കവിതയെന്നു കേട്ടാലേ.., കാലത്തേ ചെന്ന്
സദസ്സിൽ മുൻനിരയിൽ ഇരിപ്പുറപ്പിക്കും.
തഴമ്പുള്ളവർ നിരക്കുന്ന വേദിയിൽ
ആർപ്പു വിളിച്ചും കൈപൊക്കിക്കാട്ടിയും
സദസ്സിൽ നിന്ന് വേദിയിലേക്കെത്താൻ
പടിച്ചപണി പതിനെട്ടും
അവഗണയൻ പയറ്റും.
സംഘാടിതരിൽ ഏവന്റെയോ
അയ്യോ പാവത്തിൽ
ഒരു വിധത്തിൽ വേദിപ്പെട്ടാലും
മൂലവാസിതൻ മിണ്ടാൻ
ഊഴം കാത്തിരിക്കണം.
ഇരുത്തം വന്നവരെല്ലാം
ഇരുവട്ടം ചൊല്ലി ഒഴിഞ്ഞാലും
ഇനിയാര് ഇനിയാര് എന്ന്
സംശയിതനാവും സംഘാടിതൻ.
ഇപ്പോ വിളിക്കും ഇപ്പോ വിളിക്കും
എന്ന് അവഗണയൻ
പ്രതീക്ഷയുടെ ഗോഷ്ടികൾ കാട്ടും.
സദസ്സിലൊരു മൂലയ്ക്ക്
കേൾക്കാൻ മാത്രമെത്തിയ
മഹാകവി കുട്ടപ്പന്റെ അനിയനെ
പിടിച്ചു വലിച്ചു കയറ്റി സംഘാടിതർ
ഒരുലിറ്റർ കവിത കറന്നെടുക്കും,
അല്ലെങ്കിൽ
ജീവിതത്തിൽ ഒരിക്കലും
കവിതയേ എഴുതിയിട്ടില്ലാത്ത
സംഘാടിതന്റെ കുഞ്ഞമ്മയുടെ
ചിറ്റപ്പന്റെ മരുമോൻ സുഗുണനെ
കവിത ചൊല്ലാൻ വിളിക്കും
അവഗണയൻ അപ്പോഴും
കാത്തിരിപ്പിലാണ്
ആളും ആരവവും ഒഴിയുമ്പോൾ
കോഴിയ്ക്ക് മുല വരും എന്ന്.