2021 ഫെബ്രുവരി 1 ന് മ്യാൻമറിൻ്റെ ഭരണം വീണ്ടും പട്ടാളം പിടിച്ചെടുത്തു. മ്യാൻമറിൻ്റെ സൈന്യമായ തന്മ ഡാവിൻ്റെ മുൻനിരയിൽ നിന്ന് പട്ടാള ഭീകരതയുടെ പര്യായമായ കമാൻഡർ മീൻ ഒങ്ങ് ഗ്ലെയിങ്ങ് രാജ്യ ഭരണം പിടിച്ചെടുക്കുമ്പോൾ മണിപ്പൂരിൻ്റെ മലമ്പാതകളിലൂടെ നടന്നും ചരക്ക് ലോറികളിൽ കയറി ഇറങ്ങിയും അരുൺ അരുണിമയെ തേടി മ്യാൻമറിലേക്കുള്ള യാത്രയിലായിരുന്നു.
മാൻമാറിൽ ആ ദിനങ്ങളിൽ ആൻസാൻ സൂക്കിയുടെ ഗവർമെൻ്റ് പിരിച്ചുവിടപ്പെട്ടു. രാജ്യത്തെ ഭരണഘടന ഇല്ലാതായി. തിരസ്കരിക്കപ്പെട്ട രോഹിഗ്യന് ജനതയും
ജനാധിപത്യ പ്രക്ഷോഭകരും മരണത്തിലേക്കും ജയിലറകളിലേക്കും നയിക്കപ്പെട്ടു. വിദേശികൾ തടങ്കലിലായി.
ബർമ്മയുടെ ബിൻ ലാദൻ ക്രൂരനായ ബുദ്ധഭിക്ഷു അഷുൻ വിരാത്തു ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു. അസഹിക്ഷ്ണുക്കളും തീവ്രവാദികളുമായ ബുദ്ധ ജനതയും ചേർന്ന്
ജീവിതം നിഷേധിക്കപ്പെട്ട അസംഖ്യം പ്രാണനുകൾക്ക് മീതെ നിറഞ്ഞാടി. ജീവനും ജീവിതങ്ങളും സമ്പാദ്യങ്ങളും എല്ലാം ചുട്ടെരിക്കപ്പെട്ടു. ജനിച്ചു വീണ കുടിലുകൾക്കുള്ളിൽ പെൺകുട്ടികൾ ക്രൂരമായി ബലാൽസംഘം ചെയ്യപ്പെട്ടു. പ്രതിക്ഷേധത്തിന് ഒരു പുതുതലമുറ ഉണ്ടാകാതിരിക്കാൻ കുഞ്ഞുങ്ങളുടെ നെഞ്ചിൻ കുടുകൾ തകർത്ത് വെടിയുണ്ടകൾ പാഞ്ഞു.
കത്തിയെരിഞ്ഞ ജീവിതങ്ങൾക്കിടയിൽ പ്രാണൻ ബാക്കിയായവർ ചുവന്ന് ഒഴുകിയ ഇരാവതിയും കടന്ന് അകലങ്ങളിലേക്ക് പലായനം ചെയ്തു, പ്രക്ഷോഭങ്ങളും കലാപങ്ങളും പട്ടാളവും ചുട്ടെരിച്ച ഗ്രാമങ്ങൾക്ക് അപ്പുറം. അസംഖ്യം അഭയാർത്ഥി കുടീരങ്ങളിൽ ഞെരിഞ്ഞമർന്ന മനുഷ്യർ പ്രാണന് വേണ്ടി യാചിച്ചു. ഭയത്തിൻ്റെ ഓർമ്മകളിലേക്ക് വീണ്ടും മ്യാൻമർ ചുരുങ്ങി. തെരുവുകളിൽ അഭയ കൂടീരങ്ങളിൽ പ്രാണനുകൾ ഇല്ലാതായി. എങ്ങും എവിടെയും പട്ടാളം നിശബ്ദമായ ജീവിതങ്ങൾക്ക് മേൽ അധികാരമായി.
2021 ഫെബ്രുവരി 18. മനുഷ്യർ തമ്മിലുള്ള സംവേദനങ്ങളും വാർത്താ മാദ്ധ്യമങ്ങളും നിഷേധിച്ച ഇരുളടഞ്ഞ രാജ്യത്തേക്ക്, അക്കാര്യങ്ങളറിയാതെ ഒരു ദിനം കൊണ്ട് മനസിലുറഞ്ഞ അരുണിമ എന്ന പെൺകുട്ടിയെ തേടി അരുണാചലിലെ മലനിരകൾ താണ്ടി ഇന്ത്യ – മ്യാൻമർ അതിർത്തിയായ ലോങ്ങ് വ എന്ന ആ ഗ്രാമത്തിൽ അരുൺ എത്തിയിട്ട് ഇന്നേക്ക് അഞ്ച് നാളായി.
മ്യാൻമറിലേക്കുള്ള പാലം കടന്ന് പോകാൻ ശ്രമിച്ച ആദ്യദിനം തന്നെ ബർമ്മാ പട്ടാളം പിടികൂടി അതിക്രൂരമായി തല്ലിച്ചതച്ചു. ഇനി ഒരിക്കലും മ്യാൻമറിലേക്ക് കടക്കാനാവാത്ത വണ്ണം പട്ടാളം കാവൽ നിൽക്കുന്ന വഴികളിൽ വലിച്ചിഴച്ചു. പ്രാണൻ ബാക്കിയാക്കി ഉപേക്ഷിച്ച അരുണിനെ ലോങ്ങ് വായിലെ ഗോത്രവർഗക്കാർ കണ്ടെത്തി രക്ഷപെടുത്തി.
പാലക്കാടൻ ഗ്രാമത്തിലെ ഒരദ്ധ്യാപകനാണ് അരുൺ. സ്വന്തം കാഴ്ചപ്പാടുകളും വീക്ഷണ ഗതികളും വളർന്നിറങ്ങിയ താടിരോമങ്ങളും എപ്പോഴും ചിരിക്കുന്ന മുഖവുമുള്ള സന്യാസിയെന്ന് തോന്നിക്കുന്ന അരുൺ 2020ൽ അവധി എടുത്ത് സൈക്കിളിൽ ഊര് ചുറ്റാനിറങ്ങിയിടത്ത് നിന്നാണ് ഈ കഥ ജനിക്കുന്നത്. കിഴക്കനേഷ്യൻ രാജ്യങ്ങൾ കറങ്ങി ആറ് മാസം മുമ്പ് മ്യാൻമറിൽ എത്തി. അന്ന് ഇരാവതിയുടെ തീരത്ത് പൂത്ത വാകമരച്ചോട്ടിൽ അരുണിമയോട് ഇഷ്ടം പറയുമ്പോൾ ആൻസാൻ സൂക്കിയുടെ നാട് ശാന്തമായിരുന്നു.
ലോങ്ങ് വായിലെ മലനിരകളിലെ കുളിരിൽ ആകാശം ഇരുൾ പുതച്ച് താഴേക്ക് ഇറങ്ങി വന്നു. അരുണിമയെ എനിക്ക് എന്ന് കാണാൻ കഴിയും ….? ഒന്നും മനസിലാകാത്ത മുഖഭാവത്തോടെ ആ വൃദ്ധൻ അവൻ്റെ മുഖത്തേക്ക് നോക്കിയിരുന്നു. എനിക്ക് ഇരാവതിയുടെ തീരത്തേക്ക് പോകണം. അരുണിമയെ കാണണം. പാച്ചെ എന്നെ ഒന്ന് അവിടേക്ക് കൊണ്ടു പോകു . യാചനയോടെ അരുൺ പാച്ചെയുടെ കൈകളിൽ പിടിച്ചു.
നിങ്ങൾക്ക് കാടും മലയും കയറാൻ കഴിയുമോ എങ്കിൽ നാളെ പുലർച്ചെ നമ്മൾ ഇരാവതിയിലേക്ക് പോകും. പാച്ചെയുടെ വാക്കുകൾ ഇടിമുഴക്കം പോലെ ഉള്ളിലെത്തി. നിലാവ് നിറഞ്ഞ ആ രാത്രിയിൽ മിന്നി തെളിയുന്ന നക്ഷത്രങ്ങളോട് വർത്തമാനം പറഞ്ഞ് അരുൺ പുലരിയെ കാത്ത് കിടന്നു.
( തുടരും )