ആൽബിയ്ക്കും അവനിയ്ക്കും ഇടയിലെ അദൃശ്യലോകത്തിന്റെ അകലത്തിനൊപ്പം ആഴവും കൂടി. അന്ന് രാത്രി അവർ ഫോണിൽ സംസാരിച്ചു, ആദ്യമായി. ആൽബിയാണ് അങ്ങോട്ട് വിളിച്ചത്. ‘ഹലോ അവനി…. ആൽബി. ‘ ആ പരുക്കൻ ശബ്ദം കാതുകളിൽ വീണ്ടും വീണതും അവനിയുടെ ഹൃദയമിടിപ്പ് കൂടി. അയാളോട് സംസാരിക്കാൻ മനസ്സ് കൊതിച്ചിരുന്നെങ്കിലും പെട്ടന്ന് തൊണ്ടയിലെ വെള്ളം വറ്റിയത് പോലെ. അവൾ ശബ്ദം ശരിയാക്കാൻ ശ്രമിച്ചു.
‘ഹായ് ആൽബി.’ അവളുടെ വ്യക്തമായ പതർച്ച ആൽബിയുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. മനസ്സിലെവിടെയോ ഒരു വ്യഗ്രത തനിക്കും അനുഭവപ്പെട്ടത് കൊണ്ട് ആ സംസാരം ഇരുവർക്കും അനായാസകരമാക്കാൻ വേണ്ടി അയാൾ അവനിയെ ചൊടിപ്പിക്കാൻ ശ്രമിച്ചു.
‘ ആൾക്കൂട്ടത്തിൽ കണ്ട പുലിക്കുട്ടി ഒറ്റയ്ക്കായപ്പോൾ പൂച്ചക്കുട്ടിയായത് പോലെ.’ അയാൾ ചിരിച്ചു. ‘എന്താ ശബ്ദത്തിന് ഒരു ഇടർച്ച?’ ആൽബി ആഗ്രഹിച്ചത് പോലെ അവളുടെ ശബ്ദത്തിലെ, തന്നെ പിടിച്ചുലച്ച മൃദുലതയും പതർച്ചയും മാറി.
‘ആൾക്കൂട്ടത്തിലാണെങ്കിലും തനിച്ചാണെങ്കിലും അവനിയ്ക്ക് ഒരുപോലെ തന്നെയാ. ഞാൻ ഉറങ്ങാൻ കിടന്നിരുന്നു. അതാ ശബ്ദം ഇടറിയത് പോലെ.’ പറഞ്ഞ കള്ളമോർത്ത് അവനി ചുണ്ടിൽ പല്ലുകളമർത്തി കണ്ണുകളടച്ച് തന്റെ ജാള്യത നിയന്ത്രിക്കാൻ ശ്രമിച്ചു. അവൾ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അറിയാവുന്നത് കൊണ്ട് ആൽബിക്ക് ചിരി വന്നെങ്കിലും അയാളത് ഒതുക്കി.
‘ഓ. റിയലി? ദെൻ സോറി. എനിക്ക് തന്നോടൊന്ന് സംസാരിക്കണമെന്ന് തോന്നിയത് കൊണ്ട് വിളിച്ചതാണ്. താൻ കിടന്നിരുന്നെങ്കിൽ ശല്യപ്പെടുത്തുന്നില്ല. ഗുഡ്നൈറ്റ്. ബട്ട് അവനി,’ അയാൾ ഒരു നിമിഷം നിർത്തി. അവൾ നെറ്റിച്ചുളിച്ചു കൊണ്ട് കാതോർത്തു. ‘ഐ കാണ്ട് ഹെല്പ് ടെല്ലിങ് യു ദാറ്റ് യു ഹാവ് എ ബ്യൂട്ടിഫുൾ വോയ്സ്… ആസ് ബ്യൂട്ടിഫുൾ ആസ് യു.’ അത്രയും പറഞ്ഞ്, അവൾ തിരിച്ചു വിളിക്കുമെന്ന ഉറപ്പോടെ മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ പുഞ്ചിരിച്ചു കൊണ്ട് ആൽബി ഫോൺ വെച്ചു. അവനിയുടെ മുഖമാകെ ചുവന്നു. ഹൃദയം തനിക്ക് താങ്ങാനാവുന്നതിലും ശക്തിയായി മിടിക്കുകയാണ്. പക്ഷേ, ആൽബി ഫോൺ വെച്ചിട്ട് പോകുമെന്ന് കരുതിയില്ല. അവനി നിരാശയോടെ പിറുപിറുത്ത് കൊണ്ട് ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് അതിനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് കിടക്കയിലിരുന്നു. അയാൾ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. രണ്ടു നിമിഷത്തിന് ശേഷം അവൾ തിരിച്ചു വിളിച്ചു.
‘ ആൽബി, ഇറ്റ്സ് ഓ കെ. എന്താ പറയാനുണ്ടെന്ന് പറഞ്ഞത്.’ അവനിയുടെ ശബ്ദത്തിലെ കൃത്രിമമായ ഗൗരവം കേട്ട് ആൽബിയുടെ മനസ്സിൽ കുസൃതി നിറഞ്ഞു. ‘എനിക്ക് തന്നോടൊന്ന് സംസാരിക്കണമെന്ന് തോന്നി ‘ഉം ‘. തിരിച്ചെന്തു പറയണമെന്നറിയാത്തത് കൊണ്ട് അവൾ മൂളുക മാത്രം ചെയ്തു. ‘അവനി, വളച്ചുകെട്ടില്ലാതെ ഒരു കാര്യം ചോദിക്കട്ടെ? ഇന്ന് വൈകിട്ട് മുതൽ മനസ്സിൽ കൊണ്ടു നടക്കുന്നതാണ്. അതെന്നെ വല്ലാതെ അലട്ടുന്നുണ്ട്.’ ആൽബിയുടെ ശബ്ദത്തിലെ ഗൗരവം അവളുടെ നെഞ്ചിടിപ്പ് കൂട്ടി.
‘ഉം. എന്താ?’ അവൾ പരമാവധി സംയമനത്തോടെ ചോദിച്ചു. ‘ചോദിച്ചാൽ അവനിയ്ക്കിഷ്ടപ്പെടുമോ എന്നൊന്നുമെനിക്കറിയില്ല. പക്ഷേ ഇതിനി മനസ്സിൽ കൊണ്ടു നടക്കാനാവില്ല. താൻ ചാടിക്കയറി ഒരു മറുപടി പറയുകയൊന്നും വേണ്ട.’ ആൽബി ചോദ്യം നീട്ടിക്കൊണ്ട് പോയി. അവനിയുടെ ശ്വാസത്തിലെ വ്യതിയാനങ്ങൾ പോലും അയാൾ ആസ്വദിക്കുന്നുണ്ടായിരുന്നു. ആൽബിയുടെ വാക്കുകളിൽ അതീവ ശ്രദ്ധ കൊടുത്തിരിക്കുന്ന അവനിക്ക് കൈകാലുകൾ തണുക്കുന്നതായി തോന്നി. ‘ആൽബീ… എന്താ കാര്യം?’ അവളുടെ ശബ്ദമിടറി. അറിയാതെ ചെയ്തുപോയ ഒരു തെറ്റ് കണ്ടുപിടിക്കപ്പെടുമോ എന്നു ഭയക്കുന്ന കുറ്റവാളിയുടെ അവസ്ഥ.
‘ അവനീ…’ ആൽബി വളരെ മൃദുവായി അവളുടെ പേര് വിളിച്ചു.
‘ഉം.’ വയറിനുള്ളിൽ എന്തോ പറന്നു നടക്കുന്നത് പോലെ. അവളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ആൽബിയുടെ ചോദ്യം വന്നു.
‘ഈ ഫിലോസഫി ക്ലാസ്സിൽ ഫിലോസഫിക്കൽ ഡിഫൻസൊന്നും പഠിപ്പിക്കുന്നില്ലേ?’ അയാൾ ചിരിയടക്കി. അവനിയ്ക്ക് ഒരു നിമിഷം കഴിഞ്ഞാണ് ആൽബിയുടെ ഉദ്ദേശം മനസ്സിലായത്. ‘ ഇല്ല, മെക്കാനിക്കൽ ഡിഫൻസ് ആണ് പഠിപ്പിക്കുന്നത്. പക്ഷേ, അതിന്റെ കേടുപാടുകൾ തീർക്കാൻ മെക്കാനിക്കൽ എഞ്ചിനീയർമാർ മതിയാവില്ല.’ അവൾ അരിശത്തോടെ പറഞ്ഞു. ആൽബിയ്ക്ക് ചിരി നിയന്ത്രിക്കാനായില്ല. അയാൾ പൊട്ടിച്ചിരിച്ചു.
‘ഈ ക്ളീഷെ കോമഡി പറയാനാണോ ആൽബി വിളിച്ചത്? അവനി ഗൗരവത്തോടെ ചോദിച്ചു.
‘ ഇയാള് പണ്ടു മുതൽക്കേ ഇങ്ങനെയാണോ?’ അയാളുടെ വാക്കുകളിലെ കുസൃതി അവൾക്ക് അപ്പോഴേക്കും വ്യക്തമായിരുന്നു. അവളുടെ മനസ്സിലെ ആകാശം തെളിഞ്ഞു. ‘ആൽബിയ്ക്ക് എന്നെക്കുറിച്ച് എന്തൊക്ക അറിയണം?’ അവളുടെ വാക്കുകളിൽ നിലനിന്നിരുന്ന പ്രതിരോധഭാവത്തിന് പെട്ടന്നൊരു മാറ്റമുണ്ടായത് പോലെ. അത് അയാളിലേക്കും പ്രതിഫലിച്ചു. ‘അവനിയെക്കുറിച്ച് അവനി പറയാനാഗ്രഹിക്കുന്ന എന്തും.’ അവനി ഫോണുമെടുത്ത് ജനാലയ്ക്കരികിൽ ചെന്നിരുന്ന് ആകാശത്തേക്ക് നോക്കി. ആ രാത്രിയിലെ നക്ഷത്രങ്ങളൊരുക്കിയ പാത ആൽബിയിലേക്ക് നീളുന്നതായിരിക്കുമോ? അവൾ അവയെ നോക്കി പുഞ്ചിരിച്ചു.
‘എന്റെ വീടും കൊച്ചിയിൽ തന്നെയാണ്, തൃപ്പൂണിത്തുറ. ഹിൽ പാലസിന് അടുത്ത്. അച്ഛൻ ന്യൂറോളജിസ്റ്റ് ആണ്, ഹെൽത്ത് മിഷൻ ഹോസ്പിറ്റലിൽ. അമ്മ ഹൗസ് വൈഫും. എനിക്ക് രണ്ടു ചേച്ചിമാരും രണ്ടു ചേട്ടന്മാരും ഉണ്ട്. മൂത്തചേച്ചിയും രണ്ടാമത്തെ ചേട്ടനും ഡോക്ടർമാരാണ്. മൂന്നാമത്തെ ചേച്ചി അഡ്വക്കേറ്റും ചേട്ടൻ മെർച്ചന്റ് നേവിയിലും. ചേച്ചിമാരും ചേട്ടന്മാരും ഒക്കെ കല്യാണം കഴിഞ്ഞു കുട്ടികളും കുടുംബവുമൊക്കെയായി കൊച്ചിയിലും ഹൈദരാബാദിലും യുഎസിലും ഒക്കെ സെറ്റിൽഡ് ആണ്. ഞാൻ ഏറ്റവും ഇളയതാണ്. ഇപ്പോൾ ഞാനും അച്ഛനും അമ്മയും മാത്രമേയുള്ളൂ വീട്ടിൽ.’ അവനി തന്റെ കുടുംബത്തെപ്പറ്റി ചുരുക്കിപ്പറഞ്ഞു.
‘ ഉം… അപ്പൊ തന്റെ സ്വഭാവം ഇങ്ങനെയായതിനു തക്കതായ കാരണം ഉണ്ട്. എല്ലാവരും കൂടി പുന്നാരിച്ചു വഷളാക്കിയതിന്റെ പ്രശ്നങ്ങളൊക്കെ തന്നെ. അല്ലേ?.’ ആൽബിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവനിയും ചിരിച്ചു. ‘ഉം… എന്റെ ഏറ്റവും മൂത്ത ചേച്ചിയും ഞാനും തമ്മിൽ പന്ത്രണ്ട് വയസ്സിനു വ്യത്യാസം ഉണ്ട്. രണ്ടാമത്തെ ചേട്ടനുമായിട്ട് പത്തു വയസ്സും. മൂന്നാമത്തേത്തും നാലാമത്തേത്തും ഇരട്ടകളാണ്. അവരും ഞാനും തമ്മിൽ തന്നെ ഏഴു വയസ്സിന്റെ വ്യത്യാസം ഉണ്ട്. അതുകൊണ്ട് ഞാൻ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ഇല്ല. ആ ശീലം മാറ്റേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല, ഇനി മാറ്റാനും ഉദ്ദേശിക്കുന്നില്ല.’ അവൾ ചിരിച്ചു കൊണ്ട് തറപ്പിച്ചു പറഞ്ഞു.
‘ഉം… ശരി. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ കുഞ്ഞേ!.’ പറഞ്ഞത് പരിഹാസത്തോടെയാണെങ്കിലും ആൽബിയ്ക്ക് മനസ്സിൽ അതുവരെ അവളോട് തോന്നിയ കൗതുകങ്ങൾക്കിടയിൽ വാത്സല്യത്തിന്റെ നാമ്പ് മുളച്ചു. ‘സത്യമായിട്ടും ആൽബി, ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ലിസിയെ പരിചയപ്പെട്ട അന്ന് മുതൽ കേൾക്കുന്നതാണല്ലോ ആൽബിയെക്കുറിച്ച്, എത്രയൊക്കെ കൂട്ടാണെന്ന് പറഞ്ഞാലും, അവൾക്ക് ആൽബിയെ നല്ല പേടിയാണ്. അത് കാണുമ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്. കാരണം എന്റെ ചേട്ടന്മാരൊന്നും ഇങ്ങനെയല്ല. എന്റെ മുഖമൊന്നു വാടാൻ പോലും സമ്മതിക്കില്ല. ചേച്ചിമാരാണ് പിന്നെയും വഴക്കിടുന്നത്. ആൽബി ഇത്രയും കടുംപിടുത്തം പിടിക്കേണ്ട കാര്യമുണ്ടോ അവളുടെയടുത്ത്? ആൻഡ് ഷീ ഈസ് എ ഗ്രോൺ അപ്പ് നൗ. ഇനിയെങ്കിലും ഈ സമീപനം ഒന്ന് മാറ്റിക്കൂടെ?’ അവളുടെ ആ ഓർമ്മപ്പെടുത്തലിൽ ആൽബിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ലിസി തന്നേക്കാൾ അഞ്ചു വയസ്സിനു ഇളയതാണെങ്കിലും അവളോടുള്ള സ്നേഹമോ വാത്സല്യമോ നല്ല രീതിയിൽ പ്രകടിപ്പിക്കാറില്ല. ലിസിയ്ക്ക് തന്റെ സ്വഭാവം നന്നായി അറിയാം. സ്വഭാവത്തിൽ സാമ്യതകളുണ്ടെങ്കിലും, അവനിയും താനും തമ്മിലുള്ള അന്തരങ്ങളെക്കുറിച്ച് അയാൾ ചിന്തിച്ചു.
‘ എന്റെ ജീവചരിത്രം അറിയാൻ മാത്രമാണോ ആൽബിയെന്നെ ഈ രാത്രി വിളിച്ചത്.’? അവനിയുടെ ശബ്ദത്തിലെ പതർച്ച തീർത്തും ഇല്ലാതെയായിരുന്നു. ശക്തിയായി ശ്വാസമയച്ചു കൊണ്ട് ആൽബി ആ നിമിഷത്തിലേക്ക് തിരിച്ചു വന്നു. ‘പിന്നെ, ഞാൻ വിളിച്ചത് വേറെ എന്തറിയാനാണെന്നാ മാഡം വിചാരിച്ചത്? വെറുതെ, കണ്ട് അടികൂടി പിരിയണ്ടല്ലോ എന്ന് കരുതി വിളിച്ചതാണ്.’ അവനിയെ ഉത്തരംമുട്ടിക്കാൻ താൻ കാണിക്കുന്ന ആവേശത്തെക്കുറിച്ചോർത്ത് അയാൾ ചിരിച്ചു. പക്ഷേ, അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പെട്ടന്ന് നിശ്ശബ്ദയായി. അവനിയുടെ നെഞ്ചിലെവിടെയോ ഒരു നിരാശ ശക്തിയായി പതിച്ച് വേദനയുണ്ടാക്കി. പെട്ടന്ന് ഒരു നീരുറവ പുറത്തേക്കുള്ള വഴി തിരഞ്ഞെത്തിയതറിഞ്ഞ് അവൾ കണ്ണുകളടച്ചു ദീർഘമായി ശ്വാസം അകത്തേക്ക് വലിച്ചു.
‘ഉം? അവനി, താനെന്താ പെട്ടന്ന് സൈലന്റ് ആയത്?’ ആ നിശ്ശബ്ദതയിൽ ആൽബിയുടെ മനസ്സിലെ കുസൃതികൾ ഓടിയൊളിച്ചു. ‘അവനീ…’ അവളുടെ മൗനത്തിന്റെ അർത്ഥം വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്തതിൽ അയാൾക്ക് വല്ലായ്ക തോന്നി. ‘ആൽബി, തിരിച്ചു പോകുമോ ഇന്ന്.?’ പെട്ടന്ന് അവളങ്ങനെയൊരു ചോദ്യം ചോദിക്കാൻ കാരണമെന്തായിരിക്കുമെന്ന് അയാൾ ആലോചിച്ചു. ‘ഇല്ല. ഞാൻ എന്റെ ബൈക്ക് എടുക്കാതെയാണ് വന്നത്. ആക്സിഡന്റിന് ശേഷം ലോങ്ങ് ഡ്രൈവിനുള്ള സമ്മതം കിട്ടിയിട്ടില്ല ഇതുവരെ.’ ആൽബി ചിരിച്ചുകൊണ്ട് തുടർന്നു. ‘രാത്രിയിലെ ട്രെയിനിനു പോകണമെന്നു കരുതിയതാണ്, ലിസി സമ്മതിച്ചില്ല. ഞാൻ വരുമ്പോൾ ഗിഫ്റ്റ് ഒന്നും വാങ്ങേണ്ടെന്ന് അവൾ തന്നെ പറഞ്ഞതാണ്. പകരം ഞാൻ ഇവിടെ വന്നിട്ട് അവളെയും കൂട്ടി ഷോപ്പിംഗിന് പോകണമെന്നാണ് ഡിമാൻഡ്. അതുകൊണ്ട് നാളെ അതു കഴിഞ്ഞ് ഏതെങ്കിലും ട്രെയിനിനു പോവാമെന്ന് വിചാരിച്ചു. ‘ വീണ്ടും രണ്ടു നിമിഷത്തെ നിശ്ശബ്ദത അവർക്കിടയിലെ അകലത്തിൽ നിറഞ്ഞു.
‘ആൽബി…’ എന്തെന്നറിയില്ലെങ്കിലും അവനിയുടെ ശബ്ദത്തിൽ ഒളിഞ്ഞിരിക്കുന്ന വേദനയുടെ ഒരംശം അയാളിലേക്ക് പടർന്നു. ‘ഉം.’ അവളിലെ മാറ്റത്തെക്കുറിച്ച് അയാൾ പെട്ടന്ന് ബോധവാനായി. അവൾ പറയുന്നതിനിടയിലെ വരികൾ വായിക്കാൻ ശ്രമിച്ചു. പക്ഷേ അയാൾക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.
‘ആൽബി…അനുവാദം ചോദിക്കാതെ എന്റെ ഹൃദയത്തിൽ കടന്നുപറ്റിയിട്ട് ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നതെന്തിനാ? എന്റെ ഊഹം തെറ്റല്ലെങ്കിൽ ആൽബിക്കും അതു തന്നെയാണ് തോന്നിയിട്ടുള്ളത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്! ആൽബി ഇന്ന് വിളിച്ചില്ലായിരുന്നെങ്കിൽ അതെന്റെ തോന്നൽ മാത്രമായിക്കരുതി ഞാനത് മനസ്സിൽ നിന്നെടുത്തു കളയാൻ ശ്രമിച്ചേനെ.’ അവനിയുടെ സത്യപ്രസ്ഥാവന ആൽബിയെ നിശ്ശബ്ദനാക്കി. താൻ ചോദിക്കാൻ ബാക്കിവെച്ച, അല്ല, പറയാൻ സംശയിച്ചു നിന്ന കാര്യമാണ് അവൾ ഒറ്റയടിക്ക് വിളിച്ചു പറഞ്ഞത്. ആൽബി മനസ്സ് തുറന്ന് ചിരിച്ചു. പക്ഷേ, ആ ഒരൊറ്റ ചിരിയോടെ അയാൾ കീഴടങ്ങാൻ തയ്യാറായില്ല.
‘ ഉം… ലവ് അറ്റ് ഫസ്റ്റ് സൈറ്റ്! എനിക്കും അത് തന്നെയാണ് തോന്നിയത്. പക്ഷേ, അത് ഉറപ്പിക്കാറായോ? ‘ അയാൾക്ക് അവനിയുടെ വിശദീകരണം കേൾക്കണമെന്ന് തോന്നി. ‘ ഉറപ്പിക്കാനല്ലെങ്കിൽ ആൽബി പിന്നെന്തിനാ വിളിച്ചത്?’ അവനിയും വിട്ടു കൊടുത്തില്ല. അവൾക്കും ആൽബിയിൽ നിന്നു കൂടുതൽ അറിയണമായിരുന്നു. ഇത്തവണ അയാൾ മനസ്സിലുള്ള ബാക്കി സംശയങ്ങൾ ദൂരീകരിക്കാൻ ശ്രമിച്ചു. ‘ ഉം. ഉറപ്പിക്കാൻ തന്നെയാ വിളിച്ചത്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി. ഇഷ്ടം എന്ന് പറഞ്ഞാൽ വെറുതെയൊരിഷ്ടം മാത്രമല്ല. ഇതുവരെ തോന്നാത്ത എന്തോ ഒരു സെൻസ് ഓഫ് കംഫർട് ഉണ്ട് നീ അടുത്ത് നിൽക്കുമ്പോൾ. നിനക്ക് എന്നോട് അതേ ഇഷ്ടം തോന്നിയോ ഇല്ലയോ എന്നുള്ള ആശയക്കുഴപ്പം തീർക്കണമല്ലോ. അതിനായി തന്നെയാ വിളിച്ചത്. പക്ഷേ, ഞാൻ തുറന്ന് ചോദിച്ചിട്ട്, തനിക്ക് തിരിച്ചൊന്നും തോന്നിയിട്ടില്ലെന്ന് പറഞ്ഞാൽ അതിന്റെ ആഘാതം ഞാൻ തന്നെ സഹിക്കണ്ട, അതാ മടിച്ചത്. ‘ ആൽബി അവളുടെ മനസ്സറിഞ്ഞു കഴിഞ്ഞത് കൊണ്ട് ആശ്വാസത്തോടെ പറഞ്ഞു. ‘ഉം… ഇപ്പൊ ആ പ്രശ്നം തീർന്നില്ലേ? കാരണം എന്താണെന്നൊന്നും അറിയില്ല, പക്ഷേ ആദ്യായിട്ടാണ് എനിക്കൊരാളോട് മനസ്സിൽ ഇങ്ങനെ ഒരിഷ്ടം തോന്നുന്നത്. ഇതൊന്നും മനസ്സിലിട്ട് കൊണ്ടു നടക്കാൻ എനിക്ക് കഴിയില്ല, ആൽബി. എന്റെ തല പൊട്ടിത്തെറിക്കും. അതു കൊണ്ട് തന്നെയാ പാർട്ടിയ്ക്കിടയിൽ ഇറങ്ങി പോരുമ്പോൾ ഞാൻ ആൽബിയെ കെട്ടിപ്പിടിച്ചതും, ദാ, ഇപ്പൊ രണ്ടാമതൊന്നാലോചിക്കാതെ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞതും.’ അവൾ നിഷ്കളങ്കതയോടെ പറഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ദീർഘനിശ്വാസമയച്ചു. ‘എനിക്ക് ഇപ്പൊ ആൽബിയെ കാണണം.’ മനസ്സിലെ ശ്വാസംമുട്ടിക്കുന്ന തോന്നലുകളെ തടുക്കാൻ അവൾ ശ്രമിച്ചില്ല. ആ ആവശ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും ആൽബിയുടെ മനസ്സിൽ അലയടിച്ച ആഹ്ലാദം മുഖത്ത് പുഞ്ചിരിയായി നിറഞ്ഞു. ‘ ഇപ്പോഴോ? സമയം പത്തരയായി.’ അയാൾ വാച്ചിൽ നോക്കി. ‘ഇത് കേരളം അല്ല. ഇവിടെ അത്ര പെട്ടന്നൊന്നും രാത്രിയാകാറില്ല. ഞാൻ എന്റെ വണ്ടി എടുത്ത് വരാം.’ തിരിച്ചെന്തെങ്കിലും പറയാനുള്ള അവസരം അവനി കൊടുത്തില്ല. ഉത്തരം അവൾ തന്നെ തിരഞ്ഞെടുത്തിരുന്നു അപ്പോഴേക്കും. ആൽബി ചിരിച്ചുകൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി.
‘അവനി….. വേണ്ട. ലേറ്റ് ആയി. പിന്നെ ലിസിയും അവിടെ നിന്റെ അപാർട്മെന്റിൽ തന്നെയില്ലേ. ഞാൻ എപ്പോഴും അവളെ വഴക്ക് പറയുന്നതാ ലേറ്റ് ആയി റൂമിലെത്തുന്നതിന്. വേണ്ട, നാളെ കാണാം. അല്ലെങ്കിലും രാത്രി ലേറ്റായിട്ട് നിന്നെക്കൂട്ടി കറങ്ങുന്നതൊന്നും ശരിയാവില്ല.’ ആൽബിയുടെ ശബ്ദത്തിൽ പെട്ടന്നുണ്ടായ ഗൗരവം അവനിയെ ചൊടിപ്പിക്കുകയാണ് ചെയ്തത്.
‘ആൽബി ഇത്ര യാഥാസ്ഥിതികമായ ചിന്താഗതിയുള്ള ആളാണോ.? ‘ അവിശ്വസനീയത അവളുടെ വാക്കുകളിൽ വ്യക്തമായിരുന്നു. അവളുടെ ഞൊടിയിടകൾക്കുള്ളിലെ വികാരവ്യതിയാനങ്ങൾ അയാളിലും മാറ്റങ്ങൾ സൃഷ്ടിക്കൊണ്ടിരുന്നു. അയാൾക്ക് താൻ പ്രതികരിച്ച രീതിയിൽ ചെറിയ നിരാശ തോന്നി. പക്ഷേ, പെട്ടന്ന് വലിയ മാറ്റങ്ങൾ വരുത്താൻ അയാളുടെ മനസ്സ് വിസമ്മതിച്ചു. ‘അതെ. ഞാൻ കുറച്ച് യാഥാസ്ഥിതികനാണ്. നിനക്ക് ഇങ്ങനെ എന്നെ സ്നേഹിക്കാൻ പറ്റുമെങ്കിൽ സ്നേഹിച്ചാൽ മതിയെടീ.’ അവളോട് താൻ പ്രതികരിക്കാനെടുത്ത സ്വാതന്ത്ര്യത്തിൽ ആൽബിക്ക് തന്നെ അത്ഭുതം തോന്നി.
‘ഓ… നോ താങ്ക്സ്.’ ആ ഉത്തരത്തിൽ അവളുടെ മുഖഭാവം അയാളുടെ മനസ്സിൽ തെളിഞ്ഞു. ആൽബിക്ക് ചിരി വന്നെങ്കിലും അവളെ കാണാൻ അയാൾക്കും പെട്ടന്ന് അതിയായ മോഹമുണ്ടായി. ‘അവനീ, നാളെ പോകുന്നതിന് മുൻപ് നിന്നെ കണ്ടിട്ടേ ഞാൻ പോകൂ.’ ആൽബി ദീർഘശ്വാസമെടുത്തു. ‘ വേണ്ട. കാണണ്ട.’ അവനിയുടെ ശബ്ദത്തിലെ പരിഭവം വ്യക്തമായിരുന്നു. ‘ഇത് ഇവിടെത്തന്നെ അവസാനിപ്പിക്കുന്നതാ നല്ലത്. ഏറ്റവും ദൈർഘ്യം കുറഞ്ഞ പ്രണയമെന്ന റെക്കോർഡിന് എന്നെ അർഹയാക്കിയതിനു നന്ദി. ദിവസം ഓർത്തു വെച്ചോ. ഏപ്രിൽ പതിനൊന്ന്. ഗുഡ്ബൈ. ഗുഡ്നൈറ്റ്.’ അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
ഹോട്ടൽ മുറിയിലെ ഓപ്പൺ ബാൽക്കണിയുടെ കൈവരിയിൽ കിടന്ന് ആൽബി ആകാശത്തേക്ക് നോക്കി. ഏപ്രിൽ പതിനൊന്ന്. അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. തന്റെ ആശയക്കുഴപ്പങ്ങൾക്ക് ഉത്തരം കിട്ടാനായാണ് അവനിയെ വിളിച്ചത്. ചോദിച്ചതിനും പറഞ്ഞതിനുമപ്പുറത്ത് അറിയേണ്ടതെല്ലാം അറിഞ്ഞതിന്റെ ആശ്വാസം. അവളുടെ തളച്ചിടാത്ത മനസ്സും മുൻകോപവും എടുത്തടിച്ച മറുപടികളും തന്റെ ഹൃദയമിടിപ്പുകൾക്ക് നൽകിയ പുത്തനുണർവ് ആൽബി തിരിച്ചറിയുന്നുണ്ടായിരുന്നു. പ്രണയം! മുൻപും തനിക്ക് രണ്ട് സ്നേഹബന്ധങ്ങളുണ്ടായിട്ടുണ്ട്, ഇന്നതിനെ അങ്ങനെയേ വിളിക്കാൻ കഴിയൂ. പ്രണയം മറ്റെന്തൊക്കെയോ ആണെന്ന് അവനിയെ കണ്ടുമുട്ടിയശേഷം കടന്നു പോയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തോന്നിത്തുടങ്ങിയിരിക്കുന്നു.
ആദ്യത്തേത് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോളാണ്. രണ്ടു വർഷം സീനിയർ ആയിരുന്ന അഞ്ജന. സീനിയേർസുമായുള്ള ഒരു ബെറ്റിന്റെ പുറത്ത് അങ്ങോട്ട് പോയി പ്രൊപ്പോസ് ചെയ്തതാണ്. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് അവൾ സമ്മതിച്ചു. നല്ല കുട്ടിയായിരുന്നു. തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും താൻ സീരിയസ് ആയി വരുന്നതിനിടയിലാണ് അവൾ ആ ബെറ്റിന്റെ കാര്യം അറിയുന്നത്. വല്യ ബഹളമായി. പിന്നീട് അവൾ തന്നോട് സംസാരിച്ചിട്ട് പോലുമില്ല. ചെയ്തത് തെറ്റാണെങ്കിലും, എന്തോ മാപ്പ് പറയാനോ തിരിച്ചു വിളിക്കാനോ തോന്നിയില്ല. ആ വേർപിരിയൽ അന്ന് തന്നെയും വളരെ ആഴത്തിൽ മുറിപ്പെടുത്തിയിരുന്നു. അവളെന്നെങ്കിലും തന്റെ മനസ്സറിഞ്ഞു തിരിച്ചു വരണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. അതുണ്ടായില്ല.
നാലഞ്ചു വർഷം കഴിഞ്ഞാണ് നീനയെ കണ്ടുമുട്ടുന്നത്. പപ്പയുടെ ഫ്രണ്ടിന്റെ മകളാണ്. തമ്മിൽ ഒന്നു രണ്ടു തവണ കണ്ടിരുന്നെന്നത് ഒഴിച്ചാൽ അടുത്ത പരിചയമൊന്നും ഇല്ലായിരുന്നു. അവൾ ഇങ്ങോട്ട് വന്ന് ഡേറ്റിംങ്ങിന് ചോദിച്ചതാണ്, ഒരു കല്യാണറിസപ്ഷന്റെ ഇടയ്ക്ക്. എന്തോ, അന്നത്തെ ഒരു ആവേശത്തിന്റെ പുറത്ത് സമ്മതം പറഞ്ഞു. ആദ്യത്തെ ഡേറ്റ് പിന്നീടുള്ള കൂടിക്കാഴ്ചകളിലേക്കും ഇഷ്ടത്തിലേക്കും കൊണ്ടുപോയി. തുടക്കം മുതൽക്കേ എന്തൊക്കെയോ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇഷ്ടത്തേക്കാളേറെ ഇഷ്ടക്കേടുകൾക്ക് പ്രാധാന്യമേറി വരുന്നതിന്റെ ഇടയിലാണ് തമ്മിലുണ്ടായ ഒരു ചെറിയ തർക്കം വൻ അടിയിലേക്കും പിരിയാനുള്ള തീരുമാനത്തിലേക്കും കൊണ്ടെത്തിച്ചത്.
ആൽബിയുടെ മനസ്സ് ഒരു ക്ഷണം കൊണ്ട് ഭൂതകാലത്തിൽ കറങ്ങിത്തിരിഞ്ഞ് അവനിയിലേക്ക് തിരിച്ചെത്തി. ഇതുവരെ സംഭവിച്ചതൊന്നും പോലെയല്ല, കണ്ട നിമിഷം മുതൽ അവൾ മാത്രമാണ് മനസ്സിൽ. ഓരോ നിമിഷവും അവളെ കാണാൻ മനസ്സ് വെമ്പിക്കൊണ്ടിരിക്കുന്നു. പെട്ടന്ന് സ്വയം മനസ്സിലാവാതായത് പോലെ. അവളുടെ ശരീരത്തിന്റെ ചൂടും ഗന്ധവും ഇപ്പോഴും താൻ അനുഭവിക്കുന്നുണ്ട്. ഒരാളുടെ വാദങ്ങൾക്ക് മറുത്തൊന്നും പറയാൻ അവസരം കിട്ടാതെ, അല്ല, പറയാൻ തോന്നാതിരിക്കുന്നത് ആദ്യമായാണ്. തണുത്ത ഒരു കാറ്റ് തഴുകി കടന്നു പോയപ്പോൾ ജീവിതത്തിന്റെ പുതിയ വഴിയിൽ തെളിഞ്ഞ നക്ഷത്രങ്ങളെ നോക്കി അയാൾ കണ്ണിറുക്കി.
‘ഏപ്രിൽ പതിനൊന്ന്. അതൊരു വല്ലാത്ത കോയിൻസിഡൻസ് ആണല്ലോ ആൽബി. ഞാൻ ജനിച്ചതും മരിച്ചതും ഏപ്രിൽ പതിനൊന്നിനാണ്.’ ഏപ്രിൽ അമ്പരപ്പോടെ ആൽബിയുടെ മുഖത്തേക്ക് നോക്കി. അയാൾ അതെയെന്ന ഭാവത്തിൽ തലയാട്ടുക മാത്രം ചെയ്തു.