ആൽബി ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ച് മരുന്നുകൾ കഴിച്ചു തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും മനുഷ്യരും ആത്മാക്കളും അയാൾക്ക് ഒരുപോലെ അന്യരായിത്തീർന്നു. തലയ്ക്ക് മരവിപ്പ് മാത്രം. പാതിമയക്കത്തിൽ ദിവസങ്ങളിഴഞ്ഞു നീങ്ങുന്നത് കണ്ടു കണ്ട് മടുപ്പ് തോന്നിത്തുടങ്ങിയപ്പോൾ അയാൾ മരുന്ന് നിർത്തി. മൂന്നു ദിവസം കഴിഞ്ഞ് വൈകീട്ട് ആൽബി കിച്ചണിൽ നിൽക്കുമ്പോൾ ഏപ്രിൽ വീണ്ടും വന്നു.
‘ഭ്രാന്ത് ഒപ്പിട്ടു വാങ്ങി മരുന്നും കഴിച്ചു തുടങ്ങിയിട്ട് വല്ല പ്രയോജനവും ഉണ്ടോ ആൽബി?’ ഒരു കുസൃതിച്ചിരിയോടെയാണ് അവളത് ചോദിച്ചത്.
‘ആത്മാക്കൾ ഭ്രാന്തുള്ളവരെ മാത്രമേ തേടി വരികയുള്ളോ?’ പരിഹാസത്തോടെ അയാൾ തിരിച്ചു ചോദിച്ചു. ഇത്തവണ ഏപ്രിൽ തന്റെ മുൻപിൽ നിൽക്കുന്നത് പോലെയാണ് ആൽബിക്ക് തോന്നിയത്.
‘അതെ, സമൂഹത്തിൽ കൂടുതൽ ഭ്രാന്തന്മാരെ സൃഷ്ടിക്കാൻ ആത്മാക്കൾക്കും താല്പര്യമില്ല.’ അവൾ ചിരിച്ചു. കൂടെ ആൽബിയും ഉറക്കെ ചിരിച്ചു പോയി. പക്ഷേ അയാൾ പെട്ടന്ന് നിർത്തി.
‘എന്റെ സൈക്യാട്രിസ്റ്റ് പറഞ്ഞത് ഇതൊരു ഇല്ല്യൂഷൻ മാത്രമാണെന്നാണ്. കീഴടങ്ങിയാൽ പുറത്ത് കടക്കാനാവാത്ത ലഹരിയും.’ ഒന്നു നിർത്തിയ ശേഷം നെറ്റിച്ചുളിച്ചുകൊണ്ട് അയാൾ തുടർന്നു.
‘മരിച്ചു കഴിഞ്ഞ് പ്രതികാരം ചെയ്യാനിറങ്ങുന്ന ആത്മാക്കളെ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. ഇനിയിപ്പൊ അതൊക്കെ യഥാർത്ഥത്തിൽ നടക്കുന്നതാണെങ്കിൽ തന്നെ അമേരിക്കയിൽ ജീവിച്ച തനിക്ക് ഈ കേരളത്തിൽ കിടക്കുന്ന എന്നോടെന്ത് പ്രതികാരം ചെയ്യാനാണ്? ഇനി എന്നെ ഉപയോഗിച്ച് വേറെ വല്ലവരെയും ഉപദ്രവിക്കാനാണ് തന്റെ ഉദ്ദേശമെങ്കിൽ ഞാൻ സമ്മതിക്കില്ല, പറഞ്ഞേക്കാം.’ ആ പേര് വിളിച്ച് ഇത്രയൊക്കെ എന്തിന് പറഞ്ഞു എന്ന് അയാൾക്ക് തന്നെ അറിയില്ലായിരുന്നു.
ഏപ്രിൽ പൊട്ടിച്ചിരിച്ചു. ‘തനിക്ക് എന്നെക്കാൾ നല്ല ഇമാജിനേഷൻ ഉണ്ടല്ലോ. എന്നാപ്പിന്നെ നമുക്കൊന്നിച്ച് ഒരു കഥയെഴുതാം.’ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
‘എന്റെ ബാക്കി ജീവിതം, തലയ്ക്ക് സുഖമില്ലാത്തവനെന്ന പേരിൽ ജീവിക്കുന്നത് കണ്ടാലേ തനിക്ക് തൃപ്തിയാകൂ അല്ലേ ഏപ്രിൽ?’ ആൽബി നിഷേധാർത്ഥത്തിൽ തലയാട്ടി.
‘അതിന് താനിപ്പോ നോർമലായിട്ടാണോ ആൽബീ ജീവിക്കുന്നത്?’ ഏപ്രിലിന്റെ നഗ്നമായ ആ ചോദ്യത്തിന് ആൽബിക്ക് ഉത്തരമില്ലായിരുന്നു.
‘ഞാനിവിടെ തന്റെയടുത്ത് നിൽക്കുന്നതിന് എനിക്കറിയാവുന്ന ഒരു കാരണമുണ്ട്. പക്ഷേ, നമുക്ക് തമ്മിൽ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ എനിക്കുമറിയില്ല. അതെനിക്കും അത്ഭുതമാണ്. തനിക്ക് ഈ സംശയങ്ങളൊക്ക മാറ്റിവെച്ച് എന്നോട് സംസാരിച്ചൂടെ ആൽബി?’ ഏപ്രിലിന്റെ മുഖത്തെ പുഞ്ചിരി മായ്ഞ്ഞെങ്കിലും പ്രസന്നത നിലനിന്നു.
‘എന്താ തനിക്കറിയുന്ന കാരണം?’ ആൽബി സംശയത്തോടെ ചോദിച്ചു.
‘ഈ അപ്പാർട്മെന്റ് ആൽബി വാങ്ങുന്നതിനു മുൻപ് എന്റെ പേരിലായിരുന്നു. മമ്മിയുടെ ഷെയറിൽ ഉണ്ടായിരുന്നതാണ്. ഞാൻ ഒരിക്കലും ഇവിടെ വന്നിട്ടില്ല, പക്ഷേ എന്റെ ഇഷ്ടത്തിനൊത്താണ് ഈ വീട്ടിലെ ഓരോ മുറികളും മാറ്റി പണികഴിപ്പിച്ചിരിക്കുന്നത്. എന്നെങ്കിലും നാട്ടിലേക്കൊന്ന് വരാൻ തോന്നിയാൽ തങ്ങാനൊരിടം, അത്രെയേ മനസ്സിലുണ്ടായിരുന്നുള്ളൂ. പക്ഷേ, പിന്നീട് മമ്മിയുടെ ബ്രദറിന്റ നിർബന്ധപ്രകാരമാണ് ഇത് വിൽക്കാൻ തീരുമാനിച്ചത്.’ ഏപ്രിൽ വിശദീകരിച്ചു.
സമ്പാദ്യശീലം ഉണ്ടാക്കണമെന്ന് പറഞ്ഞു പപ്പയാണ് ഈ അപ്പാർട്മെന്റ് വാങ്ങാൻ നിർബന്ധിച്ചത്. പറഞ്ഞ പേപ്പറുകളിലൊക്കെ താൻ ഒപ്പിട്ടു എന്നേ ഉള്ളൂ, പപ്പയാണ് ബാക്കി കാര്യങ്ങളൊക്കെ നോക്കിയത്. അതുകൊണ്ട് മുൻപത്തെ ഉടമസ്ഥനെക്കുറിച്ചൊന്നും തനിക്ക് അറിവില്ല. ആൽബി ഫോണെടുത്ത് പപ്പയെ വിളിച്ചു.
‘പപ്പാ, ഈ അപാർട്മെന്റ് ഞാൻ വാങ്ങും മുൻപ് ആരുടെ പേരിലായിരുന്നു?’ പെട്ടന്നുള്ള ചോദ്യം കേട്ട് പപ്പ അമ്പരന്നെങ്കിലും, അദ്ദേഹം വിവരങ്ങൾ നോക്കി ഉറപ്പ് വരുത്തി ആൽബിയ്ക്ക് പറഞ്ഞു കൊടുത്തു. ഏപ്രിൽ പറഞ്ഞതൊക്കെ സത്യമായിരുന്നെന്നറിഞ്ഞപ്പോൾ ആൽബിയ്ക്ക് അത്ഭുതം തോന്നി. ഒരിക്കലും നേരിൽ കാണാത്ത താനും ഏപ്രിലും ഒരു ഉടമ്പടിയിൽ എന്നോ ഒപ്പിട്ടു കഴിഞ്ഞിരിക്കുന്നു. പക്ഷേ, എന്തിനു വേണ്ടി? അയാളുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി.
‘ഒരിക്കലും വരാത്ത താനെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്?, അപ്പാർട്മെന്റ് നേരിൽ കാണാനോ?’. അപ്പോഴും താൻ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ യാഥാർഥ്യമാണെന്ന് പൂർണമായി വിശ്വസിക്കാൻ ആൽബിയുടെ ലോജിക്കുകൾ അനുവദിക്കുന്നുണ്ടായിരുന്നില്ല.
‘ഞാനിവിടെ തന്റടുത്ത് വന്നു നിൽക്കുന്നതിന് അതിനപ്പുറത്തേക്ക് എന്തെങ്കിലും ഒരു കാരണമുണ്ടാവുമെന്ന് ആൽബിക്ക് തോന്നുന്നില്ലേ? ഒരു തരത്തിൽ നോക്കുമ്പോൾ നമ്മൾ രണ്ടുപേരും മോചനമില്ലാതെ ഇവിടെ കുടുങ്ങിക്കിടക്കുകയല്ലേ? എന്തൊക്കെയോ ഉത്തരങ്ങൾക്ക് വേണ്ടിയാകും ഈ കണ്ടുമുട്ടലെന്ന് തനിക്ക് വിശ്വസിച്ചൂടെ? ‘ ഏപ്രിൽ ചോദ്യങ്ങൾ കൊണ്ട് ആൽബിയെ ശ്വാസംമുട്ടിച്ചു. സ്വയം അവനവനെ തന്നെ വിശ്വസിക്കാനാവാത്ത തനിക്ക് എങ്ങനെ ഒരു ആത്മാവ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാവും.?
‘എന്റെ കാര്യം വിട്ടേക്കൂ, ദൗർഭാഗ്യം എന്ന് കരുതാം, പക്ഷേ ഈ ജീവിതം കഴിഞ്ഞതാണ്. തന്റെ ഈ അവസ്ഥയിൽ നിന്ന് പുറത്തു കടക്കണമെന്ന് തനിക്കൊരാഗ്രഹവുമില്ലേ ആൽബീ?’. അവളുടെ സ്വരത്തിലെ ദയയോ കരുതലോ, ആൽബിയുടെ നെഞ്ചിലൊരു നീറ്റലുണ്ടാക്കി.
‘എനിക്കാരോടും ഒന്നും പറയാനില്ല. ഞാനൊരു മോചനം ആഗ്രഹിക്കുന്നുമില്ല.’ അയാൾ ദുഖത്തോടെ ഫ്രിഡ്ജിന്റെ ഡോറിൽ തലചായ്ച്ചു നിന്നു.
‘താനെന്താണ് തന്നോട് തന്നെ ചെയ്യുന്നതെന്ന് അറിയുമോ ആൽബി, ദിസ് ഈസ് സെൽഫ് ടോർച്ചർ.’ ഏപ്രിൽ ഗൗരവത്തോടെ പറഞ്ഞു.
‘ഏപ്രിൽ പ്ലീസ്, ഒന്ന് പോകൂ…’ ആൽബിയ്ക്ക് വല്ലാത്ത നിസ്സഹായാവസ്ഥ തോന്നി. തന്റെ യാഥാർഥ്യം, ഈ അവസ്ഥയാണ്. അതിനൊരു മാറ്റമുണ്ടാവണമെന്ന ആഗ്രഹം പോലും തോന്നിയിട്ടില്ല. പെട്ടന്ന് ഏപ്രിൽ ഒരു ബുദ്ധിമുട്ടാവുകയാണെന്ന് അയാൾക്ക് തോന്നി. അതോ താൻ തന്നെയാണോ ആ ബുദ്ധിമുട്ട്?
‘ആൽബീ….’ ഏപ്രിൽ മൃദുവായി വിളിച്ചു.
ആൽബിയുടെ ദേഷ്യം പെട്ടന്ന് നിയന്ത്രണാതീതമായി
‘എന്നെ ഇനി ഒരു ഭ്രാന്തനും കൂടെ ആക്കി മാറ്റരുത്.’ ആൽബി പൊട്ടിത്തെറിച്ചു. അയാൾ ധൃതിയിൽ അടുക്കളയിലെ ക്യാബിനിൽ നിന്ന് സൈക്യാട്രിസ്റ്റ് നിർദേശിച്ച മരുന്ന് തപ്പിയെടുത്ത് കഴിച്ചു. പത്തു മിനിറ്റിനുള്ളിൽ അയാളുടെ ലോകത്തിന് വീണ്ടും മങ്ങലേറ്റു.
അടുത്ത ഒരാഴ്ച മരുന്ന് കൃത്യമായി കഴിച്ച ശേഷം ആൽബി വീണ്ടും സൈക്യാട്രിസ്റ്റിനെ കണ്ടു. ആൽബിയുടെ മാനസികസംഘർഷങ്ങൾ കണക്കിലെടുത്ത് മരുന്ന് രണ്ടാഴ്ച കൂടി തുടർന്നിട്ട് കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒരാഴ്ച അയാൾ മരുന്ന് കൃത്യമായി കഴിച്ചു. ഏകാന്തതയും വിരസതയും മറികടക്കുന്നത് മുൻപത്തെക്കാൾ ദുഷ്കരമായി അയാൾക്ക് തോന്നി. മനസ്സ് ഒന്നിനുമല്ലാതെ ആരെയോ പ്രതീക്ഷിച്ചു തുടങ്ങിയത് പോലെ. എവിടെയോ ഏപ്രിലെന്ന ഇല്ല്യൂഷനോട് പറഞ്ഞറിയിക്കാനാവാത്ത ഒരു കൗതുകം. അയാൾ വീണ്ടും മരുന്ന് നിർത്തി നോക്കാൻ തീരുമാനിച്ചു. ആൽബിയുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ജിജ്ഞാസ അയാളെ പുതിയൊരു വഴിക്ക് നയിച്ചു തുടങ്ങിയിരുന്നു. മരുന്ന് നിർത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഏപ്രിൽ വന്നില്ല. നാലാം ദിവസമായപ്പോഴേക്കും ആൽബി അസ്വസ്ഥനായിത്തുടങ്ങി. ഓഫീസിൽ ചെന്നാലും വീട്ടിൽ വിളിച്ചാലും നിസ്സാരകാര്യങ്ങൾക്ക് ദേഷ്യം പിടിയ്ക്കാൻ തുടങ്ങി. വീണ്ടും ഉറക്കമില്ലാതായി. അഞ്ചാം ദിവസം രാവിലെ മരുന്ന് കഴിക്കാൻ കയ്യിലെടുത്തെങ്കിലും വേണ്ടെന്ന് വെച്ചു. അന്ന് വൈകിട്ടായപ്പോഴേക്കും ഏപ്രിൽ എന്ന ആത്മാവ് തന്റെ ഒരു ഭാവന മാത്രമായിരുന്നെന്ന് വിശ്വസിക്കാൻ അയാൾ തീരുമാനിച്ചു. താൻ തന്റെ നോർമലായ ജീവിതത്തിലേക്ക് വന്നു തുടങ്ങുകയാണെന്ന് അയാൾക്ക് തോന്നി. പക്ഷേ എന്താണ് തന്റെ ജീവിതത്തിന്റെ നോർമൽസി എന്നുള്ളതാണ് ഏപ്രിൽ ചോദിച്ചത് പോലെ തന്നെ കുഴയ്ക്കാൻ പോകുന്ന അടുത്ത ചോദ്യം. അതെ, ഡോക്ടർ പറഞ്ഞതായിരിക്കണം ശരി, തന്റെ മനസ്സ് തന്നോട് ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾക്ക് കൊടുത്ത ഒരു പേരാകണം ഏപ്രിൽ. അതുവരെ താഴിട്ടു പൂട്ടിവെച്ച മനസ്സിലെ രഹസ്യ അറ തുറന്ന് ഒരുപാട് ചോദ്യങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങി.
രാത്രി കിടന്നിട്ട് ഉറക്കം വരാതിരുന്നപ്പോൾ ശ്രദ്ധ തിരിക്കാനായി യാത്രകളെക്കുറിച്ചുള്ള ഒരു പുസ്തകവും കയ്യിലെടുത്ത് കട്ടിലിനു മുകളിലുള്ള റീഡിങ് ലാംപ് ഓണാക്കി അയാൾ വീണ്ടും കിടന്നു.
‘താനെന്താ ആൽബീ വീണ്ടും മരുന്ന് നിർത്തിയത്?’. പെട്ടന്നുള്ള ഏപ്രിലിന്റെ ചോദ്യം അയാളെ ഞെട്ടിച്ചു. മനസ്സിൽ സംശയവും സന്തോഷവും തമ്മിൽ വടംവലി നടത്തി.
‘താനെന്താ ആൽബി മരുന്ന് നിർത്തിയത്?’.
ഏപ്രിൽ ചോദ്യമാവർത്തിച്ചപ്പോൾ ആൽബി ഉത്തരം പറയാൻ തീരുമാനിച്ചു.
‘ഞാൻ മരുന്ന് നിർത്തുമ്പോൾ മാത്രമല്ലേ താൻ വരുന്നത്. അതൊന്ന് പരീക്ഷിക്കാൻ വേണ്ടി.’ അയാൾ സംശയത്തോടെ പറഞ്ഞു.
‘അതെ. മരുന്ന് കഴിച്ച് നാഡികൾ തളർന്നു സ്വബോധമില്ലാതിരിക്കുന്ന ഒരാളോട് ആത്മാക്കൾക്ക് സംവദിക്കാനെളുപ്പമാണ്. പക്ഷേ, താനതൊന്നും ഓർത്തിരിക്കില്ലല്ലോ, പോരാത്തതിന് തനിക്ക് കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാവുകയും ചെയ്യും. ഞാൻ അതല്ല ആൽബി ആഗ്രഹിക്കുന്നത്. സ്വബോധത്തോടെ, വിശ്വാസത്തോടെ താൻ എന്നോട് സംസാരിക്കണം. അതാണ് എനിക്ക് വേണ്ടത്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനോ മരിച്ചുപോയ ഒരാത്മാവിനോ സാധാരണയായി കിട്ടുന്ന ഒരനുഭവമല്ല ഇത്. ഐ ജസ്റ്റ് വാണ്ട് ടു ചെറിഷ് ഇറ്റ്.’
ഏപ്രിൽ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ആ ചിരിക്കുന്ന മുഖം അപ്പോഴേക്കും ആൽബിയ്ക്ക് പരിചിതമായിത്തീർന്നിരുന്നു. അവളുടെ വാക്കുകളിൽ സത്യസന്ധതയുണ്ട്, ഇനി ഇതൊക്കെ തന്റെ തോന്നലുകളാണെങ്കിൽ പോലും.
‘അപ്പോൾ തനിക്ക് സംസാരിക്കാൻ ബോധവും ഭ്രാന്തുമുള്ള ഒരാളെ കിട്ടണം അല്ലേ?’ ആൽബി പരിഹാസച്ചിരിയോടെ എഴുന്നേറ്റിരുന്നു ഏപ്രിലിനെ നോക്കി.
‘ഏപ്രിൽ, താനിനി യാഥാർഥ്യം തന്നെയാകട്ടെ, പക്ഷേ വൈ മീ? അതാണ് എനിക്ക് മനസ്സിലാവാത്തത്. ഈ അപാർട്മെന്റ് നമ്മളെ ബന്ധിപ്പിക്കുന്ന ഒരു ഘടകമാവാം, പക്ഷേ, ഒരു മുൻപരിചയവുമില്ലാത്ത എന്നെയെന്തിന് സംസാരിക്കാനായി തിരഞ്ഞെടുത്തു?’.
ആൽബിയ്ക്ക് ഈ നടന്നുകൊണ്ടിരിക്കുന്ന വിശ്വസിക്കാനോ ന്യായീകരിക്കാനോ വിശദീകരണങ്ങൾ വേണമായിരുന്നു. ഏപ്രിൽ ആൽബിയുടെ അടുത്ത് കട്ടിലിൽ ചെന്നിരുന്നു.
‘ഇതൊന്നും ഞാൻ തിരഞ്ഞെടുത്തതല്ലല്ലോ ആൽബീ. ഇവിടെ എത്തിപ്പെട്ടതല്ലേ, ഞാൻ പോലും അറിയാതെ. അതിനൊരുത്തരം എന്റെ കയ്യിലും ഇപ്പോഴില്ല. തനിക്കുള്ളത് പോലെ ഒരുപാട് സംശയങ്ങൾ എനിക്കുമുണ്ട്, തന്നോട് സംസാരിക്കാൻ കഴിയുന്നുവെന്നതിൽ അത്ഭുതവും. പക്ഷേ, ഒന്നറിയാം, താൻ കണ്ടുപിടിച്ച എന്റെ പേരിന്റെ അർത്ഥം പോലെയാണ് ആൽബി, തന്റെ മനസ്സ്. ‘തുറന്നിട്ട വാതിൽ ‘. മനസ്സിന്റെ വാതിൽ അറിഞ്ഞോ അറിയാതെയോ തുറന്നിട്ടവരുമായേ ആത്മാക്കൾക്ക് സംവദിക്കാനാകൂ. അങ്ങനെയുള്ളവർ പല ലോകങ്ങളിലെയും സഞ്ചാരികളാണ് അതേക്കുറിച്ച് ബോധവാന്മാരായില്ലെങ്കിൽ പോലും’. ആൽബി ഏപ്രിലിന്റെ മുഖത്ത് കൗതുകത്തോടെ നോക്കി.
‘ആൽബി, മനുഷ്യന് ശരീരം കൊണ്ട് കടന്നു ചെല്ലാനാവാത്ത ഇടങ്ങളുണ്ട്. അവിടെ ചെന്നെത്താൻ മനസ്സിന് കഴിയും. പക്ഷേ എല്ലാവർക്കും അത് സാധ്യമല്ല. മനസ്സിന്റെ സഞ്ചാരപഥങ്ങളെയറിയാൻ ഒരു ചട്ടക്കൂടിൽ നിന്നു കൊണ്ട് ചിന്തിച്ചാൽ കഴിയില്ല. അതിനായി മനസ്സിന്റെ വാതിൽ അറിഞ്ഞുകൊണ്ട് തന്നെ തുറക്കണം. ഇന്നെനിക്ക് തന്നോട് സംവദിക്കാൻ കഴിയുന്നുണ്ടെങ്കിൽ, അറിഞ്ഞോ അറിയാതെയോ ആൽബി, ഞാൻ നിൽക്കുന്ന ലോകത്തിലേക്ക് ഒരു കാൽവെപ്പ് നടത്തിയിട്ടുണ്ടാവണം. ആൽബിയുടെ കാര്യത്തിൽ അത് അറിയാതെ തന്നെയാണെന്ന് വ്യക്തമാണ്. ‘ ഏപ്രിൽ ഒന്ന് നിർത്തിയിട്ട് തുടർന്നു.
‘ഒരുമിച്ചു നിലനിൽക്കുന്ന ഒരുപാട് ലോകങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ കണ്ണുകൾ കൊണ്ട് കാണുന്നത്. അതിനപ്പുറത്തേക്ക് കാണണമെങ്കിൽ ഒരു മനുഷ്യന്റെ മനസ്സും ഇന്ദ്രിയങ്ങളും അതിനു പ്രാപ്തമാവണം. ആ വ്യത്യാസം മനസ്സിലാക്കാൻ ഒരു ചെറിയ ഉദാഹരണം മതി. മനുഷ്യന്റെയും മൃഗങ്ങളുടെയും ഇന്ദ്രിയങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. ഒരേ സ്ഥലകാലമാനങ്ങളിൽ നിൽക്കുമ്പോൾ തന്നെ വ്യത്യസ്തമായ ഇന്ദ്രിയാനുഭവങ്ങളുണ്ടാകുന്ന വൈവിധ്യമാർന്ന ജീവജാലങ്ങൾ. അഡാപ്റ്റേഷൻ എന്നൊക്കെ നമുക്ക് അറിയാവുന്നത് തന്നെയാണ്. പക്ഷേ, എല്ലാവരും കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും അറിയുന്നതും ഒന്നാണെന്ന് കരുതരുത് ആൽബി.’ ആൽബിയുടെ മുഖത്തെ അമ്പരപ്പ് കണക്കിലെടുത്ത് ഏപ്രിൽ വിശദീകരണം തുടർന്നു.
‘ആൽബി ഡോക്ടർ സ്ട്രേയ്ഞ്ച് എന്ന ഇംഗ്ലീഷ് സിനിമ കണ്ടിട്ടുണ്ടോ?’ ആൽബി, ഉണ്ടെന്ന അർത്ഥത്തിൽ തലകുലുക്കി.
‘അതിൽ മിറർ ഡൈമെൻഷനെക്കുറിച്ച് പറയുന്നത് ഓർക്കുന്നുണ്ടോ? സാധാരണ മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കതീതമായി നിലനിൽക്കുന്ന ഒരിടം.’ ഏപ്രിൽ ആൽബിയ്ക്ക് മനസ്സിലാകുന്ന രീതിയിൽ പറയാൻ ശ്രമിച്ചു.
‘പക്ഷേ, അതൊക്ക മനുഷ്യൻ ഭാവനയിൽ സൃഷ്ടിച്ച കഥകളല്ലേ ഏപ്രിൽ?’. കാടുകയറുന്നത് തന്റെ ഭാവനകളാണോ എന്ന് ആൽബിക്ക് സംശയം തോന്നിത്തുടങ്ങി.
‘എല്ലാ കഥകൾക്ക് പിന്നിലും എവിടെയൊക്കെയോ യാഥാർഥ്യത്തിന്റെ ഒരു കണമെങ്കിലും നിലനിൽക്കുന്നുണ്ടാവും ആൽബി, ആരുമത് അന്വേഷിച്ച് പോകാറില്ലെന്ന് മാത്രം. പക്ഷേ, ചിലരെയത് തേടിവരും. അറിയാൻ സമയമാകുമ്പോൾ.’
ഏപ്രിലിന്റെ മുഖത്തെ മായാത്ത പ്രസന്നത ആൽബി പ്രത്യേകം ശ്രദ്ധിച്ചു. ആ മുഖം തന്നോട് കള്ളം പറയുകയല്ലെന്ന് മനസ്സ് പറഞ്ഞു തുടങ്ങിയിരിക്കുന്നു. അവൾ തന്നെ മറ്റേതോ ലോകത്തേക്ക് കൊണ്ടുപോകുന്നതായി ആൽബിക്ക് തോന്നി. അവളുടെ ലോകത്തേക്ക്.
‘മനസ്സിന്റെ അസന്തുലിതാവസ്ഥ മാത്രമല്ല, എന്തൊക്കെയോ ഉത്തരങ്ങളറിയാനുള്ള മനസ്സിന്റെ വെമ്പൽ കൂടിയാണ് മറ്റു തലങ്ങളിലേക്ക് ആൽബിയുടെ അനുഭവങ്ങളെ തുറന്നിടുന്നത്. പിന്നെ, ആൽബിയുടെ ഈ അവസ്ഥ താത്കാലികം മാത്രമാണ്. കടന്നുപോയ തിക്താനുഭവങ്ങളോ, തകർന്നു വീണ വിശ്വാസങ്ങളോ ആവണം അതിന് കാരണം.’ ഏപ്രിൽ ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി.
‘എന്റെ വിശ്വാസങ്ങൾ തകർന്നു വീണതാണെന്ന് ഏപ്രിലിന് എങ്ങനെ അറിയാം?’. ആൽബി സംശയത്തോടെ തിരക്കി.
‘മമ്മി പള്ളിയിൽ പോകാൻ വിളിക്കുമ്പോഴൊക്കെ ആൽബി പിന്നെയെന്തിനാ ഇല്ലെന്ന് പറയുന്നത്?.’ ഏപ്രിൽ കുസൃതിച്ചിരിയോടെ ചോദിച്ചു.
‘ഓ, അപ്പൊ നിങ്ങൾ ആത്മാക്കൾക്ക് ഒളിഞ്ഞിരുന്നു ജീവിച്ചിരിക്കുന്നവരുടെ കാര്യങ്ങൾ കേൾക്കുന്നതാണോ പ്രധാനജോലി? അതുംപോരാഞ്ഞ് തനിക്കിപ്പോ വിശദവിവരങ്ങളും അറിയണം അല്ലേ?.’ ആൽബി പരിഹാസത്തോടെ പറഞ്ഞെങ്കിലും ഏപ്രിലിന് തന്റെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നുള്ളത് കൗതുകവും ആശ്വാസവുമുണ്ടാക്കി. എങ്കിലും ആദ്യം തന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനാണ് അയാൾ ശ്രമിച്ചത്.
‘പാതി മലയാളിയാണെങ്കിലും താൻ ജനിച്ചതും വളർന്നതും ഒക്കെ അമേരിക്കയിലല്ലേ. പിന്നെ തനിക്കെങ്ങനെ ഇത്ര നന്നായി മലയാളം അറിയാം?’
‘എനിക്ക് മലയാളം കേട്ടാൽ മനസ്സിലാകുമായിരുന്നെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആത്മാക്കൾക്ക് ഭാഷയൊന്നും വിഷയമല്ല. അത് ശരീരത്തിന്റെ ഭിത്തികൾക്കുള്ളിൽ കുടുങ്ങികിടക്കുമ്പോൾ തിരിച്ചറിയുന്നില്ലെന്നേ ഉള്ളൂ.’ ഏപ്രിൽ വിശദീകരിച്ചു. അവൾ പറയുന്നതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന തീരുമാനത്തിലേക്കെത്താൻ ആൽബിയുടെ മനസ്സ് ശ്രമിച്ചുകൊണ്ടിരുന്നു.
‘എനിക്ക് എപ്പോൾ വേണമെങ്കിലും തന്നോട് സംസാരിക്കാം എന്നാണോ?’ അയാൾ വീണ്ടും സംശയം പ്രകടിപ്പിച്ചു.
‘അല്ല, അങ്ങനെയൊന്നും പറ്റില്ല ആൽബി. മരണത്തിനപ്പുറത്ത് എന്ത്, എന്നുള്ളതിനെക്കുറിച്ച് തനിക്കൊന്നും അറിയാത്തത് കൊണ്ടാണ് ആൽബി ഈ സംശയങ്ങളൊക്കെ. പക്ഷേ എല്ലാം എനിക്ക് പറഞ്ഞു തരാനാവില്ല. അറിയണമെന്ന് ആത്മാർഥമായി തോന്നുമ്പോൾ അന്വേഷിക്കുക. സമയമാവുമ്പോൾ ഉത്തരങ്ങൾ തേടിവരും. അറിയുന്നതിനും പരിമിതികളുണ്ടാകും, ആ പരിമിതികളിൽ നിന്നും പുറത്ത് കടക്കാനാവും വരെ.’ ആൽബിക്ക് താൻ പറയുന്നതൊക്കെ എത്രത്തോളം ഉൾക്കൊള്ളാനാകുമെന്ന് ഏപ്രിലിനറിയില്ലായിരുന്നുവെങ്കിലും അവൾ തുടർന്നു.
‘ആൽബി, തന്റെ ശീലങ്ങളും വിശ്വാസങ്ങളും മറികടന്ന്, ഡോക്ടറുടെ വാക്കുകൾ മറികടന്ന് താൻ എന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാകും. കണ്ണുകൾ കൊണ്ട് കാണുന്നതിനപ്പുറത്ത് എന്തൊക്കെയോ നിലനിൽക്കുന്നുണ്ടെന്ന ഒരു വിശ്വാസം തന്റെയുള്ളിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ടാകും. തന്നെ സഹായിക്കാനാവുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. കഴിഞ്ഞു പോയതിനെ കുഴിച്ചുമൂടാം, അതിലൊരുത്തരം താൻ കണ്ടെത്തിയതാണെങ്കിൽ. ഇല്ലെങ്കിൽ മുൻപോട്ട് പോയാലും ചിലപ്പോൾ നമ്മൾ ചെന്നു നിൽക്കുന്നത് ഒരു വഴിയവസാനിക്കുന്നിടത്തായിരിക്കും. ആ വഴിയിലൂടെ വീണ്ടും തിരിച്ചു നടന്നേ മതിയാകൂ ആൽബി, മുൻപോട്ട് പോകാനുള്ള മറ്റൊരു വഴിയ്ക്കായി. അതുകൊണ്ടാണ് തന്റെ കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് പറയാൻ ഞാൻ ആവശ്യപ്പെട്ടത്. ചിലപ്പോൾ ഞാൻ അറിയാനുള്ള എന്തെങ്കിലും കൂടിയുണ്ടാകും അതിൽ. ഒന്നും യാദൃശ്ചികമല്ല ആൽബി.’ ഏപ്രിലിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ ആൽബിക്ക് എന്തോ ചിരി വന്നു.
‘കഥ അറിഞ്ഞിട്ട് തനിക്ക് പുസ്തകം എഴുതാണാണെങ്കിൽ, ഞാൻ ഓർമ്മിപ്പിക്കട്ടെ, താൻ മരിച്ചു കഴിഞ്ഞു. ഇനി ഞാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിൽ, അത് ഇപ്പോഴേ എടുത്തു കളഞ്ഞേക്ക്.’ ആൽബിയുടെ മുഖത്ത് പരിഹാസച്ചിരി നിറഞ്ഞു.
‘ഞാൻ മരിച്ചെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ താൻ ജീവിച്ചിരിപ്പുണ്ടെന്ന് തനിക്കാണ് ബോധ്യമില്ലാത്തത്.’ ഏപ്രിൽ തിരിച്ച് അതേ പരിഹാസത്തോടെ പറഞ്ഞു.
‘ഓ, അപ്പൊ ആത്മാക്കൾക്കും പൊള്ളാലൊക്കെ ഉണ്ട്! എന്റെ അപാർട്മെന്റിലെ ഈ നുഴഞ്ഞു കയറ്റം പോരാത്തതിന് തന്റെ പരിഹാസവും കൂടെ ഞാൻ സഹിക്കണമായിരിക്കും.’ ആൽബി നെറ്റി ചുളിച്ചു.
‘തനിക്ക് പറയണം എന്ന് തോന്നുന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ ഇതും പറഞ്ഞു തന്റെ പിറകെ നടക്കാനൊന്നും പോകുന്നില്ല. തന്റെ പ്രശ്നങ്ങൾ എന്താണെന്നറിയാൻ ഞാൻ ശ്രമിച്ചാൽ നടക്കാഞ്ഞിട്ടല്ല. പക്ഷേ, എന്തോ അത് വേണ്ടെന്ന് തോന്നി. അത് താൻ തന്നെ പറഞ്ഞ് അറിഞ്ഞാൽ മതിയെനിക്ക്. പറഞ്ഞാൽ ഒരു പക്ഷേ തനിക്കൊരു ആശ്വാസം കിട്ടുമായിരിക്കും, ചിലപ്പോൾ ഒരുത്തരവും.’ അതും പറഞ്ഞ് ഏപ്രിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റു. ആൽബിയ്ക്ക് പെട്ടന്ന് നിരാശ തോന്നി.
‘താൻ പിണങ്ങിപ്പോവുകയാണോ?’ ആൽബി തിരക്കി. ഏപ്രിൽ ഒന്നും മിണ്ടാതെ അയാളുടെ മുഖത്തേക്ക് നോക്കുക മാത്രം ചെയ്തു.
‘എനിക്ക് രണ്ടു മൂന്നു ദിവസം സമയം വേണം ഏപ്രിൽ.’ ഏപ്രിൽ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. ആൽബി വീണ്ടും മുറിയിൽ തനിച്ചായി.
ഡോ. ജേക്കബ് എബ്രഹാമുമായുള്ള അടുത്ത കൂടിക്കാഴ്ചയും കഴിഞ്ഞു. മരുന്ന് സ്ഥിരമായി കഴിക്കാറുണ്ടെന്നും ഏപ്രിലിനോട് സംസാരിക്കാറില്ലെന്നും കള്ളം പറഞ്ഞു. ഡോക്ടർ മരുന്ന് മാറ്റി കുറിച്ചിട്ട് ഒരു മാസം കഴിഞ്ഞു കാണാൻ നിർദേശിച്ചു.
വീണ്ടും ഞായറാഴ്ചയായി. ഏപ്രിൽ വന്നിട്ട് മൂന്നാലു ദിവസമായി. പക്ഷേ ആൽബിക്ക് തന്റെ മനസ്സിൽ സ്ഥായിയായി നിലനിന്നിരുന്ന വിഷാദത്തിന് ഒരയവ് വന്നത്പോലെ തോന്നി. കുളിക്കാൻ കയറി ഷവറിലെ വെള്ളം മുഖത്ത് വീണപ്പോഴാണ് ഏപ്രിലിന്റെ ശബ്ദം ബാത്റൂമിൽ അലയടിച്ചത്.
‘ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നല്ലേ?’.
ആൽബി നിറഞ്ഞ ചിരിയോടെ ഷവറിലേക്ക് മുഖമുയർത്തി.
‘സത്യം മാത്രം പറഞ്ഞിട്ട് താനിപ്പോ ജീവനോടെ ഇരിക്കുന്നൊന്നും ഇല്ലല്ലോ?’. ആൽബി ഒന്നു നിർത്തി.
‘അതേ, ഈ ബാത്റൂമിൽ നിൽക്കുമ്പോൾ ഇങ്ങനെ കടന്നു വരുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. ഇന്ത്യാ മഹാരാജ്യത്ത് ജീവിക്കുന്ന ആണുങ്ങൾക്കും കുറച്ചു നാണം ഒക്കെ ഉണ്ടെന്ന് കരുതിക്കോ.’ ഏപ്രിൽ പൊട്ടിച്ചിരിച്ചു.
‘ യൂ ആർ റിയലി ഹാൻഡ്സം ആൽബി. ഞാൻ ജീവനോടെ ഇരിക്കാത്തതിനെക്കുറിച്ച് നിരാശ തോന്നുന്നത് ആദ്യമായി ഇപ്പോഴാണ്’. അവൾ ഒരു കണ്ണിറുക്കി. ആൽബി അവിശ്വസനീയമെന്ന ഭാവത്തിൽ തലയാട്ടിക്കൊണ്ട് സോപ്പെടുത്ത് ഏപ്രിലിന് നേരെ എറിഞ്ഞു.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചശേഷം ആൽബി കോഫിമേക്കറിലെ കാപ്പി രണ്ടു കപ്പുകളിലേക്ക് പകർന്ന് ബാൽക്കണിയിൽ ചെന്നു നിന്നു.
‘ആഹാ.. എനിക്കും ഉണ്ടോ കോഫി.? നമ്മളിപ്പോൾ ഫ്രണ്ട്സാണ് അല്ലേ?’ ഏപ്രിൽ കള്ളച്ചിരിയോടെ കുനിഞ്ഞ് കണ്ണടച്ച് കാപ്പിയുടെ മണം ആസ്വദിച്ചു. ആൽബി കൗതുകത്തോടെ നോക്കിയെങ്കിലും അയാളുടെ നെഞ്ചിലെവിടെയോ ആഴത്തിൽ ഉണങ്ങാതെ കിടക്കുന്ന ഒരു മുറിവിൽ തൊട്ട വേദന അനുഭവപ്പെട്ടു.
‘താങ്ക്സ് ആൽബി. ഇനി താൻ പറയ്, എന്തിനാ ഡോ. ജേക്കബ് എബ്രഹാമിനെ കാണാൻ പോകുന്നത്?’ ആൽബിയുടെ ഭാവവ്യത്യാസം അവഗണിച്ചു കൊണ്ട് അവൾ ചോദിച്ചു.
‘താനന്ന് പറഞ്ഞത് ശരിയാണ് ഏപ്രിൽ, മനുഷ്യന്റെ കണ്ണുകൾക്കതീതമായി, ലോജിക്കുകൾക്ക് അതീതമായി, പലതും നിലനിൽക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ‘ ആൽബി ദീർഘമായി ശ്വസിച്ചുകൊണ്ട് കണ്ണടച്ചു. ഒരു നിമിഷം കഴിഞ്ഞ് കണ്ണുതുറന്ന് ഏപ്രിലിനെ നോക്കി.
‘എന്റെ ജീവിതത്തിൽ കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും ഒക്കെ ഒരു സ്വപ്നം പോലെയാണ് ഏപ്രിൽ.’ ആൽബിയുടെ ഓർമ്മകൾ ഏകദേശം ആറു വർഷം പിറകിലേക്ക് പറന്നു.
(തുടരും ..)