ഒന്നാം ബെഞ്ചും
അവസാന ബെഞ്ചും
തമ്മിലുള്ള ദൂരമറിയുമോ
നിങ്ങൾക്ക്…?
ഇടയിലുള്ള മൂന്നോ
നാലോ ബെഞ്ചുകൾ
തമ്മിലുള്ള വ്യത്യാസമല്ലത്.
ഒന്നാം ബെഞ്ചിലെ
ഒന്നാമനിൽ നിന്നും
അവസാന ബെഞ്ചിൽ
അവസാനം ഇരിക്കുന്നവനിലേക്കുള്ള
ദൂരം അക്കങ്ങൾ കൊണ്ട് അളന്നു
തിട്ടപ്പെടുത്തുവാൻ
കഴിഞ്ഞേക്കും നിങ്ങൾക്ക്…
എന്നാൽ അതല്ലല്ലോ
ആ ദൂരം…
അലക്കി തേച്ച്
ഇസ്തിരിയിട്ട വസ്ത്രവും
മുഷിഞ്ഞു കീറിതുന്നിയ
വസ്ത്രവും തമ്മിലുള്ള
ദൂരമാണത്…
ഫസ്റ്റ്ബെല്ലിന് മുൻപേ എത്തി
ഒന്നാമത് ഇരിക്കുന്നവനും
എന്നും താമസിച്ചെത്തി
ശകാരം കേൾക്കുന്നവനും
തമ്മിലുള്ള ദൂരമാണ്..
ചോദ്യങ്ങൾക്ക്
കൈപൊക്കി ഉത്തരം
പറയുന്നവരും
ഉത്തരം കിട്ടാതെ
തലകുനിച്ചിരിക്കുന്നവനും
തമ്മിലുള്ള ദൂരമാണത്.
ക്ലാസ്സ്പരീക്ഷയ്ക്ക് തോറ്റതിന്
പരിഹസിക്കപെട്ടവനും
ജയിച്ചതിനു പ്രശംസ കിട്ടിയവനും
തമ്മിലുള്ള ദൂരമാണത്…
ഉച്ചബെല്ലിന്റെ ആരവത്തിൽ
കഞ്ഞിപുരയ്ക്ക് മുൻപിൽ
ഒന്നാമത് ഓടിയെത്തിയവനും
ടിഫിൻ ബോക്സിലെ
രുചിയൂറും ഭക്ഷണം
ആസ്വദിച്ചു കഴിക്കുന്നവനും
തമ്മിലുള്ള ദൂരമാണത്…
കൊല്ലപരീക്ഷയ്ക്ക്
ഒന്നാം സ്ഥാനം കിട്ടാഞ്ഞതിന്
ആത്മഹത്യ ചെയ്തവനും
വേനലവധിക്ക് കൂലിപ്പണിയ്ക്ക് പോയവനും
തമ്മിലുള്ള ദൂരമാണത്..
ഒരു ദൂരമാപിനി കൊണ്ടും
അളക്കാൻ പറ്റാത്തത്ര
ദൂരമാണ്
ആ ബെഞ്ചുകൾക്കിടയിലുള്ള ദൂരം.