അവസാനിച്ച ആഘോഷ ഋതു

ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി  യിലെ സീനിയർ ക്യാമറാമാൻ ഉണ്ണി മടവൂർ എഴുതുന്നു അവസാനിച്ച ആഘോഷ ഋതു .

ഒതുക്കി പിടിച്ച ഒരു ചേലത്തുമ്പു പോലെ ഒതുങ്ങി നിന്ന ഒരാൾ. ഒരു സിനിമയുടെ ലാവണ്യാനുഭൂതി പോലെ അനുഭവിച്ചു മാത്രം അറിയാൻ പറ്റുന്ന സൗകുമാര്യം. ആഘോഷ ഋതുവിന്റെ പർണ്ണശാല. സിനിമയിലും ജീവിതത്തിലും ഋതുഭേദങ്ങൾക്ക് പുതിയ വർണ്ണങ്ങൾ നൽകി കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭയായ ഋതുപർണ്ണോ ഘോഷിനെ കുറിച്ച് ഇനി എന്തെല്ലാം വിശേഷണങ്ങൾ  പറഞ്ഞാലാണ് അധികമാകുന്നത്. 
വ്യവസ്ഥാപിത സിനിമാ വ്യാകരണങ്ങളെ മാറ്റിമറിച്ച് ഒരു പുതിയ ചലച്ചിത്രഭാഷ ആസ്വാദകന് പറഞ്ഞുതന്നയാളാണ്  ഋതുപർണ്ണൊ ഘോഷ് . സിനിമയിലെ ആ അവസാനത്തെ ഋതു വിടവാങ്ങിയിട്ട് മെയ് 30 നു മൂന്നു വർഷമാകുന്നു; അമ്പത്തെങ്കിലും തികയ്ക്കാമായിരുന്നു ഒരു വർഷം കൂടിയുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ അവശേഷിപ്പിച്ച്. 
 
സംവിധാനം ചെയ്ത ഒരുപിടി ചിത്രങ്ങൾ, റെയിൻ കോട്ട്, ഉന്നീഷെ ഏപ്രിൽ, ചോഖർബാലി. പിന്നെ, സംവിധാന മാന്ത്രികതയോടൊപ്പം അഭിനയത്തിന്റെ നവരസങ്ങളിൽ ആസ്വാദകനെ കുടുക്കിയ ചിത്രാംഗദ. മൂന്നാം ലിംഗത്തിൽ പിറന്ന ഒരാളുടെ അസ്തിത്വ പ്രശ്നങ്ങൾ ഒരു കുട്ടിയെ ദത്തെടുക്കക്കുന്നതിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയാണിത്.  ഉപാധികളില്ലാത്ത ‘ആൺപ്രണയത്തിന്റെ’ സുന്ദരമുഖം കാട്ടിത്തന്ന മെമ്മറീസ് ഇൻ മാർച്ച്. മറ്റൊരു സംവിധായകന്റെ ചിത്രമാണെങ്കിലും നടന വൈഭവം കൊണ്ട് ഇതും  ഋതുപർണ്ണോ ഘോഷിന്റെ ചിത്രമാണ് എന്ന് പറയാം. 
മനുഷ്യ മനസ്സിന്റെ സങ്കീർണതകളെ കടലാഴങ്ങളെ ഇത്രയും സൂക്ഷ്മമായും കൈയൊതുക്കത്തോടെയും അവതരിപ്പിച്ച ചലച്ചിത്രകാരന്മാർ ഇന്ത്യൻ സിനിമയിൽ വിരളമാണ്. 
 
ഉന്നീഷെ ഏപ്രിൽ അവസാന രംഗത്തോടടുക്കുമ്പോൾ അമ്മയ്ക്കും മകൾക്കുമിടയിലുള്ള കാലുഷ്യത്തിന്റെ മഞ്ഞുരുകുന്നത് ഒരു നെഞ്ചുരക്കത്തോടെ മാത്രമേ കാണാൻ കഴിയൂ. മെമ്മറീ‍സ് ഇൻ മാർച്ച് ഒരു നൊമ്പര ഗാനമാണ്. റെയിൻ കോട്ടിൽ ഇപ്പോഴും മഴ പെയ്യുകയാണ്. ഒ ഹെൻട്രിയുടെ ഡി ഗിഫ്റ്റ് ഓഫ് ദി മാഗി എന്ന കഥ അവലംബിച്ച ആ ചിത്രം വെറും പതിനാറ്  ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. തന്റെ ആ  ആദ്യ ചിത്രത്തിലൂടെ ഋതുപർണ്ണോ ഘോഷ് മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദീശീയ അവാർഡ് നേടി. പിന്നീട് പുരസ്‌കാരങ്ങളുടെ പെരുമഴ.

ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കി പിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. ഒരു റിട്രോസ്പെക്റ്റിവ് പോലെ  അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കാണേണ്ടതാണ്; സിനിമ പഠിക്കാൻ വേണ്ടി മാത്രമല്ല. മനുഷ്യ മനസ്സുകളെ അതേ സൂക്ഷ്മതയോടെ അറിയാൻ, കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ ജീവിക്കാൻ.

സിനിമാ സംബന്ധിയായ ലേഖനങ്ങൾ പതിവായി എഴുതുന്ന മാധ്യമ പ്രവർത്തകനും കഥാകൃത്തും. ഖത്തർ ടിവി യിൽ സീനിയർ ക്യാമറാമാൻ. നാഷണൽ ജ്യോഗ്രഫിക്ക് വേണ്ടി ഡോക്യുമെൻററികൾ ചിത്രീകരിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. തിരുവനന്തപുരം സ്വദേശി.