രോമാവൃതമായ തന്റെ കൈകൾ അവളുടെ മൃദുലമായ ശരീരത്തെ പൊതിഞ്ഞിരിക്കുകയാണ്. തന്റെ വെളുത്ത മേഘക്കൂടിനുള്ളിലേക്ക് പറന്നിറങ്ങിയ ആ പെൺപക്ഷി അവളുടെ കൈകൾ കഴുത്തിനു പിറകിൽ കൊരുത്തിട്ട് തങ്ങൾക്കിടയിൽ ശേഷിച്ച വിടവുകൾ നികത്തി. അവളുടെ കഴുത്തിൽ വീണു കിടക്കുന്ന തിളങ്ങുന്ന ചെമ്പൻ നൂലുകളിടകലർന്ന കറുത്ത തലമുടിയിൽ ആൽബി മുഖമമർത്തി. മോഹിപ്പിക്കുന്ന സുഗന്ധം. അവളുടെ ഗന്ധം ആൽബിയുടെ നാഡിവ്യൂഹങ്ങളെ ഒരുമിച്ചുണർത്തി. ആ ഗന്ധത്തെ തന്നിലേക്കാവാഹിക്കാനെന്നവണ്ണം അയാൾ ശക്തിയായി ശ്വാസം അകത്തേക്കെടുത്തു. ഓർമ്മകളിലെവിടെ നിന്നും അങ്ങനെയൊരു ഗന്ധം ചികഞ്ഞെടുക്കാനാവുന്നില്ല. പെർഫ്യൂമോ ബോഡിവാഷോ ഷാംപൂവോ ആയിരിക്കണം. പരിചിതവും അപരിചിതവുമായ ഏതൊക്കെയോ തീവ്രമായ വികാരങ്ങൾ ശരീരത്തെ പലവഴിക്ക് വലിഞ്ഞു മുറുക്കി ഹൃദയത്തിൽ കൊളുത്തിയിട്ടിരിക്കുന്നു. തന്റെ ഹൃദയമിടിപ്പിന്റെ വേഗതയും ശ്വാസത്തിന്റെ ആഴവും അവളിൽ പ്രതിഫലിക്കുന്നു. ആൽബി കണ്ണു തുറക്കാതെ അവളുടെ കഴുത്തിൽ ചുണ്ടുകളമർത്തി. അവൾ തല തിരിച്ച് ആൽബിയുടെ ചെവിയിൽ മന്ത്രിച്ചു.
‘ Albert….Tu es mon ame soeur….’
‘ആൽബി സ്വപ്നത്തിലുണ്ടായിരുന്ന ആ പെൺകുട്ടിയുടെ മുഖം കണ്ടോ?’. ഏപ്രിലിന്റെ പെട്ടന്നുണ്ടായ ചോദ്യം ആൽബിയെ അരക്ഷണം കൊണ്ട് വർത്തമാനകാലത്തേക്ക് തിരിച്ചെത്തിച്ചു. അതയാളെ ചൊടിപ്പിച്ചു.
‘ഇത് സ്വപ്നമാണെന്ന് തനിക്കെങ്ങനെ അറിയാം? കഥ മുഴുവൻ അറിയുമെങ്കിൽ പിന്നെ എന്നെക്കൊണ്ട് പറയിക്കുന്നതെന്തിനാ?’. അയാൾ ഏപ്രിലിനെ സംശയത്തോടെ നോക്കി. അവൾ ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.
‘ഞാൻ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്ന് എന്റെ ശ്രദ്ധ തിരിക്കാനാണെങ്കിൽ ഞാൻ ഇവിടെ വെച്ചു തന്നെ നിർത്തും.’
ഏപ്രിൽ വായ മൂടി സിപ്പ് ഇടുന്ന ആംഗ്യം കാണിച്ച് കൈകൂപ്പി ക്ഷമാപണവും നടത്തി. ആൽബിയുടെ മുഖത്തെ നീരസം പുഞ്ചിരിയായി മാറി, പക്ഷേ ഏപ്രിലിന്റെ മുഖത്ത് പെട്ടന്ന് വന്ന ഭാവമാറ്റം അയാൾ ശ്രദ്ധിക്കാതിരുന്നില്ല. അവളുടെ ഭാവമാറ്റം ഹൃദയത്തിൽ ചെറിയ ഓരോളം സൃഷ്ടിച്ച് കടന്നു പോയി. കഥ തുടരാൻ അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഒരു ദീർഘനിശ്വാസത്തോടെ അവളുടെ ചോദ്യം മറന്ന് അയാൾ തന്റെ ഭൂതകാലത്തേക്ക് മടങ്ങി.
‘ആം സോർ’ എന്ന ആ മാലാഖ ഉച്ചരിച്ചു നിർത്തിയ വാക്കിൽ ഓർമ്മകൾ ചെന്നു നിന്നു.
‘ആൽബീ….. സമയം എട്ടരയായി. നീ അലാറം വെക്കാമെന്ന് പറഞ്ഞിട്ടല്ലേ ഞാൻ വിളിക്കാഞ്ഞത്.’ വാതിലിലെ ശക്തിയായ തട്ടലും മമ്മിയുടെ ഉറക്കെയുള്ള വിളിയും കേട്ട് ആൽബി ഞെട്ടിയുണർന്നു. ഹൃദയത്തിന്റെ ഗതിയും ശ്വാസവും താളം തെറ്റിയ അവസ്ഥയിൽ.
‘എടാ ലിസിമോൾടെ ട്രെയിൻ ഒൻപത് മണിക്കെത്തും. അവളിപ്പൊ വിളിച്ച് ചോദിച്ചേ ഉള്ളൂ നീ ഇറങ്ങിയോന്ന്.’ മമ്മി ധൃതിയോടെ അറിയിച്ചു. സുന്ദരമായ ആ സ്വപ്നത്തിൽ നിന്ന് പുറത്ത് കടക്കാനാഗ്രഹിക്കാതെ ആൽബി കണ്ണടച്ച് അതിലേക്ക് തിരിച്ചു നടക്കാൻ ശ്രമിച്ചു. അവളുടെ മൃദുലമായ കൈകളും തലമുടിയും വീണ്ടും മനസ്സിൽ തെളിഞ്ഞെങ്കിലും, മുഖം കാണാൻ സാധിച്ചില്ല. പക്ഷേ കുളിരണിയിക്കുന്ന ആ സാമീപ്യത്തിന്റെ നിഴൽ തന്നെ കോടമഞ്ഞുപോലെ പൊതിഞ്ഞു കിടക്കുന്നതായി അയാൾക്ക് തോന്നി. അവളുടെ സുഗന്ധം ആസ്വദിച്ച് ആ സ്വപ്നത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആൽബി ആഗ്രഹിച്ചു.
‘ആൽബീ…. നീ ഇനിയും എഴുന്നേറ്റില്ലേ?’. മമ്മിയുടെ ശബ്ദത്തിന് കനം കൂടിവരികയാണ്.
‘ഓ വേണ്ട റോസിടീച്ചറേ… ഞാൻ എണീറ്റു. മമ്മിയുടെ പുന്നാരമോള് കുറച്ചു നേരം അവിടെ കാത്ത് നിൽക്കട്ടേന്ന്.’ ആൽബി നിരാശയോടെ എഴുന്നേറ്റിരുന്നു. കയ്യിലാകെ രോമംകൂപങ്ങൾ എഴുന്നേറ്റ് നിന്നതും തന്നെയാകെയൊരു കുളിര് ബാധിച്ചിരിക്കുന്നതും ആൽബി ശ്രദ്ധിച്ചു.
ലിസി കുറേ നാൾ കഴിഞ്ഞു വരികയാണ് നാട്ടിലേക്ക്, ക്രിസ്തുമസ് അവധിക്കായി.
റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപമുള്ള വാതിലിനരികിൽ പ്രകടമായ അക്ഷമയോടെ കൈകെട്ടി നിന്ന ലിസി ആൽബിയെ കണ്ടപാടെ പുരികം ചുളിച്ചു.
‘ എന്നെങ്കിലും സമയത്തിന് വരാൻ പറ്റുമോ മിസ്റ്റർ ആൽബർട്ട്.’?
‘ഞാൻ വിളിക്കാൻ വരണമെങ്കിൽ ചിലപ്പോൾ കുറച്ച് നേരം കാത്തു നിൽക്കേണ്ടിയൊക്കെ വരും. പൊന്നുമോൾക്ക് ഒരു ടാക്സി വിളിച്ച് വരാൻ പറ്റാഞ്ഞിട്ടൊന്നുമല്ലല്ലോ. രാവിലെ മനുഷ്യന്റെ ഉറക്കം കെടുത്താനായിട്ട്.!’ ആൽബി മുഖത്ത് നീരസം വരുത്തിക്കൊണ്ട് പറഞ്ഞു.
‘ഇത്തവണ ചേട്ടന് തന്നെയാ നഷ്ടം. എന്റെ ഫ്രണ്ട്‌സ് മുഴുവൻ ഉണ്ടായിരുന്നു ട്രെയിനിൽ. ഇവിടെ ഇരുപത് മിനിറ്റ് ഹാൾട്ടും ഉണ്ടായിരുന്നു. എന്റെ കൂടെ താമസിക്കുന്ന രണ്ടുപേരും ഇവിടെത്തന്നെയാ ഇറങ്ങിയത്, അവരെയൊക്കെ നേരത്തിനും കാലത്തിനും വീട്ടുകാര് വിളിച്ചോണ്ട് പോയി. എല്ലാവരെയും പരിചയപ്പെടുത്താമെന്ന് വിചാരിച്ചാ ചേട്ടനോട് വിളിക്കാൻ വരണമെന്ന് പറഞ്ഞത്. അല്ലാതെ എനിക്ക് വീട്ടിലേക്കുള്ള വഴി അറിയാഞ്ഞിട്ടൊന്നുമല്ല.’ ലിസി അരിശത്തോടെ പറഞ്ഞു.
‘ഓ…, ചുമടു താങ്ങാനും, വിവാഹപ്രായമെത്തിയ നിന്റെ സുന്ദരനായ ചേട്ടനെ കാണിച്ചു ഷോ ഓഫ് നടത്താനും വേണ്ടിയല്ലേടി നിന്നെ വിളിക്കാൻ എന്നെത്തന്നെ വിടാൻ മമ്മിയോട് പറഞ്ഞത്. അല്ലെങ്കിൽ വീട്ടിലിരിപ്പുണ്ടായിരുന്നല്ലോ നിന്റെ സ്വന്തം റിട്ടയേർഡ് കമാന്റോ.’ ആൽബി ചിരിച്ചുകൊണ്ട് കുനിഞ്ഞ് ലിസിയുടെ കനമുള്ള ബാഗ് എടുത്ത് തോളത്തിട്ടു.
‘ഓ അതെ, ഈ നാട്ടിൽ വേറെ സുന്ദരന്മാരൊന്നും ഇല്ലല്ലോ!. പിന്നെ പപ്പ ഇപ്പോഴും ചേട്ടനേക്കാൾ സുന്ദരൻ തന്നെയാ, പക്ഷേ പപ്പയ്ക്ക് ഇനി ഞാൻ പെണ്ണ് കണ്ടുപിടിച്ചു കൊടുക്കണ്ടല്ലോ..’ ലിസി കണ്ണുകൾ മേല്പോട്ടുരുട്ടി.
‘അപ്പൊ അതാണ് കാര്യം! നീ ഇന്നലെ പറയാഞ്ഞിട്ടല്ലേ. നഷ്ടം നിനക്ക് തന്നെയാ. എത്രേം പെട്ടന്ന് ഒരു നാത്തൂൻ പോരിനുള്ള അവസരമല്ലേ കളഞ്ഞത്. ‘ ആൽബി ചിരിച്ചുകൊണ്ട് അനിയത്തിയെ ചൊടിപ്പിക്കാൻ ശ്രമിച്ചു.
‘ഉം. അതെ. എനിക്കെന്റെ സുഹൃത്തുക്കളോട് കുറച്ചു പകരം വീട്ടാനുണ്ട്. അതിന് ഇതിലും നല്ല മാർഗം വേറെ ഇല്ല.’ ലിസി മറുപടി പറഞ്ഞു കൊണ്ട് കൂടെ നടന്നു.
‘ വാ എനിക്കൊരു കാപ്പി കുടിക്കണം ആദ്യം. ലേറ്റ് ആയീന്നു പറഞ്ഞ് മമ്മി അത് പോലും തന്നില്ല. തലവേദനയെടുത്തിട്ട് വയ്യ.’ ആൽബി ഒരു കൈകൊണ്ട് നെറ്റിയുടെ ഇരുവശത്തും അമർത്തി.
‘കണക്കായിപ്പോയി. ഇന്നലെ എവിടെയായിരുന്നു ലേറ്റ്നൈറ്റ് പാർട്ടി.? അവൾ ചിരിച്ചുകൊണ്ട് തിരക്കി.
‘ജോബിയുടെ ബാച്ചിലർ പാർട്ടിയായിരുന്നു.’ ആൽബി മറുപടി ഒറ്റവാക്യത്തിൽ ഒതുക്കി.
‘ ചേട്ടനിങ്ങനെ ഫ്രണ്ട്‌സിന്റെയൊക്കെ ബാച്ചിലർ പാർട്ടിയും കൂടി നടന്നോ. സ്വന്തം ഇഷ്ടത്തിനൊത്ത് ആരെയെങ്കിലും കണ്ടുപിടിച്ചാൽ ചേട്ടന് കൊള്ളാം. അല്ലെങ്കിൽ മമ്മിയും പപ്പയും കൂടി കണ്ടുപിടുക്കുന്ന വല്ല കാട്ടുമുക്കിലുമുള്ള പെങ്കൊച്ചുങ്ങളെയും കെട്ടേണ്ടി വരും. അതോടെ തീരും ഈ ബൈക്ക് ടൂറും പാർട്ടിലൈഫും. മമ്മി ഇന്നലെയും കൂടി പറഞ്ഞേ ഉള്ളൂ വിളിച്ചപ്പോ ചേട്ടന്റെ കല്യാണക്കാര്യം. അതുകൊണ്ട് ഞാൻ എന്റെ വഴിക്കൊന്ന് നോക്കിയതാ, ആ അവസരം പാഴായി അത്ര തന്നെ!’ അപ്പോഴേക്കും കാറിനടുത്തെത്തി.
‘നീനയുമായുള്ള ചുറ്റിക്കറക്കം കല്യാണത്തിൽ എത്തുമെന്നാ ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്. അവൾടെ കല്യാണം ഉറപ്പിച്ചപ്പോ അതും തീർന്നു. മമ്മിക്ക് നല്ല നിരാശയുണ്ട് അതിൽ. അവള് മരുമകളായി വരുന്നതും കാത്തിരിക്കുകയായിരുന്നു പാവം. എന്താ അവളുമായുള്ള ബ്രേക്ക് അപ്പിനുള്ള ‘തന്റേതല്ലാത്ത’ കാരണം?.’ ലിസി പരിഹാസത്തോടെ തിരക്കി. പക്ഷേ ആൽബി അത് കേട്ടഭാവം പോലും നടിച്ചില്ല.
കോഫീഡേയിൽ കയറിയിരുന്നു കോഫി ഓർഡർ ചെയ്ത ശേഷം ആൽബി ഫോണെടുത്ത് ഗൂഗിളിൽ ‘ Tu es mon ame soeur ‘ എന്ന് ടൈപ്പ് ചെയ്തു. ഉടനടി അതിനുത്തരം സ്‌ക്രീനിൽ തെളിഞ്ഞു. ‘ യൂ ആർ മൈ സോൾമേറ്റ് ‘ എന്ന് ഗൂഗിൾ ഉത്തരം പറഞ്ഞു. ‘സോൾമേറ്റ്’ എന്ന വാക്കിന് ഫ്രഞ്ച് ഭാഷയിലുപയോഗിക്കുന്ന പദമാണ് ‘ആം സോർ’ എന്ന് ഗൂഗിൾ പ്രത്യേകം എടുത്തു പറഞ്ഞു. തന്റെ കൈയ്യിലെ രോമങ്ങൾ പെട്ടന്ന് എഴുന്നേറ്റ് നിന്നത് ആൽബി ശ്രദ്ധിച്ചു. ‘ആം സോർ!’ നെഞ്ചിലൊരു കുളിര്. ‘സോൾമേറ്റ്! ‘ ആ വാക്ക് പതുക്കെ ഉച്ചരിച്ചുകൊണ്ട് ആൽബി പുറത്തേക്ക് നോക്കി. ചിന്തയിലാണ്ട ആൽബിയെ കണ്ട ലിസി ടേബിളിൽ തട്ടി.
‘എന്താ ചേട്ടായി ഒരു ആലോചന. നീനയെക്കുറിച്ചാണോ?’ ആൽബി ലിസിയുടെ സ്വരത്തിലെ ചോദ്യചിഹ്നം അവഗണിച്ചു.
‘എടീ ഈ ‘സോൾമേറ്റ്’ എന്ന് പറഞ്ഞാൽ ശരിയ്ക്കും ആരാ.?’ അയാൾ മുഖത്ത് ഭാവവ്യത്യാസം വരുത്താതെ ചോദിച്ചു.
‘ ഓ, അതിനിടയിൽ പുതിയ റോമാൻസ്?.
ലിസി താടിയിൽ കയ്യൂന്നി മുൻപോട്ടിരുന്നു.
‘ഇങ്ങോട്ട് ചോദ്യം വേണ്ട. നീയല്ലേ ഈ കാര്യങ്ങളിലൊക്കെ വലിയ ഗവേഷണം നടത്തുന്നത്. ഞാൻ ചോദിച്ചതിന് ഉത്തരം പറ.’ ആൽബി കോഫീ കപ്പെടുത്ത് ചുണ്ടോട് ചേർത്തു. ലിസി തന്റെ ചോദ്യം തൽക്കാലത്തേക്ക് മാറ്റിവെച്ച് ഒരു ഗവേഷകയുടെ ഗൗരവത്തോടെ മനസ്സിൽ തിരഞ്ഞു.
‘സോൾമേറ്റിനെ ചുറ്റിപ്പറ്റി ഒരുപാട് വ്യാഖ്യാനങ്ങൾ ഉണ്ട് മിത്തോളജിയിൽ ഉൾപ്പടെ. പൊതുവായി പറഞ്ഞാൽ സോൾമേറ്റിന് ആത്മമിത്രം അല്ലെങ്കിൽ തന്റേത് പോലെ വികാരവിചാരങ്ങളുള്ള ഒരാൾ, അത്രയേ അതിന് അർത്ഥം ഉള്ളൂ. അത് ആര് വേണമെങ്കിലും ആവാം. പ്രണയിക്കുന്ന ആളോ സുഹൃത്തുക്കളോ സഹോദരങ്ങളോ മാതാപിതാക്കളോ നമ്മുടെ വഴികാട്ടികളോ അങ്ങനെ ആരും. മുൻജന്മങ്ങളിൽ നമുക്ക് ചുറ്റും സ്നേഹത്തോടെ നിലനിന്നവരാവാം ചിലപ്പോൾ. അത് മറ്റൊരു തുടർച്ചയായത് കൊണ്ടുതന്നെ
അങ്ങനെയുള്ളവരോട് നമ്മൾ മനസ്സുകൊണ്ട് പെട്ടന്ന് അടുക്കുമെന്നും, അവർക്ക് നമ്മളെ അനായാസം മനസ്സിലാക്കാൻ കഴിയുമെന്നുമാണ് കരുതപ്പെടുന്നത്.’
‘ അത്രയേ ഉള്ളോ?’ ആൽബി സംശയഭാവത്തിൽ ഇടയ്ക്ക് കയറി ചോദിച്ചു.
‘അല്ല. വിശേഷപ്പെട്ട ഒരാളിലേക്ക് ചുരുക്കിപ്പറഞ്ഞാൽ ആത്മാവിന്റെ മറുപാതി. ജന്മാന്തരപ്രണയം എന്നൊക്കെ പറയില്ലേ, അത് തന്നെ. ഇതൊക്കെ ഒന്നിൽ കൂടുതൽ ജന്മങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവർക്കാണ്. ചേട്ടനതിലൊന്നും വിശ്വാസമില്ലല്ലോ.’ ലിസി ഓർമ്മപ്പെടുത്തി. പക്ഷേ ആൽബി ലിസിയുടെ സോൾമേറ്റിനെക്കുറിച്ചുള്ള വിവരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
‘ഇനി അങ്ങനെ ഒരു ജന്മാന്തരപ്രണയമുണ്ടെന്ന് വെച്ചാലും അയാളെ നമ്മൾ എങ്ങനെ തിരിച്ചറിയും? പിന്നെ ഒരുപാട് ജന്മങ്ങളുണ്ടെങ്കിൽ അത് ഒരാൾ തന്നെയായിക്കൊള്ളണം എന്നില്ലല്ലോ.’ ആ വിഷയത്തിലുള്ള ആൽബിയുടെ പരിപൂർണമായ അജ്ഞാനം ലിസിയ്ക്ക് ഉന്മേഷം പകർന്നു.
‘ഗുഡ് ക്വസ്റ്റ്യൻ. ഇല്ല. സോൾമേറ്റ്സ് ഒന്നിൽ കൂടുതൽ ആവാം. അതിനു പല തലങ്ങളുണ്ട്. പക്ഷേ നമ്മോട് എല്ലാ തലങ്ങളിലും ബന്ധിക്കപ്പെട്ടു കിടക്കുന്ന യഥാർത്ഥ പ്രണയം, അത് ഒന്നേ ഉണ്ടാകൂ.’ ലിസി ഉത്തരം നൽകി.
‘ പല തലങ്ങൾ എന്നു വെച്ചാൽ?’ ആൽബിയ്ക്ക് സംശയമുദിച്ചു.
‘ ചില പ്രണയങ്ങൾ ഫിസിക്കൽ അട്രാക്ഷൻ കൊണ്ടു മാത്രം ആവാം. ചിലത് അതോടൊപ്പമുള്ള ഇമോഷണൽ കണക്ഷൻ കൂടിയുണ്ടാവും. രണ്ടുപേരുടെയും ചിന്തകൾ കൂടി യോജിക്കുന്നതാണെങ്കിൽ അത് ആ പ്രണയത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകും. ഇതിനോടൊക്കെ ചേർന്ന് രണ്ടുപേർ ആത്മീയതലങ്ങളിൽ കൂടി ബന്ധിക്കപ്പെടുന്നവരുമായെന്ന് വരാം. പ്രണയം ഏതു തലങ്ങളിൽ തട്ടി അനുഭവിച്ചാലും പ്രണയം തന്നെയാണ്, പക്ഷേ, എല്ലാ പ്രണയവും സംഭവിക്കും പോലെ തന്നെ നിലനിൽക്കുമെന്ന് പറയാനാവില്ല, മാത്രമല്ല ഒരാളോട് തോന്നുന്ന വികാരങ്ങളുടെ തീവ്രതയിലൂടെയും, അതിന് കാലം വരുത്തുന്ന മാറ്റങ്ങളിലൂടെയുമൊക്കെയേ അത് ഏത് തലത്തിലുള്ളതാണെന്ന് അറിയാൻ സാധിക്കൂ. അതിനുള്ള സാധ്യതകൾ കുറവായത് കൊണ്ട് പലപ്പോഴും അത് തിരിച്ചറിയാതെ പോകുന്നു. പിന്നെ, എല്ലാ ബന്ധങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ചില പാഠങ്ങൾ സമ്മാനിക്കുന്ന അനുഭവങ്ങൾക്ക് വേണ്ടിയാണ്. അത് കഴിയുമ്പോൾ ചിലപ്പോൾ അതിന് പ്രസക്തിയില്ലാതെയാവും, അപ്പോൾ ആ പ്രണയവും നശിച്ചെന്ന് വരാം. പക്ഷേ, അത് അവിടെ തീരണോ തുടരണോ എന്നുള്ള തീരുമാനം വ്യക്തിപരമാണ്.’ ലിസി മനസ്സിൽ ശേഖരിച്ചു വെച്ചിരിക്കുന്ന അറിവുകളുടെ ആഴങ്ങളിൽ തിരഞ്ഞു.
ആൽബിയുടെ ആശയക്കുഴപ്പം നിറഞ്ഞ മുഖഭാവം കണ്ട് ലിസി ചിരിച്ചു കൊണ്ടു തുടർന്നു.
‘ഒരു മനുഷ്യനെ എല്ലാ തലങ്ങളിലും ബന്ധിപ്പിക്കുന്ന ഒരു പ്രണയം അപൂർവമായി സംഭവിക്കുന്ന ഒരു ജന്മനിയോഗമാണ്. നമ്മുടെ മറുപാതിയാകാൻ നമുക്കായി യാത്ര തുടങ്ങിയവർ, അല്ലെങ്കിൽ നമ്മളിൽ നിന്നും അടർന്നു പോയ, നമ്മുടെ പ്രതിബിംബം പോലെ ഒരാൾ. നമ്മളും അയാളിലേക്കുള്ള യാത്രയിലാണ് നമ്മുടെ വിവിധ തലങ്ങളിലുള്ള പരിണാമങ്ങളിലൂടെ. അയാൾ വന്നു ചേരുമ്പോഴാണ് നമ്മൾ പൂർണരാകുന്നത്. പക്ഷേ അത് രണ്ട് അപൂർണതകളുടെ സമ്മേളനം അല്ല, മറിച്ച് പൂർണരായ രണ്ടാത്മാക്കളുടെ സമ്മേളനം ആണ്.’ അതുകേട്ട് ആൽബി ഒരു പുരികമുയർത്തി. അയാൾ എന്തെങ്കിലും പറയും മുൻപ് ലിസി തുടർന്നു.
‘ ആ ആത്മബന്ധത്തിൽ സന്ധിക്കേണ്ട രണ്ടുപേരുടെയും ജീവിതം ഒരുപാട് പരീക്ഷണങ്ങൾ നിറഞ്ഞതായിരിക്കും. കാരണം ആ പ്രണയത്തിനായിത്തന്നെ അവർ പാകപ്പെടേണ്ടതുണ്ട്. അതുവരെ ആ കൂടിച്ചേരൽ നീണ്ടു പോകും, അയാൾ മുൻപിൽ വന്ന് തിരിച്ചറിഞ്ഞ് പ്രണയിച്ചാൽ പോലും, ചിലപ്പോൾ ജന്മങ്ങളോളം. പക്ഷേ അയാളോടുള്ള പ്രണയം മറ്റൊന്നിനോടും താരതമ്യപ്പെടുത്താൻ കഴിയാത്ത അനുഭൂതിയായിരിക്കും.’
ആൽബി ദീർഘനിശ്വാസത്തോടെ താടിയ്ക്ക് കൈകൊടുത്തു.
‘ഓ, മതി. ഇനി അതിനെക്കുറിച്ച് പറയണ്ട. ഇത്രയും കാലം ഇതൊന്നും മനസ്സിലാക്കിയിട്ടൊന്നും അല്ലല്ലോ ഇവിടാരും പ്രണയിച്ചിട്ടുള്ളത്? അതുകൊണ്ട്, കാത്തിരിപ്പും പരീക്ഷണങ്ങളുമൊന്നും തൽക്കാലം നമുക്ക് ആവശ്യമില്ല കൊച്ചേ. കാത്തിരുന്ന് കാത്തിരുന്ന് അവസാനം അയാൾ ഈ ജന്മത്തിൽ വരുന്നില്ലെന്നെങ്ങാനും തീരുമാനമായാൽ ജന്മം പാഴായിപ്പോകും. അതുകൊണ്ട് അത്ര വലിയ ആത്മീയതലങ്ങൾ ബന്ധിപ്പിക്കുന്ന സോൾമേറ്റൊന്നും എനിക്ക് തൽക്കാലം വേണ്ട. തലങ്ങൾ കുറഞ്ഞതൊക്കെ ഉണ്ടല്ലോ. അത് മതി. ഞാൻ അതിൽ ഹാപ്പി ആയിക്കോളാം.’ ആൽബി ബിൽ കൊടുത്തു.
‘കാത്തിരിപ്പിന്റെയൊന്നും ആവശ്യമില്ല, കാരണം ഇതൊന്നും നിബന്ധനകളോ നിർബന്ധങ്ങളോ അല്ല, ചില കൺസെപ്റ്റുകൾ. അത്രമാത്രം. അതുകൊണ്ട് ചേട്ടനിതൊക്കെ മനസ്സിൽ നിന്ന് മായ്ച്ചു കളഞ്ഞേക്ക്.’ ലിസി പ്രസന്നമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
അല്ലെങ്കിലും എല്ലാ തലങ്ങളും ബന്ധിപ്പിക്കുന്ന പ്രണയമൊക്കെ ഹയർ ലെവൽ ഓഫ് കോൺഷിയസ്നെസ്സിലൊക്കെ എത്തിയിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. അല്ലാതെ കാണുന്നവരെ മൊത്തം സോൾമേറ്റ്സ് ആയി കാണുന്ന, കുരങ്ങിൽ നിന്നും മനുഷ്യനിലേക്കുള്ള മാനസിക പരിണാമം പോലും പൂർണമായി സംഭവിക്കാത്തവർക്കുള്ളതല്ല.’ ലിസി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
‘ശരിക്കുമുള്ള ആൾ വരുമ്പോൾ വികാരതീവ്രതകൾ താരതമ്യം ചെയ്യാൻ അനുഭവങ്ങൾ വേണ്ടെടി?’ ആൽബിയും ചിരിച്ചു കൊണ്ട് എഴുന്നേറ്റു.
‘എന്നാലും ചേട്ടൻ കരുതിയിരുന്നോ. കാരണം, ഈ അറിവൊന്നും വെറുതെ ഒരാളെ തേടി വരില്ല.’ ലിസി ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റു. പുറത്തേക്ക് ആൽബിയ്ക്കൊപ്പം നടക്കുന്നതിനിടയിൽ അവൾ തുടർന്നു.
‘അങ്ങനെയൊരു യഥാർത്ഥപ്രണയം, ‘ദ വൺ’ നമ്മളെ തേടി അലയുന്നുണ്ടെങ്കിൽ ചില സൂചനകളും നിമിത്തങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.’
‘എന്നു വെച്ചാൽ? ‘ ആൽബി സംശയം പ്രകടിപ്പിച്ചു.
‘സ്വപ്നങ്ങളായോ മങ്ങിയ ഓർമ്മകളായോ ഒക്കെ മനസ്സിലേക്ക് ആ സാന്നിധ്യമോ അതിനോടാനുബന്ധിച്ച കാര്യങ്ങളോ കടന്നു വരാം. ചില പ്രത്യേക സാധനങ്ങളോ സ്ഥലങ്ങളോ താല്പര്യങ്ങളോ അനുഭവങ്ങളോ അങ്ങനെ എന്തുമാവാം.’
അത്രെയും പറഞ്ഞ് ലിസി കോഫിഡേയുടെ പടിയിറങ്ങി. ഏതോ ഒരോർമ്മ കൊളുത്തി വലിച്ചത് പോലെ ആൽബി വാതിൽക്കൽ തന്നെ നിന്നു. ലിസിയുടെ വിവരണങ്ങൾക്കൊപ്പം ഒരു സ്വപ്നവും അയാളിൽ നിറഞ്ഞു നിന്നു. ഒരാളിലേക്കൊതുങ്ങാൻ വെമ്പുന്ന നേർത്ത സുഗന്ധമുള്ള ഒരു കാറ്റ് അനുവാദം ചോദിക്കാതെ തനിക്ക് ചുറ്റും കറങ്ങിത്തിരിയുന്നതായി ആൽബിക്ക് തോന്നി.
ലിസി വന്നത് കൊണ്ട് ക്രിസ്മസ് ഷോപ്പിങ്ങും കറക്കവുമായി ഒരാഴ്ച തിരക്കുകൾക്കിടയിൽ പെട്ടന്ന് കടന്നു പോയി. കേക്കും വാങ്ങി ക്രിസ്തുമസ് തലേന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ആൽബിയുടെ ബൈക്കിൽ അമിതവേഗത്തിൽ എതിർവശത്തെ ബസ്സിനെ ഓവർടേക്ക് ചെയ്തു വന്ന ഒരു ട്രക്ക് ഇടിച്ചത്. തലച്ചോറിൽ രക്‌തസ്രാവം ഉണ്ടായതിനെത്തുടർന്ന് സർജറി കഴിഞ്ഞെങ്കിലും ആൽബി അബോധാവസ്ഥയിൽ തുടർന്നു.
‘ ആൽബിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. വൈറ്റൽ സൈൻസ് എല്ലാം നോർമൽ ആണ്. ബട്ട് ഹീ ഈസ് സ്റ്റിൽ ഇൻ കോമ. ബോധാവസ്ഥയിലേക്ക് തിരിച്ചു വരാൻ താമസിക്കുന്നതെന്താണെന്ന് അറിയില്ല. ഏതായാലും അടുപ്പമുള്ള ആളുകളുടെ സംസാരങ്ങളും ഇഷ്ടപ്പെട്ട പാട്ടുകളും ഒക്കെ കേൾപ്പിച്ചുകൊണ്ടിരിക്കൂ. എന്തിനോടെങ്കിലും പ്രതികരിച്ചാൽ പിന്നെ ബാക്കി റിക്കവറി എളുപ്പമാകും.’ ഡോക്ടർ നിർദേശിച്ചു. അതെത്തുടർന്ന് പപ്പയും മമ്മിയും ലിസിയും പരമാവധി സമയം ആൽബിയുടെ അടുത്ത് തന്നെ ചിലവഴിച്ചു. ആൽബിയുടെ അടുത്ത സുഹൃത്തുക്കളും ദിനംപ്രതി വന്നും പോയും ഇരുന്നു. പത്താം നാൾ ആൽബി തനിക്ക് ചുറ്റും നടക്കുന്നത് ഒരു സ്വപ്നത്തിലെന്നപോലെ അറിഞ്ഞു തുടങ്ങി. പക്ഷേ കണ്ണുകൾ തുറക്കാനായില്ല. സ്ഥലത്തെ സമയം കൊണ്ട് ബന്ധിക്കാത്ത ഒരു ലോകത്ത് സിഗ്നൽ ഇടയ്ക്ക് മാത്രം വന്നു പോകുന്ന ഒരു കൃത്രിമ ഉപഗ്രഹം പോലെ, ആരുമറിയാതെ അയാൾ കറങ്ങി നടന്നു.
അതുകഴിഞ്ഞു നാലാം ദിവസമാണ്, ആൽബിയുടെ മനസ്സ് തന്റെ സ്വപ്നത്തിലനുഭവിച്ച അതേ മോഹിപ്പിക്കുന്ന സുഗന്ധത്തിലുടക്കിയത്. ശബ്ദങ്ങൾ കേൾക്കാനുണ്ട്, മൃദുവായി. ഇരുട്ടാണ് ചുറ്റും. ആൽബി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. ആ ഗന്ധം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്, തീക്ഷ്ണവും. അവൾ, തന്റെ മാലാഖ, സോൾമേറ്റ്! അവൾ അടുത്തുണ്ട്. അവളുടെ സാമീപ്യം തന്റെ വികാരങ്ങൾക്ക് നൽകുന്ന തീവ്രത ആ നിശ്ചലാവസ്ഥയിലും ആൽബി തിരിച്ചറിഞ്ഞു. അയാൾ ശക്തിയായി കണ്ണുതുറക്കാനും കൈകൾ ചലിപ്പിക്കാനും ശ്രമിച്ചു. അവളെ ഉറക്കെ വിളിക്കാൻ ശ്രമിച്ചു. വിഫലമായ നീണ്ട പരിശ്രമം കൊണ്ട് തളർന്നപ്പോൾ അയാൾ തന്റെ ശ്രമങ്ങൾ നിർത്തി. ആ ഗന്ധം തന്റെ ഓരോ അംശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നത് ആൽബിയറിഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ പെട്ടന്ന് ആ ഗന്ധത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതായി അയാൾക്കനുഭവപ്പെട്ടു. അവൾ അകന്നു പോവുകയാണ്. ഒന്ന് കാണാനോ സംസാരിക്കാനോ സാധിക്കാതെ, അവൾ ആരാണെന്ന് അറിയാൻ സാധിക്കാതെ, ആ സ്വർഗീയ സുഗന്ധത്തിന്റെ നേർത്ത പാളികൾ തനിക്ക് ചുറ്റും അവശേഷിപ്പിച്ചുകൊണ്ട് അവൾ അകന്നു പോവുകയാണ്. ആൽബിയ്ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ശരീരത്തിന്റെ തളർച്ച മറന്ന് അയാൾ വീണ്ടും എഴുന്നേൽക്കാൻ പരിശ്രമിച്ചു. പക്ഷേ സാധിച്ചില്ല. ഒടുവിൽ ആ നിസ്സഹായാവസ്ഥ അയാൾക്ക് അംഗീകരിക്കേണ്ടി വന്നു. അവൾ പോയിട്ടുണ്ടാവണം. നിശ്ശബ്ദതയ്‌ക്കൊപ്പം അവളുടെ നേർത്ത ഗന്ധം അവിടെ തളംകെട്ടി നിന്നു. ആൽബിക്ക് അതിയായ ദേഷ്യവും സങ്കടവും തോന്നി. ഒരു തുള്ളി കണ്ണുനീർ അയാളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി. പക്ഷേ, വീണ്ടും ശൂന്യത അനുഭവപ്പെട്ടു തുടങ്ങി, പുറംലോകവുമായുള്ള അയാളുടെ ബന്ധം വീണ്ടും വിഛേദിക്കപ്പെട്ടു.
‘മമ്മീ, ചേട്ടന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നു.’
രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായാണ് അങ്ങനെയൊരു പ്രതികരണം. പൂർണ ആരോഗ്യത്തോടെ ആൽബി ജീവിതത്തിലേക്ക് തിരിച്ചു വരാൻ വീണ്ടും രണ്ടു മൂന്ന് മാസങ്ങളെടുത്തു. പുറത്തിറങ്ങി നടക്കാറായപ്പോൾ അയാൾ ഓരോ നിമിഷത്തിലും ആ ഗന്ധത്തിനായി കാത്തിരുന്നു. പക്ഷേ സ്വപ്നത്തിൽ പോലും അത് പിന്നീട് അനുഭവിക്കാനായില്ല. ഓർമ്മയിൽ ആ ഗന്ധം നേർത്തുതുടങ്ങിയത് അയാളെ വിഷാദിയാക്കി. ആൽബിയുടെ മാറ്റങ്ങൾ അപകടത്തിന്റെ അനന്തരഫലമായിക്കരുതി വീട്ടുകാർ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ തീരുമാനിച്ചു. പക്ഷേ തന്റെ അസ്വസ്ഥത ചുറ്റുമുള്ളവർ ശ്രദ്ധിച്ചു തുടങ്ങിയെന്ന് ബോധ്യം വന്നപ്പോൾ, എല്ലാം തന്റെ തോന്നൽ മാത്രമായിരുന്നെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്, ഭ്രാന്തുപിടിപ്പിച്ചുകൊണ്ടിരുന്ന ആ തിരച്ചിൽ ബോധപൂർവം അവസാനിപ്പിച്ചു.
( തുടരും )