അവളുടെ വിയർപ്പിന്…

അതിരാവിലെ അടുപ്പു പുകയാതെ
അവളനത്തിയ കാപ്പി കുടിക്കുമ്പോളോ  
കിടക്കപ്പായ മടക്കി വീട് വൃത്തിയാക്കി
പ്രാതലിന് അവൾ നിരത്തിയ
രുചിയുള്ള പലഹാരങ്ങൾ കഴിക്കുമ്പോളോ  
പറമ്പായ പറമ്പെല്ലാം ചവറു മാടി
വെടിപ്പാക്കിയത് കണ്ടപ്പോളോ  
ഉച്ചയ്ക്കൂണിന് പോർക്കും പോത്തും മാറി മാറി
കടിച്ചീമ്പി ചാറുമോന്തുമ്പോളോ
അയാൾക്കാ മണം അറിഞ്ഞില്ല

പാതിരാവിനോളം നേരത്ത്
അടുക്കളയൊതുക്കി ഒരു ദീർഘനിശ്വാസത്തോടെ
അവൾ അടുത്ത് വന്നു കിടന്നപ്പോൾ
അയാൾ പറഞ്ഞു

അവളുടെ  വിയർപ്പിന്
കോലാടിന്റെ മണമെന്ന് .

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം