അവസാനിക്കാത്ത കഥയിലെ രഹസ്യം

സ്വയം സമ്പൂർണ്ണമായി വായനക്കാർക്ക് സമർപ്പിച്ച അനുരാഗിയാണ് മാധവിക്കുട്ടി. 

‘എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധത്തിന് അനുരാഗബന്ധത്തിനോട് സാദൃശ്യമുണ്ട്. കാമുകി സ്വയം പ്രദർശനത്തിന് തയ്യാറാകുന്ന, തന്റെയും കാമുകന്റെയും ഇടയിൽ വസ്ത്രങ്ങൾ എന്നല്ല ഒരു ഗൂഢവിചാരത്തിന്റെ അത്തി ഇല കൂടി അവശേഷിക്കരുത് എന്ന് തീർച്ചയാക്കി അവൾ തന്റെ ഗുണദോഷങ്ങളെല്ലാം കാഴ്ചവെയ്ക്കുന്നു. വായനക്കാരുടെ ശ്രദ്ധയാകർഷിക്കാനോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു കീഴടങ്ങൽ നൽകിയേക്കാവുന്ന നിർവൃതിക്ക് വേണ്ടിയോ എഴുത്തുകാരും സ്വയം പ്രദർശനത്തിന് തയ്യാറാകുന്നു. ചിലപ്പോൾ തന്റെ സ്വന്തം കഥ വായനക്കാരുടെ മുന്നിൽ സമർപ്പിക്കുന്നു’ എന്ന് മാധവിക്കുട്ടി പറഞ്ഞത് അതിനാലാണ്. 

എന്നാൽ എട്ടു വർഷം മുൻപുള്ള മെയ് മാസം അതിന്റെ അവസാന രാവിൽ അവരുടെ ജീവിത്തോടുള്ള പ്രണയത്തെ മരണം കൊണ്ട് നിരാകരിച്ചു. ഇല്ലായിരുന്നെങ്കിൽ ഈ മാർച്ചിലെ അവസാന രാവിൽ ആ ഉന്മാദ രാജകുമാരി എൺപത്തിയഞ്ചുകാരി ആയേനെ. വാർദ്ധക്യത്തിനേയും  മറികടന്നു വാക്കുകളുടെ സാമ്രാജ്യത്തിലെ ചക്രവർത്തിനി ആയേനെ.  

അനുഭവങ്ങളുടെ യഥാർത്ഥമായ ആവിഷ്ക്കാരമെന്നു തോന്നിപ്പിക്കുന്ന മാധവിക്കുട്ടിയുടെ രചനകളെല്ലാം ഭാവനയും യാഥാർഥ്യവും കൂട്ടിക്കലർത്തി ശ്രദ്ധനേടാനുള്ള ശ്രമങ്ങളായിരുന്നു. ആമി, മാധവിക്കുട്ടി, കമലാദാസ്, സുരയ്യ – ഏതു പേരിനാൽ  വിളിക്കപ്പെട്ടാലും മനസ്സിൽ നിറയെ പ്രണയവുമായി ജീവിച്ചു മരിച്ച സ്ത്രീയാണ് അവർ. തനിക്കു പദസമ്പത് കുറവാണെന്ന് പരാതി പറയുമായിരുന്ന മാധവിക്കുട്ടി പരിമിതമായ വാക്കുകളെ വികാരങ്ങളിലൂടെ കൂട്ടികെട്ടിയാണ് കഥയുടെ ഇന്ദ്രജാലങ്ങളൊരുക്കിയത്.

‘ചരിത്രം രാജാക്കന്മാരുടെയും യുദ്ധങ്ങളുടേയും മാത്രം കഥയല്ല; സ്നേഹിച്ചവരുടെ കഥയാണ്. സാധാരണ മനുഷ്യരുടെ കഥകൂടിയാണ്’ എന്ന്  നീർമാതളം പൂത്ത കാലം എന്ന സ്മരണ പുസ്തകത്തിൽ മാധവിക്കുട്ടി പറയുന്നുണ്ട്. കൽക്കട്ടയിലെ വീട്ടുജോലിക്കാരായ മംഗ്ലു എന്ന ബംഗാളിയും അയാളുടെ ഭാര്യ ലൊഖിയും പരിചാരികയായ അമ്മുവും ഒക്കെ കഥാപത്രങ്ങളാകുന്നത് അങ്ങനെയാണ്.‘എന്റെ കഥ എന്റേതു മാത്രമല്ല. നിങ്ങളോരോരുത്തരുടേയും കഥയാണ്. എന്റെ ദൗർബല്യങ്ങൾ മനുഷ്യ ദൗർബല്യങ്ങളും’ എന്ന് പറഞ്ഞു കൊണ്ട് ഓരോ വായനക്കാരുടേയും സ്വകാര്യ സ്വത്താണ് താനെന്നു മാധവിക്കുട്ടി നമ്മെ ബോധ്യപ്പെടുത്തി. സ്നേഹിക്കപ്പെടുവാൻ മാത്രം സാഹിത്യരചന നടത്തുന്നവളായി സ്വയം വിശ്വസിച്ച അവർ വായനക്കാരാണ് തന്റെ യഥാർത്ഥ കുടുംബക്കാർ എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടുമിരുന്നു.

നീർമാതള പൂക്കളുടെ മണമുള്ള കഥകളിൽ  പുന്നയൂർക്കുളം എന്ന നാടും നാട്ടുകാരും മാത്രമല്ല കൽക്കട്ടയും കാമിനിമാരുടെ കാണാക്കിനാക്കളും നിറഞ്ഞു നിന്നു. പ്രകടമാകാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗ ശൂന്യവും. ഇങ്ങനെ എഴുതിയതുകൊണ്ട് ആകണമെന്നില്ല മനസിലെ സ്നേഹം സർവ്വ ചരാചരങ്ങളോടും അവർ പ്രകടിപ്പിച്ചത്. ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ കണ്ടവരെ പോലും കഥാപാത്രങ്ങളാക്കി മാറ്റി അവർ സ്നേഹിച്ചതും. അതായിരുന്നു മാധവിക്കുട്ടി എന്ന സ്ത്രീയുടെ കാവ്യവ്യക്തിത്വം. 

യാഥാസ്ഥിതിക സമൂഹത്തിന് മുന്നിൽ സ്ത്രീയുടെ അഭിലാഷങ്ങളും ആവശ്യങ്ങളും തുറന്നു പറയുന്ന കഥകൾ എഴുതിയ ചുരുക്കം ചിലരിലൊരാളാണ് മാധവിക്കുട്ടി. പ്രണയിനിയുടെ വികാര തീഷ്ണതയും നിഷ്കളങ്കതയും ചപലതയും കഥകളിൽ തുറന്നെഴുതിയ അവർ സ്ത്രീ ആവശ്യപ്പെടുന്ന പുരുഷൻ എങ്ങനെ ആയിരിക്കണമെന്നുകൂടി എഴുതിവെച്ചു. ഏതു സ്ത്രീക്കും പ്രിയപ്പെട്ട അവരുടെ സ്വന്തം കഥാകാരിയായി മാധവിക്കുട്ടി മാറുന്നതും അതുകൊണ്ടാണ്. 

കൗമാരപ്രണയത്തിന്റെ ഊഷ്മളത മധ്യവയസിലും മനസിലൊരു നീലാംബരി രാഗമായി സൂക്ഷിക്കുന്ന സുഭദ്രയും ചന്ദനമരങ്ങളിലെ നാവിൻ തുമ്പിൽ പ്രണയത്തിന്റെ അമ്ലം രുചിക്കുന്ന  കല്യാണിക്കുട്ടിയും സ്നേഹത്തിന്റെ രാധാമാധവമാണ്. അവിടെ എഴുത്തുകാരി സദാചാര നിയമങ്ങൾക്കല്ല, സമ്പൂർണ്ണ സമർപ്പണത്തിനാണ് വിലകൊടുത്തത്. അതുകൊണ്ടാണ് നീർമാതളച്ചോട്ടിലെ ആറടി മണ്ണു വിട്ട് ഖബറിടത്തിലേക്കു പോകാൻ അവർക്ക് കഴിഞ്ഞത്.  

മാധവിക്കുട്ടി എഴുതിയത് എങ്ങനെയാണ്:

“കഥ പറയലാണ് ജീവിതചര്യ എന്ന് തീരുമാനിക്കുന്നതോടൊപ്പം നിങ്ങൾ ഒരു പ്രത്യേക മതത്തിൽ ചേരുന്നു. ഈ മതത്തിന്റെ നിയമങ്ങൾ ക്രൂരങ്ങളാണ്. ഒന്നാമതായി അത് നിങ്ങളെ കുടുംബത്തിൽ നിന്ന് അകറ്റുന്നു. എല്ലാവരിലും നിന്ന് അകന്നു അവരെ കഥാപാത്രങ്ങളിലായി മാത്രം കാണുവാൻ നിങ്ങൾ പഠിക്കുന്നു. കഥയുടെ അർത്ഥമെന്താണ് ? ലക്ഷ്യമെന്താണ് ? സന്ദേശമെന്താണ് ? എന്ന ചോദ്യങ്ങൾ ഇടയ്ക്കിടയ്ക്ക് ചിലർ നിങ്ങളുടെ നേർക്കു തൊടുത്തുവിടും. ഉത്തരം പറയുവാൻ ഒരുമ്പെട്ടു പോവരുത്. കഥ പറയൽ മാത്രമാണ് നിങ്ങളുടെ തൊഴിൽ. നിങ്ങളുടെ കഥ അവസാനിക്കുകയുമില്ല. അതിന്റെ കാരണം രഹസ്യമാണ്.”

“അത് ഞാൻ പറഞ്ഞു തരാം: കഥയ്ക്ക് അവസാനമില്ല.”

ഓർമ്മകൾക്കും….

മുൻകാല പത്രപ്രവർത്തക. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും.