അശ്രദ്ധ (ഹൈക്കു കവിതകൾ)

കവിതകൾ മനോഹരമായ മുത്തുകൾ കോർത്തിണക്കുന്നൊരു ഹാരമാണ്. അതിൽ തിളങ്ങുന്ന അക്ഷരങ്ങൾ വിലമതിക്കാനാവാത്ത അമൂല്യ വസ്തുക്കളും. അതിനാലാണ് കാലം എത്ര കടന്നു പോയാലും ചില കവിതകൾ കല്ലിൽ കൊത്തിയിട്ട ശില്പം പോലെ കാലാനുവർത്തിയായി നിലനില്ക്കുന്നത്. മലയാള കവിതയിൽ പരീക്ഷണങ്ങൾ അനവധി നടന്നു കഴിഞ്ഞിരിക്കുന്നു. അവനവനു യോജിച്ചതും എളുപ്പമുള്ളതുമായ സങ്കേതങ്ങൾ കവിതാ രചനയിൽ പരീക്ഷിക്കുന്നു ഓരോ കാലത്തും. ഈ പരീക്ഷണങ്ങൾ ആണ് പലപ്പോഴും അത്ഭുതങ്ങളെ സൃഷ്ടിച്ചതും . പദ്യം, ഗദ്യം എന്നീ രണ്ടു തലങ്ങളിൽ കവിത തിളങ്ങി നിൽക്കുമ്പോഴാണ് ആധുനിക കവിതാ വായനാ ലോകത്തിന് തിരക്കിന്റെ അസ്കിത വന്നു ഭവിച്ചത്. തിരക്കാർന്ന ജീവിതത്തിൽ ഖണ്ഡകാവ്യങ്ങൾ വായിക്കാൻ സമയമില്ലായ്മ സ്വാഭാവികമായും കടന്നു വന്നു. മാറ്റത്തിന്റെ ആരാധകരായ എഴുത്തുകാരിലേക്ക് ഈ വെളിപാട് പുതിയ ഒരു വാതായനം തുറന്നു കൊടുത്തു. അതിനെ കുറുങ്കവിതകൾ എന്നും കുഞ്ഞൻ കവിതകൾ എന്നും പേരിട്ടു വിളിച്ചു. കുഞ്ഞുണ്ണി മാഷിനെ മലയാളി ഓർക്കുന്നത് കുഞ്ഞൻ കവിതകളുടെ ഓർമ്മ മധുരത്തിലൂടെയാണല്ലോ. ഈ കുഞ്ഞൻ കവിതകളും തൃപ്തമാകാതെയാണ് കവികളുടെ ശ്രദ്ധ ജപ്പാനിലേക്ക് തിരിയുന്നത്. ഫലം! ഹൈക്കു എന്ന കവിതാ സമ്പ്രദായം മലയാള കവിതയിലേക്കു പ്രവേശിച്ചു.

എന്താണ് ഹൈക്കു ? 17 മാത്രകൾ അടങ്ങിയതും 5, 7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയ മൂന്നു പദസമുച്ചയങ്ങൾ ( വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകൾ ആണ് ഹൈക്കു .ഈ മൂന്നു വരികൾക്കുള്ളിൽ ഋതുവിനെ കുറിക്കുന്ന ഒരു പദം ഉൾപ്പെടുന്നു. ഹൈക്കു കവിതകളെക്കുറിച്ചു പത്മ തമ്പാട്ടി എന്ന വിദേശ മലയാളി യൂടൂബിലും ഫേസ് ബുക്കിലും വളരെ മുമ്പ് വ്യക്തമായി പ്രതിപാദിക്കുകയുണ്ടായിട്ടുണ്ട്. പിന്നീട് ഹൈക്കു മലയാള കവികളുടെ അറിവില്ലായ്മയും കഴിവില്ലായ്മയും കൊണ്ടു ചിന്നിച്ചിതറുകയും അവനവന് തോന്നിയ രീതിയിൽ വളച്ചൊടിച്ച നിയമങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് വികലമാകുകയുമാണുണ്ടായത്. ഇന്ന് ഹൈക്കു എന്ന പേരിൽ എഴുതുന്നവ ഭൂരിഭാഗവും കുറുങ്കവിതകൾ കുഞ്ഞൻ കവിതകൾ മാത്രമാണ്. പക്ഷേ എഴുത്തുകാർ അത് അനുവദിച്ചു തരുന്നത് അഭിമാനക്ഷതമായി കാണുന്നതിനാലും ഇതിനെക്കുറിച്ചു അറിവില്ലാത്തവരായ വായനക്കാർ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനാലും ക്ഷയബാധിതമായിട്ടും തിളങ്ങുന്ന ഒരു കവിതാ ശാഖയാണ് ഹൈക്കു മലയാളത്തിൽ .

നിധി കുര്യൻ എന്ന കവി മലയാളിക്ക് പരിചയം മറ്റു പല മേഖലകളിലെ സാന്നിധ്യമായാണ്. സ്വത്വബോധമുള്ള സ്വതന്ത്രയായ ഒരു സ്ത്രീ. യാത്രകൾ പ്രത്യേകിച്ചും ബുള്ളറ്റ് ഉപയോഗിച്ചു ഹിമാലയത്തോളം യാത്ര ചെയ്യാൻ ധൈര്യമുള്ള ഈ സഞ്ചാരി ഏറ്റവും നല്ല വ്യവസായ സംരഭക എന്ന നിലക്കു പ്രാദേശിക ബഹുമതി ലഭിച്ച ഒരാൾ കൂടിയാണ്. നിധിയുടെ ഹൈക്കു കവിതകൾ എന്ന തലക്കെട്ടിൽ ഇറങ്ങിയ അശ്രദ്ധ എന്ന പുസ്തകം പേരു സൂചിപ്പിക്കും പോലെ അശ്രദ്ധമായ ഒന്നാണ് എന്നു കരുതുക വയ്യ. 82 നടുത്ത് കുഞ്ഞു കവിതകൾ, (അതേ അതിനെ അങ്ങനെ വിളിക്കാനാണ് കഴിയുക ) കൊണ്ടു സമ്പുഷ്ടമാണ് ഈ പുസ്തകം. ഒന്നോ രണ്ടോ ഹൈക്കു കവിതകൾ ഇടയിൽ വായനക്കാരെ തേടി വന്നേക്കാം. പ്രണയം, ജീവിതം, വിരഹം, ഏകാന്തത ഒക്കെയും ദീർഘനിശ്വാസങ്ങളുടെ നിഗൂഢമൗനത്തിൽ ഒളിപ്പിച്ചു യേശുവിന്റെ മുറിവേറ്റ ഹൃദയത്തോട് ചേർന്നു നിന്നു പറയാനുള്ളവ പറഞ്ഞു പോകുന്ന ഒരുവൾ ആണിതിൽ നിറയെ.
” ശിശിരം ഉടയാടകൾ
അഴിക്കുന്നത് നോക്കി
ജാലകത്തിനരികത്ത്
ഇരുന്നു അവൾ ബന്ധിത.”
എന്റെ ദുഃഖങ്ങൾക്കും മുറിവുകൾക്കും നിന്റെ തിരുമുറിവുകൾക്കു മേൽ വേദന നല്കുവാൻ കഴിയാത്തവയാണ് എന്ന ആശ്വാസമാണ് ക്രിസ്തുവിന്റെ ചാരത്ത് നില്ക്കുമ്പോൾ കവിയിലെ നായികക്ക് അനുഭവപ്പെടുന്നത്.
” എന്നെ ഞാനൊളിപ്പിച്ച
വാക്കിൻ
ചുവരുകൾക്കിടയിൽ
തേങ്ങലിൻ ചിതൽപ്പുറ്റ് ” എന്ന് നായിക പറയുന്നത് ഈ ചിന്തയ്ക്ക് അടിവരയിടുന്നതാണ്. മലയാളി സ്ത്രീ കവികളുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടു ഐക്കണുകളാണ് കൃഷ്ണനും ക്രിസ്തുവും. തങ്ങൾക്ക് പറയാനുള്ള പ്രണയവും, ദാഹമോഹങ്ങളും, വിരഹവും വേദനയും അവർ ഈ രണ്ടു പേരിലൂടെ പറഞ്ഞു വയ്ക്കുന്നു. ഇത് ബോധപൂർവ്വമായ ഒരു ഒളിച്ചുകളി കൂടിയാണ്. സമൂഹത്തിന്റെ കണ്ണിൽ പൊടിയിട്ടു കൊണ്ട് തങ്ങൾക്ക് പറയാനുള്ളവ അറിയേണ്ടവർക്കു മാത്രം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു പോകാൻ ഈ ബിംബങ്ങൾക്ക് കഴിയുന്നു. ലോകത്തേറ്റവും കൂടുതൽ പ്രണയിനികൾ ഉള്ളതും ഇവർ രണ്ടു പേർക്കും തന്നെയാണ് അതിനാൽ.

നിധിയുടെ കവിതകൾ ഹൈക്കുവല്ല എന്നൊരു പോരായ്മ ഒഴിച്ചു നിർത്തിയാൽ കുറുങ്കവിതകൾ ആയവ ആസ്വദിക്കാനാകും. നീട്ടിപ്പരത്തി പറഞ്ഞു ബോറടിപ്പിക്കാൻ ശ്രമിക്കാത്ത കവിതാബോധം, കവി ധർമ്മം നിധിയെന്ന എഴുത്തുകാരി മനസ്സിലാക്കുന്നു. തുറന്നതും പരന്നതുമായ വായനകൾ കൊണ്ടു മാത്രം സാധിക്കുന്ന കെയ്യടക്കം ആണവ . തത്വത്തിൽ ഈ കുഞ്ഞു കവിതകൾ വലിയ ചില കാര്യങ്ങൾ പറഞ്ഞു തരുന്നു. അതിൽ ഒരു സ്ത്രീയുടെ മനസ്സും കൈയ്യൊപ്പും പതിഞ്ഞു കിടക്കുന്നു. അവളുടെ ജീവിതം തുറന്നിട്ട പുസ്തമാകുന്ന പോലെ എഴുത്ത് വിശാലമായ ചിന്തകളിലേക്ക് കൈപിടിച്ചു നടത്തുന്നു വായനക്കാരെ . അധികം ബോറടിയില്ലാതെ , ക്ലീഷേകൾ ഇല്ലാതെ എളുപ്പം വായിച്ചു പോകാനാവുന്ന കവിതകൾ.

അശ്രദ്ധ
ഹൈക്കു കവിതകൾ
നിധി കുര്യൻ
പെൻഡുലം ബുക്സ്
വില. ₹ 100.00

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.