അർദ്ധനഗ്‌നം

മഴ കടലാസു തോണിയേറിയപ്പോൾ 

പിള്ളകോലായിൽ നിന്നോർമ്മകൾ ഒലിച്ചുപോയി.

കണ്ണടച്ചിരുന്ന നിന്റെ മിണ്ടാപ്പൂച്ച 

പകൽ ലഹരികുടിച്ച് പാതിരാവണ്ടിക്കടിപ്പെട്ടു.

നീലമേഘങ്ങൾക്കപ്പുറം നിൻ പുടവചീന്തി 

അവർ രഹസ്യചിരി വലിച്ചെരിഞ്ഞു.

ഓവുപാലത്തിനപ്പുറം ശവംതീനികളുടെ 

ശൃംഗാരച്ചവറുകൾ നാറ്റത്താൽ നനഞ്ഞു.

കറുത്തവാവിന്റെ പ്രാക്ക് കിട്ടിയ മഴ 

അവളുടെ മുടിക്കെട്ടിനുള്ളിൽ ആളൊച്ചയായി.

അകലെയൊരേകാന്തതാരകം നിത്യം

നരകകാമികൾക്കത്താഴം വിളമ്പുന്നു.

സ്നേഹരഹിതമാം ശാപസംഗീതം 

കനൽക്കുടയ്ക്കു താഴെയായ് 

ഒരുകുരുതിക്കളം തീർക്കുന്നു.

വിരലുരുമ്മിനിന്ന അവളുടെയാകാശവും 

ഭൂമിയുമാരോ കവർന്നെടുത്തിരുന്നു.

രാജവീഥികളിൽ നിശ്വാസങ്ങൾ തുളുമ്പി 

രാപ്പകലുകളിൽ ബ്രഹ്മരക്ഷസുമൗനിയായി 

ചുണ്ടിണകളിൽ നിശബ്ദ നൂൽക്കമ്പികൾ 

അർദ്ധനഗ്നതയിൽ വൃണിതചിത്രമുദ്ര.

കേരള സാഹിത്യ അക്കാദമി യുഎഇലെ എഴുത്തുകാർക്കായി 2016 ൽ ഏർപ്പെടുത്തിയ കവിതാ പുരസ്കാരം നേടി. ഷാർജ ഇന്ത്യൻ അസോസോയേഷൻ ലേഖന പുരസ്കാരം ലഭിച്ച്ചിട്ടുണ്ട്. കുന്ദംകുളം ഞമനേങ്ങാട് അക്ഷരകളരിയുടെ പ്രഥമ കാവ്യ പുരസ്കാരം സുന്ദരകാണ്ഡം എന്ന കവിതയ്ക്ക് ലഭിച്ചു. റാസ് അൽ ഖൈമ ഇന്ത്യൻ പബ്ലിക് ഹൈസ്‌കൂളിൽ മുൻ മലയാളവിഭാഗം മേധാവി. മാതൃഭൂമി റാസ് അൽ ഖൈമ റിപ്പോർട്ടറാണ്. ആനുകാലികങ്ങളിൽ കവിതയും ലേഖനവും എഴുതുന്നു. ക്യാംപസ് കവിതാ സമാഹാരമായ 'ആത്മഹത്യ ചില കുറിപ്പുകൾ' എന്ന പുസ്തകം എഡിറ്റ് ചെയ്തു. തൃശൂർ സ്വദേശി.