അവർ പ്രണയിക്കുന്നു.
ആളൊഴിഞ്ഞ കടൽക്കര സന്ധ്യയ്‌ക്ക്
നിന്റെ ചുണ്ടുകളുടെ ചുവപ്പെന്നവനും
അന്തിച്ചോപ്പിന് പണ്ടേ
ട്രെയിനിനു തല വച്ച
അച്ഛന്റെ അവസാന മണമെന്നവളും.
കനവു പോലെയെത്ര തിരകളാണിവിടെ,
കടലു ജീവിതമെന്നവളും
കണക്കിൽ പണ്ടേ ഞാൻ വീക്കെന്ന്,
തിരകളെണ്ണാൻ പറയരുതെന്നവനും.
നനഞ്ഞ തീരത്തിന്
നിന്റെ കയ്യിന്റെ കുളിരെന്നവനും
അമ്മയുടെ കൈയ്യാകെ നീരു വന്നു
വയ്യ, പാവത്തിനെന്നവളും.
ആ തെക്കും വടക്കും പറക്കുന്ന
നീർക്കാക്കകൾ നമ്മളല്ലേയെന്ന്
തോളിൽ ചാഞ്ഞു കിടന്നവളും
ആഹാ, നിന്റെ കവിത ജോറായെന്ന്
കടല കൊറിച്ചോണ്ടവനും.
കടലോ കരയോ എന്നവൻ
കരിയുന്ന കുടലെന്നവൾ.
അവർ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.