അർമാൻഡോ

ഗർഭാവസ്ഥ എഴാംമാസത്തിലേക്ക് കടന്ന നാളുകളിലൊന്നിൽ താഴോട്ടേക്കിറങ്ങിയ തന്റെ ഉന്തിയ വയറും താങ്ങിപ്പിടിച്ച്കൊണ്ട് റസിയ പറഞ്ഞു

“ഇക്കാ…വല്ലാണ്ടുള്ള ചവിട്ടും കുത്തും തൊടങ്ങീക്ക്ണ്ട്ടാ!”

“എന്താപ്പോ അതിലിത്ര അതൃർപ്പം, നിനക്കിത് ആദ്യമായിട്ടൊന്നല്ലല്ലോ പെണ്ണേ?” എന്ന് എങ്ങോട്ടോ പോകുവാനായ് അണിഞ്ഞൊരുങ്ങി ഷർട്ടിൻ്റെ കൈകൾ തെറുത്ത് കയറ്റുന്നതിനിടയിൽ മറുപടി പറയാൻ റഷീദ് മറന്നില്ല.

“ഇല്ല ഇക്കാ! റംസീനാടേന് ഇത്ര കൂടുതലായിട്ടൊന്നും എനിക്കില്ലേർന്നു, ഇക്ക് നല്ലോണം ഓർമണ്ടതൊക്കെ!.. എല്ലാരുംപറ്യേണ പോലെ, ലക്ഷണംകണ്ടിട്ട് ഇത് ആൺകുട്ട്യെന്നേവും! അതോണ്ടാ അവനിത്ര കാലിട്ടടിക്കണത്.” എന്ന് പറഞ്ഞുകൊണ്ട് അവൾ പതുക്കെ തന്റെ വലിയ വയറിലൊന്നു തടവി.

“ന്റെ റസിയാ ഇത്ര മാത്രം കാലിട്ടടിക്കാൻ അവനെന്താ ഫുട്ബാളാ അതിന്റുള്ളില് കളിക്കണത്?” സ്നേഹത്തിൽ ചാലിച്ച, വാത്സല്യത്തിൻ്റെയും കരുതലിൻ്റെയും ഒരു നോട്ടമെറിഞ്ഞ് “ചെലപ്പോ ആവുംല്ലേ? മറഡോണയെപ്പോലെ വല്ല്യൊരു പന്തളിക്കാരൻ” എന്ന് പൂരിപ്പിച്ച് കൊണ്ട് അയാളൊന്നു പുഞ്ചിരിച്ചു.

“ഉം ..അപ്പൊ ഇങ്ങക്കും പൂതീണ്ടല്ലേ ഇത് ആങ്കുട്ട്യായിക്കാണാൻ, അമ്പട കള്ളാ… ന്ന്ട്ട് ഒന്നും പൊറത്ത് കാണിക്കാണ്ട് നടക്കാലേ, ഇങ്ങള് വല്ലാത്തൊരു മൻഷ്യൻ തന്നെ.” അവൾ ചിരിച്ചോണ്ട് അവനെ നോക്കി പറഞ്ഞു. കേട്ടഭാവം നടിക്കാതെ അയാൾ പതിയെ തന്റെ മുഖം തിരിച്ചു നടന്നു .

ദിവസങ്ങളങ്ങനെ കുറേ കടന്നുപോയി. റബീ-ഉൽ-അവ്വൽ പതിനെഴിന്റന്ന് ( അറബിക് കലണ്ടർ ) ഉമ്മറുസ്താദ് സുബഹി ബാങ്ക് കൊടുക്കണ നേരത്താണ് റസിയാക്കൊരു വേദനേം വെർമ്മഞ്ചാരോം ഒക്കെ കാണണത്.

സുബ്ഹി നിസ്കരിക്കാൻ വുളു എടുത്തോണ്ടിരുന്ന കയ്യുട്ട്യേത്ത റസിയാന്റെ കരച്ചില് കേട്ടിട്ട് തന്റെ കാച്ചിത്തുണി എളീൽക്ക് കേറ്റികുത്തീട്ട് തെക്കേലെ കൗജെളേമാനെ വിളിക്കാനോടി. പതിനാലാം വയസ്സില് കല്ല്യാണംക്കഴിഞ്ഞ് വയസ്സ് മുപ്പത് ആകുമ്പോഴേക്കും എട്ട് മക്കളെ പ്രസവിച്ച കൗജെളേമ, നാടോകത്തെ കട്ടിലീചുരുണ്ടു കെടക്കണ റസിയാനെ നോക്കീട്ട്…

“കയ്യുട്ട്യെ.. ഇത് പേറ്റുനോവെന്നേണ്, നമ്മളെക്കൊണ്ട് കൂട്ടിയാ കൂടൂല്ലട്ടാ.. വേഗം ആസ്പത്രീ കൊണ്ടോണം..
ഇയ്യ് നോക്കി നിക്കാണ്ട് റഷീദിനോട് കാറ് വിളിക്കാൻ പറയ്!”എന്ന് വിധിയെഴുതി.

സാവിത്രി നഴ്സിംഗ് ഹോമിന്റെ ഓടുമേഞ്ഞ നീളൻ വരാന്തേല് ചുമരിനോട് ചേർത്തിട്ട ചാരുബെഞ്ചിൽ അക്ഷമനായി റഷീദ് കാത്തിരിക്കുകയും ഇരിപ്പുറക്കാതെ അയാൾ പലവട്ടം വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കുകയും ചെയതു.

“ഇയ്യ് സമാധാനായിട്ട് ഒരുത്തില് ഇരിക്ക് ന്റെമോനേ. ഓള് അയ്ന്റെ നേരെത്തുമ്പോ അങ്ങണ്ട് പെറ്റോളും”!
എന്നും പറഞ്ഞ് തന്റെ കോന്തലക്കലെ കെട്ടഴിച്ച് നൂറിന്റെ രണ്ട് നോട്ടെടുത്തിട്ട് റഷീദിന് നേരെ നീട്ടിയിട്ട് കയ്യൂട്ടീത്ത പറഞ്ഞു

“ഇത് ഞാൻ റസിയാന്റെ തല ഉഴിഞ്ഞിട്ട് ബദരീങ്ങളെ ആണ്ടിൽക്ക് വേണ്ടീട്ട് നേർന്നതാണ്. ഓൾക്ക് ഒരു കൊഴപ്പോം ഉണ്ടാവൂല. വീട്ടിലെത്തിയാൽ ഇയ്യ് പെട്ടന്നെന്നെ ഇത് പള്ളിക്കല് കൊണ്ടോയി കൊടുക്കണോട്ടാ”! അയാൾ അത് കൈനീട്ടി വാങ്ങി ഭദ്രമായി തന്റെ പോക്കേറ്റിൽ തിരുകി വെച്ചു.

ആശുപത്രിയുടെ മുറ്റത്ത്, പുലർകാലത്ത് പെയ്ത മഞ്ഞുകണങ്ങൾകൊണ്ട് ഈറനണിഞ്ഞ നെല്ലിമരത്തിന്റെ കൊമ്പിലിരുന്ന് അരിപ്രാവുകൾ കൊഞ്ചി കുറുകിയത് തന്റെ മറഡോണയെകുറിച്ചായിരിക്കുമോ.? അതോ അവരുടെ വിരിഞ്ഞിറങ്ങാൻ പോകുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരിക്കുമോ.? അറിയില്ല, അയാളുടെ മനോരഥത്തിൽ ഒരു പിതാവിൻ്റെ ആകാംക്ഷയോടൊപ്പം ഒരു ഭർത്താവിന്റെ ആകുലകതളും ഒരുപോലെ അലയടിക്കാൻ തുടങ്ങി.

റസിയാക്ക് വല്യ സുഖൊന്നും ഉണ്ടായിരുന്നില്ലെങ്കിലും “ന്റെ റസിയ പ്രസവിച്ചു, സുഗപ്പ്രസവാട്ടാ കുട്ടി ആൺകുട്ട്യാണ്!” എന്ന് കയ്യൂട്ടീത്ത ആരോടൊക്കെയോ വിളിച്ചു പറേണത് കേട്ടു.തലനിറച്ചും നല്ലോണം മുടിയുള്ള വെളുത്ത് തുടുത്ത ചോരക്കളറുള്ള ഒരു ചുന്ദരക്കുട്ടൻ. സുഖപ്രസവത്തിന്റെ പറഞ്ഞറിയിക്കാൻ പറ്റാത്ത ആ സുഖം ആവോളം അനുഭവിച്ച് തളർന്ന റസിയാടെ മുഖം കോളാമ്പിപ്പൂപോലെ വിടർന്നു. വേദന കടിച്ചമർത്തി വീർത്തുവന്ന അവളുടെ ചെഞ്ചുണ്ടുകൾ വല്ലാതെ വിറകൊണ്ടിരുന്നു.

മിനുമിനുത്ത നീല നിറത്തിലുള്ള കുഞ്ഞുപുതപ്പിനുള്ളിൽ പൊതിഞ്ഞ് കുഞ്ഞമ്മ നഴ്സ് നീട്ടിക്കൊടുത്ത തന്റെ മറഡോണയെ റഷീദ് മാറോടണച്ചു ചേർത്തു പിടിച്ചു. വലതുചെവിയിൽ അയാൾ അവന്റെ മുഖം ചേർത്തുവെച്ച് ബാങ്ക് വിളിച്ച് കേൾപ്പിച്ചു. ഇടത് ചെവിയിൽ മൂന്നു വട്ടം തന്റെ കുഞ്ഞിന്റെ പേര് ചൊല്ലിവിളിച്ചു

“റാനിഷ് അർമാൻഡോ!…
റാനിഷ് അർമാൻഡോ!…
റാനിഷ് അർമാൻഡോ!”

തന്റെ ആരാധനാപാത്രമായ ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണയോടുള്ള തനിക്കുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഇതിൽ കൂടുതലൊന്നും ചെയ്യാൻ അയാൾക്കാവുമായിരുന്നില്ല .

കപ്ലേങ്ങാട്ടെ ഭരണീം ചക്കപ്പൂരവും മണത്തല നേർച്ചേം ഒക്കെ പിന്നേം പിന്നേം കടന്ന് പോയി. മലർന്ന് കിടന്ന് കാലിട്ടടിച്ചും കമിഴ്ന്ന്കിടന്നു വയറിട്ട് ഉന്തിയും മുട്ടിലിഴഞ്ഞും കുഞ്ഞു അർമാൻഡോയും വളർന്നോണ്ടിരുന്നു.

മലേഷ്യയിലെ തന്റ പങ്ക്കച്ചോടക്കാരൻ ജമാല്, റഷീദിന്റെ അവധി കഴിഞ്ഞ വിവരം ഓർമിപ്പിക്കാൻ വിളിച്ചിരുന്നു .

വലത്തെ ഒക്കത്ത് അർമാൻഡോനേം ഇരുത്തി ഇടത് കയ്യിൽ റംസീനാനേം ചേർത്ത് പിടിച്ച് മുമ്പാരത്തെ കട്ടിളപ്പടിമ്മെ നിന്നോണ്ട് മുറ്റോം കടന്നുപോണ വെള്ള അംബാസിഡറിനെ നോക്കി റസിയേം മക്കളും കൈ വീശിക്കാണിച്ച് യാത്ര അയച്ചു.

അർമാൻഡോ സ്കൂളീല് പോയിത്തുടങ്ങി. പലതരം മെസ്സിക്കുപ്പായങ്ങളുമായി റഷീദ് പലപ്പോഴും വന്നുപോയിക്കൊണ്ടിരുന്നു. കൊയ്ത്തുകഴിഞ്ഞ വട്ടംകണ്ടങ്ങളിലും കോതമ്മാന്റെ തെങ്ങും പറമ്പിലും റാനിഷ് അർമാൻഡോ ഒറ്റക്കും തെറ്റക്കും പന്ത് തട്ടിക്കളിച്ചു.

ഹൈസ്കൂൾ ക്ളാസ്സിലേക്കെത്തിയപ്പോൾ ഗംഗാധരൻ മാഷ് അർമാൻഡോയെ ഫുട്ബാളിൽ സ്കൂൾ ടീമിന്റ ക്യാപ്റ്റനാക്കി. ജില്ലക്കകത്തും പുറത്തുമായി ഒരുപാട് മത്സരങ്ങളിൽ അവന് സ്കൂളിനായി കളിക്കാൻ സാധിച്ചു. അന്നാട്ടിലെ മുൻനിര ക്ലബ്ബായ അപ്സര ക്ലബ്ബിന്റെ അറിയപ്പെടുന്ന താരമായി മാറിയ റാനിഷ് അർമാൻഡോ സമീപ പ്രദേശങ്ങളിലുള്ള സെവൻസ് ടൂർണമെന്റുകളിൽ എല്ലാം നേട്ടങ്ങൾ കൊയ്തു.

മലേഷ്യയിലെ റസ്റ്റോറന്റിലെ കല്ലാവിലിരുന്ന് (ക്യാഷ് കൌണ്ടർ) റഷീദ് തന്റെ മകന്റെ കഴിവിൽ അഭിമാനം കൊണ്ടു.

“അതേയ്…. ഉപ്പ വിളിച്ചിരുന്നൂട്ടാ.. ഇനി നിന്റെ ഈ ഓട്ടോം കളീം ഒന്നും അധികകാലം കൊണ്ടോവാൻ പറ്റൂല്ലാന്നാ എനിക്ക് തോന്നണത്.

നിന്നെ ഡിഗ്രിക്ക് മലേഷ്യേല് പഠിപ്പിക്കാന്നാ മൂപ്പര് പറേണത്. അവിടെയാണെങ്കിൽ ഇപ്പൊ ഒരുപാട് കുട്ട്യോള് പലോടുത്തുന്നായി പഠിക്കാൻ വര്ണ്ണ്ടത്രെ”.! വൈകുന്നേരത്തെ പന്തുകളിയും കഴിഞ്ഞ് ചവിട്ടുപടീമ്മെ വന്നിരിക്കണ റാനിഷിനോടായി റസിയ പറഞ്ഞു .

“ദ് ന്താപ്പോ… മലേഷ്യേല് പോയിട്ടൊരു പഠിത്തം.വേറെ എവെടീം കണ്ടില്ലേ ഇങ്ങക്ക് ന്നെ പഠിപ്പിക്കാൻ.?മലേഷ്യത്രെ.. മലേഷ്യ. അവൻ അരിശത്തോടെ ചോദിച്ചു ”?

“അതൊന്നും എനിക്കറീല്ല. ഓൻ ന്റെ കണ്ണുംവെട്ടത്ത് ഉണ്ടാവണതാ എനിക്ക് സമാധാനംന്നാ നിന്റുപ്പ പറേണത്. അതെന്നേണ് എനിക്കും സമാധാനം. അല്ലാതെ ന്നെക്കൊണ്ടൊന്നും കയ്യൂല ഇന്നത്തെക്കാലത്ത് ഇങ്ങളെപോൽത്തെ ആങ്കുട്ടിയോളെ ഒറ്റക്ക് മേക്കാൻ”.

അത്രേം പറഞ്ഞിട്ട്, നേരം ഇരുട്ടായിട്ടും കൂട്ടില് കേറാൻ മടിച്ചുനിൽക്കണ ചാത്തൻ കോഴീന്റെ പിന്നാലെ പാഞ്ഞു റസിയ.

അവസാനം വീട്ടുകാര് ആഗ്രഹിച്ചപോലെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ റാനിഷ് അർമാൻഡോ ഉപരിപഠനത്തിനായി മലേഷ്യയിലേക്ക് പറിച്ചു നടപ്പെട്ടു.

കോളേജ് കഴിഞ്ഞു വന്നാൽ വൈകുന്നേരങ്ങളിൽ മലായയിലെ ശാന്തമായ റോഡുകളിലൂടെ അവൻ ഏകനായി നടക്കും. കാലിലുടക്കിയ ഒഴിഞ്ഞ പെപ്സി ടിന്നുകളും കാലിക്കുപ്പികളും പലപ്പോഴും അവന്റെ മുന്നിൽ ഫുട്ബാളുകളായി മാറി. വൈകുന്നേരങ്ങളിലെ ഫുട്ബാൾ കളികള് അന്ന്യം നിന്ന്പോയത് ആ ചെറുപ്പക്കാരനെ തീർത്തും അസ്വസ്ഥനാക്കികൊണ്ടിരുന്നു.

“നിന്നെ നാട്ടില് പഠിപ്പിക്കാത്തേല് നിനക്ക് നല്ല വെഷമോണ്ടെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ നീ ഇവിടാവുമ്പോ,എന്റെ കൂടെയാവുമ്പോ എല്ലാം കൊണ്ടും എനിക്കതൊരു സമാധാനാ…! ”

മെഗാൻ ഇ ഫ്രീമാന്റെ എലോൺ എന്ന പുസ്തകോം വായിച്ചോണ്ടിരുന്ന അർമാൻഡോയെ നോക്കി റഷീദ് പറഞ്ഞു. മറുപടിയെന്നോണം നിവർത്തിപ്പിടിച്ച പുസ്തകത്തിൽനിന്നും തലയുയർത്തി ഉപ്പാനെ നോക്കി അവനൊന്നു ചിരിച്ചു. റസിയാന്റെ ചുണ്ടും ചിറീം അതേപോലെ കൊത്തിവെച്ച ആ മുഖത്തുനിന്നും ഉതിർന്നുവീണ ഒരു ചെറു പുഞ്ചിരി!.

മൂന്നുവർഷം എന്ന അവന്റെ അക്കാദമിക് കാലയളവ് ഒരു മുപ്പത് വർഷം പോലെ തോന്നിപ്പിച്ച അവന് മലായയുടെ തെരുവ് വീഥികളിൽ തിങ്ങിനിറഞ്ഞ റെസ്റ്ററന്റുകളാണ് പലപ്പോഴും ആശ്വാസം നൽകിയിരുന്നത്. കോളേജിലെ സുഹൃത്തുക്കളായ ശ്രീലങ്കക്കാരൻ രഞ്ജിത്ത് കൗശലിനും സുഡാനി മുഹമ്മദ് ഒമറിനും ഒപ്പം ചൂടുള്ള മുർതബയും(സ്നാക്ക്) തെത്താരിയും (അടിച്ച ചായ) നുണഞ്ഞുകൊണ്ടു റെസ്റ്റോറെന്റുകളിലെ വലിയ ടിവി സ്ക്രീനുകളിൽ ചാമ്പ്യൻസ് ലീഗും യൂറോകപ്പും കോപ്പാ അമേരിക്കയും ഒക്കെ കണ്ട് അവൻ ആനന്ദം കണ്ടെത്തി.

യൂണിവേഴ്സിറ്റി ഓഫ് മലായയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ അർമാൻഡോ ജോലിതേടി യൂഎയിൽ എത്തി അധികം താമസിയാതെ തന്നെ ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അയാൾക്ക് നല്ലൊരു ജോലി നേടിയെടുക്കാനും സാധിച്ചു.

ദുബായിലായിരുന്നു അർമാൻഡോ താമസിച്ചിരുന്നത്. ജോലികഴിഞ്ഞുവന്നാൽ രാത്രികളിൽ അവൻ അടുത്തുള്ള ഫുട്ബാൾ ഗ്രൗണ്ടിലെത്തുന്നത് പതിവായിരുന്നു. അവന്റെ ഉള്ളിലെ ഫുട്ബോളറെ തേച്ചു മിനുക്കിയെടുക്കാൻ ദിവസവും ഉള്ള പ്രാക്ടീസുകൊണ്ടു അവനു സാധിച്ചു. ഷാർജയിലും അജ്മാനിലും ഉൾപ്പടെ പല പല ഗ്രൗണ്ടുകളിലും അവൻ തന്റെ പാഷനായ ഫുട്ബാളിൽ സജീവ സാന്നിധ്യം അറിയിച്ചു. ഒരുപാട് ടൂർണമെന്റുകൾ അയാളെതേടിയെത്തി. ടൂർണമെന്റുകൾ പലതും സംഘടിപ്പിച്ചു. തന്റെ സ്വതസിദ്ധമായ ബാക്ക് ഹീൽ പാസുകൾകൊണ്ടും ഡ്രിബ്ലിങ്ങുകൾ കൊണ്ടും എണ്ണം പറഞ്ഞ ഗോളുകൾകൊണ്ടും അവൻ അവിടെയും കളം നിറഞ്ഞാടി.

ദുബായിലെ മകന്റെ അടുത്തേക്ക് മലേഷ്യേയിൽന്നു ലീവിന് വന്ന റഷീദ് തന്റെ മറഡോണയുടെ നാളെ നടക്കുന്ന കളി കാണാനായി ആകാംക്ഷയോടെ കാത്തിരുന്നു. അൽ വാസൽ വില്ലേജിലെ സ്റ്റുഡിയോ ഫ്ളാറ്റിൽ മറഡോണക്കൊരു പിൻഗാമിയായി തന്റ മകന്റെ കിരീടധാരണവും സ്വപ്നംകണ്ട് അയാൾ അന്ന് സുഖമായുറങ്ങി.

“ഉപ്പാ… ഞാൻ ഇറങ്ങാണ് ട്ടാ, മെട്രോ കാർഡ് മേശപ്പുറത്തു വെച്ചിട്ടുണ്ടേ . ഇങ്ങള് സലാം മാമാന്റെ കൂടെ വന്നാമതിട്ടാ ഞാൻ മാമാനെവിളിച്ച് പറഞ്ഞിട്ടുണ്ട് ”

രാവിലെ തന്നെ പ്രാക്ടീസിനുവേണ്ടി ടീമിനൊപ്പം ചേരാനായി ധൃതിയിൽ ഷൂവലിച്ചുകേറ്റുന്നതിനിടയിൽ അർമാൻഡോ റഷീദിനോടായി പറഞ്ഞു.

കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് അയാൾ ദുബായ് പോണ്ട് പാർക്ക് മൈതാനത്തിന്റെ തെക്കേ അറ്റത്തെ ഫൈബർ കസേരയിൽ നേരത്തേ എത്തി അക്ഷമനായി കാത്തിരുന്നു .

തിങ്ങിനിറഞ്ഞ ജനസാഗരത്തിനു നടുവിൽ പച്ചപ്പട്ടുവിരിച്ച പുൽമൈതാനിയിൽ ബ്രേസിയലിൻ ഫാൻസിനു വേണ്ടി അർമാൻഡോ എന്നെഴുതിയ മഞ്ഞക്കുപ്പായമിട്ട് കളം നിറഞ്ഞു കളിക്കുന്ന തന്റെ മറഡോണയെ നോക്കി “നെയ്മർ!, നെയ്മർ!” എന്നാർത്ത് വിളിക്കുന്ന ആരാധകരെ കണ്ട് അയാൾ ശെരിക്കും ഞെട്ടിത്തരിച്ചുപോയി.

കടുത്ത മറഡോണ ആരാധകനും അർജന്റീനിയൻ ആരാധകനുമായ അയാളുടെ നെഞ്ചിൽ ആ കാഴ്ചകൾ ഒരായിരം ലോങ്ങ്റേഞ്ച്ഷോട്ടുകളായി ഒന്നിച്ചു വന്നലച്ചു .

“ന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ….

റൊസാരിയോ തെരുവിലിരുന്ന് ആൽബിസെലെസ്റ്റകളുടെ കഥ പറഞ്ഞുതന്ന് ഞങ്ങളെ അർജന്റീനിയൻ ആരാധകരാക്കിയ മുത്തശ്ശിയോട് ഇനി എനിക്കെങ്ങനെ നീതി പുലർത്താനാവും.!”

മൈതാനത്തിന്റെ കിഴക്കേ അറ്റത്തിനോട് ചേർന്ന് കിടക്കുന്ന ഇടറോഡിലൂടെ അയാൾ മെട്രോസ്റ്റേഷനും ലക്ഷ്യമാക്കി തിരിച്ചു നടന്നു.

സ്വന്തം കഴിവുകൊണ്ടും കഠിനപ്രയത്നംകൊണ്ടും ഉയർച്ചയിലേക്കെത്തിയ തന്റെ മകനെക്കുറിച്ച് അഭിമാനത്തോടെ തലയുയർത്തി നടക്കുമ്പോഴും അയാളുടെ ചെവികളിൽ നിലക്കാത്ത വിജയാരവങ്ങൾ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു.

തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കൊച്ചനൂർ സ്വദേശി. ദുബായിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു