അവശേഷിപ്പുകൾ

പോർക്കളമൊഴിയുമ്പോൾ
അവശേഷിക്കുന്ന ചിലതുണ്ട്

ചലനമറ്റ ശരീരങ്ങൾ പുണർന്ന്
കനലെരിയുന്ന മനസ്സുമായി
വാവിട്ട് കരയുന്ന ചിലർ

ജീവനും കൊണ്ട് പായുന്ന
ആംബുലൻസുകളുടെ
നിലവിളി ശബ്ദങ്ങൾ

കത്തിയും കീറിയും നശിച്ച
ഉടുവസ്ത്രങ്ങൾ കൊണ്ട്
മാനം മറയ്ക്കാൻ
പെടപാട് പെടുന്ന മനുഷ്യർ

മലർന്നു കിടക്കുന്ന ദേഹങ്ങൾക്കിടയിൽ
അച്ഛനെയും അമ്മയെയും
തിരയുന്ന കുരുന്നുകളുടെ
പ്രതീക്ഷ മുറിയാത്ത കണ്ണുകൾ

കത്തിയെരിഞ്ഞ ശരീരങ്ങളിൽ
ഉറ്റവരെയും ഉടയവരെയും
കണ്ടെത്താൻ പ്രയാസപ്പെടുന്ന
നിസ്സഹായരായ ബന്ധുക്കൾ

ഒടുവിൽ,
പുകമറഞ്ഞ് മാനം തെളിയുമ്പോൾ
പട്ടിണിയിൽ മണ്ണ് ചേർത്ത്
ഭക്ഷിക്കാൻ നിർബന്ധിതരാവുന്ന
പാവങ്ങൾ

തകർന്നടിഞ്ഞ കൂരകൾക്കടിയിലെ
പായയും തലയണയും തിരഞ്ഞ്
റോഡരികിൽ അന്തിപാർക്കുന്നവർ

ബുദ്ധിയുറക്കുന്നതിന് മുമ്പേ
അനാഥരാവേണ്ടിവന്ന
പിഞ്ചുകുഞ്ഞുങ്ങളുടെ
നിലയ്ക്കാത്ത കരച്ചിലുകൾ

ഇനിയിവിടെ
നീറുന്ന ഹൃദയം മേനിയിൽ മറച്ച്
ജീവിതം മടുത്ത്,
മരണം കൈവെടിഞ്ഞ
അല്പം ജീവനുകളുണ്ട്

അടുത്തതിലെങ്കിലും
ഞങ്ങളെയും കൊന്നുതരണമെന്ന
അപേക്ഷയുമായ് കാത്തിരിക്കുന്ന
ചില അവശേഷിപ്പുകൾ

കോഴിക്കോട് ജില്ലയിൽ നാദാപുരം സ്വദേശി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്