അലക്ക്

മഞ്ഞ നിറമുള്ള,
ഒന്നു തൊട്ടാൽ
വിരിയാൻ വെമ്പുന്ന
പൂമൊട്ടുകൾ വരച്ചിട്ട
ഒരു ചുരിദാർ,

മരവിച്ച കല്ലിൽ
ഒരു തടിയൻ പാൻ്റിനെയും
വീർത്ത ഷർട്ടിനെയും
കാരം ചേർത്ത്
തല്ലിത്തല്ലിയലക്കുകയാണ്

പ്രപഞ്ചത്തിൻ്റെ
സിബ്ബ് അടരുന്നു,
ദിക്കുകളുടെ
കുടുക്കുകൾ പൊട്ടിത്തെറിക്കുന്നു

കല്ലും തുണിയും
തമ്മിലഴിഞ്ഞാടും
സുരത താളത്തിൽ
ഭൂകമ്പങ്ങളുണ്ടാകുന്നു,
ആകാശം മുട്ടി
കടൽത്തിരയുയരുന്നു,
ചെവിയിൽ
ഒറ്റഭാഷയിലേക്ക് മാത്രം പരിഭാഷപ്പെട്ട
സീൽക്കാരക്കൊടുങ്കാറ്റ്.

പൊടുന്നനേ
ബ്രഹ്മാണ്ഡ നിശബ്ദത,
പിന്നെയനാദിയാം വർഷം
അതിൽ ഷർട്ടും പാൻറും
അലക്കു കല്ലും
ഒഴുകിപ്പോകുന്നു

അതിനു മീതേ
പുതഞ്ഞു പിടിച്ചൊഴുകും
ചുരിദാറിൽ വിരിഞ്ഞു പൊന്തുന്ന
സഹസ്രദളപുഷ്പങ്ങൾ

അവയുടെ  ഗന്ധത്തിലുണരുമ്പോൾ
അലക്കേ,
നീയൊരു
ഉന്മാദവൃത്തിയാവുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വിപിഎ യുപിസ്കൂള്‍ അധ്യാപകനാണ്. വരവുപോക്കുകള്‍, ടെമ്പിള്‍റണ്‍ എന്നീ കവിത സമാഹാരങ്ങളും, മണ്ണേ നമ്പി, താം ലുവാങ്ങിലെ കൂട്ടുകാര്‍ എന്നീ നോവലുകളും പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍, ഏതു കിളിപാടണം എന്നീ ബാല സാഹിത്യ കൃതികളും രസക്കുടുക്ക, കുട്ടികള്‍ക്ക്വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ എന്നീ ശാസ്ത്ര പുസ്തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.