അലയുന്ന, കാത്തിരിക്കുന്ന രണ്ടുപേർ

കുൻസാങ് ചോദന്റെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന ഭൂട്ടാണി നോവലും സെയ്‌ജിറോ കോയാമാ  സംവിധാനം ചെയ്ത ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് സിനിമയും അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. മരിച്ച ഒരു മനുഷ്യൻ തന്നിലൂടെ പുന:ർജനിച്ചു എന്ന് വിശ്വസിച്ച ഒരു നായയും മരിച്ചെന്നു ഉറപ്പുള്ള മനുഷ്യനെ പോലും കാത്തിരുന്ന മറ്റൊരു നായയും കഥാപാത്രങ്ങളാകുന്ന രണ്ടു കലാസൃഷ്ടികൾ. 

മഹാഭാരതത്തിൽ ധർമ്മപുത്രരുടെ സ്വർഗ്ഗാരോഹണ സമയത്തു വരെ ഒപ്പമുണ്ടായിരുന്നത് ഒരു നായ ആണ്. മഹാപ്രസ്ഥാനം എന്ന ആ അവസാന യാത്ര പാണ്ഡവരുടെ അധികാരത്തിന്റെയും യുദ്ധത്തിന്റെയും കെടുതികളുടെയും ദുരിതങ്ങളുടെയും അന്തിമ വിജയത്തിന്റെയും പരിച്ഛേദമായിരുന്നു. ഈ യാത്രയിൽ പരിത്യക്തനെ പോലും പിന്തുടർന്നു കൂറുകാട്ടിയ നായ്ക്ക് മുന്നിൽ സ്വർഗ്ഗകവാടം വരെ തുറന്നു എന്നാണ് കഥ. 
 
പുരാണം മുതൽ പുതിയ കാലത്തു വരെ നായകൾക്ക് മനുഷ്യനോടുള്ള സ്നേഹത്തിന്റെ അനവധി ഉദാഹരണങ്ങൾ പറയാനുണ്ട്. ദാവ എന്ന തെരുവ് നായയും ഹാച്ചിക്കോ എന്ന വളർത്തു നായയും അക്കൂട്ടത്തിൽ പെടും. മലയാളത്തിൽ നായ സ്നേഹത്തിന്റെ കഥകൾ ആവോളം ഉള്ളത് കൊണ്ട് മാത്രമാണ് ഈ വിദേശ സൃഷ്‌ടികകളെ കുറിച്ച് പറയുന്നത്. 
 
ഭൂട്ടാനിലെ ഇംഗ്ലീഷിൽ എഴുതുന്ന നോവലിസ്റ്റാണ് കുൻസാങ് ചോദൻ (Kunzang Choden). ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ കോളേജിൽ നിന്ന് സൈക്കോളജി ബിരുദം നേടിയ അവർ ഒൻപതാം വയസുമുതൽ ഇന്ത്യയിലാണ് വിദ്യാഭ്യാസം ചെയ്തത്. അമേരിക്കയിലെ നെബ്രാസ്ക യൂണിവേഴ്‌സിറ്റിയിൽ നിന്ന് സാമൂഹിക ശാസ്ത്രവും പഠിച്ച കുൻസാങ് ഐക്യരാഷ്ട്ര സഭയുടെ ഭൂട്ടാനിലെ വികസന പദ്ധതികളുടെ മേൽനോട്ടക്കാരി കൂടിയാണ്. കർമ്മചക്ര (Circle of Karma) എന്ന നോവലിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. 
അവരുടെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന നോവലിലെ മുഖ്യ കഥാപാത്രമാണ് ദാവ. പാറോ താഴ്വരയിൽ ജനിച്ച ദാവയ്ക്ക് കുഞ്ഞിലെ തന്നെ അമ്മയും അഞ്ചു സഹോദരങ്ങളും ഇല്ലാതാകുന്നു. വിഷം ചേർന്ന ഭക്ഷണം ഉള്ളിൽ ചെന്നാണ് അവർ ചത്തത്. ഏകനും അരക്ഷിതനുമായ ആ നായക്കുട്ടി പൂർണ്ണ ചന്ദ്രൻ എന്ന അർത്ഥമുള്ള ദാവ എന്ന പേര് സ്വയം സ്വീകരിച്ചു ജീവിതത്തിൽ ഒറ്റയ്ക്ക് മുന്നോട്ടു പോകുന്ന കഥയാണ് നോവൽ പറയുന്നത്. 
 
പല ഭാഷകൾ കൈകാര്യം ചെയ്യുന്ന ആദരണീയനായ ഒരു വിവർത്തകൻ ദൂരെ ഏതോ ഒരു രാജ്യത്ത് ജീവിച്ചിരുന്നു. നിരന്തരം യാത്ര ചെയ്യാൻ ആഗ്രഹിച്ച അദ്ദേഹത്തിന് പക്ഷെ ജോലിയിൽ മുഴുകി പോയതിനാൽ യാത്രകൾ ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പുനർജന്മമാണ്‌ താൻ എന്ന് ദാവ വിശ്വസിച്ചു. മനുഷ്യരുടെ ഭാഷ തനിക്കു മനസിലാകുന്നതും അതു കൊണ്ടാണ്. അലഞ്ഞു നടക്കാനുള്ള അദ്ദേഹത്തിനെ ആ ത്വര തന്റെ തലച്ചോറിൽ കുടികൊള്ളുന്നതിനാലാണ് താൻ ചുറ്റിത്തിരിയുന്ന ഒരു തെരുവ് നായ ആയത്  എന്നും ദാവ കരുതി. 
പാറോയിൽ നിന്ന് ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലേക്ക് അവൻ പാലായനം ചെയ്യുന്നു. അവിടെ കഴിയവേ ത്വക്ക് രോഗം പിടിച്ച ദാവ നാലു ചുരങ്ങൾ താണ്ടി മലമുകളിലെ ഒരു ഗുഹ തേടി യാത്രയാവുന്നു. മാ പെൽമോ എന്ന ആ ഗുഹയിൽ പോയി കുഷ്ടരോഗം ബാധിച്ച രാജകുമാരി പോലും സുഖപ്പെട്ടു തിരികെ വന്നിട്ടുണ്ട്. ഈ ഒരു പുരാവ്യത്തം തേടിയുള്ള  ദാവയുടെ നീണ്ട യാത്രയും കാലങ്ങൾക്കു ശേഷം തിരികെ ജനിച്ച മണ്ണിലേക്ക് മടങ്ങിവരവുമാണ് നോവൽ പറയുന്നത്. ഇതിനിടയിൽ സന്യാസി, സ്കൂൾ, വീട്ടുവേലക്കാരി, ലാമ, നിരവധി തെരുവ് നായ്ക്കൾ, വളർത്തു നായ്ക്കൾ ഒക്കെ ദാവയുടെ ജീവിത യാത്രയെ ആത്മീയതലത്തിലുള്ള ഒരന്വേഷണം ആക്കുന്നു. 
 
മനുഷ്യൻ്റെ പുനർജ്ജന്മം ആണ് താൻ എന്ന ഒരു നായയുടെ സത്വ ബോധമാണ് ഈ നോവലിന്റെ അന്തർധാര. മനുഷ്യരുടെ സ്നേഹത്തിനു വിധേയപ്പെട്ട് കൂറു പുലർത്തി കഴിയുന്ന നായ് കഥകളിൽ ഒന്നല്ല ഇത്. പകരം മനുഷ്യന്റെ മറുജന്മമാണ്‌ താൻ എന്ന് കരുതുന്നൊരു നായയുടെ കഥയാണ്. 
 
“ദാവ, ഭൂട്ടാനിലെ ഒരു തെരുവ് നായുടെ കഥ” എന്ന ഈ നോവൽ തിംഫുയിലെ യുഗയെൻ അക്കാഡമിയിലെ ലക്ച്ചറർ ആയ കഥാകൃത്ത്‌ കണ്ണൂർ സ്വദേശി ജെസ്സി ജെയിംസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
 
ഇനി ജപ്പാനിലെ മറ്റൊരു നായ്പുരാണം നോക്കാം. ഹാച്ചികോ എന്ന വളർത്തു പട്ടിയാണ് ഇതിലെ കഥാപാത്രം. ടോക്കിയോ സർവകലാശാലയിലെ പ്രൊഫസർ യൂനോയുടെ വളർത്തു നായ  ആയിരുന്നു ഹാച്ചികോ. 1924 ൽ കുഞ്ഞായിരിക്കെ വീട്ടിലേക്കു കൊണ്ടുവന്നു പോറ്റി വളർത്തിയതാണ്. എന്നും രാവിലെ തന്റെ യജമാനനോടൊപ്പം അവൻ അടുത്തുള്ള മെട്രോ സ്റ്റേഷൻ വരെ പോകും. അദ്ദേഹത്തെ യാത്രയാക്കി മടങ്ങിവരും. വൈകിട്ട് സ്റ്റേഷനിൽ പോയി ട്രെയിൻ ഇറങ്ങി വരുന്ന യൂനോയെ കൂട്ടി വീട്ടിലേക്കു എത്തും. മഴയത്തും മഞ്ഞത്തും തെറ്റാത്ത പതിവായിരുന്നു ഇതു ഹാച്ചികോയ്ക്ക്. 

അങ്ങനെയിരിക്കെ 1925 മെയ് മാസത്തിൽ ജോലിസ്ഥലത്തു വച്ച് പ്രൊഫസർ അപ്രതീക്ഷിതമായി മരിച്ചു. പതിവുപോലെ  സ്റ്റേഷനിൽ പോയി കാത്തുനിന്ന ഹാച്ചികോ യജമാനനെ കണ്ടില്ല. ആരോ പോയി അവനെ വീട്ടിലേക്കു കൂട്ടികൊണ്ടു വരികയായിരുന്നു. പ്രൊഫസരുടെ കുഴിമാടത്തിനരികെ നിന്ന് കുട്ടികളെ പോലെ അവൻ തേങ്ങി. യജമാനന്റെ മരണം വിശ്വസിക്കാൻ ആകാത്തതുപോലെ പിന്നീടുള്ള ദിവസങ്ങളിലും അവൻ മെട്രോ സ്റ്റേഷന് മുന്നിൽ ചെന്ന് കാത്ത് നിൽപ്പായി. പ്രൊഫസറുടെ കുടുംബം വീട് മാറി പോയതോടെ അനാഥനായ ഹാച്ചികോ സ്റ്റേഷൻ പരിസരത്തു തന്നെയായി താമസം. വൈകുന്നേരങ്ങളിൽ തന്റെ യജമാനൻ തിരിച്ചു വന്നാലോ എന്ന പ്രതീക്ഷയിൽ അവൻ കാത്തു നിന്നത്  ഒന്നല്ല ഒൻപതു വർഷമാണ്. കൃത്യമായി പറഞ്ഞാൽ ഒൻപതു വർഷവും ഒൻപതു മാസവും പതിനഞ്ചു ദിവസവും. 

ഒടുവിൽ രോഗബാധിതനായ ആ നായ മരിച്ചപ്പോൾ പ്രൊഫ.യുനോയുടെ മിനാറ്റോയിലെ കുഴിമാടത്തിനരുകിൽ തന്നെ അവനും അന്ത്യവിശ്രമം ഒരുക്കി. ഷിബ്യുയാ മെട്രോ സ്റ്റേഷന് മുന്നിൽ ഹാച്ചികോയുടെ വെങ്കല പ്രതിമ സ്ഥാപിച്ചത് ഇപ്പോഴുമുണ്ട്. ഹാച്ചികോ ഗേറ്റ് എന്നാണ് ആ കവാടം അറിയപ്പെടുന്നതും. 
 
സെയ്‌ജിറോ കോയാമാ എന്ന ജാപ്പനീസ് സംവിധായകൻ  2009 ൽ ഈ സംഭവം ‘ഹാച്ചികോ’ എന്ന പേരിൽ സിനിമയാക്കി. കണ്ണുകളിൽ യജമാന സ്നേഹത്തിന്റെ നനവ് പടരുന്ന ചിത്രമാണിത്. 
 
മരിച്ച ഒരു മനുഷ്യൻ തന്നിലൂടെ പുന:ർജനിച്ചു എന്ന് വിശ്വസിച്ച ഒരു നായയുടെയും മരിച്ചെന്നു ഉറപ്പുള്ള മനുഷ്യനെ പോലും കാത്തിരുന്ന മറ്റൊരു നായയും; അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലാണ് ഈ രണ്ടു കഥകളും. 

മുൻകാല പത്രപ്രവർത്തക. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും.