ദുരിതകാണ്ഡം…
ദുഷ്ടചാപങ്ങൾ തൊടുക്കുന്നു.
രൗദ്രഭാവംപൂണ്ട നാളുകൾ
നാവിന്റെയഗ്രം പിളർക്കുന്ന
സർപ്പസംഭാഷണം.
ഇരവിന്റെ കുരുതിക്കളം
തീണ്ടിനിൽക്കുന്നു
പോരിൽത്തളർന്നവൻ
വാളും വിലങ്ങുമായ്.
നിത്യപാരായണം
പട്ടിണിപ്പാട്ടുകൾ.
പഞ്ഞക്കണക്കിൻ
പഴന്തുണിക്കെട്ടുകൾ.
മർത്യമാഹാത്മ്യം
മഹാവിശപ്പിൻ വ്യഥ.
വ്യർത്ഥ ജീവിതത്തിന്റെ
വേരുകൾ വേവും കഥ.
കരളിൽ കനൽക്കഞ്ഞി കുടിക്കും
ഭൂദോദയപ്പേക്കിനാവുകൾ.
പ്രേതക്കണ്ണുകൾ….
പെരുങ്കലികശക്കിത്തളർത്തിയ
ബാല്യകൗമാരങ്ങളിൽ
ദു:ഖവും കഷ്ടപ്പാടും
മാത്രമേ രുചിച്ചവൻ.
വേവലാതിയിൽവെന്ത
വേരുകൾ..
വേനൽക്കാലത്തിത്തിരിത്തണലിന്റെ
കുടയും ചുരുക്കിപ്പോയ്.
വീട്ടിലും വിളക്കിലും
സ്നേഹമില്ലാതെ
കരിന്തിരിയായ്പ്പുകഞ്ഞോരോ
നാളുകൾകടന്നു പോയ്.
ഉറക്കം കെടുത്തുന്ന
ക്രൂരമാം സ്നേഹച്ചിരി.
കൂട്ടിലെക്കിളിക്കായി
പഴവും പാലും നൽകി.
വേദനപ്പുറങ്ങളിൽ
വെറുപ്പും വേർപ്പും തുപ്പി
വെറുതേ വേണ്ടപ്പെട്ടോർ
വെറുംവാക്കുരയ്ക്കുന്നു.
ദു:ഖവും പിച്ചിച്ചീന്തി –
പ്പോകുവാൻ കഴിവീല..
ദുരിതപ്പിശാചിന്റെ
പിടിയിൽപ്പിടയുമ്പോൾ .
തറവാട്ടിലെ തപ്ത സഹനം
തമ്മിൽത്തല്ലി
തലയും വാലും ചത്തു കിടക്കും
സാഹോദര്യം.
മുതുക്കൻ കിനാക്കളിൽ
മുറുക്കിത്തുപ്പുന്നു ഞാൻ.
മുഷിപ്പിൻ ഭാണ്ഡക്കെട്ടിൽ
മുഖം ചേർത്തിരിക്കുന്നു.
കുശലക്കാപട്യങ്ങൾ
കൂട്ടുകാരഴിക്കുമ്പോൾ
അഭിമാനത്തിൻ
ജാടച്ചിരി ഞാൻ
ഛർദ്ദിക്കുന്നു.