“കൂമൻ കാവിൽ ബസു ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ചു ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്നു പണ്ടേ കരുതിക്കാണണം. വരുംവരായ്കകളുടെ ഓർമകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ട് ഹൃദിസ്ഥമായി തീർന്നതാണ്. കനിവ് നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാം അതുതന്നെ.”
 
അതുവരെ മലയാളം കേൾക്കാത്ത ആഭിജാത സുഹദമായ ഭാഷ. ധ്വനിയും പ്രതിധ്വനിയും സമ്മേളിക്കുന്ന വികാര സാന്ദ്രത. മലയാളത്തിൽ ഒരു പുതിയ നോവൽ സംസ്ക്കാരം സമാരംഭിക്കുകയായിരുന്നു. അതിന്റെ പ്രാനേതാവിനെ കാലം ഒ.വി.വിജയൻ എന്നു വിളിച്ചു. മലയാളം അത് എന്നും മധുരമായി വിളിക്കുന്നുമുണ്ട്. 

മലയാള നോവലിന്റെ കാലഗണനയെ അടയാളപ്പെടുത്തുമ്പോൾ ഖസാക്കിന് മുൻപും പിൻപും എന്ന് പറയാറുണ്ട്. അങ്ങനെ സി.വി. രാമൻ പിള്ളയ്ക്ക് ശേഷം നമ്മുടെ നോവൽ സങ്കൽപ്പങ്ങളെയാകെ ശുദ്ധീകരിച്ച ജീനിയസ്സായിരുന്നു ഒ.വി. വിജയൻ. മലയാളത്തിന്റെ ധൈഷണിക വ്യക്തിത്വത്തിന്റെ സന്ദേശവാഹകൻ കൂടിയായിരുന്നു അദ്ദേഹം. കാലം അതിന്റെ നിശബ്ദത കൊണ്ട് പ്രതിഭയുടെ ആഴം അളന്നെടുക്കുന്നുവെന്ന് ബർട്രൻ റസ്സൽ പറഞ്ഞിട്ടുണ്ട്. അതുപോലെ കാലം രൂപപ്പെടുത്തിയ പ്രതിഭയുടെ വിരൽപ്പാടുകളായിരുന്നു വിജയൻറെ കൃതികൾ. 

എം.മുകുന്ദൻ പറയും പോലെ തീവ്രതയോടെ ജീവിച്ച ഒരെഴുത്തുകാരനായിരുന്നു ഒ.വി.വിജയൻ. എപ്പോഴും മുറുകിയ കമ്പി പോലെയായിരുന്നു വിജയൻറെ മനസും ശരീരവും. ഈ മുറുക്കം അദ്ദേഹത്തിന്റെ എഴുത്തിലും സംസാരത്തിലും നടത്തത്തിൽ പോലും കാണാമായിരുന്നു. ജീവിതത്തെ ഒരു തുറന്ന പുസ്തകമാക്കി കാണാനാണ് അദ്ദേഹം ശ്രമിച്ചത്. കാലത്തിന്റെ മഹാമൗനം അദ്ദേഹത്തിന് ഋഷിയുടെ ഭാവം പകർന്നു. അതുകൊണ്ടു തന്നെ വിജയൻ എഴുതാനിരിക്കുമ്പോൾ ആദ്യം കയറിവരുന്നത് ഓർമകളുടെ ആശ്രമ വിശുദ്ധിയാണ്. അത് പിന്നീട് പിന്നീട് വരുമ്പോൾ ചരിത്രത്തിന്റെയും ആത്മീയതയുടെയും പകർന്നാട്ടമായി മാറുന്നു. എഴുത്തിലും കാർട്ടൂണുകളിലും അദ്ദേഹം പാലിക്കുന്ന ഗൗരവം അതാണ്. 
 
മലയാളത്തിന്റെ ചിന്താജീവിത്തിനേയും വായനാജീവിത്തിനേയും ഇത്രത്തോളം പുതുക്കി പണിത ഒരു എഴുത്തുകാരൻ വിജയനെ പോലെ അധികം പേരില്ല. കടുത്ത പാപബോധവും ഭയവിഹ്വലതയാർന്ന മനസും ജ്ഞാനത്തിന്റെ അപാരതയും വിജയനിൽ മാറിമാറി ഭരിച്ചു. ആദിപാപത്തിന്റെ അനാഥമായ അറിവുകളൊന്നിൽ ഖസാക്കിലെ രവി വിലയം പ്രാപിക്കുമ്പോഴും വെളിപാടിന്റെ ഭാഷ പറയുന്ന പ്രജാപതിയെ ധർമ്മപുരാണത്തിലൂടെ അനുഭവിപ്പിക്കുമ്പോഴും ചരിത്രത്തിന്റെ പ്രവചനാതീതമായ അനന്ത പരമ്പരകളെ കാട്ടിത്തരുന്ന പ്രവാചകന്റെ വഴി തേടുമ്പോഴും കാലത്തിൻെറ ഗൂഡമായ വഴിത്താരയിലൂടെ വിദൂരമായ യുഗസന്ധ്യകളിലേക്ക് സംഗീതം ഒഴുക്കി കടന്നുചെല്ലുമ്പോഴും, മഹാവിസ്മയങ്ങളിലേക്ക് തുറന്നുവിട്ട സ്നേഹത്തിന്റെ തടവുകാരനെ അന്വേഷിച്ചറിയുമ്പോഴും വിജയനിലെ പ്രവാചകൻ തേടുന്നത് ജീവിതമെന്ന സത്വത്തെ തന്നെയാണ്. ആ സൗന്ദര്യലഹരിയെ സർഗാത്മകതകൊണ്ട് അനുഭവപ്പെടുത്തുകയായിരുന്നു വിജയൻ. 
വേദാന്തത്തിന്റെ അകംപൊരുളിൽ വിരിഞ്ഞ കവിതയായിരുന്നു അദ്ദേഹത്തിന് വാക്കുകൾ. ഖസാക്കിൽ നിന്ന് തലമുറകളിലേക്ക് ഒഴുകിയ കവിതയുടെ നനവ് അതാണ് നമ്മെ ഓർമിപ്പിക്കുന്നത്. കാലം ഒരു ധ്യാനവിശുദ്ധിയോടെ ആ ഓർമകളെ നമസ്കരിക്കുന്നത് കാണാം. 
 
ക്ഷോഭത്തിനും പ്രതീക്ഷകൾക്കും അപ്പുറം സ്‌നേഹത്തിൻെറതായ ഒരു വഴിയമ്പലം എവിടെയോ ആരോ ഒരുക്കിവച്ചിട്ടുണെന്ന തോന്നൽ. ആ തോന്നലാണ് ഖസാക്കിനെ ഇതിഹാസമാക്കിയത്. ആ വേദാന്ത സാരസർവസ്വമാണ് കാരുണ്യത്തിന്റെ ഗുരുസാഗരങ്ങളെ ഓർമ്മപ്പെടുത്തുന്നത്. ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ വിജയൻ എഴുതുന്നു:  ജീവിത വീക്ഷണമല്ലെങ്കിൽ പിന്നെ എന്താണ് കഥ. കരിമ്പനകളിൽ കാറ്റ് പിടിക്കുന്നതു പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു. അതു പകരാൻ ശ്രമിക്കുന്നു എന്ന് മാത്രം. 

കാലം കടന്നു പോകുന്നു. മന്ദാരത്തിന്റെ ഇലകൾ കൊണ്ട് തുന്നിയ കൂട് ഓർമ്മകളിലെവിടെയോ ഒറ്റപ്പെട്ടു പോകുന്നു. ഒടുവിലൊടുവിൽ വരുമ്പോൾ പച്ചതഴച്ച വേലികളിൽ പൂച്ചെടിപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ എല്ലാ സായംസന്ധ്യകളും ദുഖമാണെന്നു തിരിച്ചറിയുമ്പോൾ, ആ ദുഃഖത്തിന്റെ ഹൃദ്യതയിൽ സ്വയം താഴ്ന്നു പോകുമ്പോൾ മലയാളത്തിന്റെ ഈ ജീനിയസിന്റെ ഹൃദയത്തിലേക്ക് പാലം പണിതിട്ടില്ലാത്തത് ആരാണ്.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ എഡിറ്റർ. കവിത, സംഗീതം, യാത്ര, ചരിത്രം, വിമര്‍ശനം, വിവര്‍ത്തനം എന്നീ മേഖലകളിലായി അന്‍പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രമണമഹര്‍ഷിയുടെ ആദ്ധ്യാത്മിക ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ടെലിവിഷന്‍ അവതാരകനുള്ള എയര്‍ ഇന്ത്യ - കേരളകലാകേന്ദ്രം പുരസ്കാരം -(2008), തിക്കുറിശ്ശി പുരസ്കാരം -(2009), ആശാന്‍ കവിതാ പുരസ്കാരം കായിക്കര -(2009), കാഴ്ച തിരക്കഥ പുരസ്കാരം (2011) കെ.പി. അപ്പന്‍ അവാര്‍ഡ് -(2012), ബലിചന്ദനം പ്രതിഭാ പുരസ്കാരം -(2013), അഴീക്കല്‍ കൃഷ്ണന്‍കുട്ടി മെമ്മോറിയല്‍ കവിതാപുരസ്കാരം -(2013),ബഷീര്‍ സാഹിത്യപുരസ്കാരം -(2015), എസ്.ബി.ടി. സാഹിത്യപുരസ്കാരം -(2015), എ. അയ്യപ്പന്‍ സാഹിത്യപുരസ്കാരം -(2016), എന്നിവ നേടിയിട്ടുണ്ട്.