ആം സോർ (നോവൽ – ഭാഗം 12 )

ഏപ്രിലിനോടെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ആൽബിയ്ക്ക് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. സമയം കടന്നു പോകുമ്പോൾ, അഭിമുഖീകരിക്കാനാവാതെ തന്റെയുള്ളിൽ ആഴത്തിൽ ഒളിഞ്ഞു കിടന്നിരുന്ന കുറ്റബോധം ആ ശൂന്യതയെ പതിയെ കീഴടക്കാൻ ശ്രമിക്കുന്നത് അയാൾ അറിഞ്ഞു. ഉണർന്നിരിക്കുമ്പോൾ മനപ്പൂർവ്വം ഒന്നുമോർക്കാൻ ശ്രമിച്ചില്ലെങ്കിലും അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിന്റെ തളർച്ച ശരീരത്തിനെ ബാധിച്ചത് കാരണം മൂന്നു ദിവസം ലീവെടുത്തു. പരമാവധി സമയം കിടന്നുറങ്ങുക മാത്രമാണ് അയാൾ ചെയ്തത്. ആരെയും കാണാനോ സംസാരിക്കാനോ ഉള്ള മാനസികാവസ്ഥ ഇല്ലായിരുന്നു.

ഏപ്രിൽ അയാൾക്ക് വിശ്രമിക്കാൻ അവസരം കൊടുത്തു. ഒരാഴ്ച കഴിഞ്ഞാണ് പിന്നീടവർ തമ്മിൽ സംസാരിക്കുന്നത്, അപ്പോഴേക്കും വല്ലാത്തൊരു മരവിപ്പ് അയാളെ ബാധിച്ചിരുന്നു. വൈകിട്ട് ആൽബി ബാൽക്കണിയിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ വന്ന് അടുത്തിരുന്നു. കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം ഏപ്രിൽ സംസാരിച്ചു തുടങ്ങി. ‘ആൽബിയ്ക്കറിയുമോ മനഃശാസ്ത്രപരമായി ഗന്ധങ്ങളെ മനുഷ്യന്റെ ഓർമ്മകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.’ അയാൾ നിർവ്വികാരതയോടെ അവളെ നോക്കി. അവൾ അകന്നു പോകുന്ന ഒരു വെളുത്ത മേഘത്തിൽ കണ്ണുംനട്ടുകൊണ്ട് തുടർന്നു. ‘ഗന്ധങ്ങളുടെ ഓർമ്മകളെയുണർത്താനുള്ള അസാമാന്യമായ കഴിവിനെ ‘പ്രൌസ്റ്റ് ഇഫക്ട് ‘ എന്നാണ് വിളിക്കുന്നത്. ഉപബോധമനസ്സിൽ നല്ലതോ ചീത്തതോ ആയ ഓർമ്മകളെ ഉറക്കിക്കിടത്തുകയാണ് തിരിച്ചറിവിന്റെ സുപ്രധാന ഉപാധിയായ ഗന്ധങ്ങൾ ചെയ്യുന്നത്. നൈസർഗികമായ അവബോധതലങ്ങൾ ഗന്ധങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. മറ്റിന്ദ്രിയങ്ങളെ അപേക്ഷിച്ച് കാലമെത്ര കഴിഞ്ഞാലും അതിവേഗത്തിൽ അനുഭവങ്ങളെ പുനർജീവിപ്പിക്കാനുള്ള കഴിവ് ഗന്ധങ്ങൾക്കുണ്ട്.’ ഉത്സാഹത്തോടെയല്ലെങ്കിലും ആൽബി ഏപ്രിൽ പറയുന്നത് കേട്ടിരുന്നു.

‘പരിചിതമായ ഒരു ഗന്ധം ഓർമ്മകളെ ഉണർത്തുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തിൽ തന്നെ വേഗത കൂടുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കാരണം, തലച്ചോറിൽ ഗന്ധജ്ഞാനത്തിന്റെയും ഓർമ്മകളുടെയും അധിഷ്ഠാനങ്ങൾ വളരെ അടുത്തതാണെന്നുള്ളത് കൊണ്ടാണത്. ഓർമ്മകളെ സ്ഥലവും കാലവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഗന്ധങ്ങൾക്കാവും. ഉദാഹരണത്തിന് ഒരാളെ ആദ്യമായി കാണുമ്പോൾ അയാളണിഞ്ഞിരിക്കുന്ന പെർഫ്യൂമോ മറ്റോ വീണ്ടും എവിടെവെച്ചെങ്കിലും തിരിച്ചറിയുമ്പോൾ, അതേ സ്ഥലവും കാലവും അതോടൊപ്പമുള്ള അനുഭവവും ഓർമ്മകളിലേക്ക് വരും, ആ വ്യക്തി അവിടെയില്ലെങ്കിൽ പോലും.’ ഏപ്രിൽ പറഞ്ഞു നിർത്തിയ ശേഷം ആൽബിയുടെ മുഖത്തേക്ക് നോക്കി. അവൾ പകർന്നുകൊണ്ടിരിക്കുന്ന അറിവുകൾക്ക് തന്റെ ജീവിതത്തിൽ ഇനി എന്താണ് പ്രസക്തി എന്ന് അയാൾ ആലോചിച്ചു. വിഷാദത്തിലേക്ക് നയിക്കുന്നതല്ലാത്ത എന്തും ഈ സമയത്ത് സ്വീകര്യമാണ്, അവളുടെ സാന്നിധ്യം പോലെ. അയാൾ അവളെ നോക്കി ചിരിച്ചു.

‘കൊള്ളാമല്ലോടോ, താൻ ഗന്ധങ്ങളെക്കുറിച്ച് നല്ലൊരു ഗവേഷണം നടത്തിയിട്ടുണ്ടല്ലോ.’ അവൾ തിരിച്ചു ചിരിച്ചു. ‘ഉം… ഒരുപാട് മുൻപ്, അതായത് ഏകദേശം ഏഴെട്ടു വർഷങ്ങൾക്ക് മുൻപ് ഞാനെഴുതിയ ‘ലാൻഡ് ഓഫ് ലാവെൻഡേഴ്‌സ് ‘ എന്ന കവിതാസമാഹാരത്തിലെ കവിതകളിൽ മുഖ്യമായും പ്രതിപാദിക്കുന്നത് ജന്മാന്തരപ്രണയവും അത് നമുക്കായി ബാക്കി വെക്കുന്ന അടയാളങ്ങളെക്കുറിച്ചാണ്.’ ഏപ്രിൽ ഒരു നിമിഷം വീണ്ടും വിദൂരതയിലേക്ക് നോക്കിയിരുന്നു. അവളെന്തോ പറയാൻ ബാക്കിവെച്ചതായി ആൽബിക്ക്‌ തോന്നി. ചിലപ്പോൾ അവളും പ്രിയപ്പെട്ട ആരെയോ ഓർക്കുന്നുണ്ടാവണം. ആത്മാക്കൾ ജീവിച്ചിരിക്കുന്നവരെക്കുറിച്ചോർത്ത് ദു:ഖിക്കുന്നുണ്ടാവുമോ? അവളും ജീവിക്കുകയാണല്ലോ മറ്റൊരു ലോകത്ത്! അവൾ സംസാരം തുടരുന്നതും കാത്ത് അയാളിരുന്നെങ്കിലും, കുറേ നേരം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടിയില്ല.

അവർക്കിടയിലെ നിശ്ശബ്ദത മടുത്തപ്പോൾ ആൽബി സംസാരിക്കാൻ തീരുമാനിച്ചു. ‘അത്ഭുതം തന്നെ, അല്ലേ ഏപ്രിൽ. വെറുതെയല്ല എനിക്ക് തന്നോട് സംസാരിക്കാനുള്ള അവസരമുണ്ടായത്. പ്രണയമവശേഷിപ്പിച്ച ഗന്ധമെന്ന അടയാളം! അതൊരു അടയാളമായിരുന്നു എന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയതാണ്. പക്ഷെ, അനുഭവിക്കാൻ യോഗമില്ലെങ്കിൽ അടയാളങ്ങൾ കൊണ്ടെന്താ ഏപ്രിൽ പ്രയോജനം? ഇനി ഈ ജന്മത്തിൽ അതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞിട്ടെന്തു കാര്യം?’ അയാൾ വലിച്ചു തീരാറായ സിഗരറ്റിന്റെ കുറ്റി ആഷ്ട്രേയിൽ കുത്തിക്കെടുത്തി. ‘ എന്തിനും ഒരു കാരണം ഉണ്ടാവില്ലേ?.’ അത്രയും പറഞ്ഞു നിർത്തി ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു. ‘എന്താ ആൽബി, ഇത്ര വലിയ തമാശ?’. ഏപ്രിൽ കൗതുകത്തോടെ ചോദിച്ചു.

‘ അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. ഇനി താനാണോ എന്റെ യഥാർത്ഥ ‘സോൾമേറ്റ്‌’ എന്ന്. അങ്ങനെയാണെങ്കിൽ അക്ഷരാർത്ഥത്തിൽ ശരിയാവും. ആത്മമിത്രം, താൻ ആത്മാവും ആണ്, മിത്രവും. ദി റിയൽ സോൾമേറ്റ്‌. ദി സോൾ ഹൂ ഈസ്‌ ഡെസ്റ്റിൻഡ് ടു ബി സ്റ്റക്ക് വിത്ത്‌ മീ ഫോർ ദി റെസ്റ്റ് ഓഫ് മൈ ലൈഫ്. എനിക്ക് വിരോധമൊന്നും ഇല്ല.’ അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. കൂടെ അവളും ചിരിച്ചു. അവർ കുറേ നേരം വിദൂരതയിലേക്ക് നോക്കി മിണ്ടാതിരുന്നു. ഏപ്രിലിന്റെ മൗനം വീണ്ടും നീണ്ടു പോയപ്പോൾ ആൽബി അവളെ നോക്കി. ടിവി ചാനലിൽ കണ്ടത് പോലെ മുടി പിറകോട്ടു വലിച്ചുകെട്ടിവെച്ചിരിക്കുന്നു. ഇരുവശത്തും കുറച്ചിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നു. അത്‌ അവളുടെ ചെവിക്ക് പിറകിലേക്ക് തിരുകി വെക്കാൻ മനസ്സ് ആഗ്രഹിച്ചു. ഒരിക്കലും നടക്കാത്ത ആഗ്രഹം. രണ്ടു മനുഷ്യർ, അല്ല, രണ്ടാത്മാക്കൾ! രണ്ടു ലോകം, ഒരേ സ്ഥലം, ഒരേ സമയം! പക്ഷേ ആശ്വാസം തരുന്ന ഈ സൗഹൃദം, ഇതാണ് ഇപ്പോൾ തന്റെ യാഥാർഥ്യം. ആരോടും പറഞ്ഞു വിശ്വസിപ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. വിശ്വസിപ്പിക്കേണ്ട ആവശ്യവും ഇന്ന് തോന്നുന്നില്ല. തന്റെ നോട്ടം പതിഞ്ഞതറിഞ്ഞിട്ടും അവൾ വിദൂരതയിൽ എന്തോ തിരഞ്ഞു കൊണ്ടിരുന്നു.

‘ ഏപ്രിൽ, താനെന്താ ആലോചിക്കുന്നത്? ‘ അയാൾ അന്വേഷിച്ചു. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. ഏപ്രിലിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചതായി ആൽബിക്ക് തോന്നി. ‘ ആൽബി, തന്റെ ആത്മാവിൽ ഒരു ഗന്ധം പതിഞ്ഞു കിടപ്പുണ്ട്. തന്റെ യഥാർത്ഥ പ്രണയിനിയുടെ ഗന്ധം. ജന്മങ്ങൾക്കപ്പുറത്തും തനിക്കോർമ്മിക്കാൻ അവൾ ബാക്കിവെച്ച അവളുടെ ഗന്ധം.’ ഏപ്രിലിന്റെ കണ്ണുകളിൽ തെളിഞ്ഞതെന്താണെന്ന് ആൽബിക്ക് വായിക്കാനായില്ല. അവൾ സംസാരിക്കുന്നത് വളരെ ഗൗരവത്തോടെയാണ്, അതിന്റെ ദിശ വീണ്ടും തന്നിലേക്ക് തിരിയുകയാണ്. പക്ഷേ, അവളെ ഈ സംസാരത്തിൽ നിന്നും പിന്തിരിപ്പിക്കണം എന്ന് എന്തുകൊണ്ടോ മനസ്സ് പറയുന്നില്ല. അവൾ തുടർന്നു. ‘താൻ അവൾക്കായി ഒരു ഗന്ധം, അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊരടയാളം ബാക്കി വെച്ചിട്ടുണ്ടോ ആൽബി?’ അവളുടെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് അയാൾ അറിയില്ലെന്ന ഭാവത്തിൽ തലയാട്ടി. ഇതുവരെ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടില്ല. ഒരു പക്ഷേ, ഇനിയും ജന്മങ്ങളുണ്ടെങ്കിൽ അഗാധമായ ഒരു പ്രണയത്തിന്റെ അടയാളം തന്റെ ആത്മാവിൽ പതിഞ്ഞു കിടപ്പുണ്ട്. പക്ഷേ, മറുപാതിയ്ക്കായി ശേഷിക്കുന്ന തന്റെ അടയാളം എന്തായിരിക്കും?

അതുവരെ ഉപയോഗിച്ചിരുന്ന ഗന്ധങ്ങളെക്കുറിച്ച് ആൽബി ചിന്തിച്ചു. അങ്ങനെയൊരു പ്രത്യേക ശ്രദ്ധ അതിനു കൊടുത്തിട്ടില്ല. അധികവും ഗിഫ്റ്റായി കിട്ടുന്ന പെർഫ്യൂമുകൾ, അല്ലങ്കിൽ കടയിലുള്ളവർ നിർദേശിക്കുന്ന ബ്രാന്റുകൾ. ആൽബി പുഞ്ചിരിച്ചു. ‘ശരിയാണ് ഏപ്രിൽ, എന്റേതെന്ന് പറയാൻ ഒരു പ്രത്യേക അടയാളമൊന്നും ഇല്ല. പിന്നെ ഗന്ധം തന്നെയാണ് അതെങ്കിൽ എനിക്ക് സ്ഥിരമായുള്ളത് ഈ സിഗരറ്റിന്റെ ഗന്ധമാണ്.’ അയാൾ ചിരിച്ചു. ‘ ഒരടയാളം അറിഞ്ഞു കൊണ്ട് അവശേഷിപ്പിക്കണമെങ്കിൽ അത്‌ നമുക്ക് ബോധപൂർവം തിരഞ്ഞെടുക്കാം. ഈ ജന്മത്തിലല്ലെങ്കിൽ മറ്റൊരു ജന്മത്തിൽ അതയാളിലേക്കെത്തട്ടെ.’ അവൾ പുഞ്ചിരിച്ചുകൊണ്ട് നിർദേശിച്ചു.

ആൽബി നിഷേധാർത്ഥത്തിൽ തലയാട്ടി. ‘ഞാനാർക്ക് വേണ്ടിയാ ഏപ്രിൽ ഒരു അടയാളം ബാക്കി വെക്കേണ്ടത്? എനിക്കറിയാനുള്ളത് ഞാൻ അറിഞ്ഞു കഴിഞ്ഞു, അവളറിയാനുള്ളത് ഇനി അറിയിക്കാൻ കഴിയുകയും ഇല്ല. ഇനിയാരെങ്കിലും എന്നെങ്കിലും വരാനുണ്ടെന്ന് തോന്നിയാൽ അത്‌ അന്നാവാം. പിന്നെ ഈ അടയാളങ്ങളൊന്നും ഇല്ലാതെ തന്നെ മനുഷ്യർ പരസ്പരം അടുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നില്ലേ, പിന്നെന്തിനാ ഈ ഭ്രാന്തൊക്ക?….മടുത്തു!’ അയാൾ ദീർഘനിശ്വാസമയച്ചു. ‘ആൽബിയുടെ ഇഷ്ടം, ഞാൻ നിർബന്ധിക്കില്ല. പക്ഷേ, ഒന്നു മനസ്സിലാക്കണം. എല്ലാവർക്കും ഉണ്ടാകുന്ന അനുഭവങ്ങൾ ഒരുപോലെയല്ല. ആ വ്യത്യാസങ്ങൾക്കുള്ള മാനദണ്ഡം എന്താണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. സോ ഡോണ്ട് ട്രൈ ടു മേക്ക് ജഡ്ജ്മെന്റസ് ബേസ്ഡ് ഓൺ ജനറലൈസ്ഡ് കോൺസെപ്റ്റ്സ്. സം പീപ്പിൾ ആർ മെന്റ് ടു ഹാവ് എ വെരി ഡിഫറെൻറ് ജേർണി.’ ഏപ്രിലിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ വേദനകൾക്ക് കുറവ് വന്നുകൊണ്ടിരിക്കുന്നത് ആൽബി ശ്രദ്ധിച്ചു. പ്രതീക്ഷകളോ ആഗ്രഹങ്ങളോ ബാക്കി നിൽക്കാത്ത വിധത്തിലൊരു ശൂന്യത. അതിൽ ഏപ്രിൽ മാത്രം ഒരു നേർത്ത വെളിച്ചം പോലെ. അയാളുടെ മുഖത്ത് പ്രസന്നത പരന്നു. അവളെ നിരാശപ്പെടുത്തുന്നതിൽ അർത്ഥമില്ല.

‘ഏപ്രിൽ, ഇനി ഞാനൊരു ഗന്ധം തന്നെ തിരഞ്ഞെടുക്കാമെന്നു കരുതട്ടെ, പക്ഷേ, അത് ഞാൻ മാത്രമല്ലല്ലോ ഉപയോഗിക്കുന്നത്?’ ഏപ്രിലിന്റെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നു. ‘ഓരോരുത്തരുടെയും ശരീരത്തിന് പ്രത്യേക ഗന്ധമുണ്ട് ആൽബി. അതിനോട് ചേരുന്ന സുഗന്ധം അയാളുടെ മാത്രം ഗന്ധമായി മാറും.’ എന്തോ ആ വാക്യം അയാളുടെ മനസ്സിൽ ആഴത്തിൽ പതിച്ചു. ‘ പക്ഷേ, എങ്ങനെയാണ് എനിക്കിഷ്ടമുള്ള ഒരു പ്രത്യേകഗന്ധം ഞാൻ തിരഞ്ഞെടുക്കുന്നത്.? പെർഫ്യൂം ഷോപ്പിൽ പോയാൽ നമുക്ക് ഒരുപാട് ഗന്ധങ്ങൾ ഇഷ്ടപ്പെടില്ലേ.?’ ആൽബിയുടെ സംശയങ്ങൾക്കെല്ലാം അവളുടെ കയ്യിൽ ഉത്തരമുണ്ടായിരുന്നു. ‘ ഗന്ധങ്ങളെ ഗന്ധജ്ഞാനവുമായി താരതമ്യം ചെയ്യാനാണ് ‘ഫ്രാഗ്രൻസ് വീൽ’ രൂപകല്പന ചെയ്തിട്ടുള്ളത്. നാലു പ്രധാന ഫ്രാഗ്രൻസ് ഫാമിലിയായാണ് സുഗന്ധങ്ങളെ തരം തിരിച്ചിരിക്കുന്നത്. അതിന് ഉപവിഭാഗങ്ങളുമുണ്ട്. ഓരോന്നും ഒരോ തരത്തിലുള്ള അനുഭവങ്ങൾക്ക് വേണ്ടിയാണ്. ഒരു വ്യക്തിയുടെ പ്രായം, സ്വഭാവം, സെക്സ്, മാനസികാവസ്ഥ, താല്പര്യങ്ങൾ എല്ലാമനുസരിച്ച് ഈ തിരഞ്ഞെടുപ്പുകൾ മാറും. തനിക്ക് ഇഷ്ടപ്പെട്ടത് ഏതെന്നു കണ്ടെത്താൻ തനിക്ക് മാത്രമേ കഴിയൂ.’ ആൽബി ഏപ്രിലിന്റെ കണ്ണുകളിലേക്ക് നോക്കി. അവൾ തന്റെടുത്തിരിക്കുന്നതിന്റെ അർത്ഥം ഇപ്പോഴും പൂർണമായി മനസ്സിലാക്കാനായിട്ടില്ല. അഞ്ചു വർഷം കഴിഞ്ഞിട്ടും അവനി അവശേഷിപ്പിച്ച നീറ്റൽ അവിടെയുണ്ട്. പക്ഷേ തന്റെ ജീവിതം മാറിത്തുടങ്ങിയിരിക്കുന്നെന്ന് അയാൾക്ക് മനസ്സിലായി. താൻ മറ്റൊരാളായിക്കഴിഞ്ഞത് പോലെ. മനസ്സിലെ ഭയങ്ങൾ അകന്നത് പോലെ. ഒരാൾ കൂടെയുള്ള ആശ്വാസത്തിനപ്പുറം താനറിയാത്ത ഒരുപാടു ലോകങ്ങൾ തനിക്ക് മുൻപിൽ തുറന്നത് പോലെ. ശൂന്യമാണെങ്കിലും ഒരു വഴി മുൻപിലേക്ക് നീളുന്നത് പോലെ.

ആൽബി തന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോൾ അയാളുടെ സൗഹൃദത്തിന്റെ കണ്ണികൾക്ക് അടുപ്പമേറുന്നുവെന്ന തിരിച്ചറിവ് ഏപ്രിനെ ബോധവതിയാക്കി. അയാളുടെ അടുത്ത് താനെന്തിനെത്തിയെന്നതിനുള്ള ഉത്തരം തനിക്ക്‌ നേരത്തേ കിട്ടിയതാണ്. പക്ഷേ അതുകൊണ്ട് എന്താണ് പ്രയോജനം എന്ന സംശയം മാത്രം ബാക്കി. എല്ലാ ഉത്തരങ്ങളും ഒരുമിച്ചാരെയും തേടി വരില്ല. യാത്ര തുടർന്നു കൊണ്ടേയിരിക്കണം. ആൽബിയുമായുള്ള സൗഹൃദം തന്റെ ആത്മാവിന്റെ എല്ലാ അതിർവരമ്പുകളും മായ്ച്ചു കളഞ്ഞിരിക്കുകയാണ്. പക്ഷേ, ശരീരത്തിൽ നിലനിൽക്കുന്ന ഒരാൾക്ക് സമയം വളരെ പ്രധാനപ്പെട്ടതാണ്. കാത്തിരിപ്പിന്റെ സമയദൈർഘ്യം കൊണ്ടാണ് ആത്മാവുകളെ ബന്ധിപ്പിച്ചിരിക്കുന്നത്. പക്ഷേ ആത്മാവിന്റെ സമയമോ അനന്തവും. അനുഭവങ്ങൾ കൊണ്ട് സമയത്തിലൂടെ ഒഴുകുന്നതിനെയാണ് ജീവിതമെന്ന് പറയുന്നത്. മരണം എന്ന അർദ്ധവിരാമം കൊണ്ട് ഒരു ജന്മത്തെ രേഖപ്പെടുത്തുന്നു. ഏപ്രിൽ എന്ന് പേരുള്ള തന്റെ ജന്മം രേഖപ്പെടുത്തിക്കഴിഞ്ഞതാണ്. അതിലിനി സമയം അവശേഷിക്കുന്നില്ല. പിന്നെയും ആ ജന്മത്തിന്റെ തുടർച്ചയായി അനുഭവങ്ങൾ തന്നെ തേടി വന്നിരിക്കുകയാണ്. ഓർമ്മകൾ മായ്ച്ചു കളയും മുൻപ് ആത്മാവിൽ എന്തോ ഒന്നു കൂടി അടയാളപ്പെടുത്താനുണ്ടായിരുന്നിരിക്കണം, ചിലപ്പോൾ താൻ പോലുമറിയാതെ. അവൾ ആൽബിയുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കി. ഒരാത്മാവിന്റെ തിരിച്ചറിവ്. അതുവരെ തോന്നാതിരുന്ന ശാന്തി. പക്ഷേ, അയാളുടെ കണ്ണുകളിൽ താൻ കണ്ടുകൊണ്ടിരുന്ന വികാരങ്ങളിൽ പലതിനും മങ്ങലേറ്റിരിക്കുന്നു. പകരം അയാളുടെ ശ്രദ്ധ തന്നിലേക്ക്‌ മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. അത്‌ അനുവദിച്ചുകൂടാ. തനിക്ക് പോകാനുള്ള സമയമായെന്നതിന്റെ ഓർമ്മപ്പെടുത്തൽ.

‘ആൽബി, ഈ സൗഹൃദം നമുക്ക് എക്കാലവും നിലനിർത്താൻ കഴിയുന്നതല്ല.’ അവൾ ഓർമ്മിപ്പിച്ചു. ‘തനിക്ക് ഇവിടെ എന്റെ കൂടെ എന്നും ഒരു കൂട്ടായി ഇരുന്നൂടെ ഏപ്രിൽ?. നമ്മൾ രണ്ടുപേരും പോരെ ഇവിടെ?’. അയാൾക്ക് പെട്ടന്ന് അങ്ങനെ ചോദിക്കണമെന്ന് തോന്നി. അവൾ തന്റെ ആരൊക്കെയോ ആയിത്തീരുന്നുവെന്ന ഒരു തോന്നൽ അയാൾക്ക് നിഷേധിക്കാനായില്ല. ‘ ഞാൻ തന്റെ സോൾമേറ്റ്‌ ആയിരിക്കും, അവനിയെപ്പോലെ, അല്ലെങ്കിൽ മറ്റൊരു തലത്തിൽ. പക്ഷേ ഈ ജന്മത്തിൽ ഒന്നിക്കേണ്ടവരായിരുന്നെങ്കിൽ നമ്മൾ തമ്മിൽ കാണുന്നത് ഇങ്ങനെ ആയിരുന്നിരിക്കില്ല ആൽബി. നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാവരും നമ്മുടെ കൂടെ എല്ലാ കാലവും നിലനിൽക്കേണ്ടവരല്ല. ചിലർ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിച്ച് കടന്നുപോകും. അവനിയെപ്പോലെ… എന്നെപ്പോലെ… പക്ഷേ, അതുകൊണ്ടൊന്നും ആൽബിയുടെ ജീവിതം തീരുന്നില്ല. അത് വീണ്ടും തുടരേണ്ടത് തന്നെയാണ്. ആൽബി സ്വയം അങ്ങനെയൊരു തീരുമാനം എടുത്താലും ഇല്ലെങ്കിലും അത് തുടർന്നു പോകും, അതിനുള്ള സാഹചര്യങ്ങൾ താൻ പോലും അറിയാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വരും.’ ഏപ്രിൽ അയാൾക്ക് ആശ്വാസമേകാൻ ശ്രമിച്ചു.

‘ഇത്രയും കാലം ഞാൻ ജീവിച്ചത് അവനിയുടെ ഓർമ്മകൾ ഉള്ളത് കൊണ്ട് മാത്രമാണ്. ആ ആൽബി അവനിയോടൊപ്പം മരിച്ചു ഏപ്രിൽ. ശരിയാണ്, എനിക്ക് മുഴുവനായും ഒരു മാറ്റം സൃഷ്ടിച്ചു കൊണ്ടാണ് അവനി കടന്നുപോയത്. ഈ ആൽബിയെ എനിക്കും അറിയില്ല .’ അയാളുടെ കണ്ണുകൾ നിറഞ്ഞു. ‘ ആൽബീ, നമുക്ക് ഒരാളോടുള്ള സ്നേഹമോ അയാളുടെ നഷ്ടത്തിലുണ്ടാകുന്ന ദുഖമോ യാഥാർഥ്യമല്ലെന്നല്ല, പക്ഷേ ആ വികാരങ്ങളുടെയെല്ലാം അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നാൽ അവിടെ നമ്മൾ കാണുക നമ്മളെത്തന്നെയാണ്. മറ്റൊരാളുടെ നഷ്ടത്തേക്കാളേറെ, നമ്മളെ ദുഃഖത്തിലാഴ്ത്തുന്നത് അയാളോടൊപ്പം നമുക്ക് നഷ്ടപ്പെട്ടു പോകുന്ന നമ്മളെത്തന്നെയാണ്, നമ്മൾ വിട്ടുകളയാൻ ആഗ്രഹിക്കാത്ത നമ്മളുടെ ദൗർബല്യങ്ങളും നമ്മൾ അഭിമുഖീകരിക്കാൻ തയ്യാറാവാത്ത നമ്മുടെ യാഥാർഥ്യങ്ങളും. അതിനെയൊക്കെ നമ്മൾ മറ്റൊരാളോട് ബന്ധിപ്പിച്ചു വിശേഷിപ്പിക്കുന്നു എന്നേ ഉള്ളൂ. ആരും ദുഃഖത്തിൽ കഴിയുമ്പോൾ സ്വന്തം ഉള്ളിലെ ആ ഇരുട്ടറയിലേക്ക് പ്രവേശിക്കാൻ സ്വമേധയാ തയ്യാറാകില്ല, അത് അതിനുള്ള അവസരമാണെന്നുള്ളത് യാഥാർഥ്യമാണെങ്കിൽ പോലും. ഇനി അല്ലാതെ അവിടെയെത്തിയാലും, വിഷാദമെന്ന പേരിൽ അലഞ്ഞു തിരിഞ്ഞ് ഉത്തരം കിട്ടാതെ, സമയത്തിന്റെ ദയയാൽ പുറത്തു കടക്കും. പക്ഷേ, തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ആ സമയം കടന്നുപോകുമ്പോൾ മാറ്റങ്ങൾ അനിവാര്യമാണ്. ആൽബി പറഞ്ഞത് പോലെ, എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ് നടക്കുന്നത്, പ്രണയം പോലെ മരണവും. ആ ആൽബി മരിച്ചത് മറ്റൊരു ആൽബി ഉണ്ടാവാൻ വേണ്ടിയായിരുന്നു. ഇന്ന് ആ ആൽബിക്ക് പിന്നെയും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു ജന്മത്തിനുള്ളിലെ പല ജന്മങ്ങൾ.’ ആൽബി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകണമെന്ന് അവൾ അതിയായി ആഗ്രഹിച്ചു.

‘ ഇതൊക്ക താൻ ജീവിച്ചിരിക്കുമ്പോൾ പഠിച്ചതോ, മരിച്ചതിനു ശേഷം പഠിച്ചതോ?’ ആൽബിയുടെ മുഖത്ത് പരിഹാസത്തിന്റെ നേർത്ത ഛായ പടർന്നു. ഏപ്രിൽ ചിരിച്ചു. ‘ പകുതി ജീവിച്ചിരിക്കുമ്പോൾ, പകുതി അതിനു ശേഷം, ഇനി പഠിക്കാനുള്ളത് ഇപ്പോൾ പഠിച്ചതിന്റെ എത്രയോ ഇരട്ടിയും.’ അവൾ ഒന്ന് നിർത്തിയതിനു ശേഷം തുടർന്നു. ‘ആൽബി, നമുക്ക് നഷ്ടപ്പെടുന്നതെല്ലാം നഷ്ടപ്പെടേണ്ടിയിരുന്നത് തന്നെയാണ്. അല്ലെങ്കിൽ ശാശ്വതമായി എന്താണുള്ളത്? ആൽബിയ്ക്ക് വേണമെങ്കിൽ മറിച്ച് ചിന്തിക്കാം, ശാശ്വതമല്ലാത്തതായി എന്താണുള്ളത്? കാരണം, തന്നോട് സംസാരിക്കുന്ന ഈ ഞാൻ തന്നെ ആർക്കൊക്കെയോ നഷ്ടപ്പെട്ട ഒരാളല്ലേ? ‘ ഏപ്രിൽ ആൽബിയുടെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് വിഷാദത്തിന്റെ നിഴലുകൾ വീണ്ടും പടരുന്നത് അവൾ കണ്ടു. ‘ ശരിയാണ്. ദുഃഖങ്ങൾ ചിലപ്പോൾ നമ്മളെ തളർത്തിക്കളയും, പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് പ്രതീക്ഷിക്കാനാവുന്നതിലുമപ്പുറം. പക്ഷേ, വന്നുചേരുന്നതെല്ലാം നമ്മളെ മറ്റെന്തിലേക്കൊക്കെയോ നയിക്കുകയാണ് ഓരോ നിമിഷവും. മാറ്റങ്ങൾ എളുപ്പമാവില്ല ആൽബി, കാരണം മനുഷ്യന്റെ മനസ്സ്‌ ഏറ്റവും ഭയത്തോടെ പ്രതികരിക്കുന്നത് അതിനോടാണ്.’ ആകസ്മികമായി തന്റെ ആത്മപ്രയാണത്തിൽ വന്നു ചേർന്ന ആ സുഹൃത്തിനെ എന്തു പറഞ്ഞാണ് ജീവിതത്തിലേക്ക് തിരിച്ചു തള്ളിവിടേണ്ടതെന്ന് അവൾക്ക് അപ്പോഴും കൃത്യമായി അറിയില്ലായിരുന്നു.

ആൽബി നിഷേധാർത്ഥത്തിൽ തലയാട്ടി. ‘ഏപ്രിൽ, പറയുന്നതെല്ലാം ശരിയായിരിക്കാം. പക്ഷേ ഇതൊന്നും ഉൾക്കൊള്ളാൻ എന്റെ മനസ്സ്‌ പാകപ്പെട്ടിട്ടില്ല. അവനി…! ഞാൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് തോന്നിയിരുന്നത് പോലും അവളുടെ ഓർമ്മകൾ ഉള്ളത് കൊണ്ടാണ്. ഈ ജന്മം മുഴുവൻ അവളോട് കൂടി ഈ വിഷാദത്തിന്റെ ഇരുട്ടറയിൽ കഴിയുന്നതിനപ്പുറത്തേക്ക് ഞാൻ ഒന്നും ആഗ്രഹിച്ചിരുന്നില്ല. താൻ വന്നതിന് ശേഷമാണ് ഞാൻ ഇത്രയും വർഷങ്ങൾക്ക് ശേഷം ആരോടെങ്കിലും മനസ്സ്‌ തുറന്ന് സംസാരിക്കുന്നത്. അറിയില്ല ഇപ്പോൾ വെറും ശൂന്യതയാണ് എന്റെ മുൻപിൽ.’ അയാൾ തലക്കടിയിൽ ഇരുകൈകളും കോർത്തുവെച്ച് ബാൽക്കണിയിലെ തറയിൽ കിടന്ന് ആകാശത്ത് ഒന്നിച്ചു പറന്നുപോകുന്ന രണ്ടു കിളികളെ നോക്കി ദീർഘനിശ്വാസമയച്ചു. മാറ്റങ്ങൾക്കിടയിലും അയാളുടെ മുഖത്ത് നൈരാശ്യം വ്യക്തമായിക്കിടന്നു.

‘ആൽബി, വിഷാദത്തോട് പോലും പലപ്പോഴും നമ്മൾ അടിമപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യൻ എന്തിനോടെങ്കിലും അടിമപ്പെടുകയോ എന്തെങ്കിലും അന്യായങ്ങൾ സഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് തനിക്ക് നിലനിൽക്കാൻ മറ്റെന്തിന്റെയൊക്കെയോ സഹായം വേണമെന്നുള്ള തോന്നൽ കൊണ്ടു മാത്രമാണ്. അവനിയുടെ ഓർമ്മകൾ നിലനിൽക്കും, പക്ഷേ, ആൽബിയ്ക്ക് ഈ വിഷാദമോ സൈക്യാട്രിസ്റ്റോ ഞാനോ ഇല്ലാതെ നിലനിൽക്കാനാവും. അതിന് താൻ കൂടെ ശ്രമിച്ചാൽ എളുപ്പമാവും. അത്ര മാത്രം.’ ഏപ്രിൽ തന്റെ വളരെ താഴ്ന്ന ശബ്ദത്തിൽ ശാന്തമായി പറഞ്ഞു. ആൽബി ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി. ‘തനിക്ക് പോകണം അല്ലേ ഏപ്രിൽ. അത്‌ അനിവാര്യമാണെങ്കിൽ പോകാം. അതിനു മുൻപ് ഇത്രയും ഉപദേശത്തിന്റെ ആവശ്യമുണ്ടോ? ‘ അയാൾ ഒരു നിമിഷം കണ്ണടച്ചു തുറന്നു. ‘ ഐ വിൽ മിസ് യു ഏപ്രിൽ.’ അയാളുടെ ഹൃദയത്തിൽ ഉടലെടുത്ത നോവ് മുഖത്തേക്ക് പടർന്നു. കൂടുതലൊന്നും പറയാൻ അയാൾ വാക്കുകൾ തിരഞ്ഞില്ല. ഏപ്രിൽ ആൽബിയുടെ മുഖത്ത് നോക്കി പ്രസന്നമായി പുഞ്ചിരിച്ചു. അയാൾ ആ രൂപം ഹൃദയത്തിൽ പതിപ്പിക്കാണെന്നവണ്ണം ഒരു നിമിഷം അവളെ തന്നെ നോക്കി. അതിനുശേഷം ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു. ‘ആൽബി നമ്മൾ പരസ്പരം അറിഞ്ഞതിനുള്ള കാരണം തന്നെ തേടി വരും, എന്നെങ്കിലും. നമ്മൾ വീണ്ടും കാണും ആൽബി. അതുവരെ ബൈ.’ ഏപ്രിൽ അത്രയും പറഞ്ഞ ശേഷം വിടവാങ്ങി. ഭൂമിയിൽ പടർന്നു കൊണ്ടിരുന്ന ഇരുട്ട് അയാളുടെ മനസ്സിലേക്കും പടർന്നു. ആൽബിയുടെ മനസ്സ്‌ ശൂന്യമായി. അയാൾ ഉറക്കത്തിലേക്ക് വഴുതിവീണു. കണ്ണുതുറക്കുമ്പോൾ ഇരുട്ടിന്റെ കാഠിന്യം കൂടിയിരുന്നു. അയാൾ എഴുന്നേറ്റിരുന്നു ചുറ്റിലും നോക്കി. ‘ഏപ്രിൽ….’ ആൽബി പതുക്കെ വിളിച്ചു. മറുപടിയായി നിശ്ശബ്ദത മാത്രം. അവൾ പോയിക്കഴിഞ്ഞിരുന്നു. ആ ഫ്ലാറ്റിൽ താൻ ആദ്യമായി തനിച്ചായത് പോലെ.

ഒരാഴ്ച മരവിപ്പോടെ അയാൾ ജോലിക്ക് പോയി. ജീവിതം പഴയത് പോലെയല്ലെങ്കിലും യാന്ത്രികമായി തുടർന്നു. ഒഴിവുദിവസം കഴിയാറായപ്പോഴേക്കും വിഷാദം പൂർവ്വാധികം ശക്തിയോടെ അയാളെ തേടി വന്നു. ഫ്ലാറ്റിൽ തളം കെട്ടി നിൽക്കുന്ന ശൂന്യത ആൽബിയെ ഏതോ മോർച്ചറിയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. തന്റെ വിഷാദത്തിൽ ഒരു നശീകരണ സ്വഭാവമുള്ള ഒരു വിത്ത് മുളച്ചുവരുന്നത് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഡോക്ടർ ജേക്കബ് എബ്രഹാമിനെ കാണാൻ അപ്പോയിൻമെന്റ് എടുത്തു. ഡോ. ജേക്കബ് എബ്രഹാമിന്റെ മുൻപിൽ തല താഴ്ത്തിയിരുന്ന് ആൽബി അത്രയും നാളുണ്ടായ സംഭവവികാസങ്ങൾ വിവരിച്ചു. എല്ലാം ശ്രദ്ധാപൂർവം കേട്ട ശേഷം ഡോക്ടർ മറുപടി പറഞ്ഞു. ‘ ആൽബി, താൻ കഴിഞ്ഞ അഞ്ചു വർഷമായി വിഷാദത്തിലായിരുന്നു എന്നുള്ളത് ശരിയാണ്. പക്ഷേ, തനിക്ക് ഇനിയതിനുള്ളിൽത്തന്നെ ജീവിക്കാൻ കഴിയില്ല. കാരണം, യാഥാർഥ്യം എന്തും തന്നെ ആയിക്കൊള്ളട്ടെ, മറുവശത്ത് ഒരു വെളിച്ചം താൻ കണ്ടു കഴിഞ്ഞു. അതു കൊണ്ടാണ് വീണ്ടും ഒറ്റയ്ക്കയപ്പോൾ ഈ വിഷാദം തനിക്ക് മുൻപത്തെക്കാളും ദുസ്സഹമായിത്തീർന്നത്. ആൽബി, ഏപ്രിൽ ഒരു ഇല്ല്യൂഷൻ മാത്രമാണ്, ഇനി അല്ല എന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കിൽ തന്നെ അതിനൊരു പരിമിതിയുണ്ടെന്ന് തനിക്കറിയാമല്ലോ. തന്നെ ഈ അവസ്ഥയിൽ നിന്ന് കരകയറ്റാനുണ്ടായ ഒരു അനുഭവം, അതിനെ അങ്ങനെ കണ്ടാൽ മതി. ഞാൻ ഇപ്പോഴും തന്നെ അഡ്മിറ്റ്‌ ചെയ്യാതെ കൗൺസിലിംഗിൽ തന്നെ നിർത്തുന്നത്, ഏപ്രിൽ എന്ന ഒരു അനുഭവം ഒഴിച്ചാൽ, ഇപ്പോഴും സ്വയം ഒരു അവലോകനം നടത്തി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള സ്വബോധം തനിക്ക് നിലനിൽക്കുന്നുണ്ട് എന്നുള്ളത് കൊണ്ടാണ്. താൻ കരകയറാനുള്ള സമയമായി ആൽബി, ഏപ്രിൽ എന്ന ഇല്ല്യൂഷനിൽ നിന്നും വിഷാദമെന്ന യാഥാർഥ്യത്തിൽ നിന്നും.’

തന്റെ മരുന്നുകളോടും നിർദേശങ്ങളോടും ഒട്ടും നീതി പുലർത്തിയിട്ടില്ലെങ്കിലും ആൽബിയെ ഒരു മാനസികരോഗിയെന്ന മുദ്രകുത്താൻ, അയാളുടെ ജീവിതത്തിലുണ്ടായത്, കാലത്തിന് മാത്രം മായ്ക്കാവുന്ന ദൗർഭാഗ്യങ്ങളുടെ വിരലടയാളങ്ങളാണെന്ന് അറിയാവുന്നത് കൊണ്ടു തന്നെ, ഡോക്ടർ തയ്യാറായില്ല. ഈ മാനസികസംഘർഷങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ കുറച്ചു കൂടെ സമയം അയാൾക്ക് കൊടുക്കണമെന്ന് ഡോക്ടർക്ക് തോന്നി. അദ്ദേഹം അന്ന് കുറച്ചധികം നേരം കൗൺസിലിംഗ് കൊടുത്ത ശേഷം, ആൽബി കുറച്ചു ശാന്തനായെന്ന് തോന്നിയപ്പോൾ മരുന്നുകൾ മാറ്റി കുറിച്ചു കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞു വന്നു കാണാൻ പറഞ്ഞു. ആൽബി എഴുന്നേറ്റു പുറത്തേക്ക് നടക്കും മുൻപ് അദേഹത്തിന്റെ കണ്ണുകളിൽ നോക്കി. ‘ആത്മാവാണെങ്കിലും, ഒരാൾ കൂട്ടിനുണ്ടെന്ന തോന്നൽ തരുന്ന ആശ്വാസം ചെറുതല്ലായിരുന്നു ഡോക്ടർ. ‘ അയാളുടെ മുഖത്ത് വിടർന്ന നറു പുഞ്ചിരിയ്ക്കിടയിൽ അയാളുടെ വേദന വ്യക്തമായിരുന്നു. പിന്നീടെന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് ഡോക്ടർ ജേക്കബ് എബ്രഹാമിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

വൈകീട്ട് വീട്ടിലെത്തിയപ്പോൾ ആൽബിക്ക് വല്ലാത്ത മടുപ്പ് തോന്നി. ഡോക്ടർ പറഞ്ഞതോ ഏപ്രിൽ പറഞ്ഞതോ മനസ്സിലാക്കാനാവാഞ്ഞിട്ടല്ല, പക്ഷേ അഭിമുഖീകരിക്കാൻ അയാളുടെ മനസ്സ്‌ വിസമ്മതിച്ചു കൊണ്ടിരുന്നു. രാത്രിയായപ്പോഴേക്കും മാനസികസംഘർഷം അയാളെ ഭ്രാന്തു പിടിപ്പിച്ചു തുടങ്ങിയിരുന്നു. പക്ഷേ,ഡോക്ടർ നിർദേശിച്ച ഗുളിക കഴിക്കാൻ മനസ്സനുവദിക്കുന്നുണ്ടായില്ല. അയാൾ ലിക്വർ ക്യാബിൻ തുറന്ന് ഒരു വിസ്കിയുടെ കുപ്പി പുറത്തെടുത്ത് ഗ്ലാസ്സിലേക്കൊഴിച്ചു. ഒന്നുമോർക്കാത്ത തരത്തിൽ ബോധം മറയും വരെ കുടിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, ഓരോ പെഗ്ഗിലും തന്റെ ഗതകാലസ്മരണകൾ ഡെവലപ്പ് ചെയ്യാനിട്ട ഫോട്ടോ പോലെ കൂടുതൽ കൂടുതൽ തെളിഞ്ഞു വന്നു. ആൽബി ഫോണെടുത്ത് ഫോട്ടോ ഗ്യാലറിയിൽ പരതി. ഒരു ഫോട്ടോയിൽ തന്റെ കയ്യിൽ തൂങ്ങി നിൽക്കുന്ന ലിസി. ഒന്നിൽ ബൈക്കിന്റെ പിറകിൽ തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന അവനിയും അവളുടെ കാറ്റിൽ പറക്കുന്ന മുടയിഴകളും അവളുടെ കുറുമ്പുള്ള കറുത്ത കണ്ണുകളും. ആൽബി കണ്ണടച്ചു. അവളുടെ ശരീരത്തിന്റെ ചൂട് തന്നെ പൊതിയുന്നതായി തോന്നി. അയാൾ കണ്ണു തുറന്നു. ശൂന്യം. ഏപ്രിലിന്റെ സാമീപ്യം വളരെയധികം ആഗ്രഹിച്ച അയാൾ ഉറക്കെ വിളിച്ചു. ‘ഏപ്രിൽ….. ഏപ്രിൽ….’ ഭ്രാന്തു പിടിപ്പിക്കുന്ന ശൂന്യതയും നിശ്ശബ്ദതയും.

പെട്ടന്നാണ് മമ്മിയുടെ കാൾ വന്നത്. പക്ഷേ ആ ഫോണിൽ വിളിച്ചത് പപ്പയാണ്. ലഹരിയിൽ സ്വബോധമില്ലാത്തവനും അസ്വസ്ഥനുമായിരുന്ന ആൽബിയ്ക്ക് പപ്പയുടെ ശബ്ദം കേട്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ‘ പപ്പാ, പപ്പയ്ക്ക് എന്നെങ്കിലും എന്നോട് ക്ഷമിക്കാൻ കഴിയുമോ?’ ആൽബിയുടെ ചോദ്യം കേട്ട് അദ്ദേഹം അമ്പരന്നു. മകന്റെ ശബ്ദത്തിലെ തീവ്രമായ ദുഖവും നിരാശയും തിരിച്ചറിയാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായില്ല. ‘ ആൽബീ, ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാൻ മാത്രം എന്ത് തെറ്റാ നീ ചെയ്തത്? നീ ഇങ്ങോട്ട് വാ. എന്താണെങ്കിലും നമുക്ക് സംസാരിച്ച് സമാധാനമുണ്ടാക്കാം. അവിടെ ഒറ്റയ്ക്കിരുന്ന് ഓരോന്ന് ആലോചിക്കണ്ട.’ പപ്പയ്ക്ക് മനസ്സിൽ പെട്ടന്ന് ആൽബിയെക്കുറിച്ച് വല്ലാത്ത ആശങ്ക തോന്നി. ‘പപ്പാ, അന്ന് ഞാൻ ലേറ്റ് ആയില്ലായിരുന്നെങ്കിൽ ലിസിമോളും അവനിയും ഇന്നും നമ്മോടൊപ്പം ഉണ്ടായേനെ. അല്ലേ .’ ആൽബിയുടെ വാക്കുകൾ മുറിഞ്ഞു. പകരം ഏങ്ങലുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ തുളച്ചു കയറി.

പപ്പയുടെ കണ്ണുകളിൽ നനവ് പടർന്നു. ലിസി അദ്ദേഹത്തിന്റെ ജീവനായിരുന്നു. അതവനും നന്നായി അറിയാം. ആൽബിയോട് ഒരിക്കലും ആ അടുപ്പം കാണിച്ചിട്ടില്ലെങ്കിലും അവന് പരിഭവമുണ്ടായിട്ടില്ല, കാരണം അവൾ അവനും ജീവനായിരുന്നു. അവന്റെ ദുഖത്തിന്റെ ആഴമളക്കാൻ തനിക്കാവില്ലെന്ന് അദ്ദേഹത്തിനറിയാം. അവന് നഷ്ടപ്പെട്ടത് ലിസിയെ മാത്രമല്ല. കഴിഞ്ഞ അഞ്ചു വർഷങ്ങളായി തളച്ചിട്ടിരിക്കുന്ന വിഷാദത്തിന്റെ തടവറയിൽ നിന്നും അവനെ മോചിപ്പിക്കാനൊരു വഴി കാണിച്ചു കൊടുക്കണമെന്ന് മാത്രമാണ് ഓരോ പ്രാർത്ഥനകളിലും ദൈവത്തോട് പറയാറുള്ളത്. ഇന്നവന് തന്റെ സാന്നിധ്യത്തിന്റെ കരുത്ത് ആവശ്യമാണെന്ന് അദ്ദേഹത്തിന് തോന്നി. ‘ ആൽബി, അത് അവരുടെ വിധിയായിരുന്നു. അത് നിന്റെ തെറ്റായിരുന്നില്ല മോനെ. അത് കഴിഞ്ഞിട്ട് വർഷം അഞ്ച് കഴിഞ്ഞു. വിഷമം ഞങ്ങൾക്കുമുണ്ട് ആൽബി, പക്ഷേ അത്‌ സംഭവിച്ചത് നിന്റെ തെറ്റുകൊണ്ടാണെന്ന് ഞങ്ങളൊന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. സംഭവിച്ചു കഴിഞ്ഞതിനെ അങ്ങനെ തന്നെ സ്വീകരിക്കുകയല്ലാതെ തിരുത്താൻ നമുക്കാവില്ല, അതിനൊരു കാരണം കണ്ടെത്തേണ്ടതുമില്ല. നീയിനിയും ഇതൊക്കെ ആലോചിച്ച് മനസ്സ്‌ വിഷമിപ്പിക്കാതെ ഇങ്ങോട്ട് വാ. ഞങ്ങൾ രണ്ടുപേരും നിന്റെ കൂടെയില്ലേ ആൽബി?’ അദ്ദേഹം ആൽബിയെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു.

‘വേണ്ട പപ്പാ, നിങ്ങളുടെയൊക്കെ മുഖത്ത് നോക്കുമ്പോഴുള്ള മനപ്രയാസം കൊണ്ടാ ഞാൻ ആ വീട്ടിൽ നിന്ന് തന്നെ മാറിതാമസിച്ചത്. എനിക്ക് എന്നോട് തന്നെ ക്ഷമിക്കാനാവുന്നില്ല. എനിക്ക് മതിയായി. എനിക്ക് ഇങ്ങനെ ഒരർത്ഥവുമില്ലാത്ത ഒരു ജീവിതം ജീവിക്കണ്ട.’ ആൽബിയുടെ മനസ്സിന്റെ അസന്തുലിതാവസ്ഥ അവന്റെ പപ്പയെ തളർത്തിയെങ്കിലും അദ്ദേഹമത് അത് പുറത്തു കാണിച്ചില്ല. ‘ആൽബി, നീ കുടിച്ചു ബോധമില്ലാതെയാണ് ഇതൊക്കെ പറയുന്നത്. സംഭവിച്ചതൊന്നും നിന്റെ തെറ്റല്ല. ചെയ്യാത്ത ഒരു തെറ്റിന് സ്വയം ശിക്ഷിക്കരുത്. നീ ഇനി ഒന്നും പറയണ്ട, ഒന്നും ചിന്തിക്കുകയും വേണ്ട. ഇനി ഈ ഒളിച്ചോട്ടം തുടരാൻ ഞാൻ അനുവദിക്കില്ല. മതി നിന്റെ ഒറ്റയ്ക്കുള്ള താമസം. ഞങ്ങൾ അങ്ങോട്ട് വരികയാണ്. ഇപ്പോൾ തന്നെ.’ അത്രയും പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ആൽബി പക്ഷേ അന്നേരം പപ്പയേയും മമ്മിയെയും അഭിമുഖീകരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അയാളുടെ മനസ്സ്‌ ഓടിയൊളിക്കാനാഗ്രഹിച്ചു. അയാൾ എഴുന്നേറ്റ് ബാത്‌റൂമിൽ കയറി ഷവർ തുറന്നിട്ട് എന്തു ചെയ്യണമെന്നറിയാതെ നിലത്തിരുന്നു. കുറച്ചു നേരം ഇരുന്നു കഴിഞ്ഞപ്പോൾ ആ നിസ്സഹായാവസ്ഥ മാറി ഒരു മരവിപ്പ് അയാളെ പൊതിഞ്ഞു. ആൽബി നിലത്തു നിന്നെഴുന്നേറ്റ് കണ്ണാടിയുടെ മുൻപിൽ ചെന്നു നിന്ന് സ്വന്തം മുഖത്ത് നോക്കി. ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടേ മതിയാകൂ. പിന്നീടൊന്നും ആലോചിച്ചില്ല. ക്യാബിൻ തുറന്ന് ഒരു ബ്ലേഡ് എടുത്ത് ഇടത്തെ കൈത്തണ്ടയ്ക്ക് താഴെ, കുറുകെ ഒരു വര വരച്ചു. തന്റെ ജീവിതത്തിന്റെ ഗതി മാറ്റാനുള്ള വര.

ആൽബി വയലറ്റ് പൂക്കളുടെ പാടത്തിനു മുകളിലൂടെ പതിയെ സശ്രദ്ധം നീങ്ങി. അങ്ങകലെ വെളുത്ത ഫ്രോക്കിട്ട ഒരു പെൺകുട്ടി പുറം തിരിഞ്ഞു നിൽക്കുന്നു. അയാളുടെ മനസ്സിൽ ഒരായിരം പ്രതീക്ഷകൾ മൊട്ടിട്ടു. ഹൃദയത്തിൽ നിന്നും ആഹ്ലാദത്തിന്റെ നീർച്ചാലുകൾ അവയെ നനയ്ക്കാൻ ഒഴുകിയെത്തി. അങ്ങകലെ അയാളുടെ ഐ സി യു ബെഡിനരികിലെ മോണിറ്ററിൽ അപ്രതീക്ഷിതമായി ശക്തിയായ വ്യതിയാനങ്ങളുണ്ടായി, ശ്വാസഗതി വേഗത്തിലായി. അവസാനമായി അയാളെ പിറകോട്ടു പിടിച്ചു വലിക്കാൻ നീല വസ്ത്രം ധരിച്ചവർ ഓടിയെത്തി. അയാൾ സർവ്വശക്തിയുമെടുത്ത് അവളുടെയെടുത്തേക്ക് കുതിക്കാൻ ശ്രമിച്ചു. പക്ഷേ എന്തോ ഒരു വലിയ ശക്തി തന്നെ പിറകോട്ട് പിടിച്ചു വലിക്കുകയാണ്. വയലറ്റ് പാടങ്ങളും വെളുത്ത ഫ്രോക്കിട്ട അവളും പതിയെ അലിഞ്ഞില്ലാതാവുകയാണ്. അയാൾക്ക് തന്റെ ശക്തി ക്ഷയിക്കുന്നതായി തോന്നിത്തുടങ്ങി. തളർച്ച അയാളുടെ ആത്മാവിനെ കീഴ്പ്പെടുത്തി. ആ യാത്ര അവസാനിച്ചു. മണിക്കൂറുകൾ കഴിഞ്ഞ് ആൽബി വീണ്ടും കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റൽ ബെഡിലാണ്.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്