അർച്ചന

പടുപാട്ടു മാത്രമാ-
ണിക്കുറി നേർച്ചക്ക്
പരദേവതേ കാത്തുകൊൾക.
പതിവു തെറ്റുന്ന
പ്രകാരം കണക്കതിൽ
താളം മുറിഞ്ഞു
നീറുന്നു.
ശോകമിറ്റുന്നൊ-
രിടർച്ചയായീ ശ്രുതി
മീട്ടുന്നു മുന്നിൽ
പ്രപഞ്ചം’
പ്രണവത്തിനേകാഗ്ര –
ഭ്രമണം നിലച്ചകം
കടലുപോലാർ –
ത്തിരമ്പുന്നു.

നീ തന്നെ പ്രകൃതിയും
നീ തന്നെ വികൃതിയും
ഏതൊന്നിലും നീയിരിപ്പൂ ‘
നിന്നുടൽ വീണയിൽ
പൊട്ടുന്ന ജീവൻ്റെ
തന്ത്രികളല്ലയോ ഞങ്ങൾ
നിന്മണിനൂപുര
നാദത്തിൻ സാന്ത്വന –
മെത്ര കൊതിച്ചെന്നോ
ഞങ്ങൾ
നിന്നിൽ ത്രികാലം
തിളപ്പിച്ചു കാകോള –
മിറ്റിച്ചു ഞങ്ങൾ തൻ
നാവിൽ ‘
പ്രളയപ്പെരുമ്പാമ്പി –
നാൽച്ചുറ്റി സംഹാര –
താണ്ഡവമാടി-
ത്തിമിർത്തൂ.
പ്രമാണങ്ങൾ സർവ്വം
തിരുത്തിയനന്തമാം
സത്യമായ് നർത്തന –
മാടി.

നിഗ്രഹിക്കുന്നു
നിരർത്ഥക ജീവിത
കാമന നിസ്തന്ദ്രമായി
തറക്കുന്നു നിൻ ദൃഷ്ടി
ശൂലമിന്ന വ്യക്ത-
ചോദ്യമായ് വർത്തമാനത്തിൽ ‘
നിൻ ദാഹമൊക്കെ –
യടക്കുവാൻ ഭൂമിയാം
പരമാണു മാത്രമേ
ബാക്കി.
പോരങ്കിലെന്നിലെ
ശേഷിച്ചഹങ്കാരം
വാളാലറുത്തെടുത്തേൽക്കൂ.

കേരള പോലീസിൽ കോൺസ്റ്റബിൾ . ഇപ്പോൾ കൊച്ചി സിറ്റിയിലെ തേവര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുന്നു . ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. മലയാള സാഹിതി കൃതി പ്രത്യേക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. "മഴസവാരി" ആദ്യകൃതി . രണ്ടാമത്തെ പുസ്തകം "കടൽ ഉപേക്ഷിച്ചു പോകുന്നത്" പ്രസിദ്ധീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നു.