അവന്തികയുടെ ഗന്ധം


ഞാനിന്നു വീണ്ടും അവന്തികയെ കണ്ടു. ഓർമ്മയുടെ നേർത്ത നൂൽപാലത്തിലൂടെ നടന്ന് ഞാൻ അവൾക്കരികിലെത്തി. അവളെ മുല്ലപ്പൂക്കൾ വാസനിച്ചു. സത്യം പറഞ്ഞാൽ അവന്തികയെ ഞാൻ മറന്നുതുടങ്ങിയിരുന്നു. അവന്തികയെ എന്നല്ല. പന്ത്രണ്ടുകൊല്ലം വിവിധ ക്ലാസുകളിലായി എനിക്കൊപ്പം പഠിച്ച പലരെയും ഞാൻ മറന്നു പോയി. ഒരിക്കലും മറക്കില്ലെന്നു കരുതിയവർ. ചത്താലും പിരിയില്ലെന്ന് തടിഡെസ്ക്കിൽ പേരെഴുതി ഉറപ്പിച്ചവർ. എന്നാൽ കാലം കടന്നു പോയപ്പോൾ ഞാനും അവന്തികയും പണ്ട് തെങ്ങോലകൾക്കിടയിലേക്ക് ഊതി പറപ്പിച്ച അപ്പൂപ്പൻ താടി പോലെയായി. പലരും ഓർമ്മയിൽ നിന്നും അപ്രത്യക്ഷരായി. കാലം അങ്ങനെയാണ്. എന്നാൽ ഇന്ന് അവന്തികയെ വീണ്ടും കണ്ടപ്പോൾ മഴ പെയ്തതിനുശേഷം മരച്ചാർത്തുകൾക്കിടയിൽ നിന്നും ഒറ്റയ്ക്കും പട്ടയ്ക്കും പെയ്യുന്ന തുള്ളി പോലെ ആരൊക്കെയോ എന്റെ ഓർമ്മയിൽ പെയ്തു. അതിന്റെ തണുപ്പേറ്റു ഞാൻ പൊള്ളിപ്പിടഞ്ഞു.

അനിതയുടെ സ്റ്റാറ്റസിൽ നിന്നുമാണ് അവന്തികയെ ഞാൻ വീണ്ടും കാണുന്നത്. അനിത എന്റെ സുഹൃത്താണ്. സ്കൂളും കോളേജും കഴിഞ്ഞിട്ടും എപ്പോൾ വേണമെങ്കിലും മെസേജയച്ചാൽ മറുപടി തരുന്ന ചുരുക്കം ചില സൗഹൃദങ്ങളിൽ ഒരാൾ.

“അവൾ വല്ലാണ്ട് മാറിപ്പോയി. തടി വച്ചു” – ഞാൻ അനിതയോട് പറഞ്ഞു.

“അവളുടെ കല്യാണം കഴിഞ്ഞായിരുന്നു.. രണ്ടുവർഷമായി. അറിഞ്ഞിരുന്നോ? ” – അനിത ചോദിച്ചു.

ഇല്ല. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. അല്ലെങ്കിൽ തന്നെ ഞാനൊന്നും അറിയാൻ ശ്രമിക്കാറില്ല. ഓർമ്മകൾ ഒച്ചിനെ പോലെയാണ്. ചിന്തിച്ചു തുടങ്ങിയാൽ മനസ്സിന്റെ മിനുസമുള്ള പ്രതലങ്ങളിലൂടെ അത് വളരെ സാവധാനം ഒട്ടിപ്പിടിച്ച് കയറും. അത് നമ്മെ വല്ലാണ്ട് അസ്വസ്ഥതപ്പെടുത്തും. നമ്മുടെ സമാധാനം നമ്മളായിട്ട് എന്തിനാണ് നശിപ്പിക്കുന്നത്? അവളുടെ കല്യാണം കഴിഞ്ഞ കാര്യം എനിക്ക് മമ്മിയോട് പറയണമെന്ന് തോന്നി. എന്നാൽ അടുത്ത നിമിഷം ബുദ്ധി അതിനെ വിലക്കി.

“നീയിങ്ങനെ പി എസ്‌ സിയെന്നും പറഞ്ഞു കാള കളിച്ച് നടന്നോ.. വയസ്സ് പത്തിരുപത്തഞ്ചായി. അത് മറക്കണ്ട.” പറഞ്ഞാലുള്ള മമ്മിയുടെ മറുപടി എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്തിന് വെറുതെ വടി കൊടുത്ത് അടി വാങ്ങണം? മമ്മിയുടെ അലമ്പൽ ചിലപ്പോൾ മണിക്കൂറുകൾ നീളും. എനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമില്ല. കൂടെ പഠിച്ച പലരും കല്യാണം കഴിക്കുന്നു, പലരും ഐഎൽടിഎസും ഒയിറ്റിയും കിട്ടി വിദേശത്ത് പോകുന്നു. ചിലർ നാട്ടിൽ തന്നെ ജോലി ചെയ്യുന്നു. അവർ എന്ത് ചെയ്താലും എനിക്കെന്ത്?

അവരുടെ പൊങ്ങച്ചങ്ങൾ എന്നെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ എല്ലാ സ്കൂൾ ഗ്രൂപ്പുകളിൽ നിന്നും ലെഫ്റ്റടിച്ചു. അതിനുമുൻപ് ഞാൻ നാല് സ്കൂൾ ഗ്രൂപ്പുകളിൽ അംഗമായിരുന്നു. നാലിൽ നിന്നും ലെഫ്റ്റടിച്ചിട്ടും ഒരു പട്ടിക്കുറുക്കൻ പോലും എന്നോട് കാരണം അന്വേഷിച്ചു വന്നില്ല. അതിൽ എനിക്ക് വിഷമവും തോന്നിയില്ല. എന്നെ ഈ ഗ്രൂപ്പിലൊക്കെ ആഡ് ചെയ്തത് ആരാണോ ആവോ? ഗ്രൂപ്പുകളിൽ ഉണ്ടായിരുന്ന സമയത്ത് ചിലർ മാത്രം പരസ്പരം ഗുഡ്മോണിങ് മെസേജ് അയക്കുന്നതും ഫുഡ് കഴിച്ചോ സുഖമാണോ മുതലായ ചോദ്യങ്ങൾ ചോദിക്കുന്നതും മറുപടി കൊടുക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. ചുരുക്കം ചിലർ മാത്രം പരസ്പരം ഗ്രൂപ്പുകളിൽ കൂടി സംസാരിച്ചു. എന്നാൽ ഗ്രൂപ്പ് ഇൻഫോയിലൂടെ എല്ലാവരും തന്നെ ആ മെസേജുകൾ കാണുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ അവരാരും പ്രതികരിച്ചില്ല. അവരിൽ ഒരാളായിരുന്നു ഞാൻ. അല്ലെങ്കിലും ഞാനൊക്കെ മെസേജ് അയച്ചാൽ ആര് മറുപടി തരാനാണ്. വിഷുവിന് കണിക്കൊന്ന പൂവുകളുടെ ഒരു പടം ഗൂഗിളിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് അതിന് താഴെ നാലുവരി കവിത കുറിച്ച് ഗ്രൂപ്പിലേക്കുള്ള പോസ്റ്റ് ബട്ടനു മുന്നിൽ ഞാൻ അറച്ചു നിന്നു.

പിന്നീട് എന്റെ സ്വന്തം സ്റ്റാറ്റസിൽ ആ കവിത ഞാൻ പോസ്റ്റ് ചെയ്തു. ആരൊക്കെ മറുപടി തരുന്നുണ്ടെന്ന് നോക്കാമല്ലോ. നാലു ഗ്രൂപ്പുകളിൽ നിന്നും അന്നത്തെ അടുത്ത സൗഹൃദങ്ങളായ ഇരുപതു പേരെ ഞാൻ കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഞാൻ സ്റ്റാറ്റസുകളൊന്നും അങ്ങനെ ഇടാറില്ലെങ്കിലും ആ ഇരുപത് പേരും എന്റെ കവിത കണ്ടതായി ഞാൻ മനസ്സിലാക്കി. പക്ഷേ രാത്രിയായപ്പോഴേക്കും എന്റെ പ്രതീക്ഷകൾ വെയിലിൽ വാടിവീണ കണിക്കൊന്ന പൂവുകൾ പോലെ പൊഴിഞ്ഞു. ഒരാൾ പോലും എന്റെ കവിതയ്ക്ക് റിപ്ലൈമെസേജ് അയച്ചില്ല. അനിത ഒഴികെ.

“നീ പഴയപോലെ നന്നായി എഴുതുന്നുവല്ലോ”

പച്ചനിറത്തിലുള്ള രണ്ടു ഹൃദയങ്ങൾക്കു നടുവിൽ അവൾ മംഗ്ലീഷിൽ ടൈപ്പ് ചെയ്ത മെസേജ് അന്ന് പലതവണ എടുത്തു നോക്കി. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ. ബാക്കിയുള്ള പത്തൊമ്പതു പേരെയും അപ്പോൾ തന്നെ ഞാൻ എന്റെ കോൺടാക്ട് ലിസ്റ്റിൽ നിന്നും മായ്ച്ചു കളഞ്ഞു. പണ്ട് ചിത്രം വരച്ച് തെറ്റിപ്പോകുമ്പോൾ പുതിയ മായ്ക്കറബർ കൊണ്ട് ഡ്രോയിങ് ബുക്കിന്റെ മിനുസമുള്ള താളിൽ ഉരസുമ്പോൾ കിട്ടുന്ന ഒരുതരം സുഖം ഉള്ളിൽ നിറയുന്നത് അന്നു ഞാൻ അനുഭവിച്ചറിഞ്ഞു.

ഏഴു വർഷങ്ങൾ. അനിത എന്റെ കോൺടാക്ട് ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും അവളുടെ സ്റ്റാറ്റസ് ഞാനങ്ങനെ നോക്കാറില്ലായിരുന്നു. ഒരാളുടെ സ്റ്റാറ്റസ് കണ്ടിട്ട് പ്രതികരിക്കാതെ ഇരിക്കുന്നത് ഒരുതരം ചീപ്പ് പരിപാടിയാണെന്ന് ഞാൻ കരുതിയിരുന്നു. അതിനോട് താല്പര്യമില്ലാത്തതുകൊണ്ട് അനിതയെയും പി എസ്‌ സി കോച്ചിംഗ് സെന്ററിൽ നിന്നും പരിചയപ്പെട്ട ചുരുക്കം ചിലരെയും ഞാൻ സ്റ്റാറ്റസിൽ മ്യൂട്ടാക്കിയിരുന്നു. എന്നാൽ ഇന്നു ബസ്സിലിരിക്കുമ്പോൾ അറിയാതെ കൈ തട്ടി അനിതയുടെ സ്റ്റാറ്റസ് ഓണായി. അങ്ങനെയാണ് അവന്തികയുടെ ഫോട്ടോ ഞാൻ കണ്ടത്. അവളുടെ സീമന്തരേഖയിൽ നിന്നും കറുത്തു ചുരുണ്ട മുടിയിഴകളിലേക്ക് നീണ്ടപ്രത്യക്ഷമാകുന്ന ചുവന്നരേഖ കണ്ടതും എനിക്കു ഡൗട്ടടിച്ചു.

അവന്തികയുടെ കല്യാണം എന്നെ തെല്ലൊന്നമ്പരിച്ചു. അവൾ കല്യാണം കഴിക്കുമായിരിക്കാം. എങ്കിലും അവളൊരു പുരുഷനെ… എനിക്കതൊട്ടും ദഹിക്കുമായിരുന്നില്ല. കെ എസ്‌ ആർ ടി സി എന്നെയും വഹിച്ചുകൊണ്ട് യാത്ര തുടർന്നപ്പോൾ മനസ്സൊരു ജലപേടകത്തിൽ അടയ്ക്കപ്പെട്ടതുപോലെയായി. ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ പൊങ്ങിയും താണും, ചിന്തകളുടെ ചക്രവാതച്ചുഴികളിൽ പെട്ട് അതുലഞ്ഞു കൊണ്ടിരുന്നു.

 “എത്ര തവണ ടിക്കറ്റ് ചോദിക്കണം? “

കണ്ടക്ടറുടെ ദേഷ്യം പിടിച്ച ശബ്ദമാണ് എന്നെ ഉണർത്തിയത്. ഞാൻ തിടുക്കപ്പെട്ട് മണിപേഴ്സ് തുറന്നു. കണ്ടക്ടർ കടന്നു പോയപ്പോൾ മുല്ലപ്പൂക്കളുടെ ഗന്ധം എന്റെ മൂക്കിലേക്ക് പിന്നെയും അടിച്ചുകയറി. അവന്തിക..

“നിന്റെ വായിലെന്താടീ പഴമായിരുന്നോ?” അവൾ ചോദിക്കുന്നു. അവൾ കൂടെയുണ്ടായിരുന്നെങ്കിൽ നല്ലതു നാല് തിരിച്ചു പറഞ്ഞേനെ.

“നിന്നെ എനിക്ക് ഇതുപോലെ കടിച്ചു തിന്നാൻ തോന്നുന്നു.. “

പത്താം ക്ലാസിൽ ഒരുമിച്ച് പഠിക്കുമ്പോൾ അവന്തിക എന്നോട് പറഞ്ഞു. വെളിമാനംപള്ളിയുടെ പുറകിലുള്ള കശുമാവിൻതോട്ടത്തിലെ കുറ്റിക്കാട്ടിലായിരുന്നു ഞങ്ങളപ്പോൾ. പള്ളിയിൽ ആദ്യവെള്ളിയാഴ്ചയിലെ കുട്ടികൾക്കു വേണ്ടിയുള്ള ഉച്ച കുർബാന പൊടിപൊടിക്കുന്നു. കുർബാനയ്ക്കു വന്ന ഞങ്ങൾ പതിവുപോലെ മുങ്ങി. ഇവിടെ ഈ കുഴിയിൽ കുറുന്തോട്ടികൾ പറിച്ച് നിരത്തി ഞങ്ങളുണ്ടാക്കിയ രഹസ്യ സങ്കേതത്തിലിരിക്കുമ്പോൾ ബ്യൂട്ടിപാർലറിലെ പതുപതുപ്പുള്ള സോഫയിലിരിക്കുന്നതുപോലെ തോന്നും. ഞാൻ പതിയെ തല പൊന്തിച്ചു നോക്കി. മഞ്ഞവെയിൽ വീണുരുകുന്ന കശുമാവിൻ തലപ്പുകൾക്കിടയിലൂടെ വെളിമാനംപള്ളിയുടെ വെളുത്ത കുരിശു കാണാം. അച്ചന്റെ നീട്ടിയുള്ള പ്രാർത്ഥന കുമ്പസാരക്കൂട്ടിലെ രഹസ്യം പോലെ കാതിൽ വന്നു പതിച്ചു.

 “കുനിഞ്ഞിരിക്കെടീ ആരെങ്കിലും കാണും”

അവൾ എന്റെ തല പിടിച്ചു താഴ്ത്തി. അവളുടെ വെളുത്ത കൈയിലൂടെ മാമ്പഴച്ചാറ് ഒഴുകിയിറങ്ങി.

“കഴിയാനായോടീ?”

“ഓ പിന്നേ… പകുതി പോലുമായിട്ടില്ല. നിങ്ങൾ ഹിന്ദുക്കൾക്ക് ഞങ്ങടെ കുർബാനയെ പറ്റി എന്തറിയാം? നിങ്ങളെപ്പോലെ തൊട്ടു തൊഴുതു വരവല്ല.. അതൊരു സാഗരമാണ്..” – ഞാൻ കൈകൾ വിടർത്തി ആക്ഷൻ കാണിച്ചു.

” ഓ.. പിന്നേ ഒരു സത്യക്രിസ്ത്യാനി വന്നേക്കുന്നു.”

കശുമാവിൻ തോട്ടങ്ങൾക്കിടയിൽ ഒരു കാറ്റു വീശി. കശുമാങ്ങയുടെ ഗന്ധമുള്ള കാറ്റിൽ എന്റെ ചുരിദാറിന്റെ ഷോൾ പൊങ്ങിപ്പറന്നു. അവന്തികയുടെ വല്ലാത്ത നോട്ടം കണ്ട് ഞാൻ പെട്ടെന്നു ഷോൾ നേരെയിട്ടു. അവളപ്പോൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. എന്റെ മുടി വകഞ്ഞു മാറ്റി ചെവിയോടു ചേർന്നവൾ ചുണ്ടുകളമർത്തി.

“നിന്നെ കടിച്ചു തിന്നാൻ തോന്നുന്നു ” – അവളുടെ തലമുടിയിൽ നിന്നും മുല്ലപ്പൂക്കൾ എന്റെ മുഖത്തേക്കു ചാടി. അകന്നു മാറണമെന്ന് തോന്നിയെങ്കിലും എനിക്കതിന് കഴിഞ്ഞില്ല.

ഡബിൾ ബെല്ലടിക്കുന്ന ഒച്ച. പഴയ സ്കൂൾ ബെല്ലു പോലെ.

“വെളിമാനം വെളിമാനം. ” –

കണ്ടക്ടർ വിളിക്കുന്നു. ഞാൻ ഒരു ഞെട്ടലോടെ ഓർമ്മകളിൽ നിന്നുമുണർന്നു. ബസ്സിപ്പോൾ സ്‌കൂളിനു മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇടതുവശത്ത് നീല പെയിന്റടിച്ച മൂന്നുനിലകളുള്ള വെളിമാനം സ്കൂളിന്റെ കെട്ടിടം. വലതു വശത്ത് ഗീവർഗീസ് സഹദായും സെബാസ്റ്റ്യനോസ് പുണ്യാളനും കാവൽ നിൽക്കുന്ന കരിങ്കൽ കമാനത്തിനുള്ളിൽ പള്ളിയുടെ മുകളിൽ ഉയർന്നുനിൽക്കുന്ന വെളുത്ത കുരിശ്.

പള്ളിക്കരികിലെ പഴയ കശുമാവിൻ തോട്ടത്തിലേക്കു നോട്ടം പാളി.

“ഛീ വിടെടീ… ആരെങ്കിലും കാണും ”  

അവിടെയിപ്പോൾ മൂർച്ചയുള്ള അഗ്രങ്ങളുള്ള കറുകപ്പുല്ലുകളോ, കുറുന്തോട്ടികളോ ഇല്ല. പറമ്പു മുഴുവൻ വയക്കുന്ന യന്ത്രമുപയോഗിച്ച്‌ തെളിച്ചിട്ടിരിക്കുന്നു. അതു കണ്ടപ്പോൾ എനിക്കു പെട്ടെന്ന് അവന്തിക അന്നു പറഞ്ഞ മറ്റൊരു കാര്യമോർമ്മ വന്നു. ആ ഓർമ്മയിൽ ഞാൻ ചൂളി പിടഞ്ഞു.

ആദ്യവെള്ളിയാഴ്ചകളിൽ പള്ളിയിൽ പോകാൻ മടിയുള്ള പിള്ളേർ ഇനിയെവിടെ പോയൊളിക്കും? ബസ്സ് നീങ്ങി തുടങ്ങിയപ്പോൾ ആ ചളിപ്പിൽ നിന്നും കര കയറാൻ ഞാൻ മറ്റു കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. എന്നാൽ അവന്തികയ്ക്കെന്നെ വിടാൻ ഉദ്ദേശമുണ്ടായിരുന്നില്ല.

സ്കൂൾമുറ്റത്തെ തുരുമ്പിച്ച ടാപ്പിനരികിൽ ചോറു കഴിച്ച് പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ അവളെന്നെ പിന്നിൽ നിന്നും വട്ടം പിടിച്ചു. വട്ടത്തിക്കു പിന്നെ സ്ഥലകാലബോധമൊന്നുമില്ലല്ലോ. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്റെ ചോറ്റുപാത്രത്തിൽനിന്നും വെള്ളം തെറിച്ച് അടുത്ത് നിന്നിരുന്നവന്റെ മേത്ത് വീണു.

“ശേ.. എന്തൂട്ടാ പെണ്ണുങ്ങളേ നിങ്ങളീ കാട്ടുന്നത്?” അവൻ ദേഷ്യത്തിൽ ചോദിച്ചു.

“എന്തോ എങ്ങനെ? “

അവന്തിക യൂണിഫോമിന്റെ കൈകൾ തെറുത്തുകയറ്റി മുന്നോട്ടു വന്നു. പിന്നെ എന്റെ കൈയിൽനിന്നും ചോറ്റുപാത്രം തട്ടിപ്പറിച്ച് അവന്റെ മേത്തേക്കു കമഴ്ത്തി.

“ഇപ്പൊ തൃപ്തിയായോ മോന്?”

അവന്റെ കൂട്ടുകാർ ആർത്തു ചിരിക്കുന്നു. ഞെട്ടി പിടഞ്ഞു നിന്ന എന്നെയും വലിച്ചുകൊണ്ട് അവൾ അപ്പോഴേക്കും നടന്നു കഴിഞ്ഞു.

“വാടീ നമുക്കൊന്ന് ടോയ്ലറ്റിൽ പോയിട്ട് പോകാ..”

“അയ്യേ ഞാനെങ്ങുമില്ല നിന്റെ കൂടെ..”

“ഓ.. പിന്നേ ഒരു നാണക്കാരി.. ” അവൾ ഒന്നുനിർത്തി ചുറ്റും നോക്കി. പിന്നെ എന്റെ ചെവിയിലേക്കു മുഖമടുപ്പിച്ചു.

“ഞാനന്നു പറഞ്ഞതു ചെയ്തോ?”

എന്റെ മുഖം ചുവന്നു.

“ഛീ പോടീ നാണമില്ലാത്തവളേ ” ഞാനവളുടെ കൈ വിടുവിച്ച് ക്ലാസിലേക്കോടി. അവന്തിക കൂടെയുള്ളത് വല്ലാത്തൊരു ധൈര്യമാവുകയായിരുന്നു. ഏറ്റവും മുന്നിലത്തെ ബെഞ്ചിന് തൊട്ടു പിന്നിലുള്ള ബെഞ്ചിൽ രണ്ടാമതായി തല കുനിച്ചിരുന്ന ഞാൻ പതിയെ ബാക്ക് ബെഞ്ചിലേക്ക് ചേക്കേറി. എന്റെ മുഖത്തൊരു തന്റേടം വന്നു. എന്തു വന്നാലും അവന്തിക നോക്കിക്കോളും.

“ഒന്നു പോ മിസ്സേ ഞാൻ എനിക്ക് സൗകര്യമുള്ളിടത്തിരിക്കും.” സീറ്റ് മാറിയത് ചോദ്യം ചെയ്ത സൂസി മിസ്സിനോട്‌ ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അന്ന് ടീച്ചറുടെ മുഖത്തുണ്ടായ ഞെട്ടൽ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ക്ലാസ് മുഴുവൻ എന്നെ അമ്പരന്നു നോക്കി. അവന്തിക മാത്രം കുനിഞ്ഞിരുന്ന് ചിരിച്ചു.  

“അങ്ങോട്ട്‌ കേറി നിക്ക്.. അവിടെ ഫുട്ബോളു കളിക്കാൻ സ്ഥലമുണ്ടല്ലോ..” പിന്നിൽ നിന്നും കണ്ടക്ടർ അലറുന്നു.

“എന്നാ ചേട്ടനിങ്ങു വാ.. കളിച്ചു കാണിക്ക്. കളിച്ച്‌ കാണിച്ചിട്ട് പോയാ മതി..” അവന്തികയുടെ ശബ്ദം.

അത് ഓർമ്മയിൽ നിന്നാണോ എന്ന് തിരിച്ചറിയാനായില്ല. ഒരു സ്വപ്നത്തിൽ നിന്നുമെന്ന വണ്ണം ഞാൻ ഞെട്ടിയുണർന്നു. ഓർമ്മകളെ കുടഞ്ഞു കളയാനെന്നവണ്ണം തലയൊന്നു കുടഞ്ഞു. കുടച്ചിലിൽ ഏതാനും മുടിയിഴകൾ മുഖത്തേക്കു വന്നു വീണു. അപ്പോൾ വീണ്ടും മുല്ലപ്പൂവിന്റെ ഗന്ധമനുഭവപ്പെട്ടു. അവന്തികയുടെ ഗന്ധം.

ഇടവപ്പാതി പോലെ പത്താംക്ലാസ് പെയ്തു തീർന്നു. പത്താംക്ലാസ് കഴിഞ്ഞതും അവന്തിക സ്കൂൾ മാറിപ്പോയി. പിന്നെ ഞങ്ങൾ തമ്മിൽ ഒരു കോൺടാക്ടുമുണ്ടായിരുന്നില്ല. എനിക്ക് പ്ലസ് വണ്ണിന് വെളിമാനത്തു തന്നെ അഡ്മിഷൻ കിട്ടി. മൂന്നാംനിലയിലെ സയൻസ് ഗ്രൂപ്പിന്റെ ക്ലാസിലിരിക്കുമ്പോൾ ബാസ്ക്കറ്റ്ബോൾ വീണു പൊട്ടിയ നീലിച്ച ജനാല ചില്ലിനുമപ്പുറം പള്ളിയോടു ചേർന്നുള്ള കശുമാവിൻതോട്ടം ഞാൻ വീണ്ടും കണ്ടു. അവന്തിക! എന്റെ മുഖത്തേക്കു വീണു കിടക്കുന്ന അവളുടെ മുടിയിൽ നിന്നും മുല്ലപ്പൂവിന്റെ കടുത്ത ഗന്ധം ഞാൻ അനുഭവിച്ചു.

“എന്താ അവിടെ… പുറത്തു വായും നോക്കിയിരിക്കാനാണോ സയൻസെടുത്തത്?” സുവോളജി പഠിപ്പിക്കുന്ന സിസിലി ടീച്ചർ അരിശപ്പെട്ടു.

‘എന്റെ കണ്ണ്, എന്റെ ഇഷ്ടം… തിരിച്ചു പറയെടീ ‘ അവന്തിക കാതിൽ പറയുന്ന പോലെ. പക്ഷേ ഞാൻ എണീറ്റ് തല കുനിച്ച് നിന്നതേയുള്ളൂ.

“ഉം ഇരിക്കിരിക്ക്.”

പതിയെ പതിയെ അവന്തികയുടെ ഓർമ്മ എന്നിൽ നിന്നും മാഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു. അപ്പോഴെല്ലാം ഡ്രോയിങ് ബുക്കിലെ മായ്ക്കറബറിനെ ഞാനോർത്തു. ബസ്സ് ഏതോ വളവു തിരിയുന്നു. അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങണം. ഞാൻ പെട്ടെന്ന് വാട്സാപ്പ് ക്ലോസ് ചെയ്ത് സീറ്റിൽ നിന്നും എണീറ്റു.

“താറാവു പോലെ നിന്നു തത്തി കളിക്കാതെ ഒന്നു വേഗമിറങ്ങിക്കേ..” കണ്ടക്ടർ ചേട്ടന് ടിക്കറ്റെടുക്കാൻ സമയം വൈകിപ്പിച്ചതിന്റെ ചൊരുക്ക് ഇനിയും തീർന്നിട്ടില്ലെന്നു തോന്നുന്നു. വാതിൽക്കൽ എത്തിയ ഞാൻ പെട്ടെന്നു തിരിഞ്ഞു നിന്നു.

“അതേ.. ഞാൻ എന്റെ സമയമെടുത്തിറങ്ങും. കേട്ടോ “
എന്റെ ഉള്ളിൽ നിന്നും വന്ന ശബ്ദം. എന്റെ സ്വന്തം ശബ്ദം. അതയാൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. ഞാൻ ബസ്സിൽ നിന്നുമിറങ്ങി പതിയെ നടന്നു തുടങ്ങി. അപ്പോൾ ഫോൺ ബെല്ലടിച്ചു. വീട്ടിൽ നിന്ന് അമ്മച്ചിയാണ്.

“എടീ കൊച്ചേ.. ആ പാലമറ്റത്തീന്ന് നല്ലൊരു ആലോചന വന്നിട്ടുണ്ട്. നല്ല ചെക്കനാ.. ഔസേപ്പച്ചൻ വഴി വന്നതാ. നീ ഇതെങ്കിലും ഒന്നു സമ്മതിക്ക് “

“നല്ലതാണേൽ നമുക്ക് നോക്കാമമ്മച്ചീ..”

ഞാൻ പതിയെ പറഞ്ഞു. കശുമാവിൻതോട്ടങ്ങൾക്കു നടുവിലൂടെയുള്ള ഇടവഴിയിലേക്കു തിരിയുന്നതിനു മുൻപ് ഫോണിൽ ഞാൻ അനിതയുടെ പ്രൊഫൈൽ ഓപ്പൺ ചെയ്ത് ബ്ലോക്ക്‌ ഓപ്ഷൻ തിരയുവാൻ തുടങ്ങി.

 ഒരു പുതിയ കവിതയ്ക്കുള്ള വരികൾ ഉള്ളിൽ തളിർക്കുന്നത് ഞാനറിഞ്ഞു.