ആകസ്മികം

എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു
അത് സംഭവിച്ചത്.
കുത്തും കോമയും
സകലവിധ ചിഹ്നങ്ങളും പൊട്ടിച്ചെറിഞ്ഞ്
ഒരു വാക്ക് കുതറി ചാടിയോടി.
വാക്കിന്റെ പിമ്പേ ഞാനും
വാക്ക് കുണ്ടും കുഴിയും
കയറ്റിറക്കവും കടന്ന് …
എല്ലാം മറികടന്ന് ഞാനും .

നല്ല വാക്കേ ,
എന്റെ പൊന്നു വാക്കേ ,
ഒന്നു നിക്കണേ,
എന്നെയൊന്ന് കേക്കണേ !
ചന്തം ചാർത്തി ഞാൻ കാത്തോളാം.

രണ്ട് കിതപ്പുകൾ
മാലോകർ കാൺകെ
നടുറോട്ടിൽ –
ഇരുന്നും,
പുളഞ്ഞും കൊണ്ടങ്ങനെ !
വാക്ക് പറഞ്ഞു,
മടുത്തു, ഈ വിരൽത്തുമ്പിലേക്ക്
ഇനി ഞാനില്ല.
നീ ചെയ്തത്രയും, ചെയ്യാനിരിക്കുന്നതും
പകൽ പോലെ സത്യം.

നിയ്യറിയാത്ത –
ഒരുവനിൽ എനിക്ക് കയറിപ്പറ്റണം.
അയാളുടെ തണലിടങ്ങളിൽ
എനിക്കെന്റെ
കവിതയെ അണിയിച്ചൊരുക്കണം.
വാക്കിന്റെ മുനയമ്പ് തറച്ച്
പിടയവേ,
എവിടെ നിന്നോ കുറെയേറെ
വാക്കുകൾ വന്നെന്നെ
എടുത്ത് കൊണ്ടോടി.

തൃശൂർ ജില്ലയിലെ കാച്ചേരിയിൽ താമസം. ആയൂർവ്വേദ കമ്പനിയിൽ സെയിൽസ് ഓഫീസിർ. 'കണ്ണാടിയിൽ നോക്കുമ്പോൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക മാധ്യമങ്ങളിൽ കവിതയും, ലേഖനവും എഴുതാറുണ്ട്.