ആകാംഷയുടെ അടുത്ത ലക്കം

“പെട്ടന്നാണ് അദ്ദേഹം ഒരു രഹസ്യം കണ്ടുപിടിച്ചത്. ടോർച്ചിന്റെ അതിശക്തമായ വെളിച്ചം കണ്ണുകളിൽ പതിച്ചിട്ടും അവൾ ഒരിക്കലപ്പോലും ഇമ പൂട്ടിയിരുന്നില്ല. ഒരു വെൺകൽ പ്രതിമയുടെ നേത്രങ്ങൾ പോലെ അവ തുറന്നിരുന്നു.”

(മരിച്ചിട്ടും മരിക്കാത്തവൾ-ജോൺ ആലിങ്കൽ)

തൊട്ടുപിന്നിലൊരു ഞെട്ടലായി ഭയത്തിന്റെ നിഴലാട്ടം. കാൽപ്പാദങ്ങളിൽ നിന്ന് ഒരു തരിപ്പ് അരിച്ചു കയറുന്ന നിമിഷങ്ങൾ. ആകാംഷയെ അടുത്ത ലക്കത്തിലേക്ക് നീട്ടിവച്ച തുടർ നോവലുകളിൽ ജനപ്രീതി ഏറെയും കുറ്റാന്വേഷണ മാന്ത്രിക കഥകൾക്കായിരുന്നു. അക്കൂട്ടത്തിൽ വായനക്കാർ ഏറെയുണ്ടായിരുന്ന എഴുത്തുകാരനാണ് ജോൺ ആലിങ്കൽ. ഒരു കാലഘട്ടത്തിന്റെ ജനപ്രിയ നോവലിസ്റ്റായ അദ്ദേഹം വിടപറഞ്ഞു. 

വായനക്കാരുടെ മനസ്സിൽ ഭീതി നിറച്ച ഗ്ലോറി എന്ന രക്ഷസ്സും അവരെ പിടികൂടി നശിപ്പിക്കാൻ പോകുന്ന ഡോ. സേവ്യറും ഫാദർ വില്യവും ഒരു കാലത്ത് മലയാളികളുടെ പ്രിയ കഥാപാത്രങ്ങൾ ആയിരുന്നു. ‘മരിച്ചിട്ടും മരിക്കാത്തവൾ’ വായിച്ച് ഭയപ്പെട്ട്, രാത്രി പുറത്തിറങ്ങാതിരുന്ന എത്രയോ പേരുണ്ടാകാം. പ്രതികാരത്തിന്റെ പെൺ വഴികളെ വാനോളം പുകഴ്ത്തിയവർ എത്രയോ ഉണ്ടാകാം. അതുകൊണ്ടു തന്നെയാണ് ആ നോവൽ അവസാനിച്ചതിന് പിന്നാലെ മനോരമയിൽ തന്നെ ‘ചെകുത്താൻ തുരുത്ത്‌’ എന്ന നോവലും ജോൺ ആലിങ്കലിന്റെതായി വന്നത്.

സാധാരണക്കാരായ മലയാളികളെ അക്ഷരങ്ങളുടെയും വായനയുടെയും വലിയ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയതിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. മുട്ടത്തു വർക്കിക്കും കാനത്തിനും സമശീർഷനായിരുന്ന ആലുങ്കലിന്റെ ജീവിതഗന്ധിയായ തുടർനോവലുകൾക്കായി മലയാളി ആസ്വാദകർ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇവരുടെ നോവലുകളിൽ വായനക്കാർ അവരുടെ ചുറ്റുപാടുമുള്ള ജീവിതവും പ്രണയവും പ്രതികാരവും എല്ലാം തൊട്ടറിഞ്ഞ് അനുഭവിച്ചു. പ്രണയത്തെ കുറിച്ചെഴുതുമ്പോൾ ആരെഴുതിയാലും അത് പൈങ്കിളിയാകും എന്ന നിരീക്ഷണമാണ് ഇവരുടെ രചനകൾക്കുള്ള പിൻബലം.  

വാരികകളിൽ തുടർച്ചയായി വന്നിരുന്ന ജോൺ ആലുങ്കലിന്റ പല നോവലുകളും പിന്നീട് സിനിമ ആയി. മുത്തോട് മുത്തും  ഊതിക്കാച്ചിയ പൊന്നും നിഴൽമൂടിയ നിറങ്ങളും വീണ്ടും ചലിക്കുന്ന ചക്രവും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച വലിയ വിജയങ്ങളായിരുന്നു. വിമർശനങ്ങൾ എന്തൊക്കെ ആയാലും സാധാരണക്കാരായ മലയാളികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയവരിൽ ചെറുതല്ലാത്ത സ്ഥാനമാണ് ജോൺ ആലുങ്കലിന്റെത്.

കൗമാര യൗവനങ്ങളെ പ്രണയിക്കാൻ മാത്രം പ്രേരിപ്പിച്ച് അവരെ മറ്റു ഉത്തരവാദിത്തങ്ങളിൽ നിന്നും അകറ്റി ഒരു സങ്കൽപ്പ ലോകത്തു ജീവിക്കുവാൻ പ്രേരിപ്പിക്കുന്നവയാണ് പൈങ്കിളി നോവലുകളെന്നായിരുന്നു പ്രധാന വിമർശനം. ജോൺ ആലുങ്കലിന്റെയും മുട്ടത്തു വർക്കിയുടെയും കാനത്തിന്റെയും മാത്യു മറ്റത്തിന്റെയും തുടർനോവലുകൾ വായിച്ച് വന്ന ഒരു സമൂഹം തന്നെ ഈ എഴുത്തുകാരെ ഇത്തരത്തിൽ നിഷ്ക്കരുണം വിമർശിക്കുന്നതിനും മുന്നിൽ നിന്നു.

ഒരെഴുത്തുകാരന്റെ രചനകൾ ഒരിക്കലും ദുർഗ്രഹങ്ങളായിരിക്കരുത്. ഒറ്റ വായനയിൽ തന്നെ അത് അനുവാചകനിലേക്ക് എത്തേണ്ടതുണ്ട്. ‘കഥാപാത്രം സന്തോഷിക്കുമ്പോൾ വായനക്കാരൻ പുഞ്ചിരിക്കുകയും അവന്റെ ദുഃഖത്തിൽ അവർ പങ്കുചേരുകയും ചെയ്യണം’ എന്ന മാർക്ക്‌ ട്വൈന്റെ നിരീക്ഷണത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന രചനകൾ ആയിരുന്നു ജോൺ ആലുങ്കലിന്റെത്. ഒരു തലമുറയെ വായിക്കാനും പ്രണയിക്കാനും പഠിപ്പിച്ച, സാധാരണക്കാരുടെ ലോകത്തു തീവ്ര ജീവിതാനുഭവങ്ങൾ ഉണ്ടെന്നു മലയാളി വായനക്കാർക്ക് കാണിച്ചുകൊടുത്ത എഴുത്തുകാരൻ എന്നതാകും ജോൺ ആലിങ്കലിന്റെ പ്രസക്തി.

ആനുകാലികങ്ങളിൽ പതിവായി എഴുതുന്നു. കേരള ഹൈകോടതിൽ അഭിഭാഷക. എറണാകുളം സ്വദേശി.