ദീർഘദൂരപ്രണയത്തിന്റെ രസഭേദങ്ങൾ നുകർന്ന് മൂന്ന് നാലു ഋതുക്കൾ പറന്നകന്നു. ഇണക്കവും പിണക്കവും അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. ആഴ്ചയിലൊരിക്കലെന്ന ഫോൺകോളുകളുടെ നിയമം ലംഘിക്കാൻ അധികം താമസമുണ്ടായില്ല. അവനിയിൽ നിന്നാണ് ആൽബിയുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും. പ്രണയത്തിന്റെ വ്യത്യസ്തമായ ആ അനുഭവം അയാളിൽ തന്നെ മാറ്റങ്ങൾ സൃഷ്ടിച്ചു തുടങ്ങി. തന്റെ മുൻകോപം മാത്രമല്ല, ഈഗോ വരെ കുറഞ്ഞു തുടങ്ങിയിരിക്കുന്നത് ആൽബി തിരിച്ചറിയുന്നുണ്ടായിരുന്നു. അവനിയ്ക്ക് തന്നെ ഒട്ടും ഭയമില്ല. അതുകൊണ്ട് തന്നെ അവൾ എപ്പോൾ എങ്ങനെ പെരുമാറും എന്നുള്ളതും പ്രവചിക്കാനാവില്ല. അവൾ തന്നെ നന്നായി മനസ്സിലാക്കിത്തന്നെയാണ് പ്രണയിക്കുന്നതെന്ന അറിവൊരു ആശ്വാസമായിരുന്നു.
പക്ഷേ, അവനിക്ക് ആദ്യപ്രണയത്തിന്റെ അപരിചിതമായ വികാരതീവ്രതകൾ മനസ്സിലാക്കാൻ പ്രയാസമേറിക്കൊണ്ടിരുന്നു. ആൽബി തന്നെ അടിമപ്പെടുത്തുന്ന ഒരു ലഹരിയായി മാറികൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിന്റെ ദൈർഘ്യം രണ്ടു ഫോൺകോളുകൾക്കിടയിൽ വലിച്ചു കെട്ടിയത് പോലെയാണ്. ആ ശബ്ദം കേൾക്കാൻ ഒന്നു സമയം വൈകിയാൽ തന്റെ രക്തത്തിൽ ഊർജം നിലനിർത്തുന്ന എന്തോ ഒരംശത്തിന് കുറവ് വരുന്നത് പോലെ. അത്രയും നാളും തനിക്ക് സന്തോഷിക്കാൻ ഒരു പ്രത്യേക കാരണം വേണമെന്നുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ അയാൾ കൂടിയേ തീരൂ എന്നായിത്തുടങ്ങിയിരിക്കുന്നു. പഠനതത്തിലുള്ള തന്റെ ശ്രദ്ധ കുറയുന്നതിനെക്കുറിച്ച് അയാൾ തന്നെ സൂചിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, മനസ്സ് ഒരു നിമിഷം പോലും ആൽബിയിൽ നിന്നും വിട്ടകന്നിരിക്കാൻ ആഗ്രഹിക്കുന്നില്ല. മുൻപ് ചെയ്തു കൊണ്ടിരുന്ന പലതിലേക്കും നിർബന്ധപൂർവ്വം ശ്രദ്ധ ചെലുത്തേണ്ടി വരികയാണ്. ജീവിതത്തിന്റെ സ്വാഭാവികത എന്നു പറയുന്നത് ആൽബിയോടുള്ള പ്രണയത്തിലേക്ക് മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് .
സെക്കന്റ് ഇയർ കഴിയാറായിരിക്കുമ്പോഴാണ് ലിസിയും മായയും അവരുടെ തീസിസിന്റെ ആവശ്യത്തിനായി മൂന്നു ദിവസത്തേക്ക് ബാംഗ്ലൂർക്ക് പോയത്. രണ്ടാം ദിവസം രാവിലെ അപാർട്മെന്റിലെ കോളിങ് ബെൽ കേട്ട അവനി വാതിൽക്കൽ ആൽബിയെക്കണ്ട് അമ്പരന്നു. ‘ആൽബി, എങ്ങനെ ഇവിടെയെത്തി? ഇന്നലെ കിടക്കുമ്പോൾ ഇയാള് കൊച്ചിയിലായിരുന്നല്ലോ. ‘ അയാൾ അകത്തു കയറാതെ ചുമരിൽ ചാരി നിന്ന് അവനിയെ നോക്കി പുഞ്ചിരിച്ചു. ‘നീയല്ലേ ഇന്നലെ പറഞ്ഞത് ലിസിയും മായയും ബാംഗ്ലൂർക്ക് പോയതുകൊണ്ട് തനിച്ചാണ്, വല്ലാത്ത ഒറ്റപ്പെടൽ എന്നൊക്കെ. ആദ്യമായല്ലേ തനിച്ചു നിൽക്കുന്നത്. അതിന്റെ വിഷമം കണ്ടപ്പോൾ എനിക്കും സഹിച്ചില്ല. അപ്പൊപ്പിന്നെ ഒന്നും ആലോചിച്ചില്ല, ഞാൻ എന്റെ ബുള്ളറ്റും എടുത്തിങ്ങ് പറന്നു.’ അവനിയുടെ മുഖത്ത് പെട്ടന്ന് ഗൗരവം നിറഞ്ഞു.
‘ബൈക്കും എടുത്ത്. അതും രാത്രിയിൽ! ആൽബി ആക്സിഡന്റായി ബോധമില്ലാതെ ദിവസങ്ങളോളം കിടന്നതൊക്കെ മറന്നുപോയോ?. ഇതിനൊക്കെ തോന്നിവാസം എന്നല്ലാതെ എന്താ പറയേണ്ടത്?’. അവനിയുടെ കോപം കൊണ്ട് ചുവന്ന മുഖം ആൽബിയുടെ യാത്രാക്ഷീണമകറ്റി. ‘എടി കൊച്ചേ, നിന്നെയൊന്ന് കാണാൻ വേണ്ടി മാത്രമല്ലേ ഞാൻ ഇത്ര ദൂരം വന്നത്. വീട്ടിൽ ആരോടും പറഞ്ഞിട്ട് പോലുമില്ല. എനിക്ക് വൈകിട്ട് പോകണം. നാളെ ജോലിക്ക് പോകേണ്ടതാ. വെറുതെ ഉള്ള സമയം വഴക്കുണ്ടാക്കാൻ നിൽക്കാതെ നീ വേഗം റെഡിയാക്. നമുക്ക് പുറത്തു പോകാം. ‘ ആൽബി പുഞ്ചിരിച്ചുകൊണ്ട് അവനിയുടെ മൂക്കിന് മുകളിലൂടെ വിരലോടിച്ചു. അവനിയെ അത് കൂടുതൽ ചൊടിപ്പിക്കുകയാണ് ചെയ്തത്. അവൾ ആൽബിയുടെ കൈ തട്ടിമാറ്റി മുഖം തിരിച്ച് അകത്തേക്ക് നടന്നു. ആൽബി ഷൂസഴിക്കാതെ അവനിക്ക് പിന്നാലെ അപാർട്മെന്റിലേക്ക് കയറി. അതിനകത്തേക്ക് ആദ്യമായാണ് ആൽബി കയറുന്നത്.
ഹാളിന്റെ നടുവിലെത്തിയ ആൽബി പൊടുന്നനെ നിന്നു. കുറേ നാളായി താൻ ഓർക്കാതിരുന്ന ആ സുഗന്ധം. അത് ആ അപാർട്മെന്റിലാകെ പരന്നു കിടക്കുന്നതായി അയാൾക്ക് തോന്നി. അയാളുടെ ശരീരത്തിലാകെ കുളിരു പടരുകയും രോമങ്ങളെഴുന്നേറ്റ് നിൽക്കുകയും ചെയ്തു. തന്നെ പിന്തുടർന്ന ഷൂസിന്റെ ശബ്ദം നിലച്ചപ്പോൾ അവനി തിരിഞ്ഞു നിന്നു. ആൽബി അനങ്ങാതെ തന്നെത്തന്നെ നോക്കി നിൽക്കുകയാണ്. അയാളുടെ ആ ഭാവമാറ്റം അവളെ അമ്പരപ്പിച്ചു. അയാൾക്ക് ഹൃദയത്തിലെവിടെയോ മറന്നുവെച്ച ആ അലൗകിക സാന്നിധ്യം ഒരുപാട് നാളുകൾക്ക് ശേഷം അനുഭവപ്പെട്ടു. അവനി ചോദ്യഭാവത്തിൽ ഗൗരവത്തോടെ ഒരു പുരികമുയർത്തി. അയാൾ തന്റെയുള്ളിൽ ഉയരുന്ന നൂറായിരം ചോദ്യങ്ങൾക്കുത്തരം അവളുടെ കണ്ണുകളിൽ തിരഞ്ഞു.
‘എന്താ ആൽബിയെന്നെ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത്?’ അവനി ആശ്ചര്യത്തോടെ ചോദിച്ചു. ആൽബി ഒന്നും പറയാതെ അവനിയുടെ കൈപിടിച്ച് തന്റെ നെഞ്ചിൽ ചേർത്തുവെച്ചു. അയാളുടെ വേഗതയേറിയ ശക്തിയായ മിടിപ്പുകൾ അവനിയുടെ ഹൃദയത്തിൽ പതിയെ പ്രതിധ്വനിച്ചു തുടങ്ങി. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. ആൽബി പെട്ടന്ന് മറ്റാരോ ആയി മാറിയത് പോലെ. അയാളുടെ ആ ഭാവവ്യത്യാസത്തിന്റെ കാരണം പറഞ്ഞാലും ചിലപ്പോൾ അവൾക്ക് മനസ്സിലാവുമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്നറിയാൽ അവൾ വായ തുറന്നപ്പോൾ ആൽബിയുടെ ചുണ്ടുകൾ അവയെ പൊതിഞ്ഞു. പ്രണയത്തിന്റെ സർവ്വ ഊർജത്തെയും തന്നിലേക്ക് ആവാഹിച്ച തീവ്രമായ ചുംബനം. ആൽബിയുടെ ചുണ്ടുകൾ തന്റെ സ്വത്വത്തെ തന്നെ മുഴുവനായി കീഴടക്കാൻ ശ്രമിക്കുകയാണ്, ഈ നിമിഷം അതിനു നിന്നു കൊടുക്കാനല്ലാതെ മറ്റൊന്നിനും തനിക്ക് കഴിയില്ല. അവനിയ്ക്ക് കൈകാലുകൾ തളരുന്നതായി തോന്നി. ശരീരത്തിലെ സകല നാഡികളിലേക്കും ആ തളർച്ച പടർന്നു കൊണ്ടിരിക്കുകയാണ്. വീഴാതിരിക്കാൻ അവൾ ആൽബിയെ മുറുകെ പിടിച്ചു. ഒരു നിമിഷത്തെ ദൈർഘ്യമാക്കിയ ആ ചുംബനത്തിനൊടുവിൽ ആൽബി ബുദ്ധിമുട്ടിയാണെങ്കിലും തന്നെ അവളിൽ നിന്നും ശക്തിയായി വേർപെടുത്തി.
പക്ഷേ, അവൾ വിസമ്മതം പ്രകടിപ്പിച്ചുകൊണ്ട് തലയാട്ടി. പ്രാണവായുവിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുമ്പോൾ ഓക്സിജൻ മാസ്ക് എടുത്ത് മാറ്റിയത് പോലെയാണ് അവൾക്ക് തോന്നിയത്. അവൾ ആൽബിയുടെ മുടിയിഴകളിൽ കൈ കൊരുത്ത് ബലമായി തിരിച്ചു ചുംബിച്ചു. ആ ചുംബനത്തിന്റെ തീവ്രതയിൽ ഉടലെടുത്ത വൈദ്യുതതരംഗങ്ങൾ ഇരുവരുടെയും ശരീരത്തിൽ കാട്ടുതീ പോലെ ആളിപ്പടർന്നു. ജീവാംശമുള്ള കണികൾ മുഴുവൻ തിളച്ചുമറിയ്ക്കുന്ന പ്രണയജ്വാലകൾക്ക് മുൻപിൽ കീഴടങ്ങി, മറിച്ചെന്തെങ്കിലും ചിന്തിക്കാനുള്ള ശേഷി ഇരുവർക്കും നഷ്ടപ്പെട്ടിരുന്നു. ഒരു ചുംബനത്തെ മറ്റൊരു ചുംബനത്തിലേക്ക് കോർത്തു കോർത്ത് ആൽബി ചുണ്ടുകൾ കൊണ്ട് അവളുടെ കഴുത്തിൽ ഹാരമണിയിച്ചു. താനത് വരെ അറിഞ്ഞതിനേക്കാൾ ലഹരി പകരുന്ന അപൂർവമായ ഒരു മാദകദ്രവ്യമായി അവൾ മാറിയിരിക്കുന്നു. അയാളുടെ ചുടുചുംബനങ്ങളും തന്നെ പിടിച്ചുലയ്ക്കുന്ന ശക്തമായ ആ കൈകളുടെ തേടലുകളും അവളെ തന്റെ വികാരതീവ്രതകളുടെ മറ്റു തലങ്ങളിലേക്കെടുത്തുയർത്തിക്കൊണ്ടിരുന്നു.
അവർക്കിടയിൽ നിലനിന്നിരുന്ന അദൃശ്യമായ അതിരുകളെ തിരുത്തിയെഴുതിക്കൊണ്ട് പ്രണയത്തിന്റെ മറ്റൊരു ഘട്ടത്തെ അടയാളപ്പെടുത്തി സമയം കടന്നുപോയി. മനസ്സുകളിലെ പ്രക്ഷുബ്ധമായ തിരമാലകൾ അവരുടെ കിതപ്പുകൾ പോലെ പതിയെ അടങ്ങിയിട്ടും അതിന്റെ കുഞ്ഞോളങ്ങൾ തീരത്തെ തഴുകിക്കൊണ്ടിരുന്നു. തന്റെ നെഞ്ചിൽ തളർന്നു കണ്ണടച്ചു കിടക്കുന്ന അവനിയുടെ മുടിയിഴകളിലൂടെ ആൽബി വിരലുകളോടിച്ചു. ആൽബിയുടെ മുഖത്ത് ചിരി പടർന്നു. ‘ഇങ്ങോട്ട് വരുമ്പോൾ നിന്നെ ഒന്നു കാണണം, കൂടെയിരുന്ന് ഇത്തിരി നേരം സംസാരിക്കണം എന്നൊക്കെയേ കരുതിയിരുന്നുള്ളു.’ അവനി മുഖമുയർത്തി ആൽബിയെ നോക്കി പുഞ്ചിരിച്ചു. ‘എന്നിട്ട്, ആൽബിയ്ക്ക് പെട്ടന്നെന്താ സംഭവിച്ചത്.?’ അവളുടെ ആലസ്യമാർന്ന കണ്ണുകളിൽ നാണം കലർന്നു കിടന്നു. അയാൾ അവളുടെ തോളിലൂടെ വിരലോടിച്ചു. അവനിയോട് എന്താണ് പറയേണ്ടതെന്ന് അയാൾ കുറേ നേരം ആലോചിച്ചു. അത് അയാൾക്കും നല്ല നിശ്ചയമില്ലായിരുന്നു. അയാൾ ദീർഘമായി ശ്വസിച്ചു.
‘നീയൊരു ഫിലോസഫി വിദ്യാർത്ഥിനിയല്ലേ, പറ, മനുഷ്യന് ഗന്ധങ്ങളുമായുള്ള ബന്ധത്തെ എങ്ങനെ താത്വികമായി അവലോകനം ചെയ്യും?’ ആൽബി ഗൗരവം കലർന്ന പുഞ്ചിരിയോടെ ചോദിച്ചു. അവളിൽ നിന്ന് എന്തോ തനിക്കറിയാനുണ്ടെന്ന് അയാൾക്ക് തോന്നി. ആ സന്ദർഭവുമായി യാതൊരു ബന്ധവുമില്ലാത്ത ആൽബിയുടെ ചോദ്യം കേട്ട് അവനി നെറ്റി ചുളിച്ചു. അവൾ മുഖം താഴ്ത്തി ആൽബിയുടെ നെഞ്ചിൽ മുഖമമർത്തി ദീർഘമായി ശ്വാസം വലിച്ചശേഷം ചുണ്ടുകളമർത്തി ചുംബിച്ചു. ഒരു നിമിഷം മൗനം പാലിച്ചശേഷം അവൾ അയാളിൽ നിന്നും ആ ചോദ്യത്തിലേക്ക് തിരിച്ചു വന്നു. ‘ ഗന്ധങ്ങൾക്ക് മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ഇതുവരെ ഒരു പഠനമൊന്നും നടത്തിയിട്ടില്ല. പക്ഷേ, ചില പ്രത്യേക ഗന്ധങ്ങൾ എനിക്ക് ഇഷ്ടമാണ്. മണ്ണിന്റെ ഗന്ധം പോലെ. ആൽബി ശ്രദ്ധിച്ചിട്ടുണ്ടോ, മണ്ണിന് പലപ്പോഴും പല ഗന്ധമാണ്. മഴയോടും വെയിലിനോടും എന്ന് മാത്രമല്ല, പ്രഭാതത്തോടും രാത്രിയോടും ചേരുമ്പോൾ പോലും മണ്ണിന്റെ ഗന്ധത്തിൽ വ്യത്യസ്തതയുണ്ട്. ആൽബിയോട് ചേർന്നിരിക്കുന്ന എന്നെപ്പോലെ, എന്നോട് ചേർന്നിരിക്കുന്ന ആൽബിയെപ്പോലെ.’
അയാൾ അവളുടെ വാക്കുകളുടെ ആഴങ്ങൾ തിരഞ്ഞു. തനിക്ക് കിട്ടേണ്ട ഒരുത്തരത്തിലേക്ക് അവൾ എത്തുമോ എന്ന കൗതുകം അയാളിൽ ജനിച്ചു, അതോടൊപ്പം തന്റെ സ്വപ്നങ്ങളുടെ ഓർമ്മകൾ അയാളെ പൊതിഞ്ഞു. അവൾ തന്റെ അനുഭവങ്ങളിലൂടെ ഗന്ധങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആൽബി മറ്റൊരു ലോകത്തായിരുന്നു. അവനിയുടെ ശബ്ദം താഴ്ന്നു വരുന്നത് ആൽബി ശ്രദ്ധിച്ചില്ല. അയാൾക്ക് അവളോട് എന്തൊക്കെയോ പറയണമെന്ന് തോന്നി. പക്ഷേ എവിടെ തുടങ്ങണം എന്ന് മാത്രമായിരുന്നു അറിയാത്തത്. ‘ ഗന്ധങ്ങൾക്ക് മനുഷ്യനെ അടിമപ്പെടുത്താനുള്ള കഴിവുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അവയ്ക്ക് ഓർമ്മകളെ പുനർജീവിപ്പിക്കാനുള്ള കഴിവുണ്ട് അവനീ…. സമയവും ജന്മങ്ങളും കടന്ന്, അനുഭവിച്ച നിമിഷങ്ങളെ വീണ്ടും അനുഭവിപ്പിക്കാനുള്ള കഴിവ്. ഇതിലൊന്നും ഞാനും വിശ്വസിച്ചിരുന്നില്ല, പക്ഷേ….’ അയാൾ ദീർഘനിശ്വാസമയച്ചു. ‘ ഇവിടെ കലർന്നു കിടക്കുന്ന ആ സുഗന്ധം, അതാണ് എന്റെ എല്ലാ പദ്ധതികളെയും കാറ്റിലലിയിച്ച് കളഞ്ഞത്. ഇന്ന് വീണ്ടും, നീയെനിക്ക് ആരാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതായത് പോലെ.’ അവനി മറുപടി പറഞ്ഞില്ല. അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നെന്ന് അവളുടെ ശ്വാസത്തിന്റെ ഗതിയിൽ നിന്ന് ആൽബിയ്ക്ക് മനസ്സിലായി. അയാൾ പുഞ്ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു.
എത്രനേരം കഴിഞ്ഞെന്നറിയില്ല, ഭക്ഷണം പാകം ചെയ്യുന്ന മണമടിച്ചാണ് അവനി ഉണർന്നത്. ആൽബി തന്റെ അടുത്തില്ല. കിച്ചണിൽ നിന്നുള്ള ശബ്ദം അയാളുടെ സാന്നിധ്യത്തെ അറിയിച്ചു. അവൾ പുഞ്ചിരിച്ചു. തന്റെ ശരീരം, അനുഭൂതികളുടെ പുതിയ ലോകത്തോട് തനിക്ക് അറിയാത്ത വിധത്തിൽ പ്രതികരിച്ചു കൊണ്ടിരിക്കുകയാണ്. അവൾ കിടക്കയിൽ കിടക്കുന്ന അയാളുടെ ഷർട്ട് എടുത്ത് തന്റെ മുഖത്തോട് ചേർത്തു ദീർഘമായി അകത്തേക്ക് ശ്വസിച്ചു. സിഗരറ്റ് കലർന്ന ആൽബിയുടെ ഗന്ധം. അവളതും ചേർത്തു പിടിച്ചു കുറച്ചു നേരം അവിടെത്തന്നെ കിടന്നു. കൂടുതൽ ഉറങ്ങാനാണ് തോന്നുന്നത്.
അടുക്കളയിൽ ഫ്രിഡ്ജ് തുറക്കുന്ന ശബ്ദം അവളുടെ ശ്രദ്ധയെ അങ്ങോട്ട് പിടിച്ചു വലിച്ചു. ആൽബിയെ കാണണമെന്ന് തോന്നി. അവൾ കിടക്കയിൽ എഴുന്നേറ്റിരുന്ന് പുഞ്ചിരിച്ചുകൊണ്ട് ആ ഷർട്ട് ധരിച്ചു. അടുക്കളയിൽ ചെല്ലുമ്പോൾ അയാൾ പാചകത്തിലാണ്. അവനി പിറകിലൂടെ ചെന്ന് അയാളെ മുറുകെ കെട്ടിപ്പിടിച്ചു നഗ്നമായ പുറത്ത് ചുംബിച്ചതിനു ശേഷം കവിളമർത്തി. ആൽബി ഇടത്തെ കൈ വിരലുകൾ അവളുടെ വലത്തേ കൈവിരലുകളിൽ കോർത്ത് തന്റെ ചുണ്ടോട് ചേർത്തു. ‘ നിനക്ക് വിശക്കുന്നില്ലേ?’ അയാൾ മുഖം തിരിച്ച് അവളെ നോക്കി. ‘ ഉം ‘ അവൾ മുഖമുയർത്താതെ പറഞ്ഞു. പക്ഷേ, അവൾക്ക് ആ ദേഹത്ത് നിന്നും തന്നെ അടർത്തിയെടുക്കാൻ മനസ്സു വരുന്നുണ്ടായില്ല. അയാൾ പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈപിടിച്ച് വലിച്ചു മുൻപിലേക്ക് നിർത്തി അവളെ ചേർത്തു പിടിച്ചു. അവനി ആൽബിയുടെ മുഖത്തേക്ക് നോക്കി. കൂമ്പിയ പ്രണയാദ്രമായ കണ്ണുകൾ തുറന്ന് അവൾ ആൽബിയെ നോക്കി.
‘ ഉം?’ ഒരു മൂളലിൽ അയാൾ ചോദ്യം ഒതുക്കി. അവൾ രോമാവൃതമായ ആ നെഞ്ചിൽ മുഖമുരച്ച് അയാളെ നോക്കി പുഞ്ചിരിച്ചു. ആൽബിക്ക് തന്റെ സുന്ദരമായ സ്വപ്നം വീണ്ടും മനസ്സിലേക്കോടിയെത്തി. സംസാരിക്കാനായി അയാൾ വായ തുറന്നതും അവൾ ഒരു കയ്യുയർത്തി അത് പൊത്തി. ആ കൈ മേൽ ചുംബിച്ച് ചിരിച്ചുകൊണ്ട് അവൾ വീണ്ടും ആൽബിയുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു മുഖമമർത്തി പതിഞ്ഞു കിടന്നു. അയാൾ കിച്ചൺ ടേബിളിലേക്ക് ചായ്ഞ്ഞു അവളുടെ നെറുകയിൽ ചുംബിച്ചു. വാക്കുകൾക്കപ്പുറത്ത് പ്രണയത്തിന്റെ സാന്നിധ്യം പകർന്നു കൊടുക്കുന്ന ലഹരി നുകർന്ന് അവർ കുറച്ചു നേരം മിണ്ടാതെ നിന്നു.
‘ആൽബി നല്ല കുക്കാണെന്ന് ലിസി പറയാറുണ്ട്. ഇത്രയും പ്രതീക്ഷിച്ചില്ല. എന്തായാലും നന്നായി. എനിക്ക് ചായ പോലും ഉണ്ടാക്കാനറിയില്ല.’ അവനി പുഞ്ചിരിച്ചുകൊണ്ട് മുൻപിലിരുന്ന ഒഴിഞ്ഞ പ്ലേറ്റ് നീക്കി വെച്ചു. ‘ഉം. എനിക്ക് കുട്ടിയായിരിക്കുമ്പോഴേ കുക്കിങ്ങിനോട് നല്ല താല്പര്യമുണ്ട്. ലിസി വീട്ടിലുണ്ടായിരുന്നപ്പോൾ വീക്കെൻഡ് മെനു എന്റെതായിരുന്നു. മമ്മി നല്ല കുക്ക് ആണ്. പക്ഷേ, ലിസിയെ അടുക്കളയിൽ കയറ്റാൻ കൊള്ളില്ല. ‘ അവനി പൊട്ടിച്ചിരിച്ചു. ‘എന്നാൽ അവളാണ് ഇവിടെ മാസ്റ്റർ ഷെഫ്.’ ആൽബി നെഞ്ചത്ത് കൈവെച്ചു. ‘ പൊന്നുമോളെ, അവളുണ്ടാക്കി തരുന്നതൊന്നും ഒരുപാട് കഴിക്കണ്ട. നിങ്ങൾക്ക് കാന്റീൻ ഇല്ലേ കോളേജിൽ, വെറുതെ തടി കേടാക്കേണ്ട.’ അയാൾ കോഫിയെടുത്ത് ചുണ്ടോടാടുപ്പിച്ചു. അവനി ചിരിച്ചു കൊണ്ട് അയാളെത്തന്നെ തന്നെ നോക്കിയിരുന്നു. അവളുടെ മൗനത്തെക്കുറിച്ച് ബോധവാനായപ്പോൾ ആൽബി തന്റെ ഇടത്കൈ കൊണ്ട് അവളുടെ കൈ പിടിച്ചു. അവൾ ആൽബിയുടെ ആ കൈ തന്റെ ഇരുകൈകൾക്കുമുള്ളിലാക്കി തന്റെ മുഖത്തൊടുയർത്തി കവിളിൽ ചേർത്തു വെച്ചു.
‘ ആൽബിക്ക് ഇന്ന് പോകണോ?.’ അയാൾ വേണമെന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ മുഖത്ത് നിരാശ നിറഞ്ഞു. അയാൾ കയ്യിലെ കപ്പ് ടേബിളിൽ വെച്ച് അവനിയെ കസേരയിൽ നിന്നെഴുന്നേൽപ്പിച്ചു മടിയിലിരുത്തി മുറുകെ പുണർന്നു. അവൾ ആൽബിയുടെ നെറ്റിയിൽ തന്റെ മുഖമമർത്തി. നിശ്വാസത്തിൽ പോലും അവളിൽ പടരുന്ന അസ്വസ്ഥത വ്യക്തമായിരുന്നു. ‘അവനീ, നിനക്ക് ഒറ്റയ്ക്ക് നിൽക്കാൻ വിഷമമുണ്ടെങ്കിൽ വീട്ടിൽ പോ. അവർ തിരിച്ചു വന്നിട്ട് വന്നാൽ മതി.’ അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവനി വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി. ‘ഇന്നലെ ഒറ്റയ്ക്ക് നിൽക്കുമ്പോൾ കൂടെ ആരുമില്ലാത്തതായിരുന്നു എന്റെ വിഷമം. പക്ഷേ, ഇന്ന് ആൽബി പോയാൽ ആൽബിയില്ലാത്തത് മാത്രമേ എന്നെ ബാധിക്കൂ. അത് വീട്ടിൽ പോയാലും മാറില്ല. എനിക്ക് എന്തോ ആൽബിയെ കണ്ടു മതിയായില്ല.’ അവളുടെ നിഷ്കളങ്കമായ ആ മറുപടി ആൽബിയുടെ മനസ്സിൽ പതിഞ്ഞു. അയാൾ അവളെ ഒന്നുകൂടി മുറുകെ പുണർന്ന് ചുണ്ടിൽ മൃദുവായി ചുംബിച്ചു. കുറച്ച് നേരത്തേക്ക് നിശ്ശബ്ദനായ ശേഷം അയാൾ ദീർഘമായി നിശ്വസിച്ചു.
‘അവനീ, ഇന്ന് നിന്നെ തനിച്ചാക്കി ഞാൻ പോയാൽ എനിക്കും സമാധാനത്തോടെ ബൈക്കോടിച്ച് പോവാൻ കഴിയില്ല. അതുകൊണ്ട് ഞാൻ പോകുന്നില്ല. ഓഫീസിൽ വിളിച്ചു നാളത്തെ ലീവ് പറയാം.’ അവളുടെ മുഖം തെളിഞ്ഞു. അവൾ ആൽബിയെ മുറുകെ പുണർന്നു. ‘ഐ ലവ് യു സോ മച്ച് ആൽബി. ‘ അവളുടെ കൈകൾ അയാൾക്ക് ചുറ്റും വീണ്ടും മുറുകി. അവളുടെ സന്തോഷവും, അതിനിടയിൽ കലർന്ന പ്രണയത്തിന്റെ നൊമ്പരവും ആൽബിയുടെ ഹൃദയത്തിലും പ്രതിഫലിച്ചു. ‘ഐ ലവ് യു അവനി. വിത്ത് എവരി ഇഞ്ച് ഓഫ് മൈ ബീയിങ്.’ അവരാ പ്രണയത്തിന്റെ ചൂടുപകർന്ന് കൊണ്ട് അവിടെയിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അവനി പിടുത്തമയച്ച് അയാളുടെ മുഖത്തേക്ക് നോക്കി.
‘ആൽബി നാളെ രാവിലെ പൊയ്ക്കോ. അപ്പോഴേക്കും ഈ വിഷമം മാറിക്കോളും. വൈകിട്ടാവുമ്പോഴേക്കും അവിടെയെത്തിയാൽ നന്നായി വിശ്രമിച്ചിട്ട് മറ്റന്നാൾ ഓഫീസിലും പോകാം. രാത്രി ലോങ്ങ് റൈഡ് വേണ്ട. മറ്റന്നാൾ രാവിലെ അവരും തിരിച്ചു വരും.’ അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി. ‘ഞാൻ നാളെ രാത്രി പൊയ്ക്കോളാം. അതുവരെ എനിക്ക് നിന്നെ ഇവിടെ ഇങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ട് ഇരിക്കാലോ.’ അവനി നെറ്റിചുളിച്ചു. ‘വേണ്ട ആൽബി, നാളെയെന്നല്ല, ഇനി ഒരിക്കലും രാത്രി ബൈക്കുമെടുത്ത് ഇത്ര ദൂരം യാത്ര ചെയ്യണ്ട.’ പെട്ടന്നുള്ള ഭാവമാറ്റത്തിൽ ഒളിപ്പിച്ച അവളുടെ കരുതൽ കണ്ട് ആൽബി ചിരിച്ചുകൊണ്ട് അവളെ ചൊടിപ്പിക്കാനായി തിരിച്ചു നെറ്റിചുളിച്ചു.
‘ഞാൻ എപ്പോൾ പോണമെന്നൊക്കെ ഞാൻ തീരുമാനിച്ചോളാം, മോളതിനെക്കുറിച്ചൊന്നും ആലോചിച്ച് ടെൻഷനടിക്കടണ്ട.’ അവനിയുടെ കണ്ണുകളുരുണ്ടു വന്നു. അവളെ മറുപടി പറയാനനുവദിക്കാതെ ആൽബി അവളെ ശക്തിയായി ചുംബിച്ചു. അവൾ തന്നിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വികാരവ്യത്യങ്ങളെ ശമിപ്പിക്കേണ്ടത് അത്യാവശ്യമായി അയാൾക്ക് തോന്നി. അയാളുടെ ചുംബനത്തിന്റെ ചൂട് തലച്ചോറിലേക്ക് പടർന്നു തുടങ്ങിയപ്പോൾ അവനി പറയാൻ തുടങ്ങിയത് മറന്നു. ആൽബിയോട് അലിഞ്ഞു ചേരാനല്ലാതെ മറിച്ചൊന്നും അവൾ ആ നിമിഷം ആഗ്രഹിച്ചിരുന്നില്ല.