സമയം നാലരയാകുന്നതേയുള്ളൂ. ബ്ലഡ് ടെസ്റ്റിനുള്ള ബില്ലടക്കാൻ കൗണ്ടറിനു മുന്നിൽ നീണ്ട ക്യൂ ആണ്. ചിലർ നിലത്ത് കുത്തിയിരിക്കുന്നു. ഉറക്കച്ചടവും ആശങ്കയും നിറഞ്ഞ മുഖങ്ങൾ. കന്നടയിലുള്ള സംസാരം കേട്ടാണ് തിരിഞ്ഞ് നോക്കിയത്, വൈരക്കൽ മൂക്കുത്തിയണിഞ്ഞ ഐശ്വര്യം നിറഞ്ഞ മുഖം. ആശങ്കയാൽ വിടർന്ന കണ്ണുകളിൽ നീർ തുളുമ്പി നിന്നിരുന്നു. ഫോണിലൂടെയാണ് സംസാരം.. ധൃതി പിടിച്ചുള്ള സംസാരത്തിൽ നിന്നും അവളുടെ ആശങ്കകൾക്ക് മതിയായ മറുപടി ലഭിച്ചില്ലെന്ന് മനസ്സിലായി. എന്റെ പിന്നിലായിരുന്നു അവൾ നിന്നിരുന്നത്. നിഷ്ക്കളങ്കമായ ആ മുഖം കണ്ടപ്പോൾ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് തോന്നി. ഭാഷ അറിയാത്തതിനാൽ മനസ്സടക്കി ഞാനും നിന്നു.
ക്യൂ പതുക്കെ ചെറുതായിക്കൊണ്ടിരുന്നു. അടുത്ത ഊഴം എന്റേതാണ്.
പിന്നിൽ അവളുടെ ചേലയുലയുന്നു. “കാസ് കൊടുക്ക വേണമാ?” ബില്ലിന് തുകയൊടുക്കേണ്ടി വരുമോ എന്നാണ് ചോദ്യം.
‘വേണം” ഞാൻ മറുപടി പറഞ്ഞു.
കണ്ണുകളിൽ ഭയം., “മാമാ വരുവാർ …”
അവളുടെ എല്ലാ ആശങ്കകൾക്കും പരിഹാരവുമായാണ് അയാളുടെ വരവെന്ന് എനിക്ക് മനസ്സിലായി.
“എത്തന പൈസയാകും?” വീണ്ടും അവൾ.
“തെരിയാത്”. കണ്ണുകൾ ഭയം കൊണ്ട് ഒന്നു കൂടി വിടർന്നു.
അവളെ ആശ്വസിപ്പിക്കാൻ എന്തൊക്കെയോ പറയണമെന്ന് തോന്നി. എന്റെ ഭാഷ അവളെ കൂടുതൽ കുഴപ്പത്തിലാക്കുമോ എന്ന ശങ്കയാൽ വേണ്ടെന്ന് വച്ചു. അപ്പോഴേക്കും എന്റെ ഊഴമായി. ബില്ലൊടുക്കി തിരിയുമ്പോൾ പിന്നിൽ ആളില്ല !!! അവിടെയെല്ലാം തിരഞ്ഞ കണ്ണുകൾക്ക് ആളെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടേണ്ടി വന്നില്ല. ക്യൂവിന് ഏറ്റവും ഒടുവിലായി ഭയന്ന കണ്ണുകളോടെ ചുറ്റുപാടും നോക്കി അവൾ നിന്നിരുന്നു.
“എന്തേ ഭയന്നു മാറി നിൽക്കുന്നത്?”
“മാമാ വരുവാർ”
“ഭയക്കേണ്ട, കൗണ്ടറിൽ വിവരങ്ങൾ ചോദിക്കൂ.
പൈസ വേണുമാ..” ഞാൻ ചോദിച്ചു.
“വേണ” പഴ്സ് തൊട്ട് പൈസ കൈയ്യിലുണ്ടെന്ന് ആംഗ്യം കാണിച്ചു.
വിളറിയ മുഖം മാത്രം മറ്റെന്തൊക്കെയോ പറഞ്ഞു.
അവളെ ആശ്വസിപ്പിക്കാൻ ഞാൻ വാക്കുകൾക്കായി പരതി. എന്റെ ഭാഷ അത്രമാത്രം അപര്യാപ്തമായിരുന്നു. മുറി തമിഴും കന്നടയും മാത്രമറിയാവുന്ന പെൺകുട്ടിയെ ഞാനെങ്ങനെ ആശ്വസിപ്പിക്കും ! ഒന്നു ചേർത്തുപിടിക്കാൻ മനസ്സ് വെമ്പി. ഇല്ല, ഒന്നിനും കഴിയുന്നില്ല.
പതുക്കെ നടന്ന് ഞാൻ ലാബിലേക്ക് പോയി, ബ്ലഡ് ടെസ്റ്റിനുള്ള സാമ്പിൾ ഇനിയും കൊടുത്തിട്ടില്ല. റെസീപ്റ്റ് വാങ്ങി തിരികെ എത്തുമ്പോഴേക്കും അവളുടെ ഊഴം എത്തിയിരുന്നു. അവളുടെ മിഴികൾ ആരെയോ തിരയുന്നുണ്ട്, അതവളുടെ മാമയെ തന്നെയാവും.
“ചേച്ചി, അഡ്മിഷൻ കാർഡ് വേണം” കൗണ്ടറിലെ പയ്യൻ തെല്ല് അലോസരത്തോടെ പറഞ്ഞു.
“റേഷൻ കാർഡാ?” ഭയം കൊണ്ട് മിഴികൾ വിടർന്നു.
“അല്ല.. അഡ്മിഷൻ കാർഡ്..” പിന്നിലെ നീണ്ട ക്യൂ അവനെ കൂടുതൽ അലോസരപ്പെടുത്തുന്നുണ്ടാവാം.
ഞാൻ പതിയെ അവൾക്കരികിലേക്ക് ചെന്നു.
“ഇതാണ് അഡ്മിഷൻ കാർഡ്…” ശൂന്യമായ മിഴികളൊടെ അവൾ കാർഡിലേക്ക് നോക്കി..
ആശങ്കയൊഴിയാതെ അവളുടെ കണ്ണുകൾ ചുറ്റിനും തന്റെ മാമായെ തിരഞ്ഞു. അയാൾക്ക് മാത്രമേ ഇനി അവളിലെ ഭയം അകറ്റാനാവൂ എന്ന ചിന്ത കൂടുതലെന്തെങ്കിലും പറയുന്നതിൽ നിന്നും എന്നെ തടഞ്ഞു.
“മാമാ വരും” അവൾ പറഞ്ഞു.
തിരിഞ്ഞ് കോണിപ്പടികൾ കയറി അവൾ കണ്ണിൽ നിന്നും മറയുന്നതും നോക്കി ഞാൻ വെറുതെ നിന്നു.