പുഴേല് മയിലും, മുള്ളൻ പന്നീം. മെല്ലെ കാടും നാടും ഒന്നാവും. മനുഷ്യരും മൃഗങ്ങളും ഒന്നിച്ചു വാഴും “
അത്തിപൊറ്റ ഹൈസ്കൂളിലെ സംസ്‌കൃതം പഠിപ്പിക്കുന്ന ഹരിഗോവിന്ദൻ മാഷിന് പരമനെ പോലെ ആനപ്രാന്താണ്. അത് മാത്രമല്ല, എവിടെയെങ്കിലും വേല, പൂരം കുമ്മാട്ടി എന്ന് കേട്ടാൽ മാഷ് ലീവെടുത്തു പുറപ്പെടും. പരമന്റെ രണ്ട് വീടപ്പുറത്താണ് മാഷിന്റെ വീട്. “പരമാ നാളെ കണ്ണമ്പ്രക്ക് വിട്ടാലോ, വേലയല്ലേ “ എന്ന് ചോദിക്കേ വേണ്ടൂ പരമൻ മാഷിന് കൂട്ട് പോവും. മാഷിന്റെ കൂടെപ്പോയാൽ ചില ഗുണങ്ങളുണ്ട്. പൈസ ചിലവില്ല. മാഷിന്റെ ബൈക്കിൽ പോവാം. പിന്നെ അന്നത്തെ ഭക്ഷണച്ചിലവും മാഷിന്റെ വക.
ഉത്സവപ്പറമ്പിൽ നിർത്തിയ അനകളിൽ ഏതെങ്കിലും ഒന്നിനെ നോക്കി മാഷ് പറയും
“ദ്വിഗുണീത ഹസ്തേന പരിചുംബിത ഭൂതലം”
“എന്താ മാഷേ ഈ ചൊല്ലണത്. “ഒരിക്കൽ പരമൻ ചോദിച്ചു.
മാഷ് ചിരിച്ചു. “ഗജലക്ഷണം. ലക്ഷണമൊത്ത ആനയുടെ തുമ്പിക്കൈ നല്ല നീളമുള്ളതായിരിക്കണം. നിലത്തു കിടക്കണം. രണ്ട് ചുറ്റു വേണമെന്ന് ശാസ്ത്രം. “
“തികുനിത അത്തേന…”പരമൻ പറയാൻ ശ്രമിച്ചു.
“നിർത്ത് നിർത്ത്. സംസ്‌കൃതത്തെ കൊല്ലാതെ പരമാ. ഇങ്ങനെ പറ.. ദ്വിഗുണീത..“
പക്ഷെ ഹരിഗോവിന്ദൻ മാഷ് എത്ര ശ്രമിച്ചിട്ടും പരമന്റെ നാക്ക് വഴങ്ങാൻ കൂട്ടാക്കിയില്ല.
അന്ന് മുതൽ നല്ല ലക്ഷണമൊത്ത ആനയെ കാണുമ്പോഴൊക്കെ പരമൻ മനസ്സിൽ ആ വരികൾ ചൊല്ലിത്തുടങ്ങും “തികുനിത അത്തേന.. “
“പരമാ ലോകത്തിലെ ഏറ്റവും അഴകുള്ള മൃഗമേതാണ്.“ ഹരിഗോവിന്ദൻ മാഷ് ഒരുദിവസം ചോദിച്ചപ്പോൾ പരമന് സംശയമുണ്ടായില്ല
“ആന. ഈ ആനച്ചന്തം ഭൂമീല് ഏത് മൃഗത്തിനാ ഉള്ളത് മാഷേ “.
“സത്യം. പക്ഷേ പരമാ ഇത്ര വലിയ ശരീരഭാരം ചുമക്കുന്ന ആനകളോട് മനുഷ്യര് ചെയ്യണ ദ്രോഹം ചെറുതാണോ ചുട്ടു പൊള്ളുന്ന വേനൽക്കാലത്ത് ഇവരുടെ കാലുകൾ ചങ്ങലക്കിട്ട്, ടാറിട്ട റോഡിൽക്കൂടി വലിച്ചിഴച്ചു കൊണ്ട് പോയി വേലക്കും പൂരത്തിനും എഴുന്നള്ളത്തിന് നിർത്തണ ഈ ഏർപ്പാട് അവസാനിപ്പിക്കണം. കാട്ടിലെ സ്വതന്ത്രരായി വിഹരിക്കേണ്ട കാട്ടാനകളെയാണ് ഇവിടെ കൊണ്ടുവന്ന് മെരുക്കി ഇങ്ങനെ വേഷം കെട്ടിച്ച് പൊള്ളുന്ന ചൂടത്ത് നിർത്തണത്. പിന്നെ പാപ്പാന്മാരുടെ ദേഹോപദ്രവവും. ഇതൊക്കെ കൊണ്ടല്ലേ ആനകള് ഇടയണത്. എത്ര ആളുകൾക്കും ആനപ്പാപ്പാന്മാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. “
ഇതൊക്കെ പരമനും ആലോചിക്കാറുള്ളതാണ്. നാട്ടിലെ ചില ആനപ്രേമികൾ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഹരിഗോവിന്ദൻ മാഷാണ് അതിന്റെ പ്രസിഡന്റ്. എഴുന്നള്ളത്തിനുള്ള ആനകളുടെ എണ്ണം കുറയ്ക്കുക, ഉത്സവകാലത്ത് ടാറിട്ട റോഡിൽ ടാങ്കറുകൾ കൊണ്ടുവന്ന് വെള്ളം നനയ്ക്കുക,അങ്ങനെ പല ആവശ്യങ്ങളും അവർ ഉത്സവ കമ്മിറ്റികളുടെ മുന്നിൽ വെച്ചിട്ടുണ്ട്. എന്നിട്ടും എഴുന്നള്ളത്തിനുള്ള ആനകളുടെ എണ്ണത്തിന് കുറവൊന്നുമില്ല.
കുട്ടിക്കാലത്തെ ആനക്കമ്പമല്ല ഇപ്പോൾ പരമനുള്ളത്. അന്നത് വെറും കൗതുകമുള്ള കാഴ്ച്ച മാത്രമായിരുന്നു. ഇന്നങ്ങനെയല്ല. ആനകളോട് ചെയ്യുന്ന ക്രൂരത പരമന്റെ മനസ്സിനെയും അലട്ടാറുണ്ട്. ഇന്ന് ഉത്സവങ്ങൾക്ക് പോകുമ്പോൾ പരമന്റെ സഞ്ചിയിൽ ആനകൾക്ക് കൊടുക്കാൻ കരിമ്പും, പഴവും, ശർക്കരയും തേങ്ങാമുറിയമൊക്കെ കാണും.
-----
“നിങ്ങ ആനന്റെ കൂട്ടം കൂടി നിൽക്കാണ്ട് പോയി രണ്ട് കിലോ അരി വാങ്ങീട്ട് വരിൻ. രാത്രി കഞ്ഞി കുടിക്കാൻ ഒറ്റ മണിയില്ല “
പരമന്റെ ഭാര്യ കനകലത അരിസഞ്ചി അയാളുടെ നേരെ നീട്ടി.
“കുട്ടികളെവിടെ കനകം “ ശെൽവൻ മാമ്പഴസഞ്ചി കനകലതയ്ക്ക് കൊടുത്തു കൊണ്ട് ചോദിച്ചു.
“രണ്ടും കളി കഴിഞ്ഞ് എത്തീട്ടില്ല ശെൽവേട്ടാ. അന്തീടെ മൂടിനെ എത്തൂ. “
അരിസഞ്ചി വാങ്ങി പരമൻ ശെൽവന്റെ കടയിലേക്ക് നടന്നു.
അവർ പോകുന്നത് നോക്കി കനകലത വേവലാതിയുടെ അകത്തേക്ക് നടന്നു.. മക്കള് രണ്ടും കളി കഴിഞ്ഞ് വിശന്ന് വയറുകാളിയിട്ടാണ് വരുക..
ഉച്ചയ്ക്ക് പുഴുങ്ങിയ കപ്പ കുറച്ചു ബാക്കിയുണ്ട്.
വേനൽക്കാലം തുടങ്ങിയതിൽ പിന്നെ പരമന് പണി കുറവാണ്. നാട്ടിലെ വേലയും, പൂരവും, കുമ്മാട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്നത് തന്നെ വിരളം. മക്കൾ രണ്ടാളും വളർന്നുവരുന്നു. മൂത്തവൻ ഒമ്പതാം ക്ലാസിലായി ഓരോന്നാലോചിച്ച് കനകലത മാമ്പഴം മുറിച്ച് കിണ്ണത്തിലേക്കിട്ടു.
കനകലതയെ പരമൻ കെട്ടിക്കൊണ്ടുവരുന്നതിന് രണ്ടുദിവസം മുമ്പ് നെന്മാറ വല്ലങ്ങി വേലയായിരുന്നു.
ചെമ്പട കൊട്ടി നെല്ലിക്കുളങ്ങര ഭഗവതിക്ക് മുന്നിൽ രണ്ട് ദേശക്കാരുടെയും കുടമാറ്റത്തിന് അണിനിരന്ന ആനചന്തത്തിൽ മതിമറന്ന് പുലർച്ചയുള്ള താലപ്പൊലിയും കഴിഞ്ഞ് വന്ന പരമൻ കിടന്നുറങ്ങി എണീറ്റത് കെട്ടിന്റെ അന്നാണ്.
ആദ്യരാത്രിയിൽ പാലുമായി ചെന്ന കനകലതയെ കട്ടിലിൽ പിടിച്ചിരുത്തി പരമൻ, ചിറക്കൽ കാളിദാസന്റെയും കല്ലടിക്കോട് ശ്രീധരന്റെയും വലിയവീട്ടിൽ വിശ്വനാഥന്റെയും പൂരക്കഥകൾ പറഞ്ഞു കേൾപ്പിക്കാൻ തുടങ്ങി. അവരൊക്കെ ആരാണെന്ന് ഒരു എത്തും പിടിയും കിട്ടാതിരുന്ന കനകലത കഥപറച്ചിലിന്റെ ഇടക്കെപ്പോഴോ കല്യാണ ദിവസത്തിന്റെ ക്ഷീണം കാരണം തളർന്നുറങ്ങിപ്പോയി.
പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ കണ്ടത് ചുമരിൽ തൂക്കിയ ഒരു ആനച്ചിത്രത്തിനു മുന്നിൽ ചന്ദനത്തിരി കത്തിച്ചുവച്ച്, കണ്ണടച്ചു പ്രാർത്ഥിച്ചു നിൽക്കുന്ന പരമനെയാണ്.
അന്തം വിട്ടിരിക്കുന്ന കനകലതയെ നോക്കി ച്ചിരിച്ച് ആനചിത്രത്തിലേക്ക് വിരൽചൂണ്ടി അഭിമാനത്തോടെ പരമൻ പറഞ്ഞു “ഇതാണ്ടീ കൃഷ്ണൻകുട്ടി “
ഭർത്താവിന്റെ ആനപ്രാന്തും, ആനക്കഥകളും, വേലയും പൂരവും കഴിഞ്ഞ് രാത്രി വൈകിയുള്ള വരവും കാരണം കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ കനകലതക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.
“ഇയാള് വല്ല ആനേം കെട്ടിയാ മതിയായിരുന്നു“ എന്ന ഇടയ്ക്കുള്ള കനകലതയുടെ പരിഭവം പരമൻ കേട്ടിലെന്ന് നടിച്ചെങ്കിലും ഒരിക്കൽ എവിടെയോ പൂരം കഴിഞ്ഞ് വന്ന പരമനോട് “ നിങ്ങളെ ആനച്ചൂര് മണക്ക്ണ്, മാറി കിടക്കിൻ“ എന്ന് കനകലത മുഖത്തടിച്ചപോലെ പറഞ്ഞപ്പോൾ പരമന് പൊള്ളി.
“നീയെന്താ കനകം പറയണത്. ആനച്ചൂര് മോശാന്നാ..”
“പിന്നല്ലാണ്ട്…”
“ആനകളും നമ്മള് മനുഷ്യന്മാരെപ്പോലെ തന്നെല്ലേ കനകം “
“മനുഷ്യന്മാരെ പോലെയാ ആനകള്. ഇത് ആനപിണ്ടത്തിന്റെ ചൂരാ “
“നീ ആന കരയണ കണ്ടിട്ടിണ്ടാ “
“ഉം ഉം “ കനകലത തലയാട്ടി.
“ഞാ കണ്ടിട്ട്ണ്ട് “പരമൻ അക്കഥ കനകലതക്ക് പറഞ്ഞു കൊടുത്തു.
കൃഷ്ണൻകുട്ടി ഇടഞ്ഞതിനു ശേഷം പിന്നെയാരും അവനെ എഴുന്നള്ളത്തിന് വിളിച്ചില്ല. പണിക്കൊന്നും പോകാൻ കഴിയാതിരുന്ന വേലായുധനെ അമ്പാട്ട് വീട്ടുകാർ കയ്യഴിഞ്ഞു സഹായിച്ചിരുന്നു.
ഇടഞ്ഞതിന് രണ്ടുവർഷം കഴിഞ്ഞപ്പോൾ കൃഷ്ണൻകുട്ടി ദീനം പിടിച്ച് കിടപ്പിലായി.
ഒന്നും വയറ്റിൽ പിടിക്കുന്നില്ല. കൊടുക്കുന്നതൊന്നും കഴിക്കുന്നില്ല. എപ്പോഴും കിടപ്പ് തന്നെ. ഇടക്ക് ആരെയോ പ്രതീക്ഷിക്കുന്നത് പോലെ പുറത്തേക്ക് നോക്കും. കണ്ണിൽ വെള്ളം നിറയും.
ഒടുവിൽ അമ്പാട്ട് വീട്ടുകാർ വന്ന് വേലായുധനോട് പറഞ്ഞു. “നീ അവിടെ വരെ വന്ന് ഒന്ന് കൃഷ്ണൻകുട്ടിയെ കാണ്. അവനൊന്നും കഴിക്കിണില്ല്യ. തീരാറായിന്നാ തോന്നണ് “
വേലായുധന്റെ ഉള്ള് പിടച്ചു. അവരുടെ കൂടെ ഇറങ്ങുമ്പോൾ വേലായുധൻ പരമനെ വിളിച്ചു. “ടാ നീയും വന്നോ. ആ ആനത്തോട്ടി കൂടി എടുത്തോ “
വേലായുധനെ കണ്ട് കിടന്ന കിടപ്പിൽ കൃഷ്ണൻകുട്ടി ചെവിയിളക്കി. കണ്ണിൽ നിന്ന് വെള്ളമൊഴുകി. വേലായുധന്റെ കണ്ണും നിറഞ്ഞു. ഒരു കുല പഴമെടുത്തു കൃഷ്ണൻകുട്ടിയുടെ തുമ്പിക്കയിൽ വെച്ചുകൊടുത്തു. കാലിൽ ആനത്തോട്ടി കൊണ്ട് മെല്ലെ ഒന്നടിച്ചു. തുമ്പികയ്യിൽ തലോടി.
“കൃഷ്ണകുട്ടീ കഴിക്കട മോനെ. നിന്റെ കോലം കണ്ട് ഉള്ളു നീറ്ണ്. കഴിക്കടാ. നിന്നോട് എനിക്ക് വല്ല അരിശോണ്ടാ. വല്ലതും അറിഞ്ഞിട്ടാണോ നീയതൊക്കെ ചെയ്തത് “
കൃഷ്ണൻകുട്ടി അനുസരിച്ചു. അന്ന് മുഴുവൻ വേലായുധൻ കൃഷ്ണൻകുട്ടിയുടെ കൂടെയിരുന്നു. പിറ്റേന്ന് രാവിലെ കൃഷ്ണൻകുട്ടി ചരിഞ്ഞു.
രണ്ട് മാസം കഴിഞ്ഞപ്പോ ദീനം കൂടി വേലായുധനും പോയി.
“മരിക്കണ വരെ പാപ്പന്മാരെ ആനച്ചൂര് വിട്ടു പോകില്ല കനകം. അത് സ്നേഹത്തിന്റെ ചൂരാണ്.“
അക്കഥ കേട്ടപ്പോൾ കനകലതയുടെ കണ്ണ് നിറഞ്ഞു. വാത്സല്യത്തോടെ കൃഷ്ണൻകുട്ടിയുടെ പടത്തിലേക്ക് നോക്കി. അതിൽപിന്നെ ആനയെക്കുറിച്ച് പരമന്റെ മനസ്സ് നോവിക്കുന്നതൊന്നും കനകലത പറയാറില്ല. എന്നാലും ഇടക്ക് മക്കളെയോർത്ത് ഉള്ളുരുകി പ്രാർത്ഥിക്കും
“ന്റെ തായങ്കാവ് ഭഗവതീ… രണ്ടാളേം അച്ഛന്റെ ആന പ്രാന്ത് കിട്ടാണ്ട് കാക്കണേ “
------
അരി വാങ്ങാൻ കൃഷ്ണൻനായരുടെ കടയിലേക്ക് നടക്കുമ്പോൾ ദൂരെ നിന്ന് ഒരു ടാങ്കർ വരുന്നത് പരമൻ കണ്ടു. പാലക്കാട് നിന്ന് വെള്ളം കയറ്റിയുള്ള വരവാണ്. ഇക്കൊല്ലം വെള്ളക്ഷാമം രൂക്ഷമാണ്. വീടുപണികൾ പലതും നിർത്തിവെച്ചിരിക്കുന്നു. പരമനും പണിയില്ലാതായിട്ട് നാളുകളായി. പണി കിട്ടാൻ ഇനി മഴക്കാലം വരണം. കയ്യിൽ കാശില്ല. കൃഷ്ണൻ നായരുടെ കടയിലും പറ്റാണ്. വെള്ളം കിട്ടാതെ പക്ഷികളും പശുക്കളും നായ്ക്കളും ചത്തടിയുന്നു. വെള്ളം തേടി കാടുകളിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നു. മലമ്പുഴയിൽ നിന്ന് പൈപ്പ് ലൈൻ തേൻകുറിശ്ശി വരെ നീട്ടിതരാമെന്ന വാഗ്ദാനം ഇക്കൊല്ലവും എം എൽ എ പാലിച്ചില്ല.
ദൂരെ ധോണിമല കത്തിയെരിയുന്നു. പരമന്റെ ഉള്ളും പൊള്ളിത്തുടങ്ങി.
തിരിച്ചുവന്ന അരിസഞ്ചി കനകലതയെ ഏല്പിച്ചിട്ട് പറഞ്ഞു.
“ഒന്ന് പാലക്കാട് വരെ പോയിട്ട് വരാം. നീ കെടന്നോ, ചെലപ്പോ വൈകും “
പായയിൽ കിടന്ന് യശോദേടത്തി മുരണ്ടു. “നാളെ അച്ഛന്റെ ആണ്ടാണ്. മറക്കണ്ട ട്ടാ.വരുമ്പോ കൊറച്ച് കറുകപുല്ലും,ചെറൂളേം കിട്ടാൻ വഴീണ്ടോ നോക്ക് “
“ഉം “ ഒന്ന് മൂളി സൈക്കിളെടുത്ത് പരമൻ പാലക്കാട്ടേക്ക് വിട്ടു.
മലമ്പുഴയിൽ നിന്ന് ധോണിയിലേക്ക് തിരിയുമ്പോൾ പരമന്റെ ചങ്കിടിപ്പ് കൂടി ഫോറസ്റ്റ് ഓഫീസ് കടന്നിട്ട് വേണം ധോണിയിലേക്ക് കടക്കാൻ. ആന ഇറങ്ങിയാൽ ആരെയും ഫോറസ്റ്റുകാർ അങ്ങോട്ട് കടത്തിവിടില്ല.
ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ആരെയും കാണാനില്ല. പതുക്കെ സൈക്കിളുരുട്ടി മരങ്ങളുടെ മറവ് പറ്റി പരമൻ ധോണിയിലേക്ക് നീങ്ങി.
നിലാവെട്ടത്തിൽ പരമൻ കണ്ടു.. ഒന്നല്ല രണ്ടെണ്ണം. ഒരു കൊമ്പനും പിടിയും.
പിടിയാന നിലത്തു കിടക്കുകയാണ്. ഗർഭിണിയാണ്. കൊമ്പൻ കാവൽ നിൽക്കുകയാണ്. ഈ സമയം ആർക്കും അടുക്കാൻ പറ്റില്ല. പരമന്റെ നെഞ്ചിടിപ്പ് കൂടി. പണ്ടൊരിക്കൽ അച്ഛന്റെ കൂടെ ആന പ്രസവിക്കുന്നത് കാണാൻ പുന്നത്തൂർകോട്ട വരെ പോയിട്ടുണ്ട് .
അന്ന് രാത്രി മുഴുവൻ പരമൻ ഫോറെസ്റ്റ് അധികൃതരുടെ കണ്ണിൽപ്പെടാതെ ഒരു വലിയ മരത്തിനു പിന്നിൽ പതുങ്ങിയിരുന്നു.
ഒന്ന് മയങ്ങി എണീറ്റപ്പോഴെക്കും വെളിച്ചം വീണ് തുടങ്ങിയിരുന്നു.. കൺവെട്ടത്ത് ആനകളെ കാണാനില്ല.
പരമൻ മെല്ലെയെണീറ്റ് റോഡ് മുറിച്ചു കടന്നു. ആനകൾ പോയ വഴിയേ ആനപ്പിണ്ടവും കാൽപ്പാടുകളും കാണാം. കാട് തുടങ്ങുന്ന സ്ഥലത്ത് പിടിയാന കിടക്കുന്നുണ്ട്. കൊമ്പനെ കാണുന്നില്ല.
പിടിയാനയുടെ അടുത്ത് ചോരയിൽക്കുളിച്ച് ഒരു കുട്ടിക്കൊമ്പൻ. പിടിയാന മയക്കത്തിലാണ്. പതിയെ അടുത്ത്ചെന്ന് നോക്കി. നല്ല നീളമുള്ള തുമ്പിക്കൈ. കുട്ടിയാന കണ്ണ് തുറന്ന് പരമനെ നോക്കി. പരമന്റെയുള്ളിൽ വാത്സല്യം നിറഞ്ഞു പൊങ്ങി.
“എടാ….”
അലർച്ച കേട്ട് പരമൻ ഞെട്ടി തലയുയർത്തി നോക്കി. കുറച്ചു ദൂരെ രണ്ടു ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ നിൽക്കുന്നു ഒരാളുടെ കയ്യിൽ തോക്കുണ്ട്..
“ഞങ്ങക്ക് പണി ഉണ്ടാക്കാണ്ട് വേഗം എണീറ്റ് വാടാ “
അപ്പോഴാണ് പരമൻ തിരിഞ്ഞു നോക്കിയത്. ദൂരെ നിന്ന് തന്റെ നേർക്ക് തലകുലുക്കി നടന്നടുക്കുന്ന കൊമ്പൻ.
നിലത്തിഴയുന്ന തുമ്പിക്കൈ.. വലിയ ചെവികൾ. നീണ്ട കൊമ്പുകൾ.
വിറയലോടെ പരമന്റെചുണ്ടുകൾ മന്ത്രിച്ചു.
“തികുനിത അത്തേന..”
ഒരു നീണ്ട ചിന്നംവിളിയിൽ കാടു ഭയന്ന് വിറച്ചു. പരമന്റെ കാലുകളനങ്ങിയില്ല. ഏതോ ലഹരിയിൽ അടിമപ്പെട്ടവനെപ്പോലെ അയാൾ കൊമ്പന്റെ മുഖത്തേക്ക് തുറിച്ചുനോക്കി..
ബലിയിടാൻ ഇലയിൽ തുളസിയും എള്ളും പച്ചരിയും വെച്ച് യശോദേടത്തി പരമനേയും കാത്തിരുന്നു
“ഇയ് ചെക്കൻ എവ്ടെ പോയികിടക്കണ് “
എവിടെനിന്നോ ഒരു കാക്ക പറന്നുവന്ന് തൊട്ടടുത്ത മരക്കൊമ്പിലിരുന്ന് പരമനെ നോക്കിക്കരഞ്ഞു.
ഒരു വലിയ നിഴൽ വന്നു പരമനെ മൂടി. അയാളുടെ ചുറ്റും ആനച്ചൂര് നിറഞ്ഞു.