അസ്വസ്തത

അസ്വസ്തത
ഒരു നഗരമാണ്.
അനേകമാളുകള്‍
അപരിചിതരും പരിചിതരും
കലങ്ങിയൊഴുകുമിടം.
കലമ്പി ജീവിക്കുമിടം.
ചലിച്ചും ചലിക്കാതെയും
കറങ്ങിയും കുരുങ്ങിയും
നടന്നുമോടിയും
ഇരുന്നും കിടന്നും
ദുഷിച്ചും ദുഷിപ്പിച്ചും
ജീവിക്കുമിടം.
ഭൂമിയോളം നമിച്ചും
ആകാശത്തോളം ഗര്‍വിച്ചും
അലങ്കൃതമായും
അനലങ്കൃതമായും
ഒച്ചയിട്ടും നിശ്ശബ്ദമായും
മനുഷ്യരായും മൃഗങ്ങളായും
ജീവിച്ചുമരിക്കുമിടം.
മരിച്ചു ജീവിക്കുമിടം.
അസ്വസ്തത ഒരു രോഗമാണ്
ഓടയെന്നപോലെ
മാലിന്യക്കൂമ്പാരം പോലെ
കക്കൂസ് ടാങ്ക് പോലെ
വര്‍ജ്ജിക്കപ്പെടേണ്ട
ഒരവിഭാജ്യധമനി.
അസ്വസതത
മുറിച്ചുമാറ്റേണ്ട ഒരവസ്ഥയാണ്.
കാന്‍സര്‍ പോലെ
പകര്‍ച്ചയില്ലാതെ
ഭ്രാന്ത് പോലെ
വിടര്‍ച്ചയില്ലാതെ
മരണം പോലെ
ജീവിതമില്ലാതെ.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.