ആം സോർ (നോവൽ – ഭാഗം 13 )

ആൽബി ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നശേഷം ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കാൻ പപ്പയും മമ്മിയും അനുവദിച്ചില്ല. അവരുടെ നിർബന്ധപ്രകാരം ഡോ. ജേക്കബ് എബ്രഹാമിനെ അയാൾ വീണ്ടും കണ്ടു. ഡോക്ടർക്ക് ആൽബിയെ വീണ്ടും കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ‘ ഇപ്പോഴെന്തു തോന്നുന്നു ആൽബി?’ ഡോക്ടർ പ്രസന്നമായ പുഞ്ചിരിയോടെ ചോദിച്ചു. ‘ ഞാൻ ചെയ്തത് ഒരു അവിവേകമാണെന്ന് അറിയാം ഡോക്ടർ. അന്നത്തെ മാനസികാവസ്ഥയ്ക്കിടയിലെ ഏറ്റവും ദുർബലമായ ഒരു നിമിഷത്തിൽ സംഭവിച്ചതാണത്. ഈ ജീവിതം തിരിച്ചു കിട്ടിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ദേർ ഈസ്‌ നോ ഡെഡ് എൻഡ് ടു ലൈഫ്, പക്ഷേ അത്‌ മനസ്സിലാക്കാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു; അതിനിടെ കടന്നു വന്ന വ്യത്യസ്തമായ അനുഭവങ്ങളും. ഓർമ്മകളൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞു പോയതൊന്നും ഇനി എന്നെ മോശമായി ബാധിക്കുമെന്ന് തോന്നുന്നില്ല. മരണം എന്താണെന്ന് കണ്ടു കഴിയുമ്പോഴാണ് ജീവിതം എത്ര അമൂല്യമാണെന്ന് തിരിച്ചറിയുക. ഈ കടന്നു പോകുന്ന സമയവും, അതിൽ നിലനിൽക്കുന്ന സാധ്യതകളും. അതിനു മാത്രമേ പ്രസക്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായി. ഉത്തരങ്ങളൊന്നും എന്റെ കയ്യിലില്ലെങ്കിലും മുൻപോട്ട് എനിക്കൊരു ജീവിതമുണ്ടെന്നുള്ള തിരിച്ചറിവുണ്ട് ഇന്ന്. മരണം കടന്ന് ഞാൻ എത്തി നിൽക്കുന്നത് മറ്റൊരു ആൽബിയിലാണ്. ഐ ഹാവ് കം ഔട്ട്‌ ഓഫ് മൈ പാസ്ററ്.’ അയാൾ വളരെ ശാന്തനായിരുന്നു.

‘ വെരി ഗുഡ് ആൽബി. നന്നായി. അസുഖങ്ങളെ ചികിത്സിച്ചു ഭേദമാക്കാം, പക്ഷേ, സ്വയം ബോധ്യം വന്നുണ്ടാകുന്ന മാറ്റങ്ങൾക്കേ ജീവിതത്തിന്റെ ഗതി മാറ്റാൻ പറ്റൂ. ഐ ആം ഹാപ്പി ടു സീ ദാറ്റ്‌ യൂ ഹാവ് റീച്ച്ഡ് ദാറ്റ്‌ പോയിന്റ്. ഇനി ആൽബി എന്നെ കാണാൻ അധിക നാൾ വരേണ്ടതില്ല. ഓരോ മാസം ഇടവിട്ട് മൂന്ന് സെഷൻ കൂടി. ആൾ ദി ബെസ്റ്റ് ആൽബി.’ ഡോ. ജേക്കബ് എബ്രഹാം പുഞ്ചിരിയോടെ മനസ്സിൽ ആ കേസ് ഫയൽ അടച്ചു കഴിഞ്ഞിരുന്നു. വീണ്ടും ജോലിയിൽ പ്രവേശിക്കുമ്പോഴേക്കും ആൽബി ആളാകെ മാറിയിരുന്നു. അയാൾക്കുണ്ടായ മാറ്റങ്ങളിൽ പപ്പയും മമ്മിയും സന്തുഷ്ടരായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പ്രാർത്ഥനകളിൽ നിന്നൊക്കെ അകന്നിരുന്ന അയാൾ പപ്പയ്ക്കും മമ്മിയ്ക്കുമൊപ്പം പ്രാർത്ഥിക്കാനും പള്ളിയിൽ പോകാനും തുടങ്ങി. അവർ കണ്ട കാരണങ്ങളല്ല അയാളെ അതിന് പ്രേരിപ്പിച്ചത്. മറ്റെന്തൊക്കെയോ തിരിച്ചറിവുകൾ, വിശ്വാസങ്ങൾ, പ്രതീക്ഷകൾ.

ആ ഞായറാഴ്ച പള്ളിയിൽ പോയി വന്നതിനു ശേഷം ആൽബി തന്റെ പുതിയ പ്രൊജക്റ്റ്‌ ഡിസൈൻ സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോസിടീച്ചർ അടുത്ത് ചെന്നിരുന്നത്. ‘ആൽബി, മായയെ ഓർമ്മയില്ലേ, ലിസിമോൾടെയും അവനിയുടെയും സുഹൃത്ത്? അവൾ കോഴ്സ് കഴിഞ്ഞു റിസർച്ചും ജോലിയുമൊക്കെയായി യു എസ്സിലായിരുന്നു. ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അവൾ വിളിച്ചിരുന്നു. അവൾക്ക് ഇങ്ങോട്ട് വരാനുള്ള പ്രയാസം കാരണം ലിസി മോൾടെ റൂമിലുണ്ടായിരുന്ന കുറച്ചു സാധനങ്ങൾ അവൾ തന്നെ വീട്ടിൽ സൂക്ഷിച്ചതായിരുന്നു. ഇപ്പോഴും അവളുടെ മനസ്സ്‌ അതിന് പാകപ്പെട്ടിട്ടുണ്ടാവില്ല അതാവും നേരിട്ട് വരാതെ അവൾ വിളിച്ചു സംസാരിക്കുക മാത്രം ചെയ്തത്. അവളുടെ ഡ്രെസ്സുകളൊക്കെ ഏതെങ്കിലും ഓർഫണേജിലേക്കോ മറ്റോ കൊടുത്തേക്കാൻ പറഞ്ഞിരുന്നു. ബാക്കി കുറച്ചു സാധനങ്ങളേ ഉള്ളു. അതൊക്കെ പാക്ക് ചെയ്തു വെച്ചിട്ടുണ്ട്. നീ ഒന്ന് അവിടം വരെ പോയി അത് എടുത്തു കൊണ്ടുവരുമോ?’ റോസി ടീച്ചർ പതിഞ്ഞ സ്വരത്തിൽ വളരെ സൂക്ഷിച്ചാണ് അത്‌ ചോദിച്ചത്.

പുറത്തു കടന്ന ഭൂതകാലത്തേക്ക് തിരിച്ചു പോകാൻ മമ്മി തന്നെ പ്രേരിപ്പിക്കുകയാണ്. എത്രയൊക്കെ മറികടന്നെന്ന് കരുതിയാലും ആ ഓർമ്മകൾ മുഖാമുഖം വന്നു നിൽക്കുമ്പോൾ ഇന്നും അതേ വേദനയാണ്. ‘ആർക്കാ മമ്മി പ്രയാസമില്ലാത്തത്? എനിക്കോ? മമ്മിക്ക് വേണമെങ്കിൽ അതൊക്കെ മമ്മി തന്നെ പോയെടുത്തോ.’ അയാൾ പൊട്ടിത്തെറിച്ചു. റോസിടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ ഏങ്ങലടക്കാൻ വായപൊത്തി. ആൽബിക്ക് താൻ പ്രതികരിച്ച രീതിയോർത്ത് പശ്ചാത്താപം തോന്നി. അയാൾ മമ്മിയെ ചേർത്തു പിടിച്ചു. ‘എന്തിനാ മമ്മി ഇനിയും അതൊക്കെ കണ്ടു വിഷമിക്കുന്നത്? നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലല്ലോ.’ അയാൾ മമ്മിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ‘ മമ്മിക്ക് മരിക്കും വരെ അവളുടെ ഓർമ്മകൾ കൊണ്ടു നടക്കാതിരിക്കാൻ പറ്റുമോ മോനെ?’ റോസിടീച്ചർ ഏങ്ങലടക്കാൻ ശ്രമിച്ചു. ആൽബിയുടെ കണ്ണുകൾ നിറഞ്ഞു. അയാൾ അത് മമ്മി കാണാതെ തുടച്ചുകൊണ്ടു അവരുടെ മൂർദ്ധാവിൽ ചുംബിച്ചു.

അന്ന് വൈകീട്ട് ആൽബി മായയുടെ വീട്ടിൽ പോയി. ‘മായ കുളിക്കുകയാണ്. ആൽബി ഇരിക്ക്. ഞാൻ ചായ എടുക്കാം.’ മായയുടെ മമ്മി കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കാത്തതിന് അവരോട് മനസ്സിൽ നന്ദി പറഞ്ഞു. ‘വേണ്ട ആന്റി, എനിക്ക് കുറച്ചു ധൃതിയുണ്ട്. ആന്റി സാധനങ്ങൾ എടുത്തു തന്നോളൂ. മായയോട് പറഞ്ഞാൽ മതി ഞാൻ വന്നിരുന്നെന്ന്.’ അയാൾ തിരക്ക് കൂട്ടി. എത്രയും പെട്ടന്ന് മമ്മി ഏൽപ്പിച്ച കാര്യം ചെയ്തു തീർക്കാനാണ് അയാൾ ആഗ്രഹിച്ചത്. ‘ എങ്കിൽ മോൻ വാ, അത് മായയുടെ റൂമിൽ പെട്ടിയിലാക്കി വെച്ചിരിക്കുകയാണ്. മമ്മി വിളിച്ച് ആൽബി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.’ മായയുടെ മമ്മി മുകളിലത്തെ നിലയിലേക്കുള്ള പടികൾ കയറി, ചാരിയിട്ട വാതിലിൽ മുട്ടി ഒരു നിമിഷം കാത്തുനിന്ന ശേഷം തള്ളിത്തുറന്നു. മേശപ്പുറത്ത് ഒരു കാർഡ്ബോർഡ്‌ പെട്ടിയിരിപ്പുണ്ട്. മുറിക്കുള്ളിലേക്ക് കയറിയ ആൽബി പെട്ടന്ന് നിന്നു. അയാൾക്ക് നെഞ്ചിൽ എന്തോ ശക്തിയായി കൊളുത്തി വലിക്കുന്നത് പോലെ തോന്നി. ഓർക്കാനിഷ്ടപ്പെടാത്ത, തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്ന അതേ സുഗന്ധം! അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.

‘എന്തുപറ്റി മോനെ?’ ആൽബിയുടെ പെട്ടന്നുള്ള ഭാവവ്യത്യാസം ശ്രദ്ധിച്ച മായയുടെ മമ്മി ചോദിച്ചു. ‘ഈ ഗന്ധം എന്തിന്റെയാ ആന്റി?’ ഉത്തരം പ്രതീക്ഷിച്ചല്ല അയാളത് ചോദിച്ചത്. പക്ഷേ ഉത്തരമുണ്ടായി. ‘ ഓ, അത് ലാവൻഡർ ഓയിലിന്റെയാണ്. ദാ, മേശപ്പുറത്ത് വെച്ചിരിക്കുന്ന അരോമ ഡിഫ്യൂസറിൽ നിന്നാണ്. അതൊക്കെ മായയുടെതാണ്.’ ആൽബിക്ക് പെട്ടന്ന് ശരീരമാകെ തരിപ്പ് പടരുന്നത് പോലെ തോന്നി. മായയുടെ മമ്മി തുടർന്നു. ‘ ഈ കുട്ടിക്ക് ഇങ്ങനെ കുറച്ചു ഭ്രാന്തുകളുണ്ട്. എപ്പോഴും നല്ല പ്രസരിപ്പോടെ നടക്കുന്ന ആളായിരുന്നു. പപ്പ മരിച്ചപ്പോൾ തന്നെ അവളാകെ മാറി. അന്നേരം അവൾ മംഗലാപുരത്ത് പോസ്റ്റ്‌ഗ്രാജുവേഷന് ചേർന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അവനിയും ലിസിയും അവൾക്ക് സഹോദരങ്ങളെപ്പോലെയായിരുന്നു. അന്ന് ആക്സിഡന്റ് ഉണ്ടായപ്പോൾ മായയ്ക്കും നല്ല പരിക്കുണ്ടായിരുന്നു. രക്ഷപ്പെടുമെന്ന് കരുതിയതല്ല. നാലു റിബ്സിന് ഫ്രാക്ച്ചർ ഉണ്ടായിരുന്നു, കുറേ മുറിവുകളും. അതൊന്നുമല്ല അവളെ ബാധിച്ചത്. അവനിയുടെയും ലിസിയുടെയും കാര്യം…’ അവർ ഒന്ന് നിർത്തി. ‘ അതിനു ശേഷം കുറേ നാൾ സംസാരിക്കുക പോലും ചെയ്യാറില്ലായിരുന്നു. ആ ഷോക്കിൽ നിന്ന് പുറത്ത് കടക്കാൻ തന്നെ കുറേ നാളെടുത്തു. ‘ അവർ ദീർഘനിശ്വാസമയച്ചു. പക്ഷേ, തന്റെ സംഭാഷണം ആൽബിക്ക് വേദനയുണ്ടാക്കുന്ന ദിശയിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് അവർ പെട്ടന്ന് ബോധവതിയായി. പക്ഷേ അയാൾ അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു.

‘ ആൽബിക്ക് മായയെ അറിയുമായിരിക്കുമല്ലോ അല്ലേ?’ ആ ചോദ്യം അയാളെ പെട്ടന്ന് ആ നിമിഷത്തിലേക്ക് തിരിച്ചെത്തിച്ചു. അയാൾ തന്റെ ഓർമ്മകളിൽ പരതി. ‘ലിസിയും അവനിയും പറഞ്ഞു കേട്ട അറിവ് മാത്രമേ ഉള്ളൂ. കണ്ടിട്ടില്ല. പപ്പയുടെ മരണശേഷം കോളേജിൽ പോവാനല്ലാതെ മായ മുറിയിൽ നിന്ന് പുറത്തിറങ്ങാറില്ലെന്ന് ലിസി പറഞ്ഞതോർക്കുന്നു.’. അയാൾ അതുവരെ മായയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അവനിയും ലിസിയുമൊക്കെ പറഞ്ഞ് ആ പേര് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ആളെ നേരിൽ കണ്ടിട്ടില്ല, കാണാൻ ശ്രമിച്ചിട്ടുമില്ല. അന്ന് അപകടം നടന്ന ശേഷവും മൂന്നാമത്തെ ആളെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അവർ ആൽബിയുടെ പിറകിലെ ചുമരിലേക്ക് വിരൽചൂണ്ടിയതും കയ്യിലെ ഫോൺ ബെല്ലടിച്ചു. ‘മോനെ, ഞാൻ ഇപ്പൊ വരാം. പുറത്ത് അടുത്ത വീട്ടിലെ കുട്ടി വന്നിട്ടുണ്ട്. ‘ ആൽബി തലയാട്ടി. അവർ പുറത്തേക്കിറങ്ങിയപ്പോൾ എന്തു പ്രതീക്ഷിക്കണമെന്നറിയാതെ പിറകിലേക്ക് തിരിഞ്ഞു.

മൂന്നു പാളികളുള്ള വലിയ ഫോട്ടോ ഫ്രെയിമിൽ വലത്തേ അറ്റത്തെ കള്ളിയിലെ അപരിചിതയായ പെൺകുട്ടി ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി. ചാര നിറമുള്ള കണ്ണുകൾ. എന്തോ, അയാൾക്ക് ആ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ പ്രയാസം തോന്നി, എടുക്കാതിരിക്കാനും. ഇടത്തേ അറ്റത്തെ കള്ളി ഒഴിഞ്ഞു കിടക്കുകയാണ്. നടുവിലത്തെ കള്ളിയിൽ പേനകൊണ്ട് എന്തോ കുത്തിക്കുറിച്ചിട്ടിരിക്കുന്നു. ആൽബി അതിനടുത്തേക്ക് ചെന്നു. അയാൾ കണ്ണുകൾ ആ വരികളിലൂടെ ഓടിച്ചു. ‘I open my eyes longing for someone
Finding myself lost, awake in a dream.
Life after life, we might meet or not
I’ll leave my fragrance deep in your soul.’

  • April Dhar ( Land of Lavenders )

ആൽബി തരിത്തു നിന്നു. അയാളുടെ ദേഹത്ത് തണുപ്പ് പടർന്നു. രോമംകൂപങ്ങൾ എഴുന്നേറ്റ് നിന്നു. അയാളുടെ നെഞ്ചിടിപ്പിന് വേഗതയേറി. ശ്വാസത്തിന്റെ ഗതിയ്ക്കും. ആ മുറിയിലെ സുഗന്ധം അയാളെ പൊതിഞ്ഞു. അയാളുടെ കണ്ണിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകി. അയാൾ കണ്ണുകൾ മുറുക്കിയടച്ചു. മനസ്സിൽ പെട്ടന്ന് തന്റെ സ്വപ്നത്തിൽ തന്നെ പുണർന്നു നിൽക്കുന്ന പെൺകുട്ടിയും അവളുടെ ചെമ്പൻ നൂലുകളിടകലർന്ന മുടിയിഴകളും തെളിഞ്ഞു. പെട്ടന്ന് ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് കണ്ണുതുടച്ചു കൊണ്ട് അയാൾ തിരിഞ്ഞു നോക്കി. ആ റൂമിലെ ചിത്രത്തിൽ കണ്ട പെൺകുട്ടി ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി. അയാളു ഹൃദയം, ദീർഘദൂരം ഓടി വന്നത് പോലെ ശക്തിയായി വേഗത്തിൽ മിടിച്ചു. ഒരു ആശയക്കുഴപ്പം ഇരുവരുടെയും കണ്ണുകളിൽ നിറഞ്ഞു. അയാൾക്ക് ശ്വസിക്കാനാവാത്തത് പോലെ തോന്നി.

ആൽബിയുടെ കണ്ണുകളിൽ നോക്കി മായ അനങ്ങാതെ നിന്നു. തീവ്രമായ വേദന രണ്ടുപേരുടെയും ഹൃദയത്തിലുണ്ടായി. മായയുടെ കണ്ണുകളിൽ നിന്നും നീർത്തുള്ളികൾ പുറത്തേക്കൊഴുകി. അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. ആൽബി തന്റെ കണ്ണുകളെ അവളിൽ നിന്നും വേർപ്പെടുത്തി. അയാൾക്ക് ചുറ്റുമുള്ള ലോകം തിരിയുന്നതായി തോന്നി. രണ്ടു കയ്യും മേശയിലൂന്നി അയാൾ തലകുനിച്ചു നിന്നു. അയാളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി വെള്ളം മേശപ്പുറത്തിരുന്ന കാർഡ്ബോർഡ് പെട്ടിക്ക് മുകളിൽ വീണു. അടുത്ത നിമിഷം ആൽബി കണ്ണു തുടച്ച് ആ പെട്ടിയുമെടുത്ത് ഒന്നും മിണ്ടാതെ മുറിക്ക് പുറത്തു കടന്നു. മായയുടെ മമ്മിയോട് പോകുകയാണെന്ന് പോലും പറയാതെ അയാൾ കാറിൽ കയറി. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. മനസ്സിലൂടെ ഉത്തരമില്ലാത്ത നൂറായിരം ചോദ്യം കടന്നു പോയിക്കൊണ്ടിരുന്നു. ഏപ്രിലിനെക്കുറിച്ച്, അവനിയെക്കുറിച്ച്, മായയെക്കുറിച്ച്.

മായയെക്കണ്ട ദിവസത്തിന്റെ ആഘാതത്തിൽ രണ്ടു ദിവസം കടന്നു പോയി. അയാൾ പരമാവധി ഒന്നുമാലോചിക്കാതിരിക്കാൻ ഉറക്കഗുളികകൾ കഴിച്ചു കിടന്നുറങ്ങി. ആൽബിയിലെ മാറ്റങ്ങൾ പപ്പയും മമ്മിയും ശ്രദ്ധിച്ചിരുന്നെങ്കിലും മായയുടെ വീട്ടിൽ പോയതായിരിക്കാം കാരണമെന്ന് അവരൂഹിച്ചു. അതുകൊണ്ട് അതേക്കുറിച്ച് ഒന്നും ചോദിക്കാതെ സമയം കടന്നു പോകാനാനുവദിച്ചു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾക്ക് ഉത്തരങ്ങൾ കിട്ടിയേ മതിയാകൂ എന്നായി. അയാൾ മമ്മിയുടെ കയ്യിൽ നിന്നും മായയുടെ ഫോൺ നമ്പർ വാങ്ങി കാറിൽ കയറി. വണ്ടി സ്റ്റാർട്ടാക്കിയ ശേഷം മായയെ വിളിച്ചു. അഞ്ചാറു പ്രാവശ്യം റിംഗ് ചെയ്തു കഴിഞ്ഞപ്പോൾ അവൾ ഫോണെടുത്തു. ‘ ഹലോ’. അവൾ ഉറക്കത്തിലായിരുന്നെന്നു ശബ്ദത്തിൽ നിന്ന് വ്യക്തം. ‘ ഹലോ, മായാ. ഞാൻ ആൽബിയാണ്.’ അയാളുടെ ശബ്ദം പതറിയിരുന്നു. ‘ ഹായ് ആൽബി.’ അപ്രതീക്ഷിതമായ ആ കോൾ അവളെ അത്ഭുതപ്പെടുത്തി. ‘ മായാ, എനിക്ക് തന്നെയൊന്നു കാണണം. കുറച്ച് സംസാരിക്കാനുണ്ട്. ഞാൻ മറൈൻ ഡ്രൈവിലേക്ക് പോവുകയാണ്. അവിടെ വെയിറ്റ് ചെയ്യാം. താൻ എത്തുമ്പോൾ വിളിക്ക്.’ അയാൾ അവളുടെ സൗകര്യം തിരക്കിയില്ല. ‘ ആൽബി, എന്താ പെട്ടന്ന്? എന്തെങ്കിലും പ്രശ്നമുണ്ടോ?’ അവൾക്ക് ആകാംക്ഷയായി. ‘ ഇല്ല, ഇനി പ്രശ്നങ്ങളില്ലാതിരിക്കാൻ വേണ്ടിയാണ്. എനിക്ക് മായയിൽ നിന്ന് ചിലത് അറിയാനുണ്ട്.’ തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവളിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് വിളിച്ചത്. ‘ ഉം. ഞാൻ വരാം. ഒരു അര മണിക്കൂർ.’ അവൾക്ക് ആകെ ആശയക്കുഴപ്പമായി. ആൽബിക്ക് തന്നോടെന്താവും ചോദിക്കാനുള്ളതെന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഉത്തരം കിട്ടിയില്ല. അവൾ വേഗം റെഡിയായി ആൽബിയെ കാണാൻ പോയി.

മായ ചെല്ലുമ്പോൾ ആൽബി മറൈൻഡ്രൈവിലെ ഒരു ബെഞ്ചിൽ കായലിലേക്കും നോക്കിയിരിക്കുകയാണ്. ‘ആൽബി…’ അവൾ അടുത്ത് ചെന്ന് പതുക്കെ വിളിച്ചു. അയാൾ അവളുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ബെഞ്ചിൽ തന്റെയടുത്ത് കൈതട്ടി ഇരിക്കാനാംഗ്യം കാണിച്ചു. അയാളുടെ ചിരിയിൽ കലർന്നു കിടന്ന വേദന അവളിലും പ്രതിഫലിച്ചു. അവൾ ആൽബിയുടെ അടുത്തിരുന്നു. ലിസിയും അവനിയും അവളുടെ മനസ്സിലേക്കോടിയെത്തി ആ വേദനയുടെ ആഴം കൂട്ടി. അവളടുത്തിരുന്നപ്പോൾ അയാൾ ആദ്യം ശ്രദ്ധിച്ചത് അവളുടെ ഗന്ധമാണ്. അന്ന് മുറിയിലുണ്ടായിരുന്ന ലാവെൻഡറിന്റെ ഗന്ധമല്ല. അവർ രണ്ടുപേരും ഒന്നും മിണ്ടാതിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അയാൾ മായയെ നോക്കി. ഇരുനിറത്തിൽ നിന്നും കുറച്ച് തെളിഞ്ഞ നിറം. അവളുടെ കണ്ണുകൾ തന്നെയാണ് ആ മുഖത്തിന്റെ പ്രത്യേകത. മറ്റേതോ ലോകത്ത് നിന്ന് ഇറങ്ങി വന്നത് പോലെ. അതിലേക്ക് തന്നെ നോക്കിയിരിക്കാൻ തോന്നും. അത് ചിലപ്പോൾ തനിക്ക് മാത്രം തോന്നുന്നതായിരിക്കില്ല. അവളുടെ കണ്ണുകളുടെ സവിശേഷതയാവാം. കറുപ്പിനോടടുത്തതെങ്കിലും കറുപ്പെന്ന് പറയാനാവാത്ത തലമുടി. അത്‌ വെറുതെ കൈകൊണ്ട് ഒതുക്കി റബ്ബർ ബാൻഡ് ഇട്ടുവെച്ചിരിക്കുന്നു. ഒരു ലൂസായ പീകോക്ക് ബ്ലൂ കളർ സ്ലീവലസ് ടോപ്പും ജീൻസുമാണ് അവളിട്ടിരിക്കുന്നത്. കഴുത്തിൽ ചിറകടിച്ചു പറക്കുന്ന ഹമ്മിങ്ങ്ബേർഡിന്റെ ടാറ്റൂ. കൈവിരലുകളിലുമുണ്ട് പലതിലും ചെറിയ ടാറ്റൂകൾ. ആകെ ജിപ്സികളെപ്പോലെയിരിക്കുന്നു. താനെന്തിനാണ് മായയെ ഇത്ര വിശദമായി വീക്ഷിക്കുന്നതെന്ന് ആൽബി ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി. അലസമായ നോട്ടം.

‘ എന്താ ആൽബി, എന്താ അറിയാനുണ്ടെന്ന് പറഞ്ഞത്.?’ വളരെ പക്വതയുള്ള സ്വരവും ഭാവവും. ‘ മായാ, സത്യം പറഞ്ഞാൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ തനിക്ക്‌ അനാവശ്യമായി തോന്നാം, പക്ഷേ എന്റെ മനസ്സിലെ ചില സംശയങ്ങൾക്ക് ഉത്തരം കിട്ടാൻ വേണ്ടിയാണ് ഞാൻ തന്നെ കാണണമെന്ന് പറഞ്ഞത്. ‘ അയാൾക്ക് എവിടെ നിന്ന് ചോദിച്ചു തുടങ്ങണം എന്ന് തന്നെ അറിയില്ലായിരുന്നു. ‘എന്താണെങ്കിലും ചോദിച്ചോളൂ, എനിക്ക് തരാൻ പറ്റുന്ന ഉത്തരങ്ങളാണെങ്കിൽ ഞാൻ പറയാം. ആൽബി പറയാനാഗ്രഹിക്കാത്ത ഒരു കാര്യങ്ങളും എന്നോട് പറയേണ്ടതില്ല. ഞാൻ തിരിച്ചൊന്നും ചോദിക്കില്ല.’ മായ പുഞ്ചിരിച്ചു. അവളുടെ തുറന്ന പെരുമാറ്റം ആൽബിക്ക് ആശ്വാസമേകി. ‘ രണ്ടു കാര്യങ്ങളാണ് എനിക്കറിയേണ്ടത്. ഒന്ന് മായയുടെ മുറിയിലെ ആ ഗന്ധം, രണ്ടാമത്തേത് ആ ചുമരിലെ ഫോട്ടോ ഫ്രെയിമിൽ കുറിച്ചിട്ട വരികൾ.’

ആൽബി ഒരൊറ്റ വരിയിൽ തനിക്ക് ചോദിക്കാനുള്ളതെല്ലാമൊതുക്കി. മായയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. അവൾ പ്രതീക്ഷിച്ചിരുന്നത് ലിസിയെക്കുറിച്ചോ അവനിയെക്കുറിച്ചോ ചോദിക്കാനാകും ആൽബി വിളിച്ചതെന്നാണ്. ‘ രണ്ടിനും ഒരേയൊരുത്തരമേയുള്ളു. പപ്പ മരിക്കുന്നതിന് തൊട്ടു മുൻപ് ഫ്രാൻ‌സിൽ പോയി വന്നപ്പോൾ കൊണ്ടു തന്നതാണ് ‘ഏപ്രിൽ ധാർ’ എന്ന എഴുത്തുകാരിയുടെ ലാൻഡ് ഓഫ് ലാവെൻഡഴ്‌സ് എന്ന പുസ്തകവും, അതോടൊപ്പം അവർക്കിഷ്ടപ്പെട്ട ലാവെൻഡറിന്റെ ഗന്ധമടങ്ങിയ എസ്സെനഷ്യൽ ഓയിലിന്റെ ഒരു വലിയ കുപ്പിയും കൂടി പാക്ക് ചെയ്ത ഒരു ഗിഫ്റ്റ് ബോക്സ്‌. ആ പുസ്തകത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട നാലുവരികളാണത്. ആ എഴുത്തുകാരി ഈയിടെ മരണപ്പെട്ടു. രണ്ടു മൂന്നു മാസമേ ആയുള്ളൂ.’ അവൾ ഒന്ന് നിർത്തിയ ശേഷം അയാളെ നോക്കി. ‘അവനിയും ലിസിയും പോയ ശേഷം ഞാൻ ആദ്യമായാണ് അന്ന് ആൽബി വന്ന ദിവസം ആ ലാവെൻഡർ ഓയിൽ പുറത്തെടുക്കുന്നത്. അന്ന് പപ്പയുടെ ഓർമ്മദിവസമായിരുന്നു. ‘ മായയുടെ ഉത്തരം കേട്ട് ആൽബിയുടെ കയ്യിലെ രോമങ്ങൾഴുന്നേറ്റ് നിന്നു. ഏപ്രിലിന്റെ മുഖം മനസ്സിൽ തെളിഞ്ഞു. ശരീരമാകെയൊരു തരിപ്പനുഭവപ്പെട്ടു . അയാൾക്ക് ശ്വാസം മുട്ടുന്നതായി തോന്നി. ‘ഏപ്രിൽ. ഇനിയും എന്തിനാണ് നീ എന്നെ പിന്തുടരുന്നത്? ‘ അയാൾ മനസ്സിൽ ചോദിച്ചു. അയാളുടെ കണ്ണിൽ വെള്ളം നിറഞ്ഞു. ആൽബി അവിടെ നിന്നെഴുന്നേറ്റ് കായലിനരികിൽ ചെന്നു നിന്നു. തേടാതിരുന്നിട്ടും, ഉത്തരങ്ങൾ പകുതി വ്യക്തമായി മുൻപിൽ വന്നു നിൽക്കുന്നു. അന്ന് മായയുടെ വീട്ടിൽ പോകാതിരുന്നെങ്കിൽ ഈ കാര്യം താനറിയാതെ പോകുമായിരുന്നു. പക്ഷേ, എന്തിനു വേണ്ടി ഇപ്പോളിതറിഞ്ഞെന്ന് മാത്രം ഇനിയും അറിയാൻ ബാക്കി. അതോ, മറ്റെല്ലാം പോലെ മറന്നു കളയാൻ വേണ്ടി മാത്രമോ? വിദൂരതയിലേക്ക് നോക്കി നിന്നപ്പോൾ അയാളുടെ കണ്ണുകളിലെ വെള്ളം വറ്റി. ആൽബിയുടെ ഭാവവ്യത്യാസം മനസ്സിലാക്കിയ മായ അവിടെത്തന്നെയിരുന്നു.

എത്ര നേരം അങ്ങനെയിരുന്നെന്നറിയില്ല. ഇരുട്ട് പരന്നിട്ടും സമയത്തെക്കുറിച്ച് ആൽബി ബോധവാനായില്ല. തണുത്ത കാറ്റേറ്റ് മനസ്സും ശരീരവും മരവിച്ചത് പോലെ. ശൂന്യത. അസഹ്യമായ ശൂന്യത. മായ എഴുന്നേറ്റ് ചെന്നു. ‘ ആൽബി…. ആൽബിക്ക് അറിയാനുള്ളതെല്ലാം അറിഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ, വണ്ടിയെടുത്തിട്ടില്ല. ഓട്ടോ വിളിച്ചാണ് വന്നത്.’ അവൾക്ക്‌ അയാളെ തനിച്ചു വിടുന്നതാണ് നല്ലതെന്നു തോന്നി. ‘ ഞാൻ കൊണ്ടാക്കാം.’ ആൽബി ഒരു നിമിഷം മിണ്ടാതെ നിന്ന ശേഷം മായയുടെ മുഖത്ത് നോക്കി. ‘ എവിടെയാണ് ലാൻഡ് ഓഫ് ലാവെൻഡേഴ്‌സ്?’ അയാൾക്കതറിയണമെന്ന് തോന്നി. ‘ഫ്രാൻസ്. അവിടെ ഒരുപാട് ലാവെൻഡർ പാടങ്ങളുണ്ട്. ആ പുസ്തകത്തിൽ ഏപ്രിൽ പറയുന്ന അവരുടെ ഇഷ്ടപ്പെട്ട സ്ഥലം ‘പ്രൊവാൻസ്’ ആണ്.’ മായ കൗതുകത്തോടെ പറഞ്ഞു. അയാൾ ദീർഘനിശ്വാസത്തോടെ തലയാട്ടി.

‘വാ, കാർ റോഡിന്റെ അപ്പുറത്തെ സൈഡിലാണ് പാർക്ക്‌ ചെയ്തിരിക്കുന്നത്.’ ആൽബി പെട്ടന്ന് മറ്റൊരാളായി. അയാൾ മുൻപിൽ നടന്നു. റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയപ്പോൾ മായ അയാളുടെ ഹാഫ് കയ്യുള്ള ഷർട്ടിന്റെ സ്ലീവിനറ്റത്ത് പിടിച്ചു. അയാൾ അവളുടെ മുഖത്തേക്ക് നോക്കി. ‘ എനിക്ക് റോഡ് ക്രോസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.’ അവൾ ആൽബിയുടെ മുഖത്ത് നോക്കി പറഞ്ഞു. അയാളുടെ മുഖത്ത് ചിരി വിരിഞ്ഞു. അയാൾ മായയുടെ കൈ ഷർട്ടിന്റെ സ്ലീവിൽ നിന്നും വിടുവിച്ച് മുറുകെ പിടിച്ചു. താനെന്തിനാണ് മായയുടെ അടുത്തു നിൽക്കുന്നതെന്ന് അപ്പോഴും അയാൾക്ക് വ്യക്തമായിരുന്നില്ല. പക്ഷേ, വളരെ ആശ്വാസകരമായ ഒരു സാന്നിധ്യം. തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവരെല്ലാം തന്നിൽ നിന്നെങ്ങോട്ടൊക്കെയോ നീളുന്ന വഴികളാണെന്ന് ആൽബിക്ക് തോന്നി. കാറിനടുത്തെത്തിയപ്പോൾ ആൽബി അവളുടെ കണ്ണുകളിലേക്ക് നോക്കി. അയാൾക്ക് ഒന്നും വായിച്ചെടുക്കാനായില്ലെങ്കിലും ഒരു ഭാവമാറ്റം വ്യക്തമായിരുന്നു.

കാർ സ്റ്റാർട്ടാക്കിയപ്പോൾ ആൽബിക്ക്‌ വെറുതെ അവളോട് സംസാരിക്കണമെന്ന് തോന്നി. ‘ മായയുടെ വിവാഹം ഉറപ്പിച്ചിരുന്നതല്ലേ? അങ്ങനെ ഒരോർമ്മ.’ അയാൾ അവളെക്കുറിച്ചറിയാൻ ശ്രമിച്ചു. ‘അതെ, പക്ഷേ അത്‌ മുടങ്ങി.’ അവൾ ഭാവഭേദമില്ലാതെ പറഞ്ഞു. ‘വൈ? ചോദിക്കുന്നതിൽ വിരോധമില്ലെങ്കിൽ…’ ആൽബി അന്വേഷിച്ചു. ‘ നോ, ഇറ്റ്സ് ഓക്കേ. അത്‌ വീട്ടുകാരായിട്ട് നേരത്തേ പറഞ്ഞു വെച്ചതാണ്. റോയ്. സോഫ്റ്റ്‌വെയർ എഞ്ചിനിയർ, യു എസിൽ സെറ്റിൽഡ് ആണ്. ഞാൻ ഹയർ സ്റ്റഡീസുമായി യു എസിൽ പോയപ്പോൾ റോയിയുടെ കൂടെയാണ് താമസിച്ചിരുന്നത്. ഒരു ലിവ് ഇൻ റിലേഷൻ. എന്തോ ആദ്യം തന്നെ വിവാഹത്തിലേക്ക് എടുത്തു ചാടേണ്ടെന്ന് തോന്നി. പക്ഷേ നന്നായെന്ന് പിന്നീട് മനസ്സിലായി. സ്വഭാവം കൊണ്ട് രണ്ടുപേർ വ്യത്യസ്തരായാലുമില്ലെങ്കിലും മനസ്സ്‌ കൊണ്ട് ചേരാൻ പറ്റിയില്ലെങ്കിൽ പിന്നെ ആ ബന്ധത്തിന് അർത്ഥമില്ല. റോയ്ക്ക് എന്റെ താല്പര്യങ്ങളോടൊക്കെ പുച്ഛമായിരുന്നു. അതൊക്കെ മനസ്സിലാക്കാം. പക്ഷേ, അയാൾ ജീവിതത്തിൽ നഷ്ടങ്ങളറിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ, ആ സമയത്ത് എന്നെ ബാധിച്ചിരുന്ന വിഷയങ്ങളൊന്നും അയാൾക്ക് മനസ്സിലാവുമായിരുന്നില്ല. എനിക്ക് അയാളോട് തോന്നിയ അകൽച്ച റോയ്ക്കും തിരിച്ചുണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോൾ മമ്മിയ്ക്കും എതിർപ്പൊന്നുമുണ്ടായില്ല. സോ ദാറ്റ്‌ എൻഡഡ് വിത്തൌട്ട് എനി ഹാർഡ് ഫീലിംഗ്സ്.’ മായ ഒന്ന് നിർത്തിയ ശേഷം തുടർന്നു.

‘നമുക്ക് ചുറ്റും നിലനിന്നിരുന്നവരൊക്കെ പെട്ടന്ന് മായ്ഞ്ഞു പോകുമ്പോൾ, സത്യത്തിൽ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് തന്നെ അറിയാതെയാവും. എന്തിനുവേണ്ടി എന്ന ഒരു തോന്നൽ. മരവിപ്പായിരുന്നു കുറേ കാലം. ആൽബിക്ക് ഞാൻ പറയുന്നത് മനസ്സിലാവും.’ മായയുടെ കണ്ണിൽ നനവ് പടർന്നു. ആൽബിക്ക് തന്റെ മനസ്സ്‌ മറ്റൊരാളുടെ ശബ്ദത്തിലേക്ക് പകർത്തിയത് പോലെയാണ് തോന്നിയത്.അയാളുടെ കണ്ണിലും നനവ് പടർന്നു. ‘ ഞാൻ ആൽബിയെക്കുറിച്ച് ചിന്തിക്കുമായിരുന്നു ഇടയ്ക്കിടെ. പക്ഷേ, ഒന്ന് വിളിക്കാനുള്ള ധൈര്യം ഉണ്ടായില്ല. മമ്മിയെ വിളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക്. ആൽബി റീഹാബിൽ പോയതും മാറിത്താമസിച്ചതുമൊക്കെ പറഞ്ഞിരുന്നു. നാട്ടിൽ വന്ന് എല്ലാവരെയും നേരിൽ വന്ന് കാണാനിരുന്നപ്പോഴാണ് ആൽബി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതറിഞ്ഞത്. പിന്നെ അങ്ങോട്ട് വരാനുള്ള ധൈര്യം ഉണ്ടായില്ല. കാരണം, ആൽബിയുടെ ജീവിതത്തിൽ കാലം ഒരടി പോലും മുൻപോട്ട് പോയിട്ടില്ലെന്ന് മനസ്സിലായി.’ അവളുടെ കണ്ണുകൾ തുളുമ്പാതെ നിറഞ്ഞു തന്നെയിരുന്നു. ആദ്യമായി തന്റെ അനുഭവങ്ങൾ അതേ തീവ്രതയോടെ ഒരാൾ മനസ്സിലാക്കിയത് പോലെ അയാൾക്ക് തോന്നി. അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന കാര്യങ്ങളാണെങ്കിൽ പോലും അത്‌ അസ്വസ്ഥതയുണ്ടാക്കിയില്ല. അവളോട് തന്നെക്കുറിച്ചൊന്നും പറഞ്ഞറിയിക്കേണ്ടതില്ലെന്നുള്ളത് അയാൾക്ക് കൂടുതൽ ആശ്വാസം നൽകി. അപ്പോഴേക്കും മായയുടെ വീടെത്തി. ശുഭരാത്രി നേർന്ന് അവർ പിരിഞ്ഞു.

(അടുത്ത അദ്ധ്യായത്തോടെ നോവൽ അവസാനിക്കുന്നു )

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്