ആത്മബലി

അൾത്താര,
ആത്മബലിയുടെ
മെഴുകുതിരി നാളങ്ങൾ…

പ്രിയനേ ….
ഞാൻ വിശുദ്ധ ,
എന്നോ, നിന്റെമണവാട്ടിയായവൾ..
നിന്റെ തിരുമുറിവുകൾ
ഹൃദയത്താലൊപ്പിയവൾ…
നിന്റെ അശാന്തികൾ
അർത്ഥനയാലടക്കിയവൾ…

പ്രിയനേ,
ഞാൻ വിശുദ്ധ
എന്റെ ശിരോവസ്ത്രം
കൊടുങ്കാറ്റെടുത്ത് കടലിലെറിഞ്ഞു…
ഉമിനീരിന്റെ കയ്പിനാൽ
അശുദ്ധമാകുന്നു , എന്റെ ഓസ്തി.

യെറുശലേം കന്യകമാരെ…
നിങ്ങളെന്റെ
പ്രിയനെ കണ്ടുവോ…?

പ്രിയനെ,
നീ എവിടെ …?
തീക്കാറ്റുകളിലെന്റെയുടുപ്പുകൾ കത്തുന്നു..
എന്റെയുടൽ
ലോകത്തിന് വെളിപാടാകുന്നു…

നഖമുനകളാൽ
പിളർന്നുപോയ എന്റെ ശരീരം
നിന്റെ ഹൃദയരക്തത്താൽ
ശുശ്രൂഷ ചെയ്യുക.

തിരുമുറിവുകളാലെന്നെ
വീണ്ടെടുക്കുക
എന്റെ വിശുദ്ധി
ലോകത്തിന് വെളിച്ചം.

ഞാൻ വിളിച്ചു…..
അവൻ ഉത്തരം
തരുന്നില്ലല്ലോ …..

എന്റെ ഉടൽ, നിന്റെ ഓസ്തി
എന്റെ ഉയിർ, നിന്റെ പാനകം
ഉമിനീരിന്റെ ചവർപ്പിനാൽ
ഞാൻ പിഴയാകുന്നു.
എന്റെ പ്രിയനെ നീ എവിടെ…?

ലോഹദണ്ഡുകളുടെ ക്രൂശിത
മുറിവുകളിൽ നിന്നും
നീ നിന്നെ പിഴുതെടുക്കുക.
നിന്റെ ഉയിർപ്പ്,
എന്റെ വിശുദ്ധി.

അടയാളങ്ങളുടെ അവിശുദ്ധികളെ
നീ പരിത്യജിക്കുക.
ഹൃദയ രക്തമായി
നീയെന്നെ മറയ്ക്കുക.
അതിന്റെ വെളിച്ചത്താൽ
ലോകത്തിന് അന്ധത ഭവിക്കട്ടെ .

പുഴുവരിച്ച എന്റെ നഗ്നത
അവർ കാണാതെ കാണാതെ പോവട്ടെ!

ദേവാ,
എന്തേ നീയെന്നെ കേൾക്കാതെ
കേൾക്കാതെ പോവുന്നു.?
എന്റെ
ശിരോ വസ്ത്രങ്ങളാൽ കടൽ നിറയുന്നു.
കഴുകൻമാർ എന്നെ വിവസ്ത്രയാക്കുന്നു.
കടൽകാക്കകൾ എന്റ പ്രാണനും
കൊത്തിയെടുത്തു.

എന്റെ പ്രിയനേ
നീ എവിടെ ….?
കുരിശിന്റെ ലോഹബന്ധനങ്ങളിൽ
നിന്നും നീ വിടുതൽ നേടുക ….

എന്റെ ഉയിരും ഉടലുമീ അൾത്താരയിൽ
ഉരുകിത്തിളയ്ക്കുന്നല്ലോ..

കർത്താവേ നീ കുരിശ്ശിറങ്ങുക
വിശുദ്ധ തൈലങ്ങളാലെന്നെ
സ്നാനം ചെയ്യിക്കുക
പാപത്തിന്റെ കറകളൊഴിഞ്ഞ്
എന്നെ ഞാൻ വീണ്ടെടുക്കട്ടെ

ഹൊ! എനിക്കു മീതെ പ്രളയമായ്
പെരുക്കുന്നത്
സാത്താന്റെ ദുഷിച്ച രേതസ് .
ആകാശം ഇരുളുന്നു
തീക്കാറ്റിരമ്പുന്നു….
വിശുദ്ധിയുടെ ഉടുപ്പുകളില്ലാത്ത
എന്റെ ഉടൽ മറയുന്നു.

ദൈവ പുത്രാ….!
എന്റെ വിശുദ്ധിക്ക്
നിന്റെ ഉയിർപ്പോളം
ദൈർഘ്യമില്ലല്ലോ!

തിരുവനന്തപുരം ജില്ലയിൽ ആര്യനാട് സ്വദേശിനി. സർക്കാർ ജീവനക്കാരിയാണ്