അരുണിമ – 9

വന്യതയുടെ ഉള്ളം നടുക്കി കൊണ്ട് ആ വെടിയുണ്ട പാഞ്ഞ് പോയി. ആർത്ത് കരഞ്ഞ കിളികൾ അഭയം തേടി പറന്നകന്നു. നേർത്തുപോയ ഹൃദയത്തുടിപ്പോടെ അഞ്ച് ജീവനുകൾ കാടിൻ്റെ ഇരുളിമയിലേക്ക് നോക്കി നിശ്ചലരായി..

പച്ചില വിരിപ്പിൽ കിടന്ന അരുൺ അവിടെ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പെ അവർ താഴേക്ക് ചാടിയിറങ്ങി കഴിഞ്ഞിരുന്നു. ലോഹ കുഴലിൻ്റെ തണുപ്പ് കഴുത്തിലാഴ്ത്തി അവർ എന്തെക്കെയോ ചോദിച്ചു. താൻ വീണ്ടും പട്ടാളത്തിൻ്റെ പിടിയിലായിരിക്കുന്നു. മരണം ഉറപ്പായിരിക്കുന്നു. അരുണിമേ … നീയെന്ന കാഴ്ച ഇനിയില്ല. നീ അറിയാതെ .. ആരുമറിയാതെ ഈ വനാന്തരത്തിൽ അരുൺ എന്ന ജീവൻ ഇല്ലാതാകുന്നു.

അരുൺ പതിയെ പാചെയേയും മറ്റും നോക്കി. ചെന്നുപെട്ട അപകടത്തിൻ്റെ നടുക്കത്തിൽ അവർ നിസ്സഹായകരായി നിൽക്കുകയാണ്. ശത്രുവിൻ്റെ കഴുത്ത് അറക്കുന്ന ശൗര്യവും കരുത്തും ആ മുഖങ്ങളിൽ കാണാനില്ല.

വന്നു ചേർന്ന പട്ടാളക്കാരും ഗോത്രവർഗക്കാരാണെന്ന് തോന്നുന്നു. വേഷവും ഭാഷയും സമാനം. പഴകി മണത്ത കുപ്പായങ്ങളിൽ കരുത്തു ചോർന്ന സാധാ മനുഷ്യരെ പോലെ തോന്നിച്ചു. ആറോ ഏഴോ പേർ. പാചെയോട് ചോദ്യങ്ങൾക്ക് ശേഷം ആലസ്യപ്പെട്ട് അവർ പാറപ്പുറങ്ങളിൽ ഇരുന്നു, എൻ്റെ കഴുത്തിൽ നിന്ന് തോക്കിൻ്റെ തണുപ്പ് മാറിയത് ഞാനറിഞ്ഞു. അവർ സംസാരിച്ചുകൊണ്ടിരുന്നു. ഇടയക്ക് പാച്ചെയുടെ ചുണ്ടുകളിൽ വിരിയുന്ന ചിരിയിൽ ഞാൻ അരുണിമയെ വീണ്ടും സ്വപ്നങ്ങൾ കാണാൻ തുടങ്ങി.

വന്നവർ മ്യാൻമർ പട്ടാളക്കാരായിരുന്നില്ല. പട്ടാള ഭരണകൂടത്തിനെതിരെ പോരടിക്കുന്ന അസംഖ്യം പോരാളികളിൽ ഒരു കൂട്ടർ. ഗോത്രവർഗ പോരാളികൾ. പട്ടാളവുമായി ഏറ്റ് മുട്ടി പരാജയപ്പെട്ട് കാട്ടിൽ അഭയം തേടിയവർ. പട്ടാള വിപ്ലവത്തിന് ശേഷം മ്യാൻമറിലെങ്ങും കലാപങ്ങളാണ്. പട്ടാള ഭരണത്തിനെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രക്ഷോഭങ്ങൾ. വംശീയ കലാപങ്ങൾ വേറെ. പട്ടാളം ജനത്തെ നേരിടുകയാണ്.

ആങ്ങ സാൻ സൂക്കിയും നേതാക്കളും ജയിലിലാണ്. ആയിരക്കണക്കായ ആളുകൾ കൊല്ലപ്പെട്ടു. വീടുകളും കടകളും സ്ഥാപനങ്ങളും കത്തിയെരിഞ്ഞു. ആയിരങ്ങൾ ജയിലിലും അഭയാർത്ഥി ക്യാമ്പിലുമായി. പട്ടാളം പീരങ്കിയും ടാങ്കുകളും ജനങ്ങൾക്ക് മേൽ ഉപയോഗിച്ചു, പ്രക്ഷോഭകരുടെ ഗ്രാമങ്ങൾ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ചുട്ടെരിച്ചു. പട്ടാളത്തെ പ്രധിരോധിക്കാൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് പോലെ യുവാക്കളുടെ സായുധ സംഘങ്ങൾ ഉണ്ടായി. പട്ടാളത്തിലും ചേരിതിരിവ് ഉണ്ടായി. അസംഖ്യം പേർ യുവാക്കൾക്കൊപ്പം ചേർന്നു.

തീ കൂട്ടി ചുട്ടെടുത്ത മാoസം പാചെ അവർക്ക് കൂടി കൊടുത്തു. വിശന്ന് ക്ഷീണിതരായ ആ പോരാളികൾ ആർത്തിയോടെ അതു കഴിക്കുന്നത് അരുൺ നോക്കിയിരുന്നു. പിന്നെ ശാന്തമായി കാട്ടിലകളുടെ വിരിപ്പിൽ അവരോടൊന്നിച്ച് കിടന്നു. അടഞ്ഞ കണ്ണുകൾക്ക് മുകളിൽ പെയ്ത സ്വപ്നങ്ങളിൽ അരുണിമ നിറഞ്ഞ് നിന്നു.
( തുടരും )

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.