ആത്മകഥ എഴുതുമ്പോള്‍

അന്തരംഗത്തിലെ
ചിന്താശകലങ്ങള്‍
പെയ്യുന്ന ശലഭമായ്
തൂലികയിലേറണം….

ഓര്‍മ്മച്ചിരാതുകള്‍
ദീപമായ് തെളിയേണം
മനസ്സൊരു മറയില്ലാ
മധുവനമാവണം…..

മുള്ളുകള്‍ തറയുന്ന
നെഞ്ചകത്തിന്‍ നോവ്
ഉള്ളാല്‍ പിഴുതെടു-
ത്തന്‍പോടെഴുതണം….

ചോരപൊടിയുന്ന
അന്തരംഗം നീളെ
ഏറെയുണ്ടാകുന്നു
മുത്തും പവിഴവും….

മോഹങ്ങള്‍ പീലിവി
രുത്തിയ ശേഷിപ്പ്
ഓരങ്ങളില്‍ മയില്‍-
പ്പീലികളാകുന്നു…..

അന്തമില്ലാത്തതാം
മോഹമാം പീലികള്‍
ചന്തത്തിലൊന്നാ-
യടുക്കി മിഴിവേകണം….

ആത്മകഥയിലെ
ആത്മാവിലലിയണം
ആ ദിവ്യ സര്‍ഗ്ഗാനു-
ഭൂതിയില്‍ നിറയേണം…

ദേഹത്തിന്‍ നിറവി-
ലായ് ആറാടി നില്ക്കണം
ദേഹിയാം പുസ്തക-
ത്താളുകള്‍ നീളവെ….

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് വടകര സ്വദേശിനി. കഥയും കവിതയും ഗാനങ്ങളും എഴുതി വരുന്നു. . നിരവധി ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറവ്' എന്ന പേരിൽ ഒരു കവിതാപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.