ആം സോർ (നോവൽ – ഭാഗം 11 )

തിരിച്ചു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ മുഴുവൻ സമയവും ആൽബിയുടെ മനസ്സിൽ അവനി മാത്രമായിരുന്നു. വീട്ടിലെ തന്റെ ഒഴിഞ്ഞ മുറിയിൽ വന്നു കയറിയപ്പോൾ മുതൽ വല്ലാത്തൊരു ശൂന്യത. അവളെ സ്നേഹിച്ചു തുടങ്ങിയപ്പോൾ മുതൽ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് അയാൾ ചിന്തിച്ചു. പ്രണയമെന്ന വാക്കിന് പുതിയ അർത്ഥങ്ങളുണ്ടായിരിക്കുന്നു. പ്രണയം മാത്രമല്ല അവളോട് തോന്നുന്നത്, ചിലപ്പോൾ ഒരു കുഞ്ഞിനോട് തോന്നുന്ന വാത്സല്യം, ഒരു സുഹൃത്തിനോട് തോന്നുന്ന സ്വാതന്ത്ര്യം, സ്വന്തമെന്ന തോന്നലിൽ അവളുടെ മേൽ തനിക്കുള്ള അധികാരം, അങ്ങനെ എന്തൊക്കെയോ. അവനി തന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. അവർക്കിടയിലെ ദൂരം അയാൾക്ക് അസഹ്യമായി തോന്നി. അയാൾ ഫോണെടുത്ത് അവളെ വിളിച്ചു.

‘ഹായ് ആൽബി. ‘ അവളുടെ ശബ്ദം കേട്ടപ്പോൾ ആൽബിയ്ക്ക് അതിയായ സന്തോഷം തോന്നി. മനസ്സ് പൂർണമായത് പോലെ. അയാൾക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായില്ല. ‘മിസ് അവനി… എന്റെ ജീവിതപങ്കാളിയാവാൻ താല്പര്യപ്പെടുന്നുണ്ടോ?’ ആ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു. ‘നമ്മൾ ആദ്യം സംസാരിച്ചപ്പോ ആൽബി എന്നെ കളിപ്പിക്കാൻ എന്തൊക്കെയാ പറഞ്ഞതെന്ന് ഞാൻ മറന്നിട്ടില്ല.’ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അവനി, ഐ ആം സീരിയസ്.’ അയാൾ ഗൗരവത്തോടെ പറഞ്ഞു. അയാളുടെ അപ്രതീക്ഷിതമായ ആ ഭാവമാറ്റം അവളെ അമ്പരപ്പിച്ചു. അവളുടെ ഹൃദയമിടിപ്പുകൾക്ക് ശക്തിയേറി. കണ്ട ആ നിമിഷം മുതൽ തന്റെ ജീവിതം ആൽബിയുടെ ബുള്ളറ്റ് പോലെ വേഗത്തിൽ കുതിയ്ക്കുകയാണ്. അവനി തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ വേഗതയളന്നു. അവൾ ഒരു നിമിഷം മൗനം പാലിച്ചു.

‘എന്താ ആൽബി, പെട്ടന്ന് ഇങ്ങനെയൊരു ചോദ്യം?’ അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ‘അവനി, എനിക്ക് നീ അടുത്ത് വേണം, ഈ ജീവിതകാലം മുഴുവൻ. പഠിത്തം ഒക്കെ തുടർന്നോട്ടെ, പക്ഷേ, എനിക്ക് നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ കാണണം. എനിക്ക് മതിവരുവോളം നിന്റെ കൂടെ കഴിയണം. നീ എന്റെതാണെന്ന് ലോകത്തോട് മൊത്തം വിളിച്ചു പറയണം. നമുക്കിടയിൽ സമയമോ ദൂരമോ ഇനി തടസ്സമാവണ്ട.’ മനസ്സ് തുറന്നുള്ള അയാളുടെ പ്രസ്താവനകൾ അവളുടെ ഹൃദയത്തിന്റെ വേഗത കൂട്ടി. ആൽബിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും കഴിഞ്ഞ നാൽപ്പത്തെട്ട് മണിക്കൂറിനുള്ളിൽ തനിക്ക് ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് വിളിക്കുമ്പോൾ തന്റെ മാറ്റങ്ങൾ അവരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവൾക്ക് വ്യക്തമായിരുന്നു. പക്ഷേ, ആൽബിയെക്കുറിച്ച് ഇതുവരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല. അവർക്കാർക്കും തന്റെ ഇഷ്ടങ്ങളോട് എതിർപ്പുണ്ടാവില്ലെന്ന് ഉറപ്പാണ്. പക്ഷേ, എന്നിട്ടും മനസ്സിൽ എന്തോ ഭയം ഉടലെടുക്കുന്നു.

‘ അവനി…’ അവളുടെ മൗനം ആൽബിയെ വ്യാകുലപ്പെടുത്തി. അവൾ ദീർഘനിശ്വാസമയച്ചു. ‘യെസ് മിസ്റ്റർ ആൽബർട്ട്. ഞാൻ താല്പര്യപ്പെടുന്നു.’ അവനി ഇടറിയ സ്വരത്തിൽ മറുപടി പറഞ്ഞു. അയാളുടെ മനസ്സിൽ ആഹ്ലാദം തിരതല്ലി, പക്ഷേ ആ ശബ്ദത്തിലെ ഇടർച്ച അയാൾ തിരിച്ചറിഞ്ഞു. ‘അവനീ, നീ ഹാപ്പി അല്ലേ ഈ തീരുമാനത്തിൽ? ഞാൻ എന്റെ ആഗ്രഹം പറഞ്ഞതാണ്. നിനക്ക് കൂടുതൽ സമയം വേണമെങ്കിൽ പറയ്. ഞാൻ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്.’ മുഖം കണ്ടില്ലെങ്കിലും അവളുടെ ഭാവഭേദങ്ങൾ ആൽബിയ്ക്ക് സുപരിചിതമായിത്തീർന്നിരുന്നു.

ആൽബിയുടെ പ്രണയത്തിന്റെയും കരുതലിന്റെയും മുൻപിൽ സന്തോഷമാണെങ്കിൽ പോലും തനിക്ക് പലപ്പോഴും വല്ലാത്തൊരു നിസ്സഹായവസ്ഥ തോന്നാറുണ്ട്. എന്തുകൊണ്ടാണ് അയാളെ പ്രണയിച്ചതെന്ന് അവൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പ്രണയം സംഭവിച്ചത് കൊണ്ട് പ്രണയിക്കുന്നു. പക്ഷേ, ഇപ്പോൾ പ്രണയിക്കാതിരിക്കാൻ കഴിയാത്തതു കൊണ്ട് പ്രണയിക്കുന്നു. മറ്റൊരുത്തരവും ഇതുവരെ കണ്ടെത്താനായിട്ടില്ല. തന്റെ ഓരോ നിമിഷത്തിലും ആൽബിയുണ്ട്, നെഞ്ചിനുള്ളിൽ പുതുതായി വെച്ചുപിടിപ്പിച്ച രണ്ടാമത്തെ ഹൃദയം പോലെ. ‘ഞാൻ ഹാപ്പിയാണ് ആൽബി. ഒരുപാട്. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം.’ അവനിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ചാടി. പെട്ടന്ന് തന്റെ കണ്ണുകൾ നിറഞ്ഞതറിഞ്ഞു ആൽബി തന്നോട് തന്നെ പുഞ്ചിരിച്ചു.

‘ അത്രയും സന്തോഷമാണെങ്കിൽ പിന്നെ നീയെന്താടീ പെട്ടന്ന് ഡൗൺ ആയത്.?’ അവനി കണ്ണു തുടച്ചു. ‘ ആൽബി, എല്ലാം ഇത്ര പെട്ടന്ന് നടക്കുമ്പോൾ, എനിക്ക് ഒന്നും ഉൾക്കൊള്ളാനാവുന്നില്ല. മനസ്സിൽ ആകെയൊരു ഭയമോ ആശങ്കയോ, എന്തൊക്കെയോ. എനിക്ക് തന്നെ അറിയില്ല എന്താണെന്ന്.’ അയാൾ ചിരിച്ചു. പെട്ടന്നുള്ള ഈ മാറ്റങ്ങൾ തനിക്കും ചെറിയ തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കുന്നതാണെങ്കിലും, അത് നേരിടാൻ അയാൾ തയ്യാറായിരുന്നു. ‘ അത്‌ നാച്ചുറൽ ആണ് അവനീ. നിന്നോട് ഇഷ്ടമാണെന്ന് പറയുമ്പോൾ മുതൽ എനിക്കും ഉണ്ടായിരുന്നില്ലേ ഈ ആശയക്കുഴപ്പങ്ങളൊക്കെ. വിവാഹം എന്നതൊരു ചെറിയ തീരുമാനമല്ല, പക്ഷേ, നമ്മൾ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന ഉറപ്പുണ്ടാകുമ്പോൾ പിന്നെയെന്തിനാ പേടിക്കുന്നത്? ‘ അയാളുടെ വാക്കുകളിലെ ആർദ്രത അവനിയ്ക്ക് ആശ്വാസമേകി. ‘ പിന്നെ, അങ്ങനെ പേടിക്കണമെങ്കിൽ ഞാനല്ലെടി പേടിക്കേണ്ടത്, നിന്നെപ്പോലെ ഒരു വഴക്കാളിയെ കെട്ടുന്നതിന്?’ ആൽബി അവനിയുടെ പ്രസരിപ്പ് തിരിച്ചു കൊണ്ടുവരാനായി ശ്രമിച്ചു. ‘ആ… കുറച്ചു പേടിയുള്ളത് നല്ലതാ. ബാക്കിയുള്ളവരൊക്കെ ആൽബിയെ അല്ലേ പേടിക്കുന്നത്.’ അവനിയുടെ ശബ്ദത്തിൽ കലർന്ന ചിരി അയാൾക്ക് ആശ്വാസമേകി. ‘ ഉം, അപ്പൊ വെക്കട്ടെ മോളെ, നാളെ ഓഫീസിൽ പോകേണ്ടതല്ലേ. കിടക്കട്ടെ. നീ ഇനി ഓരോന്ന് ആലോചിച്ച് തലപ്പുകയ്ക്കണ്ട. ബി ഹാപ്പി. ഇനി വല്ലതും ആലോചിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, നമ്മുടെ സുന്ദരമായ സ്വകാര്യനിമിഷങ്ങളെക്കുറിച്ച് ആലോചിക്ക്. അപ്പൊ ഈ ടെൻഷനോക്കെ മാറും.’ ആൽബിയുടെചിരിയിൽ കുസൃതി നിറഞ്ഞു. ‘ഒന്ന് പോ ആൽബി, ഗുഡ്നൈറ്റ്‌.’ അവനിയുടെ മുഖം ചുവന്നിരുന്നു.

രണ്ടുപേരുടെയും വീട്ടിൽ വിവാഹത്തിന് എതിർപ്പൊന്നും ഉണ്ടായില്ല. വിവാഹനിശ്ചയവും മറ്റു ചടങ്ങുകളുമായി മൂന്നുമാസം പിന്നെയും കടന്നു പോയി. വിവാഹത്തിന് ഒരാഴ്ച മുൻപാണ് അവനിയും ലിസിയും നാട്ടിലേക്ക് വരുന്നത്. അന്ന് ആൽബി റെയിൽവേ സ്റ്റേഷനിൽ വിളിക്കാൻ ചെല്ലാമെന്ന് ഏറ്റിരുന്നു. പക്ഷേ, തിരക്കുകൾ കാരണം അയാൾക്ക് സമയത്തിനിറങ്ങാൻ സാധിച്ചില്ല. ‘ചേട്ടാ, ഞങ്ങൾ സ്റ്റേഷനിലിറങ്ങി. ചേട്ടൻ എത്തിയിട്ടില്ലല്ലോ അല്ലേ? സമയത്തിന് വരുന്ന പതിവ് അല്ലെങ്കിലും ഇല്ലല്ലോ. എന്തായാലും എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്. എന്റെ കൂടെ അവനിയും മായയും ഉണ്ടല്ലോ, ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് ഷോപ്പിംഗ് മാളിലേക്ക് പൊയ്ക്കോളാം. ചേട്ടൻ ഷോപ്പിങ്ങൊക്കെ കഴിയുമ്പോഴേക്കും വന്നാൽ മതി.’ ലിസി സഹോദരനെ ഫോണിൽ വിളിച്ചറിയിച്ചു. ‘ശരി മാഡം, വലിയ ഉപകാരം, എല്ലാം കഴിഞ്ഞിട്ട് വിളിച്ചാൽ മതി. നീ അവനിക്ക് ഒന്ന് ഫോൺ കൊടുക്ക്.’ ആൽബിയുടെ ശബ്ദത്തിലുള്ള ഗൗരവം ലിസി ശ്രദ്ധിച്ചു. അവൾ അവനിക്ക് ഫോൺ കൊടുത്തു.

‘നിന്നോട് ട്രെയിനിൽ കയറിയിട്ട് വിളിക്കാൻ പറഞ്ഞതല്ലേ അവനി. നിന്റെ ഫോൺ എവിടെ?’ ആൽബിയുടെ ദേഷ്യം വളരെ വ്യക്തമായിരുന്നു. ‘ എന്റെ ഫോണിൽ ചാർജ് തീർന്നു. തിരക്കിൽ ചാർജറും എടുക്കാൻ മറന്നു. ആൽബി ഇത്ര ചൂടാവണ്ട കാര്യമൊന്നും ഇല്ല, ഞാൻ ലിസിയെക്കൊണ്ട് വിളിപ്പിച്ചതല്ലേ അന്നേരം. ‘ അവനി ലിസിയെ നോക്കി കണ്ണുകൾ മേല്പോട്ടുരുട്ടി. ലിസി ചിരിച്ചുകൊണ്ട് തലയാട്ടി. ‘ എനിക്ക് നിന്റെ ശബ്ദം കേൾക്കണമെങ്കിൽ അവള് വിളിച്ചാൽ മതിയോ അവനീ.’ ആൽബിയുടെ ശബ്ദത്തിലെ ഗൗരവത്തിൽ കലർന്ന പരിഭവം കേട്ട് അവനിക്ക് കുറ്റബോധം തോന്നി. പക്ഷേ, അവൾ അത് പുറത്തു കാണിച്ചില്ല. ‘ അയ്യോടാ, ഹൗ സ്വീറ്റ്… എന്നാലും ഈ അധികാരത്തിന്റെ സ്വരം കുറച്ച് അധികമാവുന്നില്ലേ ആൽബി?’ അവനിയുടെ സ്വരം ഗൗരവം നിറഞ്ഞതാണെങ്കിലും മുഖം അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. അവളുടെ ചോദ്യം കേട്ട് ആൽബിക്കും ചിരി വന്നു. ‘അതേടീ, അധികമാണെങ്കിൽ അങ്ങ് സഹിച്ചേക്ക്. നീ എന്റെ സ്വന്തമാവുമ്പോ എനിക്ക് അധികാരമൊക്കെ കാണിക്കാം.’ ആൽബിയുടെ സ്നേഹപ്രകടനങ്ങൾ അവനിയ്ക്ക് പലപ്പോഴും കൗതുകമാണ്. സ്വാഭാവികമായി തർക്കുത്തരം പറയാൻ തോന്നുന്ന ആ വാക്കുകൾക്ക് പക്ഷേ അവൾ തിരിച്ചൊന്നും പറഞ്ഞില്ല. ‘ഇവിടെയെത്തുമ്പോൾ ആൽബി ഉണ്ടാവുമെന്നാ ഞാൻ കരുതിയത്. എനിക്ക് ആൽബിയെ വല്ലാതെ കാണാൻ തോന്നുന്നു.’ അവനിയ്ക്ക് പെട്ടന്ന് നിരാശ തോന്നി. ആൽബിയ്ക്ക് അവർ ആദ്യമായി സംസാരിച്ച ദിവസം ഓർമ്മ വന്നു. അയാളുടെ ശബ്ദത്തിലെ ഗൗരവം തീർത്തും ഇല്ലാതെയായി.

‘ നാളെ മുതൽക്ക് ഞാൻ ലീവിലല്ലേ. ചാർജ് ഹാൻഡ് ഓവർ ചെയ്യും മുൻപ് കുറച്ച് കാര്യങ്ങൾ അത്യാവശ്യമായി ചെയ്തു തീർക്കാനുണ്ടായിരുന്നു. സമയം പോയതറിഞ്ഞില്ല. പോയി അവളുടെ ഷോപ്പിംഗ് ഒക്കെ വേഗം തീർത്തിട്ട് വിളിക്ക്. ഞാനും നിന്നെ ഒന്ന് കാണാനായിട്ട് കാത്തിരിക്കുകയല്ലേടി.’ തന്റെ മനസ്സിൽ ഏതാനും മണിക്കൂറുകളായി നിലനിൽക്കുന്ന ശൂന്യതയെക്കുറിച്ച് ബോധവാനായി. അവനിയെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ മുതൽ തുടങ്ങിയ അസ്വസ്ഥതയാണ്. അതറിയാതിരിക്കാൻ കൂടിയാണ് ജോലിയിൽ മുഴുകിയത്. ‘രണ്ടാളും കൂടെ ഇവിടെത്തന്നെ നിന്ന് സംസാരിക്കാനാണോ ഭാവം? ‘ ലിസിയുടെ ശബ്ദം മറുതലയ്ക്കൽ മുഴങ്ങി. ‘ ഉം, ചെല്ല്. ഇനി അവളുടെ ചീത്ത കേൾക്കാൻ എനിക്ക് വയ്യ.’ അയാൾ ചിരിച്ചു. ‘ മിസ് യു ആൽബി…’ അവനിയുടെ ശബ്ദത്തിൽ നിറഞ്ഞു നിന്ന സ്നേഹം അയാളുടെ മുഖത്തെ പ്രസന്നമാക്കി. ‘സി. യു. അവനി…ഉമ്മ..ബൈ.’ ആൽബി ഒരു നിമിഷം ഫോൺ ചെവിയിൽ തന്നെ വെച്ച് തന്നോട് തന്നെ ചിരിച്ചുകൊണ്ട് കോൾ കട്ട് ചെയ്തു.

ഓഫീസിൽ നിന്നിറങ്ങിയ ശേഷം കിട്ടിയ സമയം കൊണ്ട് താൻ ബാക്കി വെച്ചിരിക്കുന്ന ഷോപ്പിംഗ് നടത്താമെന്ന് കരുതി. സാധനങ്ങൾ നോക്കി സമയം പോയത് ആൽബി അറിഞ്ഞില്ല. വെറുതെയൊന്ന് വാച്ചിൽ നോക്കിയപ്പോൾ സമയം ഒൻപതേ മുക്കാൽ. ആൽബി ഫോണിൽ നോക്കി. ലിസി വിളിച്ചിട്ടില്ല. ആൽബി അവളുടെ നമ്പർ ഡയൽ ചെയ്തു. മുഴുവൻ റിംഗ് ചെയ്ത് കട്ടായി. ആൽബിയ്ക്ക് പൊടുന്നനെ ദേഷ്യം വന്നു. അയാൾ പിറുപിറുത്തുകൊണ്ട് വീണ്ടും ഡയൽ ചെയ്തു. ഇത്തവണ മൂന്നാമത്തെ റിങ്ങിൽ ഫോണെടുത്തു. ‘സമയം എത്രയായെടീ, കൂട്ടത്തിൽ ഒരെണ്ണത്തിനും ബോധമില്ലേ? എന്നിട്ട് വിളിച്ചാലും ഫോണെടുക്കില്ല.’ ആൽബി വന്ന ദേഷ്യമത്രെയും അടക്കാതെയാണ് സംസാരിച്ചത്. ‘സർ, നിങ്ങൾ ഈ കുട്ടിയുടെ ആരാണ്?’ മറുതലയ്ക്കൽ അപ്രതീക്ഷിതമായി ഒരു പുരുഷശബ്ദം കേട്ട് ആൽബി നിശ്ശബ്ദനായി. ആൽബി ഫോണിൽ ഒന്നുകൂടി നോക്കി ലിസിയുടെ നമ്പർ തന്നെയല്ലേ എന്ന് ഉറപ്പ് വരുത്തി.

‘ഞാൻ എലിസബത്തിന്റെ ബ്രദറാണ്. നിങ്ങളാരാണ്? അവളെവിടെ?’. ആൽബി ഒറ്റശ്വാസത്തിൽ പറയുകയും ചോദിക്കുകയും ചെയ്തു. ‘നിങ്ങളുടെ സഹോദരിയും വേറെ രണ്ടു പെൺകുട്ടികളും കയറിയ ഓട്ടോ റെയിൽവേ സ്റ്റേഷനു മുൻപിൽ വെച്ച് ആക്സിഡന്റായി. എന്റെ കാറിലാണ് സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നത്.’ ആ അപരിചിതൻ അറിയിച്ചു. പെട്ടന്ന് ആൽബിയുടെ നെഞ്ചിടിപ്പ് കൂടി. അയാൾക്ക് തൊണ്ടയിലെ വെള്ളം വറ്റുന്നതായി തോന്നി. ‘ അവർക്ക് എന്തെങ്കിലും പറ്റിയോ?’ ആൽബി ശ്വാസം പിടിച്ചുകൊണ്ട് ഒരുത്തരത്തിനായി കാത്തുനിന്നു. മറുപടി വരാൻ എടുത്ത ഒരു നിമിഷത്തെ ദൈർഘ്യം അയാളുടെ നെഞ്ചിടിപ്പിൽ കൂടുതൽ ക്രമക്കേടുകളുണ്ടാക്കി.

‘ മൂന്നുപേർക്കും ബോധമില്ലായിരുന്നു കൊണ്ടു വരുമ്പോൾ. ഒരാൾ ഇവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. മറ്റു രണ്ടുപേരും ഗുരുതരാവസ്ഥയിലാണ്.’ ആൽബിയ്ക്ക് ശ്വാസം കിട്ടാത്തത് പോലെ തോന്നി. കൈകാലുകൾ തളരുന്നതായും. മറുതലയ്ക്കൽ സംസാരം തുടരുന്നുണ്ടായിരുന്നെങ്കിലും അയാൾ ഒന്നും കേട്ടില്ല. പെട്ടന്ന് വീണ്ടെടുത്ത സ്വബോധത്തിൽ അയാൾ ഫോൺ കട്ട്‌ ചെയ്ത് കാറിനടുത്തേക്ക് ഓടി. എന്ത് പ്രാർത്ഥിക്കണം എന്ത് പ്രതീക്ഷിക്കണം എന്നറിയാതെ അയാൾ വിഷമിച്ചു. പരമാവധി ഒന്നും ആലോചിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. ഒരു ഭയത്തിന്റെ വിത്ത് പെട്ടന്ന് മനസ്സിലെവിടെയോ മുളച്ചു പൊന്തി വളർന്നു തുടങ്ങിയത് അയാൾ ശ്രദ്ധിക്കാതിരുന്നില്ല. തല ശൂന്യമായത് പോലെ. ഇടയ്ക്ക് കണ്ണിൽ നിന്ന് താനറിയാതെ പുറത്തേക്ക് വരുന്ന വെള്ളം അയാൾ തുടച്ചുകൊണ്ടിരുന്നു.

സിറ്റി ഹോസ്പിറ്റലിലെത്തിയതും നേരെ കാഷ്വാലിറ്റിയിൽ ചെന്ന് ഡോക്ടറെ തേടിപ്പിടിച്ചു വിവരമന്വേഷിച്ചു. ‘ നിങ്ങളുടെ പേര്? ‘ തല നരച്ചു തുടങ്ങിയ, നീല ഗൗണിട്ട ആ ഡോക്ടർ തിരക്കി. ‘ ആൽബർട്ട്. ആക്‌സിഡന്റ് ആയി കൊണ്ടുവന്ന കുട്ടികളിൽ ഒരാൾ എന്റെ സഹോദരിയാണ്. ഒരാൾ എന്റെ ഫിയൻസിയും. കൂടെയുള്ളത് അവരുടെ സുഹൃത്തും.’ ആൽബി ഇടറിയ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു. ഡോക്ടർ ആൽബിയുടെ തോളത്ത് കൈവെച്ചു. ‘ ഐ ആം സോറി ആൽബർട്ട്. എനിക്ക് പറയാനുള്ളത് നല്ല വാർത്തയല്ല. ‘ ആൽബിയുടെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി. ‘ ഒരാൾ വരുമ്പോൾ തന്നെ മരിച്ചിരുന്നു. ഒരാൾ കൊണ്ടു വന്ന് അരമണിക്കൂർ കഴിഞ്ഞും. മൂന്നാമത്തെ ആളുടെ അവസ്ഥയും മോശമാണ്. ഒന്നും പറയാറായിട്ടില്ല.’ ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു. തനിക്ക് പ്രിയപ്പെട്ട ഒരാളെങ്കിലും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് ബോധ്യം വന്ന അയാളുടെ ദേഹമാകെ മരവിച്ചത് പോലെയായി. ആൽബി പുറകിലുള്ള ചുമരിലേക്ക് ചാരി. അയാളുടെ വിളറിയ മുഖം കണ്ട് ഡോക്ടർ അയാളുടെ കയ്യിൽ പിടിച്ചു.

‘ അറ്റെൻഡർ, ഒരു ചെയർ കൊണ്ടു വരൂ. കുറച്ചു വെള്ളവും.’ ആൽബിയുടെ കണ്ണിൽ നിന്ന് ശക്തിയായി വെള്ളം പുറത്തേയ്ക്കൊഴുകി തുടങ്ങി. അയാൾ ശക്തിയായി വിറയ്ക്കുന്നുണ്ടായിരുന്നു. ഡോക്ടർ അറ്റന്റർ കൊണ്ടു വന്ന കസേരയിലിരിക്കാൻ നിർദേശിച്ചു. ആൽബിയുടെ കരച്ചിൽ ശക്തമായി. ഡോക്ടർ അയാളെ കരയാനനുവദിച്ചു, ഒന്നടങ്ങുന്നത് വരെ. അത് കഴിഞ്ഞു കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു. അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. ഡോക്ടർ നിശ്ശബ്ദനായി കൂടെയിരുന്നു. പെട്ടന്ന് ഫോൺ ബെല്ലടിച്ചു. ആൽബി ഫോൺ കയ്യിലെടുത്തു. പപ്പയാണ് വിളിക്കുന്നത്. അയാൾ കൂടുതൽ പരിഭ്രാന്തനായി. ഫോൺ സൈലന്റാക്കി കണ്ണുകൾ തുടച്ചു. ഡോക്ടർ കസേരയിൽ നിന്ന് എഴുന്നേറ്റു ആൽബിയുടെ തോളത്ത് കൈവെച്ചു.

‘ ആൽബർട്ട് നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാം. പക്ഷേ, ഫോർമാലിറ്റീസ് കംപ്ലീറ്റ് ചെയ്യണമെങ്കിൽ ബോഡികൾ പരിചയമുള്ള ആരെങ്കിലും തിരിച്ചറിയണം. സോ, പ്ലീസ് കം വിത്ത് മീ.’ ഡോക്ടർ ശാന്തമായ സ്വരത്തിൽ പറഞ്ഞു. മറിച്ചൊന്നും ചെയ്യാൻ കഴിയാത്തത് കൊണ്ട് ആൽബി ഡോക്ടറുടെ കൂടെ പോയി. ഓരോ അടി വെക്കുമ്പോഴും ശരീരം കൂടുതൽ വിറയ്ക്കുന്നതായി അയാൾക്ക് തോന്നി. കാഷ്വാലിറ്റിയുടെ ഒഴിഞ്ഞ മൂലയിൽ പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾ കണ്ടതും തന്റെ ഭാരം തന്റെ കാലുകൾക്ക് താങ്ങാവുന്നതിലും അധികമായെന്ന് തോന്നിയ അയാൾ ഡോക്ടറുടെ കയ്യിൽ പിടിച്ചു. ഡോക്ടർ അയാളെ ആ സ്‌ട്രെച്ചറുകളുടെ നടുവിലേക്ക് നയിച്ചു. അവിടെ നിന്ന അറ്റൻഡർ ഒരു പുതപ്പിന്റെ തലഭാഗം താഴ്ത്തി. ആൽബിയുടെ ശ്വാസം നിന്നു. ‘ ലിസി മോളെ…’ അയാൾ ഉറക്കെ അലറിക്കൊണ്ട് സഹോദരിയുടെ ചലനമറ്റ ശരീരത്തെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആൽബി ലിസിയുടെ നെറുകയിൽ അമർത്തി ചുംബിച്ചു. അയാളുടെ കണ്ണുകളിലെ ജലപ്രവാഹം നിലയ്ക്കാതെ തുടർന്നു. കുറച്ചു നേരം കഴിഞ്ഞു ആൽബിയുടെ ഏങ്ങലുകളടങ്ങിയപ്പോൾ ഡോക്ടർ തോളിൽ കൈവെച്ചു.

ആൽബി തിരിഞ്ഞു നോക്കിയപ്പോൾ അറ്റൻഡർ അടുത്ത പുതപ്പിന്റെ തലപ്പും മാറ്റിയിട്ടിരുന്നു. അയാൾ ആ മുഖത്തേക്ക് നോക്കി കുറേ നേരം മിണ്ടാതെ നിന്നു. ആൽബി സഹോദരിയുടെ മൃതദേഹത്തിനടുത്ത് നിന്ന് മറ്റേ സ്‌ട്രെച്ചറിനടുത്തേക്ക് നീങ്ങി. ‘അവനി…’ അയാളുടെ വാക്കുകൾ പുറത്തേക്ക് വന്നില്ല. കണ്ണിൽ നിന്ന് ഒഴുകിക്കൊണ്ടിരുന്ന നീർച്ചാലുകൾ പൊടുന്നനെ വരണ്ടു. ആൽബിയുടെ ബാക്കിയുണ്ടായിരുന്ന ഹൃദയമിടിപ്പുകൾ നിലച്ചു. ‘ഇവിടെയെത്തുമ്പോൾ ആൽബി ഉണ്ടാവുമെന്നാ ഞാൻ കരുതിയത്. എനിക്ക് ആൽബിയെ വല്ലാതെ കാണാൻ തോന്നുന്നു.’ അവനിയുടെ ശബ്ദം ആൽബിയുടെ തലയിൽ മുഴങ്ങി. അവളുടെ അപ്പോഴും ചുവപ്പ് മാറാത്ത കവിളിൽ അയാൾ കൈവെച്ചു. തനിക്ക് മാത്രം പരിചിതമായ അവളുടെ ശരീരത്തിന്റെ ചൂട് അവളെ വിട്ടകന്നിരുന്നു. ആൽബിയ്ക്ക് കണ്ണുകൾ മങ്ങുന്നതായി തോന്നി. ഒരു നിമിഷം കഴിയും മുൻപ് ആൽബി കുഴഞ്ഞു വീണു.

ഭൂതകാലത്തെ കണ്ണുനീർ ആൽബിയുടെ വർത്തമാനകാലത്തേക്കൊഴുകി. അയാൾ എങ്ങലടിച്ചു കരഞ്ഞു. ‘അവൾ പോയി ഏപ്രിൽ…. ഷീ ഈസ്‌ ഗോൺ.’ അയാൾക്ക് കരച്ചിലടക്കാനായില്ല. പക്ഷേ, അയാൾ എങ്ങലുകൾക്കിടയിൽ ഏപ്രിലിനോട് സംസാരിച്ചുകൊണ്ടിരുന്നു. ‘ഞാൻ തന്നെയാണ് അതിനൊക്കെ കാരണം. അന്ന് ഞാൻ ലേറ്റ് ആയിരുന്നില്ലെങ്കിൽ എനിക്ക് അവനിയെയും ലിസിയെയും നഷ്ടപ്പെടില്ലായിരുന്നു. എനിക്ക് പപ്പയുടെയും മമ്മിയുടെയും മുഖത്ത് നോക്കുമ്പോൾ ധൈര്യം ചോർന്നു പോകുന്നത് പോലെ തോന്നിയിട്ടാ ആ വീട്ടിൽ നിന്ന് തന്നെ താമസം മാറിയത്. എനിക്കൊരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ല ഏപ്രിൽ. മമ്മിയെയും പപ്പയെയും ഓർത്ത് മാത്രമാണ് ഞാൻ മരിക്കാൻ ശ്രമിക്കാത്തിരുന്നത്. പക്ഷേ, ഈ ജീവിതം എനിക്ക് വേണ്ട ഏപ്രിൽ. ഐ ഹേറ്റ് മൈസെൽഫ്. ഐ ഹേറ്റ് മൈസെൽഫ്.’ ആൽബി താൻ പേറി നടന്നിരുന്ന കുറ്റബോധം ഏപ്രിലിനോടാണ് ആദ്യമായി തുറന്നു പറഞ്ഞത്.

‘അവനി…! കടന്നു പോകുന്ന ഓരോ നിമിഷവും അവളെ ഒന്നു കാണാൻ, ഒന്നു തൊടാൻ മനസ്സ് ഇപ്പോഴും വെമ്പിക്കൊണ്ടിരിക്കുകയാണ്. എനിക്ക് ഒരിക്കലും അവളെ സ്നേഹിച്ചു കൊതിതീരുമായിരുന്നില്ല ഏപ്രിൽ. അങ്ങനെ വിട്ടുപോകാനായിരുന്നെങ്കിൽ അവളെന്തിനാ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും എന്നെ ഇത്രയധികം സ്നേഹിച്ചതും. പ്രണയത്തിനോ വിധിക്കോ ഒന്നും ഒരർത്ഥവുമില്ല. എന്റെ ജീവിതത്തിന് ഒരർത്ഥവുമില്ലാതായി. ഞാൻ തന്നെ ഒന്നുമല്ലാതായി. എല്ലാത്തിനും കാരണം ഞാൻ തന്നെയാണ്. ഞാൻ മാത്രം.’ ആൽബി വീണ്ടും പൊട്ടി പൊട്ടിക്കരഞ്ഞു. ആ സംഭവം കഴിഞ്ഞ് അതുവരെ കരയാത്തത് പോലെ, താൻ കൊണ്ടു നടന്നിരുന്ന ദുഖത്തിന്റെയും കുറ്റബോധത്തിന്റെയും ഭാരത്തെക്കുറിച്ച് അന്നാദ്യമായി അയാൾ ബോധവാനായത് പോലെ. ഏപ്രിൽ എല്ലാം കേട്ട് നിശ്ശബ്ദമായി കൂടെയിരുന്നു.

ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്