ഒറ്റമനുഷ്യർ
ഒരുപാട് ഒറ്റപ്പെട്ട മനുഷ്യർ ഉള്ള ഒരു സ്ഥലം കൂടിയാണ് ഗൾഫ് നാടുകൾ. വിശാലമായ മരുഭൂമിയുടെ പല ഭാഗങ്ങളിൽ പല ജോലികളിൽ ഏർപ്പെടുന്നവർ. അങ്ങനെ ഒരാളെ പരിചയപ്പെട്ടത് പറയാം. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞു വരുന്ന വഴിക്ക് പപ്പ വണ്ടി ഒരു ചെറിയ വഴിയിലേക്കിറക്കി . പപ്പ പലപ്പോഴും അങ്ങനെയാണ്. ഓരോ സ്ഥലത്തു കൊണ്ട് പോയി അതിശയിപ്പിക്കും. ഒടുവിൽ എനിക്കും അറിയില്ലായിരുന്നു ഈ സ്ഥലത്ത് ഇങ്ങനെ ഉണ്ടായിരുന്നു എന്ന് പറയും.
റോഡ് കുറെ ദൂരം ചെന്ന് അവസാനിച്ചു. പിന്നെ ടാറില്ലാത്ത പാത. കുറെ ദൂരെ ഈന്തപ്പനകൾ കാണാനായി. അടുക്കുന്തോറും ചില കൃഷിയിടങ്ങൾ. തക്കാളിയും കാബേജുമൊക്കെയായി കുറെ കൃഷികൾ. ഇടയ്ക്ക് ഒരു ചെറിയ വീട് കണ്ടു. ഈന്തപ്പനകളുടെ നടുവിലായി. പപ്പ വണ്ടി അവിടെ നിർത്തി. ആദ്യത്തെ വീട്ടിൽ ആരെയും കാണുന്നില്ല. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി കുറച്ചു ദൂരം നടന്നു. രണ്ടാമത് ഒരു വീട് കണ്ടു. ഞങ്ങൾ അവിടെ ചെന്നു. വാതിലിൽ മുട്ടി. ആരും വന്നില്ല. വീടിനു പിന്നിൽ ചെന്ന് നോക്കി. അവിടെ ഒരാൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. ആ ആൾ ഞങ്ങളെ കണ്ട് അടുത്തേക്ക് വന്നു.
ഞങ്ങളെ കണ്ട ആ മാമന് സന്തോഷമായി.
ഏറെ ദിവസം കൂടിയാണ് ഒരാളെ കാണുന്നത്. അതും കുട്ടികളെ പ്രത്യേകിച്ചും.
തമിഴ്‍നാട് സ്വദേശിയാണ് ആ മാമൻ. ഇരുപത് വർഷമായി മരുഭൂമിയിലെ ആ കൃഷിയിടത്താണ് ജോലി. താമസം ഞങ്ങൾ കണ്ട ആ വീട്ടിൽ. രണ്ടു വർഷം കൂടുമ്പോഴാണ് ആ മാമൻ നാട്ടിൽ പോവുക. രണ്ടു മാസത്തെ അവധിയുണ്ടാകും.
വിമാനത്താവളം-വീട്-വിമാനത്താവളം-കൃഷിയിടം ഇങ്ങനെയാണ് ജീവിതം. ഭക്ഷണത്തിനുള്ള സാധനങ്ങൾ ആ കൃഷിയിടത്തിൽ ഉടമയായ അറബിയുടെ വീട്ടിൽ നിന്നും ഒരാൾ ഓരോ മാസവും കൊണ്ട് കൊടുക്കും. നാട്ടിലേക്ക് പൈസ അയക്കുന്നതൊക്കെ അങ്ങനെയാണ്.
നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.മകളുടെ കല്യാണം കഴിഞ്ഞു. വീട് വച്ചു.
ഞാൻ വെറുതെ പപ്പയോടു ചോദിച്ചു. അപ്പൊ കഴിഞ്ഞ ഇരുപതു വർഷത്തിൽ എത്ര മാസം ഈ മാമൻ മക്കൾക്കൊപ്പം ഉണ്ടായിരുന്നു.
പപ്പ പറഞ്ഞു – ഇരുപത് മാസം, അതായത് രണ്ടു വർഷത്തിൽ താഴെ.
ഞങ്ങളോട് സംസാരിക്കുന്നതിനിടയിൽ ആ മാമൻ ഉള്ളിൽ പോയി കുറെ ഈന്തപ്പഴം കൊണ്ട് വന്നു. ഞങ്ങൾക്ക് തന്നു. കഴിഞ്ഞ കൊല്ലത്തെ വിളവാണ്.
ഓരോ ചെടിയെയും മരത്തെയും തൊട്ടു തൊട്ടു, കാര്യം പറഞ്ഞു വളർത്തിയെടുക്കുന്ന മനുഷ്യൻ. അമ്മ പറഞ്ഞു.
ഇങ്ങനെയുള്ള എത്രയോ പേരുടെ ജീവിതം കൊണ്ടാണ് ഓരോ രാജ്യത്തും പച്ചപ്പ് നിലനിൽക്കുന്നത്. നമ്മൾ ഭക്ഷണം കഴിക്കുന്നത് ഇവരുടെ വിയർപ്പിൽ നിന്ന് കൂടിയല്ലേ.
ഞങ്ങൾ ആ മാമനോടൊപ്പം ഫോട്ടോ എടുത്തു.
ജനാലക്കാഴ്ചകൾ
ഒരു കഥ പറയാം.
പപ്പ ഓഫിസിൽ പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്കാണല്ലോ വീട്ടിൽ. ജനാലയ്ക്കരികിൽ നിന്നാൽ ദൂരെ വെളിയിൽ പണിയെടുക്കുന്ന അങ്കിളുമാരെ കാണാം. പത്തുനിലകൾ ഉള്ള ഒരു കെട്ടിടം പണിയുകയാണ് അവർ. അതിൽ ചിലർ വളരെ പ്രായമായവരാണ്. എന്നാവും അവർക്ക് ഒന്ന് വിശ്രമിക്കാൻ ആവുക. അവരെ നോക്കി നിന്നപ്പോൾ എനിക്ക് തോന്നിയതാണ് ഈ കഥ.
പണ്ട് പണ്ട്, കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിലുള്ള മനുഷ്യരുടെയെല്ലാം മുത്തശ്ശനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം ഭൂമിയ്ക്ക് മേലേ ആകാശത്തിൽ താമസിച്ച് താഴെ ജീവിക്കുന്ന മനുഷ്യരെ കണ്ടു കൊണ്ടിരുന്നു. മനുഷ്യരെ അത്രയ്ക്ക് സ്നേഹമായിരുന്നു മുത്തശ്ശന്. മനുഷ്യർ ഈ മുത്തശ്ശനെ ദൈവം എന്ന് വിളിച്ചിരുന്നു.
അന്നൊക്കെ മനുഷ്യർ പരസ്പരം സ്നേഹിച്ചിരുന്നു. അവർ മൃഗങ്ങളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്നു. അങ്ങനെയിരിക്കെ ചില മനുഷ്യർ ദുഷ്ടന്മാരും ആർത്തി പിടിച്ചവരുമായി. അവർ പരസ്പരം പോരടിച്ചു. പരസ്പരമുള്ള വെറുപ്പിൽ അവർ മൃഗങ്ങളെ കൊന്നൊടുക്കാൻ ആരംഭിച്ചു. മരങ്ങൾ വെട്ടി നശിപ്പിച്ചു. കൃഷി ഭൂമി തീവെച്ചു നശിപ്പിച്ചു.
ദൈവമുത്തശ്ശനു കോപവും സങ്കടവും തോന്നി. സങ്കടം കൊണ്ട് കണ്ണുനീർ വന്നു. ആ കണ്ണുനീർ ഭൂമിയിലേക്ക് വീണു. ആ കണ്ണുനീരിന്റെ ചൂടു കൊണ്ട സസ്യങ്ങൾ കരിഞ്ഞു പോയി. ആ ചൂടേറ്റ മനുഷ്യർ മരിച്ചു വീണു. ആ കണ്ണുനീരിൽ ഭൂമി മുങ്ങിപ്പോയി.
ഒടുവിൽ ആയിരക്കണക്ക് വർഷങ്ങൾക്ക് ശേഷം വെള്ളം താഴ്ന്നു. മണ്ണ് തെളിഞ്ഞു വന്നു.
ഭൂമിയുടെ മറുവശത്തു ബാക്കിയായിരുന്ന മനുഷ്യർ ഭൂമി തുരന്ന് തുടങ്ങി.
അവർക്ക് ഭൂമിയുടെ ഉള്ളറയിൽ തളം കെട്ടിക്കിടന്ന കണ്ണുനീരിന്റെ ചൂട് കിട്ടി. ഉള്ളറയിൽ നിന്ന് പുറത്തേക്ക് തെറിച്ച ആ ദ്രാവകത്തിന് അവർ പെട്രോളിയം എന്ന് പേരിട്ടു.
ആ ദ്രാവകം കുഴിച്ചെടുക്കാൻ വന്ന മനുഷ്യരുടെ വിശപ്പ് മാറി. അവർ സമ്പന്നരായി. മുത്തശ്ശന്റെ ശാപം എന്നോണം ആ ദ്രാവകത്തിൽ നിന്ന് വിശപ്പ് മാറ്റിയവർക്കും സമ്പന്നരായവർക്കും അതിന്റെ ഉറദേശം വിടാനായില്ല. ഒരു ചുഴിയിൽ എന്നോണം അവരുടെ ജീവിതങ്ങൾ അവിടെ അവസാനിച്ചു.
ഒരുപക്ഷെ ഒരിക്കലും അവിടം വിടാനാകാതെ പോയവരിൽ പെട്ട ഒരാളാകുമോ പപ്പയും?
ഇല്ല എന്ന് എനിക്കുറപ്പുണ്ട്. അമ്മയും ആത്മയും വരും. രണ്ടാഴ്ചയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ചു മടങ്ങും. അപ്പോൾ ഇവിടുത്തെ ജോലി മതിയാക്കിയാവും പപ്പ ഞങ്ങൾക്കൊപ്പം വരിക.
ശ്രീ രാജേഷ് ചിത്തിരയുടെ ഉടൻ പ്രകാശനം ചെയ്യപ്പെടുന്ന ” ആദി & ആത്മ” എന്ന പുസ്തകത്തിന്റെ രണ്ട് അധ്യായങ്ങളാണ് മുകളിൽ ചേർത്തിരിക്കുന്നത്.
ഒരു അപ്രതീക്ഷിതസാഹചര്യത്തിൽ ഗൾഫിൽ വളർന്ന രണ്ട് കുട്ടികൾ നാട്ടിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ആദി & ആത്മ എന്ന പുസ്തകത്തിന്റെ ഇതാവൃത്തം.
ലോഗോസ് ആണ് പ്രസാധകർ.
ലെനിൻ പോളിന്റെ ചിത്രങ്ങളും കൃഷ്ണ ദീപക്കിന്റെ കവർഡിസൈനുമാണ് ആദി & ആത്മ എന്ന പുസ്തകത്തിന്റേത് .