അവളുടെ കത്തുകളിൽ,
കണ്ണുനീരുണങ്ങിയ പാടുകൾ.
അക്ഷരങ്ങളിൽ,
കൃഷ്ണമണികളുടെ തിളക്കം.
കത്തിയമർന്ന കാഴ്ചകളുടെ മഹോൽസവം.
വാക്കുകളിൽ
ജീവിച്ചിരിക്കെ മരിച്ചവളുടെ ചിത്രണം.
വരികളുടെ വളവുകളിൽ
വേർപ്പാൽ നനഞ്ഞ വിരലുകൾ,
മുദ്രകൾ കാട്ടി പ്രാണനിലേക്കു ക്ഷണിക്കുന്നു.
കുപ്പിവളകളിഴഞ്ഞ ഇടവഴികൾ
രക്തച്ഛായ പടർന്നിരിക്കുന്നു.
അവളുടെ കത്തുകളിൽ,
നേർത്ത തേങ്ങലുറങ്ങുന്നു.
ഓർമ്മകളാൽ
എതോ പ്രണയം തോറ്റിയുണർത്തുന്നു.
നൊമ്പരങ്ങൾ,
നേരുകിതയ്ക്കുന്ന നിർമ്മാല്യങ്ങളാകുന്നു.
കൂകാൻ മറന്ന
നേർച്ചക്കോഴികൾ എത്തിനോക്കുന്നു.
പൗരുഷത്തേരുരുണ്ടുപഴകിയ രഥ്യകൾ,
നേർക്കുനേരെ നടന്നടുക്കുന്ന
ചിരകാല ബന്ധങ്ങൾ.
ചിതലരിച്ചു നശിച്ച
പ്രണയ ജാതകത്തിൻ കെട്ടഗന്ധങ്ങൾ.
അവളുടെ കത്തുകൾക്കുള്ളിൽ
നിലച്ച കാലത്തിൻ്റെ മൗനം തിളച്ചുതൂവുന്നു.
എപ്പൊഴും പൊട്ടിത്തെറിച്ചേക്കാവുന്ന
പ്രഷർകുക്കർ വിസിലടിക്കുന്നു.