ആടിനെ അമ്മ
കെട്ടിയിട്ടു പോറ്റി.
എന്നെയും.
അഴിച്ചിട്ടാല്‍
തൊടിയിലേയും
അയല്‍പക്കങ്ങളിലേയും
പച്ചപ്പത്രയും തിന്നൊടുക്കും
എന്ന് വേവലാതിപ്പെട്ടു.
അനിയന്മാരോടൊപ്പം
പലപ്പോഴും
ആടിനെ മേയാന്‍ വിട്ടു.
കൂടെ എന്നേയും.
അതിക്രമിച്ചെങ്ങും കടക്കരുത്
ആടെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്ന്
പറഞ്ഞു വിട്ടു, അമ്മ.
എന്നെയും.
മറ്റാടുകളെ വഴിയില്‍
കാണുമ്പോഴൊക്കെയും
ആട് തലയിളക്കി.
ഞാനും.
കുട്ടനാടുകള്‍
കുളമ്പു കൊണ്ട് മാന്തി
താടയാട്ടി വിളിച്ചു.
വഴങ്ങിക്കൊടുത്തു ആട്.
അര്‍ദ്ധസമ്മതം മൂളി
നാണിച്ചു
ഞാനും.
ഇന്നലെ ആട് പെറ്റു.
രണ്ടു കുഞ്ഞുങ്ങള്‍.
അവ എന്‍റെ കുഞ്ഞുങ്ങളെന്ന്
മടിയിലിരിക്കുന്നു.
എന്നെ പെണ്ണുകാണാനായി വന്ന
ചെറുക്കനോട്
ഞാനീ കഥകളത്രയും പറഞ്ഞു.
അയാള്‍ക്ക് ദേഷ്യം വന്നു.
ആട്ടിന്‍ പാല്‍ മണക്കുന്നു
നിന്നെയെന്നയാള്‍
ഒഴിഞ്ഞു പോയി.
എനിക്കങ്ങനെ പേറു മുട്ടി.