ഒരു വനിത ദിനത്തിലാണ് ആദ്യമായവളെ കണ്ടത്
“എങ്ങോട്ടാണിത്ര തിരക്കിട്ട്?
“വനിതാ ദിനമല്ലേ ഒരു സെമിനാറുണ്ട് “
അവൾ തിരക്കിട്ട് നടന്നു പോകുന്നതിനിടെ തന്നെ ഉത്തരം നൽകി.
പെട്ടെന്ന് തിരിച്ചുവന്നെന്നോട് ചോദിച്ചു “അതു ചോദിക്കാൻ നിങ്ങളാരാ എനിക്ക് മനസിലായില്ല”
“ഞാനാരുമല്ല തിരക്ക് കണ്ട് ചോദിച്ചതാ!”
അവൾ ചിരിച്ചു ഞാനും.
പിന്നീടത് കണ്ടാൽ ഒന്ന് പുഞ്ചിരിക്കുന്ന സൗഹൃദമായിവളർന്നു. ഒരു ദിവസം പൊടുന്നനെ അവൾ അടുത്തുവന്നു..
“ഒരുപകാരം ചെയ്യാമോ?
“ഉം –?”
“ഞങ്ങളുടേത് പ്രേമ വിവാഹമായിരുന്നു, ഇപ്പോൾ ഭർത്താവ് കൂടെയില്ല നാട്ടിൽ മുത്തശ്ശിക്ക് തീരെ സുഖമില്ലെന്ന് വിവരം വന്നിട്ടുണ്ട്. ഒന്ന് പോയി കാണണം കൂടെ പോരുമോ?”
“വരാം” എന്ന് പറയാനാണപ്പോൾ തോന്നിയത്
സാരിയണിഞ്ഞ് നെറ്റിയിൽ സിന്ദൂരം വരച്ച് അവൾ ഗ്രാമീണ യുവതിയായിരിക്കുന്നു. ഗ്രാമത്തിൽ വയലുകൾക്കിടയിലുള്ള പഴയ ഓടിട്ട വീടായിരുന്നു അവളുടെ തറവാട്. ഞങ്ങൾ കയറി ചെന്ന ഉടനെ അവളുടെ അച്ഛൻ ദേഷ്യത്തോടെ പുറത്തേക്കിറങ്ങിപ്പോയി. അമ്മ നിലവിളക്ക് കത്തിച്ചു വന്ന് ഞങ്ങളെ വീട്ടിലേക്കാനയിച്ചു. അവളും ഞാനും മുത്തശ്ശിയുടെ അരികിൽ കുറെ നേരമിരുന്നു. ഞങ്ങളുടെ നെറുകയിൽ കൈവെച്ച് അവർ അനുഗ്രഹിച്ചു. യാത്ര പറയുമ്പോൾ അമ്മ അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.
“ഇനി വരുമ്പോൾ മകളെ കൂടി കൊണ്ട് വരണം” അവരെന്നെ നോക്കി അപേക്ഷിച്ചു
“നിങ്ങൾക്ക് മകളുണ്ടോ.. ?” മടക്കയാത്രയിലെ ദീർഘ നേരത്തെ മൗനത്തിനു വിരാമമിട്ടുകൊണ്ട് ഞാൻ ചോദിച്ചു.
“ഉം..”. അവളൊന്നു മൂളി
“ഭർത്താവ് ഉപേക്ഷിച്ചതാണോ?”
അവൾ മിണ്ടിയില്ല
“ഡൈവോഴ്‌സാണോ ?”
“നിങ്ങക്കിറങ്ങാനുള്ള സ്ഥലമെത്തി” അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറി.
കുടിച്ചു ലക്കു കെട്ട ഒരുത്തനെയും താങ്ങിപിടിച്ചാണ് പിന്നീടവളെ കണ്ടത്
“ഒന്ന് സഹായിക്കെടോ”
ചുവന്നു തുടുത്ത അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ ആ ആജ്ഞ അനുസരിക്കാതിരിക്കാനായില്ല.
അവളുടെ വീട്ടിൽ അയാളെ കിടത്തി തിരിച്ചു പോരുമ്പോൾ അവളും മദ്യപിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയം തോന്നി.
പിന്നീടൊരിക്കൽ കൂടി ഞാനാ വീട്ടിൽ പോയി. ഫോൺ ചെയ്ത് ‘ഒന്നിവിടം വരെ വരാമോ?’ എന്ന് ചോദിച്ചപ്പോൾ നിരസിക്കാനായില്ല.
മുറ്റത്ത് ക്യാമറാമാൻ വലിയ കാനൻ ക്യാമറ സ്റ്റാന്റിൽ ഉറപ്പിച്ചു നിർത്തുമ്പോഴാണ് ഞാൻ കയറി ചെന്നത്.
“ഒന്ന് മുഖം കഴുകി മുടി ചീകി ഒതുക്കൂ” അവൾ ചിരിച്ചു
തൊടിയിൽ പാറിക്കളിച്ച ചിത്ര ശലഭം പോലൊരു പെൺകുട്ടിയെ വിളിച്ചരികിൽ നിറുത്തി ഞങ്ങൾ മൂന്നു പേരും പരമാവധി ചേർന്നു നിന്നു പുഞ്ചിരിച്ചു
“ഫാമിലി ഫോട്ടോ അടിപൊളിയാക്കണം” എന്ന് ക്യാമറാക്കാരനോട് പറയുമ്പോൾ അവൾ എന്നെ നോക്കി കണ്ണിറുക്കി.
അതിനു ശേഷം ഇന്നാണവളെ കാണുന്നത്. ഒരു കുസൃതിചിരി ഉള്ളിലൊളിപ്പിച്ചു കിടക്കുകയാണവൾ
അന്ന് കുടിച്ച് ലക്കുകെട്ടയാളാണ് ആ ഫോൺ ചെയ്തുകൊണ്ടിരിക്കുന്നത്. അയാൾ എല്ലാവരെയും വിളിച്ചു മരണവിവരമറിയിക്കുകയാണ്.
“ഉടനെ ശ്രീ ചിത്തിരയിലെ ക്യാൻസർ വാർഡിലേക്ക് വരൂ” എന്നെന്നെ വിളിച്ചു പറഞ്ഞതും അയാൾ തന്നെയാകണം.
അവളുടെ അച്ഛൻ വന്നെന്നെ കെട്ടിപ്പിടിച്ചു വിതുമ്പിക്കൊണ്ട് അന്ന് നടന്നതിനെല്ലാം മാപ്പ് പറഞ്ഞു.
അമ്മ സങ്കടക്കടലായിരമ്പി തളർന്നു മയങ്ങുന്നു. രണ്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികൾ വന്ന് വരി വരിയായി മൃതദേഹത്തിൽ പൂക്കൾ സമർപ്പിച്ചു.
ഫോട്ടോ എടുക്കുമ്പോഴുള്ള പരിചയമാകാം അതിലൊരു കുട്ടി എന്റെ അരികിൽ വന്ന് ‘അങ്കിൾ’ എന്ന് പതുക്കെ വിളിച്ചു.
വൈദ്യുതി ശ്മാശനത്തിൽ കുടുംബക്കാരെല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ മുകളിലേക്ക് നോക്കി നെഞ്ചിൽ കുരിശു വരച്ചു പ്രാർഥിക്കുന്ന അയാൾക്കരികിൽ ചെന്നു.
“ഞാൻ സാമുവൽ, അവളെനിക്ക് പെങ്ങളായിരുന്നു അയാൾ പരിചയപ്പെടുത്തി.
“ഞാൻ ബഷീർ”
ആരായിരുന്നു അവൾ എന്ന് പറയണമെന്നറിയാതെ ഞാൻ കൂട്ടി ചേർത്തു.
മസ്ജിദിൽ ഒന്ന് കയറണം, അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.