ചിലന്തിറാണീ
നീയെത്ര സുന്ദരി.
നിന്നിൽ തിളങ്ങുന്ന
സ്വർണ്ണ വർണ്ണങ്ങളിൽ
ഉള്ളെന്തെന്നറിയുന്ന
വെള്ളിയുടയാടയിൽ,
പ്രകാശ രേണുക്കൾ
കത്തിജ്വലിക്കവേ
ചിലന്തിറാണീ
നീയെത്ര സുന്ദരി.
തകർച്ചയിൽ തളരാത്ത
ഊർജ്ജമായ് നിന്നു നീ
വിജയത്തിൻ ദർശനം
പകർന്നു നൽകുന്നു നീ
അന്യന്റെ ഉയിരിന്ന്
ഉറവയാകുന്ന നീ
ചിലന്തിറാണീ
നീയെത്ര സുന്ദരി.
നിന്നിൽ വളരുന്ന
ശത്രുവിൻ ലാർവയെ
തന്നുടൽ നൽകി
അമ്മയായ് പോറ്റി നീ
നിന്നെ തകർത്തവ-
നെങ്ങോ പറന്നുപോയ്
ചിലന്തിറാണീ
നീയെത്ര സുന്ദരി.
കാഴ്ചക്കുമപ്പുറം
സത്യത്തെ അറിയുവാൻ
നമ്മിൽ നിറഞ്ഞാടും
ശത്രുവെ അറിയുവാൻ
നീ നിന്റെ ജീവനാൽ
തീർക്കുന്നു ദൃഷ്ടാന്തം
ചിലന്തിറാണീ
നീയെത്ര സുന്ദരി.