അഞ്ചു നാളുകൾക്ക് അഞ്ഞൂറ് ദിവസങ്ങളുടെ അടുപ്പമാവുകയാണ് മുന്നിലിരിക്കുന്ന ഈ വൃദ്ധനായ മനുഷ്യൻ. നീരു വറ്റിയ കണ്ണുകളിൽ കരുണയുടെ ഉറവയുമായി ചേർത്ത് പിടിച്ചപ്പോൾ അറ്റുപോയ ജീവനാണ് തിരികെ വന്നത്. അപരിചിതത്വമില്ലാതെ എപ്പോഴും വന്ന് നിറയുന്ന പുഞ്ചിരിയുമായ് പ്രായത്തെ വെല്ലുന്ന കരുത്തുമായി അരുണിന് കാവലിരിക്കുന്ന വൃദ്ധൻ, പാച്ചെ. ഉറവ വറ്റാത്ത സ്നേഹവുമായി പാച്ചെയും ലോല മുത്തശിയും അരുണിനെ പരിചരിക്കയാണ് . ഇടയക്ക് വന്ന് പോകുന്ന അയൽവാസികൾ അതിരുകളില്ലാത്ത ഭാഷയിൽ വിശേഷങ്ങൾ പറയുന്നു. കരുത്തുറ്റ ഗോത്രവർഗത്തിൻ്റെ പൈതൃകം പേറുന്ന ഈ മനുഷ്യർ അവനിഷ്ടപ്പെട്ടവരാകുന്നു. അരുണിമയെ പോലെ, ഈ ഇഷ്ടങ്ങൾ ക്ഷണിക്കാതെയാണ് ഹൃദയത്തിലേക്ക് വരുന്നത്.
തളർന്ന് നിന്ന ഒരു പകലിൽ പാതവക്കിൽ തന്നെയും കാത്ത് ഒരു ഇഷ്ടമുണ്ടെന്ന് അറിയാതെയായിരുന്നു അന്നും അരുൺ യാത്ര തുടങ്ങിയത്. രാജ്യങ്ങൾ ചുറ്റിക്കാണാനുള്ള ആ സൈക്കിൾ സഞ്ചാരം അരുൺ തുടങ്ങിയിട്ട് 200 ദിവസം തികച്ച ദിനമായിരുന്നു അന്ന്. ഒരു ഭൂതോദയം പോലെ തുടങ്ങിവെച്ച യാത്ര മുടക്കമില്ലാതെ മുന്നോട്ട് പോകയാണ് . മ്യാൻമാറിനെ നനച്ചും തണുപ്പിച്ചും തലോടിയും ഇളകിയാർത്തും മലനിരകളെ ചുറ്റിയും ഒഴുകുന്ന ഇരാവതിയുടെ തീരത്തായിരുന്നു ആ ദിവസം യാത്ര.
ഇരാവതിയുടെ തീരംവഴി ചെറുകുന്നിൻ മുകളിലെ സുന്ദരമായ വഴിയിലൂടെ, ഇരാവതിയുടെ നേർത്ത കാറ്റിൽ അങ്ങിനെ സൈക്കിൾ ഓടിക്കുമ്പോൾ അരുണിന് വല്ലാത്ത സുഖം തോന്നി. താഴെ കലങ്ങി ഒഴുകുന്ന നദിയിൽ, ആളുകളെ കുത്തിനിറച്ച ബോട്ടുകൾ, ചെറുവഞ്ചികൾ തുഴഞ്ഞ് മീൻപിടുത്തക്കാർ, പുഴക്കരയിൽ തുണികൾ അലക്കി വിരിക്കുന്നവർ, നദിയുടെ ഓരംപറ്റിയുള്ള ചെറുവഴികളിലൂടെ കടവുകളിലേക്ക് പോകുന്ന കാളവണ്ടികൾ, പുഴയ്ക്കക്കരെ ദൂരേക്ക് ഉയർന്ന് മറയുന്ന മലനിരകളിൽ ചന്തംചാർത്തി നിൽക്കുന്ന ബുദ്ധിസ് മൊണാസ്ട്രികൾ, മേഘങ്ങളെ തൊട്ട് ചിരിക്കുന്ന നൂറ് നൂറ് പഗോഡകളുൾ. ഉള്ളിൽ ആനന്ദം നിറയ്ക്കുന്ന സുന്ദരകാഴ്ചകൾ…
വഴിയരികിലെ പൂത്ത വാക മരച്ചുവടുകളിൽ പഴങ്ങളും പലഹാരങ്ങളും വിൽക്കുന്ന ആളുകൾ. വാകമരങ്ങളുടെ നിഴൽ ചാലിച്ച വഴികളിൽ തിരക്ക് കുറവ്. പൂത്ത വാകമരത്തേക്കാൾ സുന്ദരമായ കാഴ്ചയിൽ കണ്ണുകൾ വീണുപോയത് പെട്ടെന്നാണ്. പൂപോലെ വിടർന്ന ഒരു പെൺകുട്ടി! ചുവന്നു തുടുത്ത കവിളിന് കണ്ണ് കിട്ടാതിരിക്കാനെന്നവണ്ണം കറുത്ത മറുക്. പിങ്ക് നിറമുള്ള ഉടുപ്പിൽ അവൾ അതിസുന്ദരിയായി. തലയിൽ ചുറ്റിയ പൂക്കൾ നിറഞ്ഞ സ്ക്കാർപ്പും അതിനിടയിലൂടെ പാറിവീണ മുടിയിഴകളും ഒരു കൈകൊണ്ട് നേരെയാക്കി അവൾ അവനെ നോക്കി ചിരിച്ചു. ആ ഭംഗിയുള്ള ചിരി തൻ്റെ ഹൃദയതാളങ്ങളിൽ പ്രണയം പരത്തി തന്നിലേക്ക് പരന്നൊഴുകുന്നതു പോലെ അരുണിന് തോന്നി. വാകമരം കണക്കെ അവൻ പൂത്തുലഞ്ഞു പോയി. ആകാശങ്ങൾ നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കാൻ അവന് നാണം തോന്നി. ഇരാവതിയുടെ മറുകരയിലെ മുളം കാടുകളിൽ പൂത്തുലഞ്ഞ പ്രണയ ശീലുകൾ അവൻ്റെ കാതുകളിലേക്ക് ഇഴ ചേർത്ത് വെച്ച് ഒരു ചെറുകാറ്റായി അവരെ കടന്നുപോയി.
ഈ വാകമരച്ചോട്ടിൽ അവൾ എന്താണ് വിൽക്കുന്നത്? മുന്നോട്ട് കറങ്ങുന്ന സൈക്കിൾ നിർത്താൻ അവനശക്തനായിരുന്നു. തന്നിൽ നിന്നും പറന്ന് പോയ മനസിനെ തിരിച്ചെടുക്കാൻ അവനൊന്ന് തിരിഞ്ഞു നോക്കി. അവൾ അവനെ നോക്കി കൈകൾ വീശി മനോഹരമായി ചിരിക്കുന്നു. ഒരു പിടച്ചിലോടെ അരുൺ സൈക്കിൾ മുന്നോട്ട് ചവിട്ടി.
( തുടരും )