അവസ്ഥാന്തരം

നടക്കുമ്പോൾ,
ചെരുപ്പിടാത്ത കാലത്തിൻ
കുതിപ്പിലേക്കെന്നും
മനസ്സ് പായുന്നു.
കിടക്കുമ്പോൾ,
മഴനനയും കൂരയിൽ
ചുരുണ്ട ബാല്യമെൻ
അരികിലെത്തുന്നു.
കിതക്കുമ്പോൾ, ഒന്നു
വിയർക്കുമ്പോൾ, കളി –
ചിരി മൈതാനങ്ങൾ
കരം പിടിക്കുന്നു.
എഴുതുമ്പോൾ, ഓട്ടു –
വിളക്കിൻ്റെ തിരി –
യണയാതാത്മാവിൽ
മുനിഞ്ഞു കത്തുന്നു.
പഠിക്കുമ്പോൾ പശി –
യടങ്ങാ വിശപ്പിൻ
ജഠര വഹ്നിയി –
ലെരിഞ്ഞതോർക്കുന്നു.
നനയുമ്പോൾ , വെയിൽ
കനക്കുമ്പോൾ, കുട –
നിവർത്തും വാനത്തിൻ
തണൽ തിരയുന്നു.
ചിരിക്കുമ്പോൾ , കവിൾ
നുണക്കുഴികളിൽ
ഒരു കുമ്പിൾ നാണം
നിറക്കുന്നു ഗ്രാമം.
പിണങ്ങുമ്പോൾ, വേനൽ
മഴയായി വന്നു
മടങ്ങും പോലെല്ലാം
മറക്കുന്നു വേഗം.
കരയുമ്പോൾ ഒന്നു
വിതുമ്പുമ്പോൾ ചേർത്തു
പിടിച്ചു നോവുകൾ
അകറ്റുന്നു മൂകം!

അടുക്കുമ്പോൾ, മന –
സ്സതിരുകൾ മതിൽ
പണിതുയർത്തിയൊ-
രകൽച്ച കാട്ടുന്നു.
പകുക്കുമ്പോൾ, സ്നേഹ-
മതിൻ മറവിലെ
ചതിയറിയാ –
ക്കുരുക്കിൽ മുറുക്കുന്നു.
ഉയർന്നപ്പോൾ, കെട്ടി –
പ്പടുത്തപ്പോൾ നമ്മൾ
അടിത്തറപാടെ
മറന്നുപോയല്ലോ?

കേരള പോലീസിൽ കോൺസ്റ്റബിൾ . ഇപ്പോൾ കൊച്ചി സിറ്റിയിലെ തേവര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുന്നു . ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. മലയാള സാഹിതി കൃതി പ്രത്യേക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. "മഴസവാരി" ആദ്യകൃതി . രണ്ടാമത്തെ പുസ്തകം "കടൽ ഉപേക്ഷിച്ചു പോകുന്നത്" പ്രസിദ്ധീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നു.